മിഴിവോടെ മിഴാവ്



സമകാലീന നോവല്‍വായനയില്‍ വേറിട്ട അനുഭവമാണ് രാജന്‍ തിരുവോത്തിന്റെ 'മിഴാവ്'. കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ എന്ന  പ്രതിഭാധനനായ കവിയുടെ ജീവിതവിഗതികളെ അനാവരണംചെയ്യുന്നു ഈ നോവല്‍. മിഴാവില്‍ താളമുതിര്‍ക്കാന്‍ വിധിക്കപ്പെട്ടതായിരുന്നു കുഞ്ചന്‍ നമ്പ്യാരുടെ ജീവിതം. പക്ഷേ, നാമറിയുന്നതിനപ്പുറം കുഞ്ചന്‍ നമ്പ്യാര്‍ കവിയും പണ്ഡിതനുംകൂടിയായിരുന്നു. അരങ്ങത്ത് മിഴാവില്‍ പിഴച്ചപ്പോഴാണ് കുഞ്ചന്‍ നമ്പ്യാര്‍ ചാക്യാരുമായി ഇടയുന്നത്. അതോടെ വേദവാദ്യത്തില്‍നിന്ന് മാറി അസുരവാദ്യത്തില്‍ ചുവടുറപ്പിച്ച നമ്പ്യാര്‍ ഓട്ടനും പറയനും ശീതങ്കനും തുള്ളി സാമാന്യ ജനത്തിന്റെ മനം കവര്‍ന്നു. അക്കാലത്ത് അമ്പലത്തിലെ ശാന്തിക്കാരന്റെ ഊഴമനുസരിച്ചായിരുന്നു ഓരോ സംബന്ധവും. ഓരോ പുത്രനും പിതാവിനെ ഒരിക്കലെങ്കിലും കാണാനും അയാളുടെ ചിത്രം മനസ്സിന്റെ മണ്‍ഭിത്തിയില്‍ പതിച്ചിടാനും കൊതിച്ച കാലം. കുഞ്ചന്‍ നമ്പ്യാരുടെ ബാല്യവും അതില്‍നിന്ന് വ്യത്യസ്തമാകുന്നില്ല. സ്വന്തം പിതൃത്വം തേടിയുള്ള ഈ അലച്ചില്‍ ഏതെങ്കിലും ചരിത്ര സന്ദര്‍ഭത്തിന്റേതു മാത്രമാകാന്‍ ഇടയില്ല. കാലഘട്ടത്തിനും അപ്പുറത്തുനിന്നുള്ള തുടര്‍ച്ചയായി അത് നോവലില്‍ അനുഭവപ്പെടുന്നു. അതിന് അന്തരങ്ങള്‍ ഒന്നുമില്ല. ഉണ്ണൂലിമുതല്‍ അധികാരത്തിന്റെ തലപ്പത്തിരിക്കുന്ന രാജ്ഞിവരെ ശരീരത്തിന്റെ ഇരുണ്ട ഈ പ്രലോഭനങ്ങള്‍ക്ക് വശംവദരായവരത്രേ. കുഞ്ചനും രുക്മിണിയുംമുതല്‍ കൊട്ടാരത്തിലെ ഇളംതലമുറവരെയുള്ളവരുടെ പിതൃത്വം സാമൂഹികമായി അംഗീകരിക്കപ്പെട്ട കെട്ടുകാഴ്ചയ്ക്ക് വിപരീതമായാണ് നോവലില്‍ അവതരിപ്പിക്കുന്നത്. ഈ നോവലിന്റെയും അത് പ്രതിപാദിക്കുന്ന കാലത്തിന്റെയും ചാലകശക്തിയായിത്തീരുന്ന ലൈംഗികത വേപ്പെണ്ണയുടെയും ചന്ദനഗന്ധത്തിന്റെയും വെരുകിന്‍ പുഴുവിന്റെയും നെയ്്വിളക്കിന്റെയും കരിന്തിരിയുടെയും രൂക്ഷഗന്ധമായി കഥാപരിസരത്തെയാകെ ചൂഴ്ന്നുനില്‍ക്കുന്നുണ്ട്. അഞ്ചുവര്‍ഷത്തോളമെടുത്ത അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുംശേഷമാണ് നോവല്‍ എഴുതിയതെന്ന് നോവലിസ്റ്റ് ആമുഖക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. നോവല്‍ ഒരിക്കലും ചരിത്രവസ്തുതകളുടെ യഥാതഥമായ ആവിഷ്കാരമല്ല. അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമൊപ്പം വിശകലനവും ഭാവനയും ശരിയായ രാഷ്ട്രീയ ദിശാബോധവും സമ്മേളിക്കുമ്പോഴാണ് നോവല്‍ശില്‍പ്പം പൂര്‍ണമാകുന്നത്. കുഞ്ചന്‍ നമ്പ്യാരെപ്പോലുള്ള ഒരു കലാകാരന്റെ ജീവിതത്തിനു ചുറ്റും പണിതെടുക്കുന്ന നോവലാകുമ്പോള്‍ പ്രത്യേകിച്ചും. നമ്പ്യാര്‍ ജീവിച്ചുതീര്‍ത്ത കാലത്തിന്റെ ചരിത്രവും സ്മൃതികളും അതിന്റെ ജീര്‍ണതകളും വിശാലമായ തെളിനീര്‍ത്തടാകത്തിന്‍കരയിലെ പ്രകൃതിദൃശ്യങ്ങള്‍ എന്നപോലെ വേര്‍തിരിച്ചറിയാനാകാത്തവിധം സമന്വയിച്ച് പ്രതിബിംബിക്കുകയാണ് മിഴാവില്‍. കാവ്യചരിത്രം രാഷ്ട്രീയചരിത്രംതന്നെയാണെന്ന് പ്രഖ്യാപിക്കുകയാണ് നോവല്‍. കൃതഹസ്തനായ നാടകകൃത്തുകൂടിയായ രാജന്റെ രചനാവൈഭവത്തിലൂടെ മിഴാവിന്റെ ഓരോ അധ്യായവും മികച്ച ദൃശ്യാനുഭവമായി മാറുന്നു. മിഴിവും വ്യക്തിത്വവും ഉള്ളവരാണ് നോവലിലെ കഥാപാത്രങ്ങള്‍. വിധി അവരെ തകര്‍ത്തെറിയുമ്പോഴും നോവലിസ്റ്റ് നിര്‍മമനായി അവരെ സ്വാഭാവിക പരിണാമങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ്. കുടമാളൂരിലെ രാഷ്ട്രീയാധികാരമായ ദേവനാരായണന്റെ ഷണ്ഡത്വത്തിലേക്ക് കലക്കത്തെ കാവ്യപാരമ്പര്യത്തിന്റെ വിത്തെറിയുകയാണ് കുഞ്ചന്‍ നമ്പ്യാര്‍. ചിന്ത പബ്ളിഷേഴ്സാണ് നോവല്‍ പുറത്തിറക്കിയത്. Read on deshabhimani.com

Related News