ആത്മാവ് ഉരുക്കിയ മഷി കൊണ്ട്....



അന്തരിച്ച എഴുത്തുകാരൻ ടി സി വി സതീശനെ കുറിച്ച്‌ കഥാകൃത്ത്‌ ടി പി വേണുഗോപാലൻ എഴുതിയ അനുസ്‌മരണം കണ്ണൂർ> അണിയലങ്ങൾ തുടച്ചു വൃത്തിയാക്കുന്ന തിരക്കിലായിരുന്നു കോലക്കാരൻ. കാലേയുള്ള അപരിചിതമായ കാൽപെരുമാറ്റം കേട്ട്  അയാൾ തലയുയർത്തി. ‘ആരാ?' (തൊരക്കാരത്തി–- ടി സി വി സതീശൻ). ജീവിതത്തിന്റെ അണിയലങ്ങളെല്ലാം അഴിച്ചുമാറ്റി സതീശൻ എന്ന പച്ചമനുഷ്യൻ കടന്നു പോയിരിക്കുന്നു. സാഹിത്യത്തെ ജീവിതമാക്കിയും ജീവിതത്തെ സാഹിത്യമാക്കിയും ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ മലയാള സാഹിത്യത്തിൽ ശ്രദ്ധേയമായ ഇടം പിടിച്ച എഴുത്തുകാരനായിരുന്നു ടി സി വി സതീശൻ. യുവത്വം ഏതാണ്ട് അസ്തമിക്കുന്ന വേളയിലാണ് അദ്ദേഹം എഴുത്തിൽ സജീവമാകുന്നത്. അതുകൊണ്ടുതന്നെ അനുഭവങ്ങളുടെ തീക്ഷ്ണത ഏറെയുണ്ട് ആ എഴുത്തുകളിൽ. ഭാഷയുടെ തഴക്കവും വഴക്കവും അമ്പരപ്പിക്കുന്നതായിരുന്നു.   കഥ, നോവൽ, കവിത തുടങ്ങിയ അതിർവരമ്പുകളില്ലാതെ സാഹിത്യനഭസ്സിൽ പൊടുന്നനെയാണ് സതീശൻ ഉദിച്ചുയർന്നത്. ഉത്തരകേരളത്തിന്റെ പച്ചയായ ജീവിതം അതേ ഭാവതീവ്രതയോടെ അവതരിപ്പിച്ചു എന്നതാണ് ‘തൊരക്കാരത്തി' എന്ന നോവലിന്റെ പ്രത്യേകത. ‘വെമ്പായമലയും വെമ്പിരിക്കുന്നും കീഞ്ഞ് മുതുകാട്ടെ കൊയ്യേളേം ഒണർത്തി, ഒതയോത്ത് വയലിലെ തവളകളേം ഒറക്കി കരിംകുഴിപ്പാലവും കടന്ന് സൂര്യൻ വെമ്പിരിയന്റെ  ചായപ്പീട്യന്റെ ഇറയത്തിണ്ണയിൽ എരിയുന്ന കനലുകളിൽ പഴുക്കുന്ന സമോവറിനെ നോക്കി വായിൽ വിരലീമ്പിനിന്നു'–- തൊരക്കാരത്തി തുടങ്ങുന്നതിങ്ങനെയാണ്. നാട്ടുഭാഷയും നാട്ടു നന്മയുമാണ് നോവലിനെ വ്യത്യസ്തമാക്കുന്നത്. നോവൽ ദേശാഭിമാനി വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. നോവലിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖരായ നൂറോളം ചിത്രകാരൻമാർ ആകർഷകമായ പോസ്റ്ററുകൾ തയ്യാറാക്കിയതും അത് നവമാധ്യമങ്ങളിൽ വൈറലായതും മറ്റൊരു നോവലിനും ലഭിക്കാത്ത അംഗീകാരമായിരുന്നു. തൊരക്കാരത്തി വായനാസമൂഹം അത്രകണ്ട് ഹൃദയത്തിലേറ്റെടുത്ത നോവലാണ്. ഏതാനും നാളുകൾക്കുള്ളിൽ പുസ്തകമാകാനിരിക്കുകയാണ് തൊരക്കാരത്തി. അത് കാണാനുള്ള ഭാഗ്യമില്ലാതെയാണ് സതീശൻ യാത്രയാവുന്നത്. ദേശത്തിന്റെ ചിതറിയ ഓർമകൾ തുന്നിച്ചേർത്ത് വർണ മനോഹരമായ ഉടുപ്പ് നെയ്യുകയാണ് ‘പെരുമാൾപുരം ' എന്ന നോവലിൽ. ‘ശിവകാശിപ്പടക്കങ്ങൾ', ‘രാത്രിമഴ പെയ്തിറങ്ങുകയാണ് ' എന്നീ ചെറുകഥാ സമാഹാരങ്ങൾ ലളിതമായ ആഖ്യാനം കൊണ്ടും ഗഹനമായ ജീവിത വീക്ഷണം കൊണ്ടും വായനക്കാരെ ആകർഷിച്ചവയാണ്. എഴുത്തിന്റെ വേദന ഇത്രമാത്രം അനുഭവിച്ച മറ്റൊരാളില്ല. ആത്മാവ് ഉരുക്കിയ മഷി കൊണ്ടാണ് സതീശൻ എഴുതുന്നത്.  ‘കഥ കേട്ട് ഉള്ളിൽ കവിത കുറിച്ച് ജീവിതത്തെ സാർത്ഥകമാക്കാൻ ശ്രമിക്കുകയാണ് നാമോരോരുത്തരും. അങ്ങനെയുള്ള ജീവിതത്തിൽ ജീവനത്തിന്റെയും  അതിജീവനത്തിന്റെയും മിഴി കവിതയാവുകയാണ് ' സാഹിത്യത്തെക്കുറിച്ച് സതീശന്റെ നിർവ്വചനം ഇതാണ്. വൈകി ഉദിച്ച് നേരത്തേ അസ്തമിച്ചെങ്കിലും ടി സി വി സതീശന്റെ എഴുത്തിലെ ചൂടും വെളിച്ചവും കാലങ്ങളോളം നിലനിൽക്കും.   Read on deshabhimani.com

Related News