നന്മപകരുന്ന നാടകങ്ങള്‍



പ്രവാസജീവിതത്തിന്റെ സ്പന്ദനങ്ങളേറ്റുവാങ്ങിയ 11 നാടകങ്ങളുടെ സമാഹാരമാണ് 'ഇടവാ ഷുക്കൂറിന്റെ സമ്പൂര്‍ണ്ണ നാടകങ്ങള്‍' എന്ന കൃതി. പ്രവാസജീവിതം പ്രമേയമാക്കിയ ആറു നാടകവും പ്രവാസേതര വിഷയങ്ങളവതരിപ്പിക്കുന്ന അഞ്ചു നാടകങ്ങളുമാണ് ഈ സമാഹാരത്തിലുള്ളത്. ഭ്രമണം, മാപ്പുതരൂ, ജീവിതം തേടി, കസ്റ്റംസ്, തീരം തേടുന്നവര്‍, ദര്‍ശനം എന്നിവയാണ് പ്രവാസജീവിതത്തിന്റെ നേര്‍ചിത്രങ്ങളും ആത്മസംഘര്‍ഷങ്ങളും പകര്‍ത്തുന്നത്. കേരളത്തിലെ സാമൂഹ്യസാമ്പത്തിക ഘടനയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന പ്രവാസിമലയാളികള്‍ മണലാരണ്യത്തില്‍ അനുഭവിക്കുന്ന ദുരിതമഴ ഈ നാടകങ്ങളില്‍ പെയ്തിറങ്ങുന്നതു കാണാം. വിദേശത്തും സ്വദേശത്തും അവരുടെ കുടുംബബന്ധങ്ങളിലുണ്ടാകുന്ന അന്തഃസംഘര്‍ഷങ്ങള്‍ വായനക്കാരുടെ മനസ്സിലും ഒരു നീറ്റലായി പടര്‍ന്നുകയറും. അവരുടെ പ്രശ്നങ്ങളില്‍ അധികൃതര്‍ കാട്ടുന്ന അവഗണനയുടെ ആഴം ഈ രചനകളില്‍ അളന്നെടുക്കാം. ഗള്‍ഫിലെ ലേബര്‍ക്യാമ്പുകളില്‍ മനുഷ്യത്വത്തിന്റെ പൊന്‍തിരിവെട്ടം നീട്ടുന്ന കുഞ്ഞാലി (തീരം തേടുന്നവര്‍), അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പ്രവാസികളെ കൊള്ളയടിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇന്‍സ്പെക്ടര്‍ കല്യാണിയമ്മ (കസ്റ്റംസ്), ജീവിതത്തിലുടനീളം തന്നെ ദ്രോഹിച്ചവരാണെങ്കിലും സമ്പത്തും പ്രതാപവും നഷ്ടപ്പെട്ട ഭര്‍ത്താവിനെയും അയാളുടെ പിതാവിനെയും നിറമനസ്സോടെ സ്വീകരിക്കുന്ന സുബൈദ (മാപ്പുതരൂ), സ്നേഹത്തിന്റെയും പാതിവ്രത്യത്തിന്റെയും മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഫിലോമിന (ദര്‍ശനം), പാവപ്പെട്ട നിരാലംബരെ സഹായിക്കാന്‍ സന്മനസ്സു കാട്ടുന്ന ഡോ. ചന്ദ്രന്‍ (നിറങ്ങള്‍), ചീഫ് ജസ്റ്റിസ് കൃഷ്ണമേനോന്‍ (നിശ) എന്നിവരെല്ലാം നന്മയുടെ പ്രതീകങ്ങളായി ഈ നാടകങ്ങളില്‍ തിളങ്ങിനില്‍ക്കുന്നു. സാംസ്കാരികരംഗത്തെയും പത്രപ്രവര്‍ത്തനരംഗത്തെയും പുഴുക്കുത്തുകളെ ഈ നാടകങ്ങള്‍ തുറന്നുകാട്ടുന്നു. കുടീചരന്‍, നിറങ്ങള്‍, ആരാച്ചാര്‍, നിശ, വെള്ളിമലക്കാട് എന്നീ അഞ്ചു നാടകങ്ങള്‍ പ്രവാസേതരവും കാലിക പ്രാധാന്യവുമുള്ള വിഷയങ്ങള്‍ ഇതിവൃത്തമാക്കിയവയാണ്. ഇടവാ ഷുക്കൂറിന്റെ ആദ്യനാടകമായ 'നിറങ്ങള്‍' തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്വന്തം അനുഭവസാക്ഷ്യമാണ്. കേരളസാഹിത്യ അക്കാദമി ഫെലോഷിപ് നേടിയ 'കുടീചരന്‍' വ്യത്യസ്തമായ പ്രമേയമാണ് കൈകാര്യംചെയ്യുന്നത്. അന്ധവിശ്വാസങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരെ ഈ നാടകം വാളോങ്ങിനില്‍ക്കുന്നു. സമൂഹത്തില്‍ ഇന്നു വളര്‍ന്നുവരുന്ന കപട ആത്മീയതയുടെ ചുരുള്‍നിവര്‍ത്തുന്ന നാടകമാണിത്. 'ഈ നാടകത്തിന്റെ പ്രമേയത്തിലും രചനാരീതിയിലും എനിക്കങ്ങേയറ്റത്തെ മതിപ്പുണ്ടെ'ന്ന് കുടീചരന്റെ അവതാരികയില്‍ നാടകാചാര്യന്‍ തോപ്പില്‍ഭാസിയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. ആരാച്ചാര്‍ അഴകപ്പന്റെ ആത്മസംഘര്‍ഷങ്ങളാണ് സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട 'ആരാച്ചാര്‍' എന്ന നാടകം. രാത്രിയുടെ അന്ധകാരത്തില്‍ അഴിഞ്ഞാടുന്ന പകല്‍മാന്യന്മാരെ 'നിശ' എന്ന നാടകം തുറന്നുകാട്ടുമ്പോള്‍ ആദിവാസികളുടെയും യഥാര്‍ഥ കാടിന്റെ മക്കളുടെയും ദൈന്യത്തിന്റെ ചിത്രമാണ് 'വെള്ളിമലക്കാട്' അനാവരണംചെയ്യുന്നത്. ആദിവാസികളുടെ ഭാഷയും സംസ്കാരവും തനിമ ചോരാതെ വെള്ളിമലക്കാടില്‍ അവതരിപ്പിക്കാന്‍ നാടകകൃത്തിനു കഴിഞ്ഞിരിക്കുന്നു. രചനാസങ്കേതങ്ങള്‍ പഴയതാണെങ്കിലും പ്രമേയങ്ങളുടെ പ്രസക്തി കാലത്തെ അതിജീവിക്കുന്നതാണ്. ഗള്‍ഫ്നാടുകളിലെ വിവിധ കലാസമിതികള്‍ അരങ്ങിലെത്തിച്ചവയാണ് ഇതിലെ പല നാടകങ്ങളും.  ഡോ. പുതുശേരി രാമചന്ദ്രന്റെ ആശംസയും അടൂര്‍ ഗോപാലകൃഷ്ണന്റെ അവതാരികയും ഈ കൃതിയെ കൂടുതല്‍ മഹത്വപൂര്‍ണമാക്കുന്നു. Read on deshabhimani.com

Related News