മരക്കാപ്പിലെ കടലാമകള്‍



കടലാമകളെക്കുറിച്ചുള്ള അസാധാരണമായ ചില അറിവുകളാണ് നീരാളിയന്‍ എന്ന ചെറുകഥ എഴുതാന്‍ കാരണമായത്. കഥയുടെ പിറവിയെക്കുറിച്ച് നാനോകാറിന്റെ വലുപ്പമുള്ള കടലാമകളെ വായനക്കാര്‍ക്ക് സങ്കല്‍പ്പിക്കാമോ? നൂറുവര്‍ഷംമുമ്പ് നമ്മുടെ കടല്‍ത്തീരത്തുള്ളവര്‍ക്ക് ഭാവന വേണ്ടിയിരുന്നില്ല. കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള മരക്കാപ്പ് കടപ്പുറത്ത് ലെതര്‍ ബാക്ക് വിഭാഗത്തില്‍പ്പെട്ട, കാര്‍ വലുപ്പമുള്ള കടലാമകള്‍ മുട്ടയിടാനെത്തിയിരുന്നു. മുട്ടയിട്ട് തിരിച്ചുപോകുമ്പോള്‍ മൂന്നുനാലുപേര്‍ ആമപ്പുറത്ത് ചാടിക്കയറി കടലില്‍ ഏറെ ദൂരം ഫ്രീ സവാരി നടത്തുമായിരുന്നതിന്റെ കഥകളും ഇവിടെയുള്ള പഴമക്കാര്‍ പറഞ്ഞുതരും. ഒലിവ്റെഡ്ലി വിഭാഗത്തില്‍പ്പെട്ട ഏതാണ്ട് 50 കിലോ വരുന്ന ആമകളാണ് മരക്കാപ്പില്‍ കുറെക്കാലമായി മുട്ടയിടാനെത്തുന്നത്്. കടലാമമുട്ടകള്‍ക്ക് നല്ല സ്വാദായതുകൊണ്ട് നാട്ടുകാരുടെ ഇഷ്ടവിഭവമായിരുന്നു. പതിനാറുകൊല്ലംമുമ്പ് പ്രവീണ്‍കുമാറിന്റെയും സുധീര്‍കുമാറിന്റെയും മറ്റും നേതൃത്വത്തില്‍ കടലാമമുട്ടകള്‍ സംരക്ഷിക്കാന്‍ 'നെയ്തല്‍' എന്ന പരിസ്ഥിതി സംഘടന മരക്കാപ്പില്‍ രൂപംകൊണ്ടു. സംഘത്തിലെ മിക്കവാറും പേര്‍ എന്റെ ശിഷ്യന്മാര്‍കൂടിയാണ്. കടലാമമുട്ടകളെ പ്രത്യേകം ഹാച്ചറിയില്‍ സൂക്ഷിച്ച് വിരിഞ്ഞുവരുന്ന കുഞ്ഞുങ്ങളെ സുരക്ഷിതരായി കടലിലേക്ക് ആഘോഷപൂര്‍വം യാത്രയയക്കുന്ന ചടങ്ങ് നടക്കുമ്പോഴൊക്കെ ഞാനും ക്ഷണിക്കപ്പെട്ടു. എണ്ണയില്‍ കുളിച്ചതുപോലെ  തിളങ്ങുന്ന, കറുകറുത്ത ആമക്കുഞ്ഞുങ്ങളെ കൈക്കുടന്നയില്‍ വാരിയെടുത്ത് പലതവണ ഞാനും കടല്‍ത്തീരത്തില്‍ നിക്ഷേപിച്ച് സന്തോഷത്തില്‍ പങ്കുചേര്‍ന്നു. 2013ലാണ് 'നീരാളിയന്‍' എന്ന കടലാമകളെക്കുറിച്ചുള്ള കഥ പ്രസിദ്ധീകരിക്കുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍. 2014ല്‍ ഇക്കഥ ഇംഗ്ളീഷില്‍ മൊഴിമാറ്റംചെയ്യപ്പെട്ടു. 2013ലെ മികച്ച കഥയ്ക്കുള്ള സത്യലാല്‍ ചെറുകഥാപുരസ്കാരവും ലഭിച്ചു. കടലാമകളെക്കുറിച്ചുള്ള അസാധാരണമായ ചില അറിവുകളാണ് ഈ കഥ എഴുതാന്‍ കാരണമായത്. ആയിടയ്ക്ക് ബംഗളൂരുവില്‍നിന്ന് മരക്കാപ്പില്‍ ആമഗവേഷണത്തിനായി ചില ശാസ്ത്രജ്ഞര്‍ വന്നിരുന്നു. അത്ഭുതകരമായ ചില നിരീക്ഷണങ്ങള്‍ അവര്‍ നടത്തുകയുണ്ടായി. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ പെണ്‍വര്‍ഗമാണ്. ആണ് തീരെ കുറവാണ്. മനുഷ്യനടക്കമുള്ള ജീവജാതികളില്‍ കുഞ്ഞ് ആണോ പെണ്ണോ എന്ന് നേരത്തെ തീരുമാനിക്കപ്പെടുന്നുണ്ട്. എന്നാല്‍, കടലാമകളില്‍ മുട്ടവിരിയുന്ന നേരത്തുള്ള താപനിലയാണ് കുഞ്ഞ് ആണായിരിക്കണോ പെണ്ണായിരിക്കണോ എന്ന് തീരുമാനിക്കുന്നത്. താപനില  29ീര വരെയാണെങ്കില്‍ കുഞ്ഞ് പ്രായേണ ആണും 34ീര വരെയാണെങ്കില്‍ കുഞ്ഞ് പ്രായേണ പെണ്ണുമായിത്തീരും. എന്നെ ഉറക്കംകെടുത്തിയതും കഥാരചനയിലേക്ക് ഞെട്ടിച്ചുണര്‍ത്തിയതും മറ്റൊരു അറിവാണ്. 34ീരലും താപനില ഉയര്‍ന്നാലോ? മുട്ടകളെല്ലാം ചീഞ്ഞ് പോകുമത്രേ! നടുക്കംപൂണ്ട് ഞാനോര്‍ത്തുപോയി. 200 കോടി കൊല്ലംമുമ്പ്, ദിനോസറുകളുടെ കൂട്ടുകാരായി ഭൂമിയില്‍ ഉദയംചെയ്ത ആമ എന്ന ജീവിവര്‍ഗം വെറും ഒന്നോ രണ്ടോ ലക്ഷം വര്‍ഷംമുമ്പ് ഓര്‍ക്കണം കോടിയല്ല, ലക്ഷം ഉദയംചെയ്ത മനുഷ്യനുണ്ടാക്കിയ ആഗോളതാപനത്തില്‍ ഇല്ലാതാകുന്നു! ആരാണ് ഭൂമിയുടെ യഥാര്‍ഥ അവകാശികള്‍? മനുഷ്യനോ കടലാമകളോ? സംശയമേയില്ല. ആമകള്‍ കടന്നുവരുന്ന വഴിയില്‍ നില്‍ക്കാനുള്ള അവകാശംപോലും മനുഷ്യനില്ല. പക്ഷേ, സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണ്? ഭൂമി തന്റെമാത്രം അവകാശമാണെന്ന് തെറ്റിദ്ധരിച്ച്, പ്രകൃതിവിഭവങ്ങളെ മാരകമായി കൊള്ളയടിക്കുകയാണ് മനുഷ്യര്‍. ഇതര ചരാചരങ്ങളെ അഹങ്കാരിയായ മനുഷ്യന്‍ പരിഗണിക്കുന്നതേയില്ല. ഇതുകൊണ്ടാണ് 'രണ്ട് മത്സ്യങ്ങള്‍' എന്ന എന്റെ മറ്റൊരു കഥയിലെ തവള, 'പ്രകൃതിക്ക് പറ്റിപ്പോയ വലിയ ഒരു തെറ്റാണ് മനുഷ്യന്‍' എന്ന് പറയുന്നത്. ആഗോളതാപനത്തില്‍ ആമയെന്ന ജീവിവര്‍ഗം ഇല്ലാതാകാന്‍പോകുന്നുവെന്ന കഠിനമായ അസ്വാസ്ഥ്യമാണ് 'നീരാളിയന്‍' എഴുതാന്‍ നിമിത്തമായത്. കടലാമകളുടെയും മുട്ടകളുടെയും സംരക്ഷകരായ തങ്കുട്ടന്‍ സുധര്‍മിണി ദമ്പതികളുടെ ജീവിതത്തിലേക്ക് കടലാമകളുടെ പ്രജനനസവിശേഷതകള്‍ എന്ന ആശയത്തില്‍ ഗവേഷണംചെയ്യുന്ന അഖില്‍ എന്ന ചെറുപ്പക്കാരന്‍ കടന്നുവരുന്നതാണ് കഥാവിഷയം. പരിക്കുപറ്റിയതിനാല്‍ തങ്കുട്ടന്റെ വീട്ടില്‍ സംരക്ഷിക്കപ്പെടുന്ന ഭഗവതി, നീരാളിയന്‍ എന്നീ കടലാമകളും കഥാപാത്രങ്ങളാണ്. പരിസ്ഥിതി മുഖ്യവിഷയമായ 'മരക്കാപ്പിലെ തെയ്യങ്ങള്‍' എഴുതുന്ന കാലംതൊട്ട് പരിചയമുള്ള മരക്കാപ്പ് തീരത്തിന്റെ പശ്ചാത്തലത്തില്‍ കഥയെഴുതാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. കടലാമകളെക്കുറിച്ചുള്ള മറ്റൊരു വിസ്മയം ഇതാണ്. കടലിലേക്കിറങ്ങിപ്പോയ കുഞ്ഞുങ്ങള്‍ പത്തുപതിനാറുകൊല്ലം കഴിഞ്ഞ് മുട്ടയിടാറാകുമ്പോള്‍ അതേ മാതൃതീരത്തേക്കുതന്നെ അത്ഭുതകരമായി തിരിച്ചെത്തും. ഇതുപോലെ മനുഷ്യന് വിശദീകരിക്കാന്‍ കഴിയാത്ത എന്തെല്ലാം അത്ഭുതങ്ങള്‍ പ്രകൃതിയിലുണ്ട്! മുട്ടയിട്ട് കഴിഞ്ഞാല്‍ മണല്‍കൊണ്ട് മൂടി സ്ഥലം അടിച്ചുറപ്പിക്കും. അതിനുശേഷം തിരിച്ചറിയാതിരിക്കാനായി ഉണങ്ങിയ മണല്‍ തേവും. അതിനുശേഷം കയറിവന്ന വഴിയും തിരിച്ചുപോയ വഴിയും മായ്ച്ചുകളയും. മുട്ടയിട്ട സ്ഥലം ശത്രുക്കള്‍ കണ്ടുപിടിക്കാതിരിക്കാനാണ്. കടലാമകളെപ്പോലെ ആയിരക്കണക്കിനു മൈലുകള്‍ വഴിതെറ്റാതെ സഞ്ചരിച്ച് മുട്ടയിട്ട് തിരിച്ചുവരുന്ന മീനുകളുണ്ട്. ഉത്തരധ്രുവത്തില്‍നിന്ന് ദക്ഷിണധ്രുവത്തിലേക്ക് ആറുമാസംകൊണ്ട് പറന്ന് അതേവഴിയിലൂടെ തിരിച്ചുപറക്കുന്ന ആര്‍ട്ടിക് ടേണ്‍പോലുള്ള പക്ഷികള്‍ക്കും വഴിതെറ്റാറില്ല. കരയിലെ ജീവജാലങ്ങള്‍ക്കും വഴിതെറ്റിപ്പോകുന്നില്ല. എന്റെ അനുഭവത്തില്‍ വഴിതെറ്റിപ്പോകുന്ന ഒരു മൃഗമേ ഭൂമിയിലുള്ളൂ. അത് മനുഷ്യനാണ്. മനുഷ്യന് വഴിതെറ്റിപ്പോയതിന്റെ ദുരന്തങ്ങളാണ് പലവിധത്തില്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കുഞ്ഞുങ്ങളില്ലാത്ത സുധര്‍മിണിയുടെ ദുഃഖം വലുതാണ്. ആയിരക്കണക്കിന് ആമക്കുഞ്ഞുങ്ങളെ കടലിലേക്ക് പറഞ്ഞുവിട്ട സുധര്‍മിണിയുടെ ഉള്ളില്‍ അനപത്യതാദുഃഖം കടല്‍പോലെ ഇളകിമറിയുന്നുണ്ട്. മാതൃത്വം ഒട്ടുമേ അനുഭവിക്കാന്‍ ഭാഗ്യമില്ലാത്ത ജീവികളാണ് കടലാമകള്‍. മുട്ടയിട്ടുകഴിഞ്ഞാല്‍ കടലിലേക്ക് രക്ഷപ്പെട്ട് പായണം. സ്വന്തം കുഞ്ഞുങ്ങളെ  ഒന്ന് സ്പര്‍ശിക്കാനോ, എന്തിന് ഒരുനോക്ക് കാണാന്‍പോലുമോ ഭാഗ്യമില്ലാത്ത അമ്മമാര്‍! ഒരുപക്ഷേ, നമുക്കറിയില്ല, കുഞ്ഞുങ്ങള്‍ മുട്ടിവിരിഞ്ഞിറങ്ങി വരുന്നതും പ്രതീക്ഷിച്ച് തീരത്തുനിന്ന് അകന്ന് ഈ അമ്മമാര്‍ കാത്തുനില്‍ക്കുന്നുണ്ടാകുമോ? ശാസ്ത്രം തെളിയിച്ചിട്ടില്ലെങ്കിലും ഞാന്‍ കരുതുന്നു, ഈ കുഞ്ഞുങ്ങള്‍ അമ്മമാരെ കണ്ടുമുട്ടുന്നുണ്ടാകണം (ഒരുപക്ഷേ അത് നമ്മുടെ ആഗ്രഹമായിരിക്കാം). വര്‍ഷങ്ങള്‍ക്കുശേഷം മാതൃതീരം കണ്ടുപിടിക്കാന്‍ ശേഷിയുള്ള ഈ വര്‍ഗത്തിന് മാതാപിതാക്കളെ കണ്ടെത്താനും കഴിവുണ്ടായിരിക്കണം. കുഞ്ഞുണ്ടാകണമെന്ന സുധര്‍മിണിയുടെ കടുത്ത ആഗ്രഹം സ്ത്രീവിരുദ്ധമാണ് എന്ന് ഒരു നിരൂപണത്തില്‍ എഴുതിക്കണ്ടു. തീര്‍ച്ചയായും അങ്ങനെയുള്ള വായനയ്ക്ക് സ്വാതന്ത്യ്രമുണ്ട്. പക്ഷേ, ഒരു മറുചോദ്യമുണ്ട്. പ്രകൃതി ആവശ്യപ്പെടുന്നതെന്താണ്? എല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ചവിധമെന്ത്? ആണും പെണ്ണുമായിട്ടാണ്. കുട്ടികളിലൂടെ പ്രകൃതി മുന്നോട്ടുപോകണം. അതാണ് 'കന്നിക്കൊയ്ത്തില്‍' വൈലോപ്പിള്ളി പറയുന്ന 'ഏകജീവിതാനശ്വര ഗാനം', 'വിജിഗീഷുവായ മൃത്യുവിനെ തോല്‍പ്പിക്കുന്ന ജീവിതത്തിന്റെ കൊടിപ്പടം'. കഠിനമായ ചൂടില്‍ നാം ചുട്ടുപൊള്ളുമ്പോള്‍, കുടിക്കാന്‍ വെള്ളമില്ലാതെ, ശ്വസിക്കാന്‍ ശുദ്ധവായു ഇല്ലാതെ കഷ്ടപ്പെടുമ്പോള്‍ നിലനില്‍പ്പിന്റെ രാഷ്ട്രീയമാണ് ആദ്യം പരിഗണിക്കേണ്ടത്. സ്ത്രീവാദമൊക്കെ പിന്നത്തെ വിഷയങ്ങളാണ്. (ഞാന്‍ സ്ത്രീവിരുദ്ധനാണെന്ന് തെറ്റിദ്ധരിക്കരുതേ. മലയാളത്തില്‍ ഏറ്റവും സ്ത്രീപക്ഷകഥകള്‍ എഴുതിയിട്ടുള്ള പുരുഷന്‍ ഞാനായിരിക്കാം. 'ഞണ്ടും മീനും' എന്ന പേരില്‍ സ്ത്രീപക്ഷകഥകളുടെ ഒരു സമാഹാരമുണ്ട്. എന്റെ രണ്ട് നോവലുകളും സ്ത്രീപക്ഷത്തുനിന്ന് വായിക്കാവുന്ന കൃതികളാണ്.) എന്നാല്‍, സ്ത്രീപുരുഷബന്ധത്തെക്കുറിച്ച് ഏറെ ചര്‍ച്ചചെയ്യേണ്ട മറ്റൊരു വിഷയം ഈ കഥ മുന്നോട്ടുവയ്ക്കുന്നുണ്ട്. ജി മധുസൂദനന്റെ ഒരു നിരൂപണത്തില്‍മാത്രമേ ഈ വിഷയം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളൂ. പിന്നീടൊരുനാള്‍ ഞാന്‍ മരക്കാപ്പിലെത്തി തീരത്തിലൂടെ ഹാച്ചറിയിലേക്ക് നടന്നു. കൊച്ചുജലാശയത്തില്‍ കടലാമകള്‍ രണ്ടും ഉണ്ട്. പ്രവീണ്‍കുമാര്‍ പറഞ്ഞു. ആരോ ഈ കടലാമകള്‍ക്ക് പേരിട്ടിട്ടുണ്ട്. ഭഗവതിയും നീരാളിയനും. വിസ്മയംനിറഞ്ഞ പുഞ്ചിരിയോടെ നോക്കുമ്പോള്‍ പ്രവീണ്‍ തുടര്‍ന്നു: സന്ദര്‍ശകരായെത്തുന്ന കുട്ടികളും ഭഗവതിയെന്നും നീരാളിയനെന്നും ആമകളെ വിളിക്കുന്നുണ്ട്. ഞാന്‍ ജലാശയത്തിന്റെ വക്കില്‍ ഇരുന്നു. യന്ത്രബോട്ടിന്റെ പ്രൊപ്പെല്ലറുകളില്‍ തട്ടി കൈകള്‍ മുറിഞ്ഞുപോയ കടലാമകളാണ്. കടലില്‍ നീന്താനാവുകയില്ല. 'നെയ്തല്‍' അവയെ പോറ്റുകയാണ്. മന്ദമന്ദം നീങ്ങിക്കൊണ്ടിരുന്ന ആമകള്‍ പുറത്ത് കൈവച്ചപ്പോള്‍ അനങ്ങാതെ നിന്നു. അവ എന്റെ സ്നേഹസ്പര്‍ശം അനുഭവിക്കുന്നതുപോലെ തോന്നി. ദുഃഖത്തോടെ ഞാന്‍ മനസ്സില്‍ ഉരുവിട്ടു: ഞാനും കുറ്റവാളിയാണ് സഹജീവികളേ. ഒരു കൊച്ചുകഥയെഴുതാനല്ലാതെ വേറെ എന്തിനാണ് എന്നെക്കൊണ്ട് സാധിക്കുക? Read on deshabhimani.com

Related News