ചങ്ങമ്പുഴയെ വീണ്ടെടുക്കാന്‍



ചങ്ങമ്പുഴയെപ്പറ്റിയുള്ള സംക്ഷിപ്തവും സമഗ്രവും നവീനവുമായ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതാണ് 'ചങ്ങമ്പുഴ കാലം, കവിത, കലാപം' എന്ന കെ പി നന്ദകുമാറിന്റെ പുസ്തകം. മലയാളത്തില്‍ ഒരു സാഹിത്യകാരനെപ്പറ്റി ഏറ്റവും കൂടുതല്‍ പഠനവും പുസ്തകവും വന്നിട്ടുള്ളത് ജനകീയകവിയായ ചങ്ങമ്പുഴ കൃഷ്ണപിള്ളയെപ്പറ്റിയാണ്. മരിച്ച് 69 വര്‍ഷത്തിനുശേഷവും ചങ്ങമ്പുഴയെപ്പറ്റി പുതിയ പഠനഗ്രന്ഥം പുറത്തുവന്നിരിക്കുന്നുവെന്നത് ചങ്ങമ്പുഴയുടെ ജനകീയ അംഗീകാരത്തിന് തെളിവാണ്. മഹാകവി കുമാരനാശാനുശേഷം മറ്റൊരാള്‍ക്കും ഇങ്ങനെയൊരു സാഹിത്യ അംഗീകാരം ലഭിച്ചിട്ടില്ല. അന്ത്യംവരെ ചങ്ങമ്പുഴയുടെ പ്രത്യയശാസ്ത്ര നിലപാട്് കമ്യൂണിസ്റ്റ് ആശയത്തോട് കൂറുപുലര്‍ത്തുന്നതായിരുന്നു. ചങ്ങമ്പുഴയിലെ വിപ്ളവകവിയെ കൂടുതല്‍ മനസ്സിലാക്കാന്‍ പുസ്തകം വഴിയൊരുക്കുന്നു.  തന്റെ ജീവിതത്തിലുടനീളം കോണ്‍ഗ്രസിനെ  അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. ഒക്ടോബര്‍വിപ്ളവം ഇന്ത്യയില്‍ ഉണ്ടാകണമെന്ന് ആഹ്വാനംചെയ്ത് അദ്ദേഹം കവിത എഴുതി. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ സമ്മേളനങ്ങളില്‍ പലകുറി പങ്കെടുത്തു. കോട്ടയത്ത്് കൂടിയ അഖിലകേരള പുരോഗമന സാഹിത്യ സമ്മേളനത്തില്‍ ചങ്ങമ്പുഴയായിരുന്നു അധ്യക്ഷന്‍. അദ്ദേഹം എഴുതിവായിച്ച പ്രസംഗം സാഹിത്യചിന്തകള്‍ എന്ന പേരില്‍ പിന്നീട് പ്രസിദ്ധീകരിച്ചു. അതില്‍ അദ്ദേഹം ചോദിക്കുന്നത് കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കാന്‍തന്നെയാണ് പുരോഗമന സാഹിത്യമെന്നുവന്നാല്‍ എന്താണ് കുഴപ്പമെന്നാണ്. കമ്യൂണിസമെന്ന് കേള്‍ക്കുമ്പോള്‍ ചുവപ്പുകണ്ട കാളയെപ്പോലെ ലഹരിപിടിക്കേണ്ട എന്നതായിരുന്നു ചങ്ങമ്പുഴയുടെ ഉപദേശം. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോട് ചങ്ങാത്തംകൂടിയാല്‍ കവി ഹൃദയം ചുരുങ്ങിപ്പോകുമെന്ന അസംബന്ധത്തിനുള്ള മറുപടിയായിരുന്നു ചങ്ങമ്പുഴ എന്ന മലയാളത്തിലെ ജനകീയകവി. കോണ്‍ഗ്രസുകാരെ പരിഹസിക്കാന്‍ കിട്ടുന്ന ഒരു അവസരവും ചങ്ങമ്പുഴ പാഴാക്കിയിരുന്നില്ല. 'വീട്ടില്‍ വരുത്തി കുടിച്ചീടാന്‍ ചാരായം റോട്ടില്‍ ഖദറിട്ടുതന്നെ പോണം' ഇത് അദ്ദേഹം കോണ്‍ഗ്രസുകാരെ ചിത്രീകരിച്ച കവിതകളില്‍ ഒന്നാണ്. മാതൃഭൂമിയിലെ ഹാസ്യപംക്തിക്കാരനായ സഞ്ജയനുമായി കൊമ്പുകോര്‍ത്തത് സാഹിത്യത്തിലെ മറ്റൊരു ചരിത്രം. ഹിന്ദുവര്‍ഗീയതയ്ക്ക് കനത്ത താക്കീത് നല്‍കിയ കവിയുമായിരുന്നു അദ്ദേഹം. കേരളത്തില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയ മുപ്പതുകളുടെ കാലംമുതല്‍ ചങ്ങമ്പുഴയുടെ വിപ്ളവകവിതകള്‍ മലയാള സാഹിത്യരംഗത്ത് ചലനം സൃഷ്ടിച്ചു. അങ്ങനെയുള്ളൊരു വിപ്ളവകവിയെ വീണ്ടെടുക്കാനുള്ള പരിശ്രമം നടത്തിയ പുസ്തകം കാലോചിതമാണ്.   rsbsbu001@gmail.com Read on deshabhimani.com

Related News