ഉറങ്ങാതിരിക്കുന്നവന്റെ അക്ഷരച്ചോപ്പുകള്‍



വായനയുടെ ബഹുസ്വരതയെ അനുഭവിപ്പിക്കുന്നുണ്ട് കൃഷ്ണദാസിന്റെ 'ഇരുട്ടില്‍ ഉറങ്ങാതിരിക്കുന്നു' എന്ന കൃതി. ജീവിതവും വായനയും ഓര്‍മയും കൂടിക്കലര്‍ന്ന രചന. ആഴം നിറഞ്ഞ കിണറ്റിലേക്കെത്തിനോക്കുന്ന പ്രതീതി, കാലവും ആഖ്യാനവും കൂടിക്കലര്‍ന്ന ബോധാബോധത്തിന്റെ അക്ഷരസുഖം, ഒപ്പം ഒരു കാല്‍പ്പനികന്റെ സ്വത്വധാര നക്ഷത്രക്കണ്ണുകളായി വിലയം പ്രാപിക്കുന്നുമുണ്ട്. ഭാഷയുടെ ലാളിത്യവും കാവ്യാത്മകതയുടെ ലയവും വായനയ്ക്ക് ഹൃദ്യതയേറ്റുന്നു. തികച്ചും വ്യതിരിക്തമായ അവതരണമികവ്. അഞ്ച് ഭാഗങ്ങളായി തിരിച്ച പുസ്തകം രചയിതാവിന്റെ സ്വജീവിതത്തിന്റെ ഭൂതകാല നൈരന്തര്യത്തെ അളന്നിടുന്നു. പ്രകൃതിയും സ്മൃതിയും സഞ്ചാരവും പ്രമേയമാകുമ്പോഴും കടല്‍കടന്നുപോയവന്റെ വ്യഥയും പുസ്തകത്തിലുണ്ട്. ജന്മനാടിന്റെ സൌന്ദര്യത്തിനും സുരക്ഷിതത്വത്തിനും പകരംവയ്ക്കാനൊന്നുമില്ലെന്ന്  ആണയിടുന്നു. പ്രകൃതിയാത്ര എന്ന ഒന്നാംഭാഗത്തില്‍ വനപാതയിലെ കാട്ടുമൈനകള്‍ രചയിതാവിനോട് കിന്നാരം പറയുന്നുണ്ട്. 'മകരവിളക്കും മുനിയാണ്ടിയും' സന്ദേഹങ്ങളുണര്‍ത്തുന്ന ചോദ്യങ്ങളാല്‍ അലോസരപ്പെടുത്തുന്നുണ്ട്. മരുഭൂമിയില്‍ വസന്തങ്ങള്‍ വിരിയുമ്പോള്‍ ജന്മനാടിനെയോര്‍ത്ത് കേഴുന്നുമുണ്ട്. ഇവയാകട്ടെ പ്രകൃതിയോടിണങ്ങി ജീവിക്കാനാഗ്രഹിക്കുന്നവന്റെ വ്യഥിതസ്വപ്നങ്ങളാണ്. ഓര്‍മകളില്‍ വ്യാപരിക്കുമ്പോള്‍ ജീവിതത്തില്‍ ശേഷിക്കുന്നതെന്ത് എന്ന ചോദ്യമാണ് 'ഓര്‍മ, ജീവിതം' എന്ന രണ്ടാം അടരില്‍. കൊച്ചുബാവയുടെ സൌഹൃദത്തണലും സി ജി ശാന്തകുമാറിന്റെ സംഘടനാഭ്രാന്തിന്റെ തിയറിയും ഗോപാലകൃഷ്ണന്റെ ജീവിതസൌരഭ്യപ്പകര്‍ച്ചയും ഗള്‍ഫ്ജീവിതത്തിന്റെ ഈര്‍പ്പം കലര്‍ന്ന മണ്ണുമായെത്തിയ പി ടി കുഞ്ഞുമുഹമ്മദും 'അജ്ഞാതനായ ഒരു കൊലയാളിയുടെ നിഴല്‍ അവരെ എപ്പോഴും ചൂഴ്ന്നുനില്‍ക്കുന്നു' എന്ന തസ്ളീമ നസ്രിനെക്കുറിച്ചുള്ള കുറിപ്പും ഇരവിമംഗലത്തേക്കുള്ള യാത്രയും ടി പത്മനാഭന്റെ ഗള്‍ഫ് സന്ദര്‍ശനവും 'ഉറങ്ങുന്നുണ്ടാകില്ല ഇപ്പോഴും ദാവൂദ് ഇബ്രാഹിം' എന്ന ജയദേവന്‍സ്മരണയും ജീവിതത്തിന്റെ ഇടനാഴിയിലെ വെള്ളിവെളിച്ചമായി കൃതിയില്‍ നിറയുന്നു. വായനയുടെ പുതുലോകമാണ് മൂന്നാംഭാഗത്തെ സമ്പന്നമാക്കുന്നത്. അവിടെ ടി പത്മനാഭന്റെ പാറപ്പുറത്തെ വീടും സി വി ശ്രീരാമന്റെ വാസ്തുഹാരയും വൃദ്ധി നേടുന്നു. ആഴം നിറഞ്ഞ കിണറ്റിലേക്കെത്തിനോക്കുന്ന പ്രതീതി അവ ജനിപ്പിക്കുന്നു. പാശ്ചാത്യദേശത്തിന്റെ പുതുവായനകളാണ് പിന്നീടുള്ള രചനകള്‍ക്ക് രംഗം. അവിടെ പാട്രിക് മോദിയാനോയുടെ പാരീസ് കഫേയിലെ പെണ്‍കുട്ടിയും യാസ്മിനാ ഖാദ്രയുടെ ബാഗ്ദാദിലേക്കുള്ള പാതയും ഗബ്രിയേല്‍ മാര്‍ക്വേസിന്റെ പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തവും കേണലിന് ആരും എഴുതുന്നില്ല എന്ന കൃതിയുടെ ആസ്വാദനവും ദസ്തയെവ്സ്കിയുടെ ബേദന്‍ ബേദനിലെ ഗ്രീഷ്മകാലവും ബല്‍സാക്കും ചൈനയിലെ കോട്ടു തയ്യല്‍ക്കാരിയും വായനാലോകത്തിന്റെ നവചിത്രസാക്ഷാല്‍ക്കാരമാകുന്നു. സുഹൃദ്ബന്ധങ്ങളുടെയും വിപ്ളവസ്മരണകളുടെയും നിറച്ചാര്‍ത്താണ് എഴുത്തുകാരന്റെ ജീവിതം. പോയകാലത്തിന്റെ ആത്മഭാഷണങ്ങളില്‍ ജീവിതത്തിന്റെ നെരിപ്പോടും വെളിച്ചത്തിന്റെ സൂര്യശോഭയുമുണ്ട്. വിപ്ളവകാലങ്ങള്‍ മരുഭൂമിയുടെ മണല്‍ക്കാറ്റില്‍ ഉഷ്ണച്ചൂടേറ്റ് പിടക്കുന്നുണ്ട്. അനുഭവത്തിന്റെ അനുരണനവും ഓര്‍മയുടെ ഉഷ്ണക്കാറ്റും പ്രകൃതിയുടെ സര്‍ഗചൈതന്യവും വിപ്ളവത്തിന്റെ കാഹളധ്വനിയും ആത്മബോധത്തിന്റെ അവഗാഹവും 'ഇരുട്ടില്‍ ഉറങ്ങാതിരിക്കുന്നവന്റെ' അക്ഷരച്ചോപ്പുകളില്‍ നിറയുന്നു. Read on deshabhimani.com

Related News