ചികിത്സയിലെ ലിംഗവ്യത്യാസങ്ങള്‍



സ്ത്രീ-പുരുഷ ലിംഗവ്യത്യാസങ്ങള്‍ രോഗാവസ്ഥയില്‍ ശരീരത്തിലുണ്ടാക്കുന്ന സവിശേഷമായ മാറ്റങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ള രോഗനിര്‍ണയവും ചികിത്സയും പൊതുവില്‍ പ്രാബല്യത്തിലില്ല എന്നു പറയാം. സ്ത്രീകളുടെയും പുരുഷന്മാരുടെയും  പ്രത്യേക ശരീരഘടനമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ തീര്‍ച്ചയായും വേറിട്ട് പരിഗണിക്കപ്പെടാറുണ്ട്. പ്രധാനമായും സ്ത്രീ-പുരുഷ ലൈംഗികാവയവങ്ങളുമായി ബന്ധപ്പെട്ടുള്ളവയാണിവ. സ്ത്രീകള്‍ക്കുമാത്രമായി പ്രസൂതികശാസ്ത്ര, സ്ത്രീരോഗശാസ്ത്ര  വിഭാഗങ്ങള്‍ (Obstetrics and Gynecology) തന്നെ നിലവിലുണ്ട്. പ്രോസ്റ്റേറ്റ്, വൃഷണം തുടങ്ങിയ പുരുഷലൈംഗികാവയവങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ പ്രത്യേകമായി പരിഗണിക്കപ്പെട്ടുവരാറുണ്ട്. എന്നാല്‍, സ്ത്രീകളിലും പുരുഷന്മാരിലും പൊതുവില്‍ കാണപ്പെടുന്ന രോഗങ്ങളുടെ ലിംഗപരമായ പ്രത്യേകതകള്‍ പലപ്പോഴും അവഗണിക്കപ്പെടാറാണ് പതിവ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഈ കുറവ് പരിഹരിച്ചുകൊണ്ട് പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും ശ്രദ്ധേയമായ കൃതിയാണ് മാരെക് ഗ്ളിസര്‍മാന്റെ 'ജെന്‍ഡര്‍ മെഡിസിന്‍' (Gender Medicine: Marek Glezerman:Gerald Duckworth and Co 2016). ഇസ്രയേലിലെ ടെല്‍ അവീവ് സര്‍വകലാശാലയിലെ ജെന്‍ഡര്‍ മെഡിസിന്‍വിഭാഗത്തിന്റെ ചെയര്‍മാനാണ് ഗ്ളീസര്‍മാന്‍. ഇസ്രയേലിലെ വിഖ്യാതനായ സ്ത്രീരോഗവിദഗ്ധന്‍കൂടിയാണ് അദ്ദേഹം. അന്താരാഷ്ട്ര ജെന്‍ഡര്‍ മെഡിസിന്‍ സൊസൈറ്റിയുടെ പ്രസിഡന്റ്, റാബിന്‍ മെഡിക്കല്‍ സെന്ററിലെ ജെന്‍ഡര്‍ മെഡിസിന്‍ ഗവേഷണകേന്ദ്രത്തിന്റെ ഡയറക്ടര്‍ എന്നീ ചുമതലകളും ഗ്ളീസര്‍മാന്‍ വഹിക്കുന്നുണ്ട്. ഇതിനകം അദ്ദേഹം  കനപ്പെട്ട അഞ്ച്  ഗ്രന്ഥങ്ങളും മുന്നൂറിലേറെ ലേഖനങ്ങളും ജെന്‍ഡര്‍ മെഡിസിനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരിണാമപ്രക്രിയയില്‍ മനുഷ്യരാശിയുടെ നിലനില്‍പ്പും അതിജീവനവും സാധ്യമാക്കുന്നതിനായിട്ടാണ് സ്ത്രീ- പുരുഷ ലിംഗവ്യത്യാസം ആവിര്‍ഭവിക്കപ്പെട്ടത്. പില്‍ക്കാലത്ത് പല രാജ്യങ്ങളിലും വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലും ലിംഗസമത്വ നീതിബോധം വളര്‍ന്നുവന്നതിന്റെ ഫലമായി സാംസ്കാരികമായും സാമൂഹ്യമായും ലിംഗവ്യത്യാസത്തിന്റെ അടിസ്ഥാനത്തിലുള്ള പരിഗണനകള്‍ അപ്രസക്തമായിട്ടുണ്ട്. ഈ സമീപനം വൈദ്യശാസ്ത്രത്തിലും പുരുഷന്മാരെയും സ്ത്രീകളെയും തുല്യരായി പരിഗണിക്കുന്നതിന് കാരണമായിട്ടുണ്ട്. ഗ്ളീസര്‍മാന്‍ വാദിക്കുന്നത് ലൈംഗികാവയവങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടല്ലാതെതന്നെ വൈദ്യശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ലിംഗവ്യത്യാസം ഗൌരവമായി പരിഗണിക്കേണ്ട ഒരു  യാഥാര്‍ഥ്യമായി അവശേഷിക്കുന്നുണ്ടെന്നാണ്. ഉദാഹരണത്തിന് ദഹനക്രിയ (Digestion)-  സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമാണ്. ഔഷധങ്ങളുടെ ആഗിരണത്തെ ഇത് വ്യത്യസ്തമായി ബാധിക്കും. വേദനയോട് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള പ്രതികരണവും വ്യത്യസ്തമാണ്. രോഗലക്ഷണങ്ങള്‍ വിലയിരുത്തുന്നതില്‍ ഡോക്ടര്‍മാര്‍ ഇക്കാര്യം പരിഗണിക്കേണ്ടിവരും. ഹൃദയാഘാതമുണ്ടാകുമ്പോഴുള്ള രോഗലക്ഷണങ്ങളില്‍പോലും ലിംഗവ്യത്യാസം കാണാന്‍കഴിയും. സ്ത്രീ-പുരുഷ ഹോര്‍മോണുകളുടെ വ്യത്യസ്തതയാണ് പലരോഗങ്ങളെയും രോഗലക്ഷണങ്ങളെയും മരുന്നുകളുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളെയും വ്യതിരിക്തമാക്കുന്നത്. ടെസ്റ്റോസ്റ്റിറോണ്‍ പുരുഷന്മാരിലും ഈസ്ട്രജനും പ്രൊജസ്റ്ററോണും സ്ത്രീകളിലും മേധാവിത്വം വഹിക്കുന്നു. ഇവയില്‍ത്തന്നെ സ്ത്രീകളുടെ ആര്‍ത്തവവും ഗര്‍ഭധാരണവും പ്രസവവുമായി ബന്ധപ്പെട്ട് ഹോര്‍മോണുകളുടെ നിലയില്‍ മാറ്റംവരുന്നു. ആര്‍ത്തവവിരാമത്തിനുശേഷം പല കാര്യങ്ങളിലും സ്ത്രീ-പുരുഷ വ്യത്യാസം അപ്രത്യക്ഷമാകുന്നു. പ്രത്യുല്‍പ്പാദന കാലഘട്ടത്തില്‍ ഹോര്‍മോണുകളുടെ സഹായമുള്ളതുകൊണ്ട് ഹൃദയാഘാതം തുടങ്ങിയ രോഗങ്ങള്‍ സ്ത്രീകളില്‍ കുറവായാണ് കാണപ്പെടുന്നത്. എന്നാല്‍, ആര്‍ത്തവകാലം കഴിയുന്നതോടെ ഇക്കാര്യത്തിലുള്ള സ്ത്രീ-പുരുഷ വ്യത്യാസം അപ്രത്യക്ഷമാകുന്നു. ചെറുപ്പകാലത്ത് പുരുഷന്മാരേക്കാള്‍ ആരോഗ്യനിലവാരം മെച്ചപ്പെട്ടിരിക്കുന്ന സ്ത്രീകള്‍ പ്രായമാകുമ്പോള്‍ പുരുഷന്മാരേക്കാള്‍ രോഗാതുരത വര്‍ധിച്ചവരായി മാറുന്നു. ചികിത്സയില്‍ സ്ത്രീ-പുരുഷ വ്യത്യാസം കണക്കിലെടുക്കേണ്ട ഒരു സാഹചര്യം ഗ്ളീസര്‍മാന്‍ ഉദാഹരണമെന്ന നിലയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അപസ്മാരചികിത്സയില്‍ പലപ്പോഴും സ്ത്രീകളില്‍ ചില കാലയളവില്‍ ഔഷധചികിത്സ ഫലിക്കാറില്ല. ആര്‍ത്തവസമയത്ത് ഹോര്‍മോണ്‍ നിലയിലുണ്ടാകുന്ന മാറ്റമാണിതിന് കാരണം എന്ന് ഗ്ളീസര്‍മാന്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ത്തവസമയത്ത് പ്രൊജസ്റ്ററോണ്‍ ഹോര്‍മോണിന്റെ അളവ് വര്‍ധിക്കുമ്പോള്‍ അപസ്മാരചികിത്സയ്ക്കുള്ള മരുന്നുകള്‍ അതിവേഗത്തിലുള്ള ചയാപചയത്തിന് (Metabolism) വിധേയമാകുന്നതിന്റെ ഫലമായി അവയുടെ അളവ് രക്തത്തില്‍ കുറയുന്നു. അപസ്മാരചികിത്സ ഫലിക്കാതെപോകുന്നതിന്റെ ഫലമായി രോഗിക്ക് രോഗബാധയുണ്ടാകുന്നു. ഇക്കാര്യം കണക്കിലെടുക്കാതെ ചികിത്സിക്കുന്നതാണ് രോഗബാധയ്ക്ക് കാരണമെന്ന് ഗ്ളീസര്‍മാന്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ത്തവസമയത്ത് അപസ്മാരചികിത്സയ്ക്കുള്ള മരുന്നുകളുടെ ഡോസ് വര്‍ധിപ്പിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാനും രോഗനിയന്ത്രണം ഫലപ്രദമായി നേടാനും കഴിയും. ഗര്‍ഭകാലംമുതല്‍ മരണംവരെ ശാരീരികമായും ശരീരധര്‍മശാസ്ത്രപരമായും (Physiological) സ്ത്രീയും പുരുഷനും എങ്ങനെ വ്യത്യസ്തരായിരിക്കുന്നുവെന്ന് ഗ്ളീസര്‍മാന്‍ വൈദ്യശാസ്ത്രത്തില്‍ പ്രാവീണ്യമില്ലാത്തവര്‍ക്കുപോലും മനസ്സിലാകുന്ന ഭാഷയില്‍ വിശദീകരിക്കുന്നുണ്ട്. വിവിധ രോഗങ്ങള്‍ എങ്ങനെയാണ് വ്യത്യസ്തമായ രീതിയില്‍ സ്ത്രീകളിലും പുരുഷന്മാരിലും രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതെന്നും ഗ്ളീസര്‍മാന്‍ വിശദമാക്കുന്നു. ഡോക്ടര്‍മാര്‍ ഇതെല്ലാം കണക്കിലെടുത്തുവേണം രോഗനിര്‍ണയവും ചികിത്സയും നടത്താന്‍. വളരെ കൂടുതലായി കാണപ്പെടുന്ന ആമാശയരോഗങ്ങളും ഹൃദ്രോഗങ്ങളും ലിംഗപരമായി എങ്ങനെ വ്യത്യസ്തപ്പെട്ട് പ്രത്യക്ഷപ്പെടുന്നുവെന്ന് ഗ്ളീസര്‍മാന്‍ സൂചിപ്പിക്കുന്നു. സ്തനാര്‍ബുദം കൂടുതലും സ്ത്രീകളിലാണ് കാണപ്പെടുന്നതെങ്കിലും ഒരു ശതമാനം സ്തനാര്‍ബുദം പുരുഷന്മാരിലാണ് പ്രത്യക്ഷപ്പെടുന്നത്. സ്ത്രീകളേക്കാള്‍ 5-10 വര്‍ഷം പ്രായംകൂടിയ പുരുഷന്മാരിലാണ് സ്തനാര്‍ബുദം കൂടുതലായി കണ്ടുവരുന്നത്. 50 വയസ്സിനുമുകളിലുള്ളവരില്‍ പുരുഷന്മാരെ  സ്താനാര്‍ബുദം കൂടുതലായി ബാധിച്ചുകാണുന്നുണ്ട്. പൊതുവില്‍ സ്ത്രീകള്‍ക്കുള്ള ചികിത്സാമാനദണ്ഡങ്ങളാണ് പുരുഷന്മാരിലും പിന്തുടരുന്നത്. ഇത് പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. സ്ത്രീകള്‍ക്ക് നല്‍കുന്ന പല മരുന്നുകളും പുരുഷന്മാരില്‍ ഫലപ്രദമല്ലെന്നും അവയുടെ പാര്‍ശ്വഫലങ്ങള്‍ കൂടുതലാണെന്നും കണ്ടുവരുന്നു. സ്ത്രീകള്‍ക്ക് നല്‍കുന്ന  മരുന്നുകള്‍ പുരുഷന്മാരില്‍ അനുകൂല പ്രതികരണം ഉണ്ടാക്കണമെങ്കില്‍ പുരുഷന്മാരുടെ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കേണ്ടിവരും. ഇത് പല പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകും. സ്തനാര്‍ബുദചികിത്സയില്‍ പുരുഷന്മാര്‍ക്കായി പ്രത്യേകം ചികിത്സാമാനദണ്ഡങ്ങള്‍ ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്. രണ്ടാം മസ്തിഷ്കം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അന്നപഥത്തിന്റെ (Gut) പ്രവര്‍ത്തനങ്ങളും അവിടെയുള്ള കോടിക്കണക്കിനു വരുന്ന സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനങ്ങളും ഗ്ളീസര്‍മാന്‍ പ്രത്യേക പ്രാധാന്യം നല്‍കി പരിശോധിക്കുന്നുണ്ട്.  സമീപകാലത്ത് വൈദ്യശാസ്ത്രത്തില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന മേഖലയാണിത്. മസ്തിഷ്കത്തിന്റെ നിയന്ത്രണമില്ലാതെതന്നെ അന്നപഥം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അവിടെ അധിവസിക്കുന്ന സൂക്ഷ്മാണുക്കള്‍ എങ്ങനെ രോഗപ്രതിരോധത്തിനും രോഗബാധയ്ക്കും കാരണമാകുന്നുവെന്നും  പുസ്തകത്തില്‍ വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. സ്ത്രീ-പുരുഷന്മാരില്‍ അന്നപഥം എങ്ങനെ വ്യത്യസ്തമായി രോഗാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഒരുപക്ഷേ ആദ്യമായി പ്രതിപാദിക്കപ്പെട്ടത് ഈ പുസ്തകത്തിലാണെന്ന് കാണാന്‍കഴിയും. ഡോക്ടര്‍-രോഗി ബന്ധത്തിന്റെ തലത്തിലും സ്തീ-പുരുഷ ഭേദങ്ങള്‍ കണക്കിലെടുത്ത് രോഗികളുമായി ആശയവിനിമയം നടത്തുമ്പോഴും ഡോക്ടര്‍മാര്‍ സ്വീകരിക്കേണ്ട നിലപാടുകളെന്തൊക്കെയെന്നത് സംബന്ധിച്ച് ഗ്ളീസര്‍മാന്‍ വിലപ്പെട്ട നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.  വൈദ്യശാസ്ത്രത്തിലെ അവഗണിക്കപ്പെട്ട് കിടന്നിരുന്ന ജെന്‍ഡര്‍ മെഡിസിനെ വൈദ്യശാസ്ത്ര സംവാദത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു എന്നതാണ് ഈ പുസ്തകരചനയിലൂടെ ഗ്ളീസര്‍മാന്‍ നല്‍കിയ ശ്രദ്ധേയമായ സംഭാവന. ജെന്‍ഡര്‍ മെഡിസിന്‍  എന്ന ശാസ്ത്രം യഥാര്‍ഥത്തില്‍ ഒരു ശാസ്ത്ര കൌതുകത്തിന്റെ പേരിലല്ല പ്രസക്തമായിരിക്കുന്നത്, മറിച്ച്, എല്ലാ മെഡിക്കല്‍ സ്പെഷ്യാലിറ്റികളിലും ഒരുപോലെ പ്രസക്തമായ ഒരു പഠനവിപ്ളവമാണെന്നാണ് ഈ ഗ്രന്ഥം അടിവരയിടുന്നത്. മനുഷ്യജീവിതത്തെ, ലിംഗപരവും ലൈംഗികപരവുമായ ഒരു സമഗ്രവീക്ഷണത്തോടെ നോക്കിക്കാണുന്ന ഗ്രന്ഥമാണിത്. ചരിത്രപരമായ കാഴ്ചപ്പാടുകളെയും ഇന്നത്തെ സ്ഥിതിവിവര കണക്കുകളെയും സ്വന്തം ചികിത്സാനുഭവങ്ങളെയും ഗ്ളീസര്‍മാന്‍ സമന്വയിപ്പിക്കുന്നു. അതോടൊപ്പം, നമ്മുടെ സമകാലിക വൈദ്യശാസ്ത്ര സങ്കല്‍പ്പങ്ങളെ  പുനഃപരിശോധിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. വൈദ്യവിദ്യാര്‍ഥികളും ഡോക്ടര്‍മാരും നിര്‍ബന്ധമായി വായിച്ചിരിക്കേണ്ട ഈ പുസ്തകം പൊതുജനങ്ങളൂം ശ്രദ്ധയോടെ പഠിക്കേണ്ടതാണ്. ഡോക്ടര്‍മാരെ രോഗവുമായി സമീപിക്കുമ്പോള്‍ കൂടുതല്‍ ഫലവത്തായി അവരുമായി ആശയവിനിമയം നടത്താന്‍ ഈ പുസ്തകത്തില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ പൊതുജനങ്ങളെ സഹായിക്കും. അതി സങ്കീര്‍ണമായ ശാസ്ത്രവിജ്ഞാനം ശാസ്ത്രകാരന്മാരെയും പൊതുജനങ്ങളെയും ഒരുപോലെ ലക്ഷ്യമാക്കി എങ്ങനെ രചിക്കാം എന്നതിന്റെ അനുകരണീയമായ മാതൃകകൂടിയാണ് ജെന്‍ഡര്‍ മെഡിസിന്‍. ട്രാന്‍സ് ജെന്‍ഡറുകളുടെ സവിശേഷ  ആരോഗ്യപ്രശ്നങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ചര്‍ച്ചചെയ്യുന്നില്ല എന്നത് ഈ പുസ്തകത്തിന്റെ കുറവായി അവശേഷിക്കുന്നുണ്ട്. Read on deshabhimani.com

Related News