കോവിഡ്‌ കാലത്ത്‌ വായിക്കാം പ്രകൃതി എന്ന പുസ്തകം



കണ്ണൂർ "കൂട്ടുകാരേ, കുന്നിമണികളേ, പൊന്നു കാന്താരികളേ...., ആദ്യം കഥ പറയാം. പിന്നെ കഥയിലെ കാര്യം. കാര്യമറിയുമ്പോൾ കഥ കൂടുതൽ രസിക്കും. ഇതാ കഥ' ഒരു ശിവദാസ് കഥ പിറക്കുകയായി. പൂപോലെ, പൂങ്കാറ്റുപോലെ, പൂമണം പോലെ ഒരു കഥ. സ്വപ്നംപോലെ സുന്ദരമായ കഥ. അത് വെറുമൊരു കഥയല്ല. കുഞ്ഞുമനസ്സുകളെ അറിവിന്റെ ഊഞ്ഞാലിൽ ആഹ്ലാദത്തിന്റെ ആകാശത്തേക്കുയർത്തുന്ന കഥപറച്ചിലാണ്. വീണ്ടും ലോക ബാലപുസ്തകദിനമെത്തുമ്പോൾ ഇന്ത്യൻഭാഷകളിൽ ഏറ്റവും കൂടുതൽ ബാലകഥകളെഴുതിയ പ്രൊഫ. എസ് ശിവദാസ് എൺപതിന്റെ നിറവിലാണ്. അഞ്ചരപ്പതിറ്റാണ്ട്‌ നീണ്ട രചനാകാലത്തിനിടയിൽ 200 പുസ്തകം. കുട്ടികൾ തേൻകനിയായി ഏറ്റുവാങ്ങിയവ. കോവിഡ്‌കാലം വായനയുടെ വസന്തകാലമാക്കണമെന്നാണ് കുട്ടികളോട് ശിവദാസ് പറയുന്നത്. ഇത് നല്ലൊരവസരമാണ്. അറിവിന്റെ ലോകത്താണ് നാം ജീവിക്കുന്നത്. അറിവാണ് പുതിയ ആശയത്തിന്റെ ഉറവിടം. അറിവ് സ്വാംശീകരിക്കാൻ ഒരുവഴിയേയുള്ളൂ. വായന. കൊറോണയെ അതിജീവിക്കാനും അത് ആവശ്യമാണ്. അറിവിലൂടെ വികസിച്ചുവരുന്ന കണ്ടെത്തലുകൾക്കേ മഹാമാരികളെ ഇല്ലാതാക്കാനാകൂ. കോവിഡ് കാലം നമുക്ക് പാഠമാകണം. ന്യൂക്ലിയർ ബോംബുകളും മിസൈലുകളും എല്ലാം കോവിഡ്–--19 നുമുന്നിൽ നിഷ്ഫലം! ബാക്ടീരിയകളിലും ചെറിയവയാണല്ലോ വൈറസുകൾ, ആ സൂക്ഷ്മജീവികൾക്കുമുന്നിൽ നിന്നു വിറയ്ക്കുകയാണ് ലോകം.പ്രകൃതി വലിയൊരു പാഠപുസ്തകമാണ്. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം. പ്രകൃതിയിലെ നാടകങ്ങൾ മുഴുവൻ നമുക്കറിയില്ല. പ്രകൃതിയിലെ അതിലോലമായ ബന്ധങ്ങൾ ഭൂരിഭാഗവും മനുഷ്യന് അദൃശ്യം. എന്തോ സംഭവിച്ചു. ഒരു വൈറസ് ഇളകി. അതിന്റെ പഴയ രൂപത്തിലാകാം. ജനികതമാറ്റം വരുത്തിയിട്ടാകാം. അതൊക്കെ ഭാവിയിൽ കണ്ടെത്താം. അതിനുവേണ്ട പക്വത ആദ്യം മനുഷ്യൻ ആർജിച്ചാൽ കൂടുതൽ കൊറോണകൾ നമ്മെ ആക്രമിക്കാൻ ഭാവിയിൽ തയ്യാറാവുകയില്ല–- പ്രൊഫ. ശിവദാസ് പറയുന്നു. Read on deshabhimani.com

Related News