ശാസ്ത്രകാരന്റെ രാഷ്ട്രീയജീവിതം



ലോകത്തെ മാക്രോ മോളിക്യുലര്‍ ക്രിസ്റ്റലോഗ്രാഫി ശാസ്ത്രജ്ഞരില്‍ ശ്രദ്ധേയനാണ് രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചിട്ടുള്ള ഡോ. എം വിജയന്‍. പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന ഭാരവാഹിയും അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിക്കുമ്പോഴാണ് അദ്ദേഹം ഭൌതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ പഠനത്തിനായി അലഹബാദ് സര്‍വകലാശാലയില്‍ ചേര്‍ന്നത്. തുടര്‍ന്ന് ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്ന് എക്സ്റേ ക്രിസ്റ്റലോഗ്രാഫിയില്‍ ഡോക്ടറേറ്റ് എടുത്ത അദ്ദേഹം ഓക്സ്ഫഡില്‍ നൊബേല്‍ സമ്മാന ജേത്രി പ്രൊഫ. ദോരത്തി ഹോഡ്ജ്കിന്റെ കീഴിലാണ് അനന്തരഗവേഷണം നടത്തിയത്. ഇന്നും ഇന്ത്യന്‍ ശാസ്ത്രഗവേഷണരംഗത്ത് തനതായ സംഭാവനകള്‍ നല്‍കുന്ന ഡോ. വിജയന്റെ വിദ്യാര്‍ഥിജീവിതസ്മരണകളാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച 'രാഷ്ട്രീയത്തില്‍നിന്ന് ശാസ്ത്രഗവേഷണത്തിലേക്ക്– ഒരു ശാസ്ത്രജ്ഞന്റെ ഓര്‍മക്കുറിപ്പുകള്‍' എന്ന കൃതി. പൂര്‍ണമായി ശാസ്ത്രഗവേഷണത്തിലേക്ക് തിരിഞ്ഞപ്പോള്‍ ഗ്രന്ഥകര്‍ത്താവിന് സജീവ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവന്നു. എങ്കിലും കമ്യൂണിസ്റ്റ് പ്രവര്‍ത്തനകാലം പകര്‍ന്നുനല്‍കിയ മൂല്യബോധം ഈ ശാസ്ത്രജ്ഞന്റെ അക്കാദമിക് ജീവിതത്തിലുടനീളം സ്വാധീനം ചെലുത്തിയതായും ഈ കൃതിയില്‍ വായിക്കാം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ നമ്പൂതിരി സമുദായത്തെ അനാചാരങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ പ്രവര്‍ത്തിച്ച പുരോഗമനവാദികളില്‍ ഒരാളായിരുന്നു ഡോ. വിജയന്റെ അച്ഛന്‍ സുബ്രഹ്മണ്യന്‍. ഇ എം എസും സി അച്യുതമേനോനുമടക്കം കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളുടെ ആദ്യ തലമുറയിലെ പല പ്രമുഖരുമായും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 1956ല്‍ ആലുവയില്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ തിരു–കൊച്ചി സംസ്ഥാനസമ്മേളന പൊതുയോഗത്തില്‍ അച്ഛനമ്മമാര്‍ക്കൊപ്പം പങ്കെടുത്തിട്ടുള്ള വിജയന്റെ ബാല്യസ്മരണകളില്‍ തന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്ന കൊമ്പന്‍മീശക്കാരനായ ഇ എം എസുണ്ട്. പഠനത്തില്‍ ശരാശരിക്ക് മുകളിലായിരുന്നെങ്കിലും വിജയന് എസ്എസ്എല്‍സിക്ക് ഫസ്റ്റ്ക്ളാസ് ഉണ്ടായിരുന്നില്ല. വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സൌകര്യംകൂടി കണക്കിലെടുത്ത് തൃശൂര്‍ കേരളവര്‍മ കോളേജിലായിരുന്നു തുടര്‍പഠനം.  ബിരുദപഠനം പൂര്‍ത്തിയാകുംമുമ്പേതന്നെ വിദ്യാര്‍ഥി ഫെഡറേഷന്റെ ജില്ലാനേതാവായി ഉയര്‍ന്ന വിജയനെ പരീക്ഷയുടെ തലേന്നും പാര്‍ടി ഓഫീസില്‍ കണ്ടപ്പോള്‍ പ്രൊഫസര്‍ മുണ്ടശ്ശേരി ശാസിച്ചത് അദ്ദേഹം ഓര്‍മിക്കുന്നുണ്ട്. എന്നാല്‍, പരീക്ഷയില്‍ വിജയന് ഫസ്റ്റ്ക്ളാസ് ലഭിച്ചതറിഞ്ഞപ്പോള്‍ മുണ്ടശ്ശേരി മാസ്റ്റര്‍ക്ക് വളരെ സന്തോഷമായി. തുടര്‍ന്ന് റാങ്കോടെയാണ് വിജയന്‍ എംഎസ്സി പാസായത്. കേരളം വിടുമ്പോള്‍ വിദ്യാര്‍ഥി ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായിരുന്ന വിജയന്‍ അലഹബാദില്‍ എംഎസ്സിക്ക് പഠിക്കുമ്പോള്‍ അവിടെയും പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. തുടര്‍ന്ന് ബംഗളൂരുവില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പഠനത്തിന് ചേര്‍ന്നതോടെയാണ് വിജയന്റെ ജീവിതം പൂര്‍ണമായും ശാസ്ത്രഗവേഷണത്തിലേക്ക് തിരിഞ്ഞത്. അപ്പോഴും രാഷ്ട്രീയപ്രവര്‍ത്തനകാലത്ത് ആര്‍ജിച്ച മൂല്യങ്ങളും ജീവിതവീക്ഷണവും തന്നെ എന്നും പ്രചോദിപ്പിച്ചതായി അദ്ദേഹം എഴുതുന്നു. എഴുപതുകളിലെ ഓക്സ്ഫഡ് കാലത്ത് യൂറോപ്പിലെയും മറ്റും ശാസ്ത്രജ്ഞരുമായി അടുത്ത് പ്രവര്‍ത്തിച്ചപ്പോള്‍ തന്റെ ലോകവീക്ഷണം വിശാലമായപ്പോഴും ജീവശാസ്ത്രത്തില്‍ ഡാര്‍വിനിസത്തിലെന്നപോലെ സാമൂഹ്യശാസ്ത്രത്തില്‍ മാര്‍ക്സിസത്തിന്റെ പ്രസക്തിയിലുള്ള തന്റെ വിശ്വാസത്തിന് കോട്ടംതട്ടിയില്ലെന്ന് അദ്ദേഹം എഴുതുന്നു. 1969ല്‍ ബോസ്റ്റണില്‍ നടന്ന ബയോഫിസിക്സ് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിന് അമേരിക്കന്‍ വിസ കിട്ടാന്‍ കമ്യൂണിസ്റ്റ് ബന്ധംകാരണം പ്രയാസമുണ്ടായതും ഇന്ത്യയിലേക്ക് ആധുനിക കംപ്യൂട്ടറുകള്‍ കയറ്റുമതിചെയ്യുന്നത് അമേരിക്കയും സഖ്യരാജ്യങ്ങളും തടഞ്ഞിരുന്നത് ഗവേഷണങ്ങള്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ടുകളും വിജയന്റെ സ്മരണകളിലുണ്ട്. ജവാഹര്‍ലാല്‍ നെഹ്റുവിന്റെ ശാസ്ത്രബോധം തന്നില്‍ ചെലുത്തിയ സ്വാധീനവും മാര്‍ഗരറ്റ് താച്ചറെപ്പോലുള്ള ലോകനേതാക്കളുമായി അടുത്ത് പ്രവര്‍ത്തിച്ചതിന്റെ ഓര്‍മകളും വിജയന്‍ പങ്കുവയ്ക്കുന്നു. പുസ്തകത്തിന് ഡോ. രാജന്‍ ഗുരുക്കള്‍ എഴുതിയ അവതാരികയില്‍ അക്കാദമിക്രംഗത്തെ ഗ്രന്ഥകാരന്റെ സംഭാവനകള്‍ വിവരിച്ചിട്ടുണ്ട്. ക്യാമ്പസുകളെ അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള സംഘടിതശ്രമങ്ങളുടെ കാലത്ത് ഈ പുസ്തകത്തിന് നാനാമാനങ്ങളുണ്ടെന്ന് പ്രസാധകക്കുറിപ്പില്‍ പറയുന്നു. Read on deshabhimani.com

Related News