പൂര്‍ണം ഈ അപൂര്‍ണത



ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ 400 വര്‍ഷം പഴക്കമുള്ള ഹിന്ദുമതാചാരങ്ങള്‍ ഹോളിയുടെ നിറങ്ങളായി കാറ്റില്‍ പറന്നത്  ഈ വര്‍ഷം മാര്‍ച്ചിലാണ്. ഭര്‍ത്താവിന്റെ മരണത്തോടെ ഭൂമിയിലെ ദുശ്ശകുനങ്ങളായി പരിണമിച്ചിരുന്ന സാധുസ്ത്രീകള്‍ കണ്ണ് നിറയും വരെ ചിരിച്ചു. വിധവകളുടെ ശുഭ്രവസ്ത്രങ്ങളിലേക്ക് പുഷ്പദലങ്ങളും മഴവില്‍ച്ചായങ്ങളും പെയ്തുവീണു. വിണ്ണ് തട്ടുമാറ് അവര്‍ പാട്ടുപാടി. എത്ര തകര്‍ത്താലും, ഉയിര്‍ത്തെഴുനേല്‍ക്കുന്ന നഗരമായി വൃന്ദാവനത്തെ ആശ്ളേഷിച്ചത് ഇന്ദിര ഗോസ്വാമിയാണ്. രാധാസ്വാമികളോടൊപ്പം കണ്ണിചേരുമ്പോള്‍ നിര്‍ഭാഗ്യങ്ങളുടെ വിഴുപ്പുകെട്ടായി തുടങ്ങിയിരുന്നു ഇന്ദിരയെന്ന വിധവ. എന്നാല്‍, ദൈവത്തിന്റെ നഗരത്തില്‍നിന്ന് അഗ്നിപോലെ അവര്‍ പിടഞ്ഞുണര്‍ന്നു. ആളിപ്പടര്‍ന്ന് ജീവിതത്തെ ഗാഢം പുണര്‍ന്നു.  അവനവന്‍വാഴ്ത്തുകളുടെ തരിശുനിലങ്ങള്‍ക്കിടയില്‍നിന്ന്് 'അപൂര്‍ണമായ ആത്മകഥ' സത്യസന്ധതയുടെ റാന്തല്‍ നീട്ടുന്നു. അസാധാരണമായിരുന്നു ഇന്ദിരയുടെ എഴുത്തും ജീവിതവും. 'അപൂര്‍ണമായ ആത്മകഥ' എന്ന പുസ്തകം അത്യാഹിതങ്ങളുടെ ആഴക്കടലല്ല. നിര്‍ഭാഗ്യങ്ങളുടെ ചുരുക്കെഴുത്തുമല്ല. കുഴിച്ചു മൂടപ്പെടുന്ന സത്രീജീവിതങ്ങള്‍ക്കിടയില്‍ അതിജീവനത്തിന്റെ കനല്‍വെളിച്ചമായി അത് ഉണര്‍ന്നിരിക്കുന്നു. അസമിലെ വൈഷ്ണവബ്രാഹ്മണകുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടി. അത്യാപത്തുകളുടെ പെണ്‍നാമ്പെന്ന് ജ്യോതിഷി അവളെ വിധിച്ചു. വെട്ടിനുറുക്കി നദിയിലൊഴുക്കണമെന്ന് ആജ്ഞാപിച്ചു. താക്കീതിന്റെ വാള്‍മുനയെ അവഗണിച്ച് അച്ഛന്‍  ഇന്ദിരയെ നെഞ്ചിലൊതുക്കി. അച്ഛന്റെ മരണശേഷം താനും ഭൂമിയില്‍ അവശേഷിക്കരുതെന്ന് അവളുറച്ചു. കൌമാരത്തില്‍ ഇന്ദിരയും മരണവും ആത്മഹത്യാകട്ടിലില്‍ പലതവണ മുഖാമുഖം കണ്ടു. അച്ഛനും വീട്ടുകാരും നാണക്കേടിന്റെ ചതുപ്പിലമര്‍ന്നു. വിവാഹം തെരഞ്ഞെടുപ്പല്ല, അനിവാര്യതയായിരുന്നു അവള്‍ക്ക്. 23–ാം വയസ്സില്‍ മാധവനെ വിവാഹം ചെയ്യുമ്പോള്‍ ഇന്ദിര അതിയായി ആഹ്ളാദിച്ചു. അച്ഛന്റെ മരണം സൃഷ്ടിച്ച ചുഴിയുടെ ഗതിവേഗങ്ങളില്‍നിന്നു മാധവന്‍ ഇന്ദിരയെ കരയ്ക്കടുപ്പിച്ചു. ബാല്യം തൊട്ട് തന്നെ പിന്തുടര്‍ന്ന കറുത്ത വിഷാദത്തെ ഇന്ദിര പറിച്ചെറിയാന്‍ തുടങ്ങി. എഴുത്തിനായുള്ള സ്വയംതേടലില്‍ അവര്‍ സന്തോഷിച്ചു. മാധവനില്‍ ജീവിതത്തിന്റെ എല്ലാ പ്രകാശവും കണ്ടു. എന്നാല്‍, ഒരു ചെറിയ ഇടവേളയില്‍ അകന്നിരുന്ന ദുര്‍വിധി, മാധവന്റെ മരണമായി ഇന്ദിരയിലേക്ക് തേറ്റയിറക്കി. ഇതുവരെയുള്ളത് ഇന്ദിരയുടെ ദൌര്‍ഭാഗ്യത്തിന്റെ ജീവിതരേഖയാണ്. അസമിലെ സൈനിക് സ്കൂളില്‍ ജോലി ചെയ്യവെയാണ് ഗുരു  ഉപേന്ദ്രചന്ദ്രലേഖരു ഇന്ദിരയെ വൃന്ദാവനത്തിലേക്ക് ഗവേഷണത്തിനായി ക്ഷണിച്ചത്. വിഷാദത്തിന്റെ മരവിപ്പില്‍നിന്ന്് ശാന്തതയുടെ ഊഷ്മളതയിലേക്ക് ഇന്ദിര കാലൂന്നി. മരണത്തോടുള്ള അത്യാസക്തി സഹജീവികളോടുള്ള കനിവായി പരിണമിച്ചു. വിധവയെന്നും ഭാഗ്യദോഷിയെന്നും സ്വയം വിധിക്കാത്തിടത്തോളം തനിക്ക് സന്തോഷവതിയായിരിക്കാനാകുമെന്ന് സ്വയം പഠിച്ചു. പട്ടിണിയും ലൈംഗികചൂഷണവും വലയ്ക്കുന്ന വൃന്ദാവനത്തിലെ രാധാസ്വാമിമാരെപ്പറ്റി ഇന്ദിരയെഴുതിയ നോവല്‍ ആധുനിക ഇന്ത്യന്‍ സാഹിത്യത്തിലെ ക്ളാസിക് ആയി. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായി ജോലിക്ക് പ്രവേശിച്ചതോടെ കഴിഞ്ഞ കാലത്തിന്റെ നഷ്ടബോധങ്ങള്‍ പ്രത്യക്ഷത്തില്‍ അവരെ വിട്ടകന്നു. അസമിന്റെ സാമൂഹിക രാഷ്ട്രീയപ്രശ്നങ്ങളില്‍ നേരിട്ടും കൃതികളിലൂടെയും ജാഗരൂകയായി. അനുഭവങ്ങളുടെ നെരിപ്പോടായിരുന്നു ഇന്ദിരയുടെ ഇന്ധനം. ജീവിതത്തോടുള്ള അവരുടെ ഉടമ്പടികള്‍ വിചിത്രമായിരുന്നു. വിലക്കുകളും താക്കീതുകളും ഇന്ദിരയെ ഉലച്ചില്ല. തനിക്ക് ചുറ്റും സ്വാതന്ത്യ്രത്തിന്റെ ആകാശദിക്കുകള്‍ അവര്‍ സ്വയം വരച്ചു. കണ്ണീരിന്റെയും ഉപേക്ഷിക്കലിന്റെയും ചവറ്റുകൂനയില്‍ വീണുപോയവരെ തന്റെ വിശാലതയിലേക്ക് സ്വീകരിച്ചു. എഴുത്തിന്റെ പ്രതിഫലത്തുകയെല്ലാം ജന്മനാട്ടിലെ പൊതുജനാരോഗ്യകേന്ദ്രത്തിലേക്ക് അവിരാമം നല്‍കിക്കൊണ്ടിരുന്നു. അവരുടെ മനുഷ്യത്വത്തിന്റെ കാതല്‍ ശക്തിയുറ്റതായിരുന്നു. നിരന്തരമായ വായനയ്ക്കിടയില്‍ 'അപൂര്‍ണമായ ആത്മകഥ' വിശ്വജനീനമായ പെണ്‍മയുടെ ഭാഷ്യമാണെന്ന് എനിക്ക് വെളിപ്പെടുന്നു. അകാരണമായ വിഷാദാത്മകതയുടെ ആഴത്തില്‍ ശ്വാസം മുട്ടിയിരുന്ന കൌമാരകാലത്താണ് ബുദ്ധിപരമായ വെട്ടിപ്പിടിത്തങ്ങളില്ലാതെ ഇന്ദിര എന്നിലേക്ക് വന്നത്്. സ്വാര്‍ഥപ്രയോഗങ്ങള്‍ക്ക് കീഴ്പ്പെട്ട് കണ്ണീരും ചോരയും സ്രവിക്കുന്ന ഉടലല്ല സ്ത്രീ എന്ന ശാസനയുടെ ഭാഷാന്തരം എന്നെ ധൈര്യപ്പെടുത്തി. 'വലിയ എഴുത്തുകാരിയോ പണ്ഡിതയോ ആകുകയല്ല, നല്ല മനുഷ്യനാകുകയാണ് പരമപ്രധാന'മെന്ന് ഇന്ദിരാഗോസ്വാമി നിരന്തരം സാക്ഷ്യപ്പെടുത്തുന്നു. ചരിത്രപരമായ സത്യസന്ധതയോടെ അവര്‍ ദിങ്മണ്ഡലങ്ങളില്‍ പൂര്‍ണത സൃഷ്ടിച്ചു. അതുകൊണ്ടുതന്നെ ഇന്ദിരയുടെ ആത്മകഥ അപൂര്‍ണമല്ലെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. അതിജീവനത്തിന്റെയും പൊരുതലിന്റെയും കറയറ്റ പെണ്ണടയാളമായി എല്ലാ മനുഷ്യരിലും അത്് പൂര്‍ണത നേടും. Read on deshabhimani.com

Related News