പറയാനുണ്ടായിരുന്നത് എന്തെന്നറിയാതെ



ബാല്യകാലസഖിയെ നിരൂപണം ചെയ്യാന്‍ ഞാനാളല്ല. എന്റെ ജീവിതത്തിലെ ചില നിമിഷങ്ങളുമായി ഈ കൃതിയും  എഴുത്തുകാരനും എങ്ങനെ  ബന്ധപ്പെട്ടിരിക്കുന്നു എന്നുമാത്രം പറയാം എന്റെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ള മനുഷ്യനാണ് വൈക്കം മുഹമ്മദ് ബഷീര്‍. ഞാനാദ്യം വായിക്കുന്ന പുസ്തകവും അദ്ദേഹത്തിന്റേതാണ്– ബാല്യകാലസഖി. വളരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ വായിച്ച ബാല്യകാലസഖി 50 വര്‍ഷത്തിനുശേഷവും ഞാന്‍ അതേ ആവേശത്തോടെ വീണ്ടും വീണ്ടും വായിക്കുന്നു. ബേപ്പൂര്‍ സുല്‍ത്താനോടുണ്ടായിരുന്ന ആത്മബന്ധത്തിനപ്പുറം സ്നേഹത്തിന്റെ വിശ്വവിജ്ഞാനകോശമായതുകൊണ്ടുതന്നെയാണ് മജീദിന്റെയും സുഹ്റയുടെയും കഥ എനിക്ക് പ്രിയപ്പെട്ടതായത്. 'ദുര്‍ബലഹൃദയര്‍ ഈ പുസ്തകം വായിക്കരുത്. കാരണം അതിന്റെ വക്കുകളില്‍ രക്തം പൊടിഞ്ഞിരിക്കുന്നു' എന്ന് എം പി പോള്‍ പറഞ്ഞതിലധികമായി ബാല്യകാലസഖിയെ നിരൂപണം ചെയ്യാന്‍ ഞാനാളല്ല. എന്റെ ജീവിതത്തിലെ ചില നിമിഷങ്ങളുമായി ഈ കൃതിയും എഴുത്തുകാരനും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നുമാത്രം പറയാം. മജീദും സുഹ്റയും അവസാനമായി കണ്ടുമുട്ടി പിരിയുമ്പോള്‍ അവള്‍ക്ക് അയാളോട് എന്തോ പറയണമെന്നുണ്ടായിരുന്നു. സായാഹ്നത്തിലെ മഞ്ഞവെയില്‍ പരന്ന ആ നേരത്ത് പക്ഷേ അവള്‍ ഒന്നും പറഞ്ഞില്ല. പിന്നെ ദേശാന്തരസഞ്ചാരങ്ങള്‍ക്കുശേഷം മജീദ് മടങ്ങിവരുമ്പോള്‍ അവള്‍ യാത്രയായിക്കഴിഞ്ഞിരുന്നു; ഈ ലോകത്തിന്റെ സകല കാര്‍ക്കശ്യങ്ങളില്‍നിന്നും. അവള്‍ പറയാന്‍ ബാക്കിവച്ചതെന്തെന്ന ചിന്ത ശിഷ്ടകാലം മുഴുവന്‍ മജീദിനെ അസ്വസ്ഥമാക്കിയിരിക്കണം. ഉത്തരം കിട്ടാത്ത ചോദ്യമായി ആ ചുണ്ടനക്കം മനസ്സില്‍ നില്‍ക്കും. മരണക്കിടക്കയില്‍ അച്ഛന്‍ എന്റെ കൈകള്‍പിടിച്ച് എന്തോ പറയാന്‍ തുടങ്ങുകയും അത് സാധിക്കാതെ അദ്ദേഹം മിഴികള്‍ എന്നന്നേക്കുമായി പൂട്ടുകയും ചെയ്ത വേദന ഇന്നും എന്റെ മനസ്സിലുണ്ട്. ബാല്യകാലസഖിയിലെ മജീദിനെ ഞാനപ്പോള്‍ ഓര്‍ക്കും. ചലച്ചിത്രനടി മോനിഷയും അങ്ങനെ പിരിഞ്ഞുപോയ സുഹൃത്താണ്. ഞങ്ങള്‍ തമ്മില്‍ സവിശേഷമായ ഒരാത്മബന്ധമുണ്ടായിരുന്നു. സിനിമാക്കാര്യങ്ങളേക്കാള്‍ വ്യക്തിപരമായ വിശേഷണങ്ങള്‍ അവര്‍ പങ്കുവയ്ക്കും. അങ്ങനെ ഒരു ദിവസം  എന്നെ വിളിച്ചു. ചിലതുപറയാനുണ്ടെന്നും വളരെ സ്വകാര്യമാണെന്നും അറിയിച്ചു. കാണാമെന്ന് ഞാന്‍ ഉറപ്പുനല്‍കിയെങ്കിലും അതിന് കഴിഞ്ഞില്ല. രണ്ടുദിവസത്തിനുശേഷം മോനിഷ വീണ്ടും വിളിച്ച് നിര്‍ബന്ധമായും കാണണമെന്നും തീര്‍ത്തും ഗൌരവമായ ചില വിഷയങ്ങള്‍ പറയാനുണ്ടെന്നും നിര്‍ബന്ധിച്ചു.  ഉടന്‍ കാണാമെന്നായി ഞാന്‍. പക്ഷേ, പെട്ടെന്നുതന്നെ അവര്‍ക്ക് ബംഗളൂരുവിലേക്ക് പോകേണ്ടിവന്നു. കൊച്ചിയില്‍നിന്ന് വിമാനം പിടിക്കണം. ആ യാത്ര മോനിഷയുടെ അന്ത്യയാത്രയായി. എന്തായിരിക്കും മോനിഷയ്ക്ക് പറയാനുണ്ടായിരുന്നത്. വൈക്കം മുഹമ്മദ് ബഷീര്‍ സൃഷ്ടിച്ച ജീവിതസന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ആവര്‍ത്തിക്കും. ലോകംമുഴുവന്‍ ആരാധകരുള്ള ബേപ്പൂര്‍ സുല്‍ത്താന്റെ വാത്സല്യം എത്ര നിര്‍ലോഭമായി ലഭിക്കാനുള്ള സൌഭാഗ്യം എനിക്ക് ലഭിച്ചു. രോഗം മൂര്‍ച്ഛിച്ച് കിടന്ന സന്ദര്‍ഭത്തില്‍പ്പോലും അദ്ദേഹം കത്തയച്ചു. അവസാനകത്തിലെ ആവശ്യം 'ശ്വാസംമുട്ടല്‍ കലശലാണ്; കുപ്പിയിലടച്ച പ്രാണവായു മുടങ്ങാതെ അയച്ചുതരണം' എന്നായിരുന്നു! അദ്ദേഹത്തിനുവേണ്ടി ജീവന്‍വരെ ത്യജിക്കാന്‍ തയ്യാറുള്ള എഴുത്തുകാരും വായനക്കാരും~ കോഴിക്കോടുതന്നെയുള്ളപ്പോള്‍ പ്രാണവായു എത്തിച്ചുതരണമെന്ന വാക്കുകള്‍ ആ മഹത്തായ ഹൃദയത്തില്‍ എനിക്കുള്ള സ്ഥാനമെന്തെന്ന് ചിന്തിപ്പിക്കുന്നതായിരുന്നു. ബഷീറിന്റെ 'നീലവെളിച്ചം' ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോ ആയി കോഴിക്കോട്ട് അവതരിപ്പിക്കുകയുണ്ടായി. രണ്ടു ദിവസവും അദ്ദേഹം പ്രദര്‍ശനം കാണാനെത്തി. തിരിച്ച് ഞാന്‍ തിരുവനന്തപുരത്ത് വീട്ടില്‍ എത്തിയപ്പോള്‍ സുല്‍ത്താന്റെ ഫോണ്‍. എല്ലാം നന്നായി പക്ഷേ രണ്ടുവരി സംഭാഷണംകൂടി വേണം. അത് ഇന്നുതന്നെ റെക്കോര്‍ഡ് ചെയ്ത് ചേര്‍ക്കണം. അന്ന് ഞായറാഴ്ച. റെക്കോഡിങ് സ്റ്റുഡിയോ ഉടമസ്ഥന്‍ പള്ളിയില്‍പോകുന്ന ക്രിസ്ത്യാനിയാണ്. സ്റ്റുഡിയോ തുറക്കില്ല. ഉടനെയൊന്നും ഷോ ഇല്ല. അത് പിന്നീട് എഡിറ്റ് ചെയ്ത് ചേര്‍ത്തോളാമെന്ന് പറഞ്ഞിട്ട് ബഷീര്‍ സമ്മതിച്ചില്ല. അന്നുതന്നെ ചെയ്യണമെന്ന് കുട്ടികളെപ്പോലെ വാശിപിടിച്ചു. അതെന്തിനാണെന്ന് മനസ്സിലായില്ലെങ്കിലും ബഷീറിനോടുള്ള ബഹുമാനം ഒന്നുകൊണ്ടുമാത്രം ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയെയും കൂട്ടി ഞാന്‍ സ്റ്റുഡിയോ ഉടമസ്ഥന്‍ ഡെന്നിസന്റെ വീട്ടിലെത്തി. അദ്ദേഹം പ്രതീക്ഷിച്ചതുപോലെ എതിര്‍ത്തു. വളരെയധികം നിര്‍ബന്ധിച്ചപ്പോള്‍ മനസ്സില്ലാമനസ്സോടെ കൂടെവന്ന് സ്റ്റുഡിയോ തുറന്നു. ഓലമേഞ്ഞ കെട്ടിടമാണ് സ്റ്റുഡിയോ. അതിനുള്ളില്‍ വിലപിടിപ്പുള്ള എഡിറ്റിങ് ഉപകരണങ്ങളുണ്ട്. വാതില്‍ തുറന്ന ഞങ്ങള്‍ ഞെട്ടിപ്പോയി. അതിന്റെ വൈദ്യുതി മീറ്റര്‍ബോര്‍ഡ് കത്തുന്നു. അല്‍പ്പം വൈകിയിരുന്നെങ്കില്‍ ആ കെട്ടിടം പൂര്‍ണമായും അഗ്നിക്കിരയായേനെ. ഉപകരണങ്ങളും നീലവെളിച്ചത്തിന്റെ കാസറ്റുകളുമെല്ലാം നശിച്ചേനെ. കാലത്തിനപ്പുറം കാഴ്ചയുണ്ടായിരുന്ന ബേപ്പൂര്‍ സുല്‍ത്താന്‍ എന്റെ ജീവിതത്തില്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങളിലൊന്നായിരുന്നു ആ സംഭവം. Read on deshabhimani.com

Related News