ചിലിയില്‍നിന്ന് ചില പ്രമാണങ്ങള്‍



സ്വേഛാധിപത്യത്തിന്റെ ചരിത്രങ്ങള്‍ എഴുതപ്പെടുകതന്നെ വേണം, എങ്കിലേ അവ ആവര്‍ത്തിക്കപ്പെടാതിരിക്കൂ എന്ന ചിലിയന്‍ പ്രമാണത്തില്‍ ഊന്നിയാണ് അലെഹാന്ദ്രോ  സാംബ്രയുടെ  പുതിയ കൃതി 'മൈ ഡോക്യുമെന്റ്സി'ലെ  കഥകള്‍ രചിക്കപ്പെട്ടിരിക്കുന്നത് 1973ല്‍ ഒരു പട്ടാള അട്ടിമറിയിലൂടെ ചിലിയുടെ തെരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡെയെ മാറ്റി ജനറല്‍ പിനോഷെ ഭരണത്തിലേറി. ചിലിയില്‍ അന്നൊഴുകിയ രക്തപ്പുഴയുടെ കറ ഇന്നും ലാറ്റിന്‍ അമേരിക്കയുടെ ചരിത്രത്തിലെ തീരാകളങ്കമായി നിലകൊള്ളുന്നു. ആ കാലഘട്ടത്തില്‍ ചിലിയന്‍മണ്ണില്‍ പിറന്ന അലെഹാന്ദ്രോ സാംബ്ര എന്ന എഴുത്തുകാരന്‍ ക്രൂരനായ ഒരു സ്വേഛാധിപതിയുടെ കരിനിഴലില്‍ ജീവിക്കേണ്ടിവന്ന ചിലിയന്‍ജനതയുടെ വ്യഥകളാണ് തന്റെ തൂലികയിലൂടെ ഒപ്പിയെടുത്തത്. റോബര്‍ട്ട് ബോലാനോയ്ക്കുശേഷം ചിലി കണ്ട ഏറ്റവും വിഖ്യാതനായ എഴുത്തുകാരന്‍കൂടിയാണ് സാംബ്ര. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതിയാണ് 'മൈ ഡോക്യുമെന്റ്സ്' എന്ന ചെറുകഥാ സമാഹാരം. പല സാഹിത്യരൂപങ്ങളെയും കോര്‍ത്തിണക്കി, എന്നാല്‍ പലപ്പോഴും കൃത്യമായ ഗണങ്ങളിലൊന്നും പെടാത്ത, കഥകളുടെ ഒരു കെട്ടാണ് സാംബ്ര തുറന്നുവയ്ക്കുന്നത്. കളിവാക്കുകളും തമാശകളും കിംവദന്തികളും കുറിപ്പുകളും തുണ്ടുകളും രൂപഭദ്രതയുള്ള വെടിപ്പുള്ള ചെറുകഥകള്‍ക്കൊപ്പം കുഴഞ്ഞുമറിഞ്ഞുകിടക്കുന്നു. ചെറുകഥയെന്ന സാഹിത്യരൂപത്തിന്റെ അതിര്‍വരമ്പുകളെത്തന്നെ ചോദ്യംചെയ്തുകൊണ്ടും പ്രശ്നവല്‍ക്കരിച്ചുകൊണ്ടും ഉള്ള ഈ എഴുത്ത് കഥയുടെ പുത്തന്‍ ചക്രവാളങ്ങളിലേക്കാണ് വാതായനങ്ങള്‍ തുറക്കുന്നത്. ചിലിയന്‍ സമകാലീന സാമൂഹിക വ്യവസ്ഥകളിലേക്ക് ആഴ്ന്നിറങ്ങുന്ന ഓരോ കഥയും വല്ലാത്ത ഒരു നിസ്സംഗതയും പ്രകടമാക്കുന്നുണ്ട്. കഥകള്‍ ബാക്കിവയ്ക്കുന്ന മനുഷ്യജീവിതങ്ങളും, ഓരോ ജീവിതത്തിലും കുമിഞ്ഞുകൂടുന്ന അമൂര്‍ത്തമായ അനേകം കഥകളും, ആദിയും അന്തവും ഇല്ലാതെ പിണഞ്ഞുകിടക്കുന്ന കഥകള്‍ക്കാധാരമാകുന്ന സ്മൃതികളും സാംബ്ര വീണ്ടും വീണ്ടും നമുക്കുമുമ്പില്‍ നിരത്തുന്നു. സാഹിത്യത്തെ തീര്‍ത്തും സ്വകാര്യമായ ഒരു അനുഭവമാക്കി മാറ്റുമ്പോഴും അതിന്റെ സാമൂഹികവും ചരിത്രപരവുമായ ദൌത്യങ്ങള്‍ വിളിച്ചുപറയപ്പെടാതെതന്നെ ഈ കഥകളില്‍ ഉടനീളം ഘനീഭവിച്ചുനില്‍ക്കുന്നു. വായനയുടെ അനന്തസീമകളില്‍ അവ തെളിഞ്ഞുവരുന്നുമുണ്ട്. ചിലിയന്‍ മധ്യവര്‍ഗജീവിതങ്ങളാണ് സാംബ്രയുടെ കേന്ദ്രബിന്ദു. കംപ്യൂട്ടര്‍യുഗത്തിലെ ഏകാന്തതയും നാട്യങ്ങള്‍മാത്രമായ പ്രണയങ്ങളും ഉന്മാദങ്ങളും ലൈംഗികതയും കവിതയും ഒക്കെ പ്രമേയമാക്കിക്കൊണ്ട് ചിലിയുടെ ആധുനികചരിത്രത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്നു ഈ കഥകള്‍. സാധാരണക്കാരില്‍ സാധാരണക്കാരായ ചിലിയന്‍ജനങ്ങളാണ് ഈ 11 കഥകളിലെ മുഖ്യ കഥാപാത്രങ്ങള്‍. പിനോഷെയുടെ ദുര്‍ഭൂതം ഇവരില്‍ പലരെയും ആവേശിക്കുന്നു എന്നത് തീര്‍ത്തും സാന്ദര്‍ഭികമായ ഒന്നുമാത്രമായി കാണാന്‍ കഴിയില്ല. അധികാരക്കൊതിയില്‍ മാനുഷികമൂല്യങ്ങള്‍ പാടേ കൈമോശം വരുന്നവര്‍, ഉന്നത സ്ഥാപനങ്ങളുടെ അടിസ്ഥാനതത്വങ്ങളെ തങ്ങളുടെ അധികാര വെറിയില്‍ ചൂതാട്ടം നടത്തുന്നവര്‍. തങ്ങള്‍ പേറുന്ന ചരിത്രത്തെപ്പോലെ ഒരേ സമയം നിഷ്കളങ്കവും എന്നാല്‍ ദൂഷിതവുമായ അനേകം സങ്കീര്‍ണ മനുഷ്യരെയും ഈ താളുകളില്‍ കാണാം. സ്വേഛാധിപത്യത്തിന്റെ ചരിത്രങ്ങള്‍ എഴുതപ്പെടുകതന്നെ വേണം, എങ്കിലേ അവ ആവര്‍ത്തിക്കപ്പെടാതിരിക്കൂ എന്ന ചിലിയന്‍ പ്രമാണത്തില്‍ ഊന്നിയാണ് ഈ കഥകള്‍ രചിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഓര്‍മകളാണ് ഈ കൃതിയിലെ പ്രധാന രൂപകം. ഓര്‍മകള്‍ക്കായി കാതോര്‍ത്താല്‍മാത്രമേ അവ നമ്മള്‍ക്കുമുമ്പില്‍ പ്രത്യക്ഷപ്പെടൂ. അങ്ങനെ വന്നെത്തുന്ന ഓര്‍മകളെ സൂക്ഷ്മമായി അപഗ്രഥിക്കുമ്പോള്‍ ശൂന്യമായ കടലാസ്സുമാത്രമായിരുന്ന താന്‍  ഇപ്പോള്‍ ഒരു പുസ്തകമായി മാറിയിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് സാംബ്ര ഈ സമാഹാരം ഉപസംഹരിക്കുന്നത്. മെഗന്‍ മക്ഡോവല്‍ ആണ് സ്പാനിഷ് ഭാഷയില്‍നിന്ന് സരസമായി വിവര്‍ത്തനം നടത്തിയിരിക്കുന്നത്. മക്സ്വീനി ആണ് പ്രസാധകര്‍.                                                                                                                                                                                                                            meenatpillai@gmail.com   Read on deshabhimani.com

Related News