പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിദ്യാഭ്യാസ മണ്ഡലത്തിൽ മുന്നേറ്റം കുറിച്ചു: എം ടി

പ്രൊഫ. സി രവീന്ദ്രനാഥ് രചിച്ച ‘അറിവ് ആധുനികത ജനകീയത' എന്ന പുസ്‌തകം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയ്‌ക്ക്‌ നൽകി എം ടി വാസുദേവൻ നായർ പ്രകാശനം ചെയ്യുന്നു


കോഴിക്കോട്‌ > പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംസ്ഥാനത്തെ വിദ്യാഭ്യാസ മണ്ഡലത്തിൽ വലിയ മുന്നേറ്റം കുറിച്ചതായി എം ടി വാസുദേവൻ നായർ പറഞ്ഞു. മലാപ്പറമ്പ് സ്‌കൂൾ സംരക്ഷണവുമായി ബന്ധപ്പെട്ട സമരത്തിൽ താനും പങ്കാളിയായിട്ടുണ്ട്. ആ സ്‌കൂളിനെ സർക്കാർ മാറ്റിയെടുത്തതോടെ ഇപ്പോൾ മികച്ച രീതിയിൽ പോകുന്നുണ്ട്. നഗരത്തിലെ പല സർക്കാർ സ്‌കൂളുകളിലേക്കും പ്രവേശനത്തിന് ശുപാർശയ്‌ക്കായി തന്റെ അടുത്തും ആളുകൾ വരാറുണ്ട്‌. സർക്കാർ സ്‌‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി ശക്തിപ്പെടുത്തിയത് പ്രൊഫ സി. രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണെന്നത്‌ സ്‌മരണീയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. സി രവീന്ദ്രനാഥിന്റെ ‘അറിവ് ആധുനികത ജനകീയത' എന്ന പുസ്‌‌തം പ്രകാശനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം ടി യുടെ വീടായ സിതാരയിൽ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ പുസ്‌തകം ഏറ്റുവാങ്ങി. എ പ്രദീപ് കുമാർ അധ്യക്ഷനായി. പ്രൊഫ. സി രവീന്ദ്രനാഥ്, സമഗ്ര ശിക്ഷാ കോഴിക്കോട് ഡി പി സി ഡോ. എ കെ അബ്‌ദുൾ ഹക്കീം, കെ. സുധാകരൻ എന്നിവർ സംസാരിച്ചു. കേരള വിദ്യാഭ്യാസ ചരിത്രം, ബദൽ വിദ്യാഭ്യാസ നയങ്ങൾ, പൊതുവിദ്യാഭ്യാസത്തിന്റെ ഡിജിറ്റൽ കുതിപ്പ് തുടങ്ങി 13 അധ്യായങ്ങളാണ്‌ പുസ്‌തകത്തിലുള്ളത്‌. തിങ്കൾ ബുക്‌സാണ്‌ പ്രസാധകർ.   Read on deshabhimani.com

Related News