പുണ്യപാപങ്ങളുടെ കണക്കുപുസ്തകം



'ചിത്രഗുപ്തന്റെ കണക്കുപുസ്തക'ത്തില്‍നിന്ന് ചരിത്രം ഇറങ്ങിവന്നു. പാലാഴിത്തറവാടും കരിഞ്ചാത്യന്‍ കാവും രാമന്‍പിള്ളയും വെള്ളിഗോവിന്ദനും പൊന്നുവും പങ്കിയമ്മയും കുഞ്ഞുകുട്ടനും എല്ലാം വായനക്കാരുടെ മുന്നില്‍ തെളിഞ്ഞുനിന്നു....' ഇരിഞ്ചയം രവിയുടെ നോവല്‍ 'ചിത്രഗുപ്തന്റെ കണക്കുപുസ്തകം' വായനയുടെ അനിര്‍വചനീയമായ മേഖലകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുകയാണ്. തെക്കന്‍കേരളത്തിലെ സവര്‍ണ ജന്മിത്തത്തിന്റെ പിറവികാലംമുതല്‍ വര്‍ത്തമാനകാലംവരെ നീളുന്ന നാലു തലമുറകളുടെ ജീവിതം പകര്‍ത്തിയ നോവലാണിത്. വേര്‍തിരിച്ചെടുക്കാനാകാത്തവിധം മിത്തുകളും യാഥാര്‍ഥ്യവും ഇഴചേര്‍ന്നു കിടക്കുന്ന ഈ നോവല്‍ വായനക്കാരെ ഭ്രമാത്മകവഴികളിലൂടെ കൊണ്ടുപോയേക്കാം. പാലാഴിത്തറവാട്ടിലെ നാലാംതലമുറയിലെ അംഗവും പത്രപ്രവര്‍ത്തകയുമായ ദീപ കൂട്ടുകാരിയും കവയിത്രിയുമായ പുഷ്പയുമൊത്ത് ജീര്‍ണാവസ്ഥയിലായ തറവാട്ടുവീട്ടില്‍ എത്തുന്നിടത്താണ് നോവലിന്റെ തുടക്കം. തന്റെ പത്രത്തിനുവേണ്ടിയുള്ള പ്രോജക്ടിന്റെ ഭാഗമായാണ് ദീപയുടെ വരവ്. ജന്മിത്തത്തിന്റെ തിരുശേഷിപ്പായി തൊഴുത്തില്‍ വില്ലുവണ്ടി തുമ്പിക്കൈകുത്തി നില്‍ക്കുന്നു. നിര്‍വികാരതയോടെ വില്ലുവണ്ടിയില്‍ നോക്കി പൂമുഖത്തെ ചാരുകസേരയിലിരിക്കുന്ന സോമന്‍ പുതിയ കാലത്തിന്റെ പ്രതിനിധിയാണ്. ഒപ്പം അവിടെയുള്ളത് അടുക്കളയില്‍ ജീവിതം ഹോമിച്ചുകഴിയുന്ന ദേവകിയും ഗോമതിയും സുമതിയും. പഴയകാലത്തിന്റെ കെട്ടഴിച്ച് ദീപയുടെ മുന്നില്‍വയ്ക്കുന്നത് പാലാഴിയിലെ പണിക്കാരനായിരുന്ന തമ്പിമൂപ്പിലാണ്. മാനവും ജീവനും നഷ്ടമായ കീഴാളപ്പെണ്‍കൊടിമാരുടെ ദീനവിലാപം ദീപയുടെ കാതുകളില്‍ പതിക്കുന്നു. ഒടുവില്‍ തന്റെ കൂട്ടുകാരി ജാനകി വളര്‍ത്തി വലുതാക്കിയ പുഷ്പ താന്‍ പ്രസവിച്ച മകളാണെന്ന് ദേവകി തിരിച്ചറിയുന്നു. 150 വര്‍ഷം മുമ്പുള്ള കേരളത്തിന്റെ ഭൂമിശാസ്ത്രവും ജീവിതക്രമവുമാണ് ഈ നോവലില്‍ ഇതള്‍വിരിയുന്നത്. ജന്മിത്തത്തിന്റെ ദയനീയമായ പതനത്തിന്റെ കഥ പറയുന്ന ഈ നോവല്‍ കീഴാളജീവിതത്തിന്റെ ദൈന്യം ഒട്ടും ചോര്‍ന്നുപോകാതെ നിറച്ചെടുത്തിരിക്കുന്നു. നോവല്‍രചനയുടെ ധര്‍മവും മര്‍മവുമറിഞ്ഞ ഇരിഞ്ചയം രവി കീഴാളജനതയുടെ വാമൊഴിവഴക്കങ്ങളും നാടന്‍പാട്ടുകളും തനിമ ചോരാതെ അവതരിപ്പിച്ചിരിക്കുന്നു. അപ്പൂപ്പന്റെ 'ചൊണ', ഇന്ന് 'പൂരാ' മീങ്കാണും, വയറ്റില് 'ഒരാന്തല്', 'ഒരപ്പെര' തുടങ്ങി മലയാളഭാഷയില്‍നിന്ന് പടിയിറങ്ങിപ്പോയ പദങ്ങള്‍ തിരികെവരുന്നു. 'തണുത്ത കാറ്റും സന്ധ്യയും അകത്തളത്തില്‍ അലഞ്ഞുനടന്നു എന്നും 'കുളിരുടുത്തുവന്ന ധനുമാസപ്പുലരി അവര്‍ക്കൊപ്പം നടന്നു' എന്നും വായിക്കുമ്പോള്‍ കാല്‍പ്പനികതയുടെ സൌരഭ്യം അനുഭവിച്ചറിയാം. ലാവണ്യം ചാലിച്ച നോവലിന്റെ ഭാഷ കീഴാളദൈന്യത്തിന്റെ ചരിത്രസന്ദര്‍ഭങ്ങളില്‍ തീക്ഷ്ണവും മൂര്‍ച്ചയുള്ളതുമാകുന്നു. mavinmoodusasi@gmail.com Read on deshabhimani.com

Related News