മനുഷ്യന്റെ ജാതി മനുഷ്യത്വം



1916 ല്‍ ആലുവ അദ്വൈതാശ്രമത്തില്‍വച്ച് പുറപ്പെടുവിച്ച വിളംബരത്തിലാണ് 'ഞാന്‍ ഒരു പ്രത്യേക ജാതിയില്‍പ്പെട്ട ആളല്ല' എന്ന് ശ്രീനാരായണഗുരു പ്രഖ്യാപിക്കുന്നത്. കേരളസമൂഹത്തിന് നല്‍കിയ മഹത്തായ ആ സന്ദേശത്തിന്റെ ശതാബ്ദിയാണിപ്പോള്‍. മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം നല്‍കുന്ന, ആകാശത്തോളം ഔന്നത്യമുള്ള ആശയങ്ങളും ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ടതായ നിര്‍ദേശങ്ങളും ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം നല്‍കുകയുണ്ടായി. അവയില്‍ ചിലതൊക്കെ സമാഹൃതമായിട്ടുള്ള രണ്ട് രചനകളെ എടുത്തുപറയേണ്ടതുണ്ട്. 'ജാതി നിര്‍ണയം', 'ജാതി ലക്ഷണം' എന്നിങ്ങനെ വളരെ ചെറിയ രണ്ട് പദ്യകൃതികള്‍ ഗുരുവിന്റേതായുണ്ട്. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന ഗുരുദര്‍ശനത്തിന്റെ സമഗ്രസംക്ഷിപ്തം ജാതിനിര്‍ണയത്തിലാണ്. അതിന്റെ തുടക്കം ഇങ്ങനെ: മനുഷ്യാണാം മനുഷ്യത്വം ജാതിര്‍ഗോത്വം ഗവാം യഥാ ന ബ്രാഹ്മണാദിര സ്യൈവം ഹാ! തത്വം വേത്തി കോപി ന. മനുഷ്യന്റെ ജാതി എന്നുപറയുന്നത് മനുഷ്യത്വം. ഗോവിന് ഗോത്വം എന്നതുപോലെ. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ ഇതുപോലെയല്ല. യാഥാര്‍ഥ്യമിതാണെങ്കിലും അത് ആരും തിരിച്ചറിയാത്തതില്‍ ഗുരു ഖേദിക്കുന്നു. സംസ്കൃതസാഹിത്യംമുഴുവന്‍ പരിശോധിച്ചാലും ഇങ്ങനെ നാലുവരി വേറെ കാണാനാവില്ല. സംസ്കൃതത്തില്‍ തുടങ്ങിയെങ്കിലും ജാതിനിര്‍ണയത്തിന്റെ ശേഷിച്ച ഭാഗങ്ങള്‍ അങ്ങനെയല്ല. ശുദ്ധവും ലളിതവുമായ മലയാളത്തിന്റെ ഭംഗി പിന്നീട് ആസ്വദിക്കാം. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍ ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി നരജാതിയിതോര്‍ക്കുമ്പോളൊരു ജാതിയിലുള്ളതാം. ജാതി ഇല്ല എന്നല്ല ഗുരു പറയുന്നത്. ജാതിയുണ്ട്. ജാതിസംബന്ധിച്ച ധാരണകള്‍ അബദ്ധം. അവ മാറണം. പല ജാതികളില്ല. ഒരു ജാതിയേ ഉള്ളൂ– മനുഷ്യജാതി. ഭാരതീയ ന്യായശാസ്ത്രപ്രകാരം ജാതി എന്നത് സത്ത അഥവാ സാമാന്യം എന്നതിനെ സൂചിപ്പിക്കുന്നു. ഒന്നില്‍മാത്രം വര്‍ത്തിക്കുന്നത് വ്യക്തിത്വം. ഒന്നിലധികം വ്യക്തികളില്‍ ഒരുപോലുള്ളത് ജാതി. അത്രയേയുള്ളൂ. ജാതിലക്ഷണത്തിലേക്ക് വരാം. അദ്വൈത വേദാന്തസിദ്ധാന്താനുസാരിയായി രചിക്കപ്പെട്ടിരിക്കുന്ന ജാതിലക്ഷണത്തില്‍ എന്താണ് ജാതിയെന്ന് കൃത്യമായി വായിച്ചെടുക്കാം. പുണര്‍ന്നുപെറുമെല്ലാമൊ– രിനമാം; പുണരാത്തത് ഇനമല്ലിനമാമിങ്ങൊ– രിണയാര്‍ന്നൊത്തു കാണ്‍മതും. ഓരോ ഇനത്തിനും മെയ്യു– മോരോ മാതിരിയൊച്ചയും. മണവും ചുവയും ചൂടും തണുവും നോക്കുമോര്‍ക്കണം. സദാനന്ദന്റെ വേദാന്തസാരം എന്നൊരു ഗ്രന്ഥമുണ്ട്. അതില്‍ ജീവജാലങ്ങളെ നാലായി വിഭജിക്കുന്നു. ജരായുജം, ആണ്ഡജം, ജീവജം, ഉത്തിജം. ഗര്‍ഭവേഷ്ടനമായ വലയമാണ് ജരായു. അതില്‍നിന്നുണ്ടാകുന്നതാണ് ജരായുജം. അതിനെ ഉദ്ദേശിച്ചാണ് പുണര്‍ന്നുപെറുമെല്ലാമൊരിനമാം എന്ന് ഗുരു പറയുന്നത്. ഇതില്‍ക്കവിഞ്ഞ് വിശാലമായ ജാതിസങ്കല്‍പ്പം വേറെയില്ല. വഴി നടക്കുമ്പോള്‍പ്പോലും ജാതി ചോദിച്ചിരുന്നകാലത്താണ് ഗുരു ഇങ്ങനെ പറഞ്ഞതെന്നോര്‍ക്കണം. ഒരിക്കല്‍ തീവണ്ടിയില്‍ യാത്രചെയ്യവെ ഒരു ബ്രാഹ്മണന്‍ ഗുരുവിനോടുതന്നെ 'എന്താ ജാതി?'' എന്ന് ചോദിച്ചു. 'കണ്ടിട്ട് മനസ്സിലായില്ലേ?'' എന്ന് ഗുരുവിന്റെ മറുചോദ്യം. 'ഇല്ല'' എന്നായി ബ്രാഹ്മണന്‍. 'കണ്ടിട്ട് മനസ്സിലായില്ലെങ്കില്‍ പറഞ്ഞാലെങ്ങനെ മനസ്സിലാകും?'' ഗുരു വീണ്ടും ചോദിച്ചു, നേര്‍ത്ത പുഞ്ചിരിയോടെ. ജാതിലക്ഷണത്തില്‍ ശ്രീനാരായണഗുരു വ്യക്തമാക്കുന്നു, മനുഷ്യനെ തിരിച്ചറിയാന്‍ എന്ത് ചോദിക്കണമെന്ന്. പേരൂരു തൊഴിലീ മൂന്നും പോരുമായതു കേള്‍ക്കുക! ആരുനീയെന്നു കേള്‍ക്കണ്ട നേരു മെയ് തന്നെ ചൊല്‍കയാല്‍ വരികളില്‍ അര്‍ഥം സ്പഷ്ടം. ഒരാളെ അറിയാന്‍ പേരും ഊരും തൊഴിലും മതി. മറ്റൊക്കെ അനാവശ്യം. സംസ്കൃതത്തിലും മലയാളത്തിലുമായി ശ്രീനാരായണഗുരു രചിച്ച കൃതികളില്‍ വലുപ്പചെറുപ്പം നിശ്ചയിക്കുക ദുഷ്കരം. തമിഴിലെ തേവാരപതികങ്കളുടെ പരിഭാഷയും അദ്ദേഹം നിര്‍വഹിച്ചു. ഈശോവാസ്യോപനിഷത്ത് മലയാളത്തിലാക്കിയിട്ടുണ്ട്. ദര്‍ശനമാല, വേദാന്തസൂത്രം തുടങ്ങിയ സംസ്കൃത കൃതികളും രചിച്ചു. Read on deshabhimani.com

Related News