‘ജാലകം’ ട്രാന്‍സ്ജെന്‍ഡര്‍ 
ലോകത്തേക്കൊരു നേര്‍ക്കാഴ്ച



കൊച്ചി ട്രാൻസ്ജെൻഡർ വ്യക്തികളുടെ ഉന്നമനവും ആരോ​ഗ്യവും ക്ഷേമവും ലക്ഷ്യമിട്ട് കിലെ പുറത്തിറക്കിയ ‘ജാലകം’ ആരോ​ഗ്യ–-ക്ഷേമ പുസ്തകത്തെ സ്വീകരിച്ച്‌ ട്രാൻസ്ജെൻഡർ ലോകം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ‘ജാലകം’ പ്രകാശിപ്പിച്ചു. കേരളത്തിലാദ്യമായാണ് ഇത്തരമൊരു പുസ്തകം പുറത്തിറങ്ങുന്നത്. ട്രാൻസ്ജെൻഡർ ചരിത്രംമുതൽ വർത്തമാനകാലംവരെ പ്രതിപാദിക്കുന്ന 18 ലേഖനങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. സൗന്ദര്യസങ്കൽപ്പം മുതൽ ഭക്ഷണവും ആരോഗ്യവും ലിംഗമാറ്റ ശസ്‌ത്രക്രിയയുടെ ശാസ്‌ത്രീയവശങ്ങൾവരെ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. ട്രാൻസ്ജെൻഡർ വ്യക്തികളുടെ ലേഖനങ്ങളും പുസ്തകത്തിൽ ഇടം പിടിച്ചിട്ടുണ്ട്. സംസ്ഥാനം നടപ്പാക്കുന്ന ക്ഷേമപദ്ധതികളും പ്രവർത്തനവും പ്രതിപാദിക്കുന്ന, ട്രാൻസ്ജെൻഡർ ശ്യാമ എസ് പ്രഭയുടെ ലേഖനം ശ്രദ്ധേയമാണ്. സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റും ട്രാൻസ്ജെൻഡറുമായ രഞ്ജുരഞ്ജിമാരാണ്‌ സൗന്ദര്യസംരക്ഷണം വിവരിച്ചിരിക്കുന്നത്. ട്രാൻസ്ജെൻഡർ വ്യക്തികൾ ചരിത്രത്തിലൂടെ, വർത്തമാന ചരിത്രം, 2009ലെ ട്രാൻസ്ജെൻഡർ ബില്ല്, ഹോർമോൺ ചികിത്സ, ലിം​ഗ സ്ഥിരീകരണ ശസ്ത്രക്രിയ, ചികിത്സാകാലയളവിലെ ഭക്ഷണക്രമം, ആരോ​ഗ്യപ്രശ്നങ്ങളും ചികിത്സയും ഹോമിയോപ്പതി കാഴ്ചപ്പാടിൽ, എൽജിബിടി ഹോളിസ്റ്റിക് സമീപനം, ആരോഗ്യക്ഷേമം യോ​ഗയിലൂടെ, സ്പോർട്സും കായികപ്രവർത്തനങ്ങളു, ജീവിതവും തൊഴിലും ലൈം​ഗികതയും ഇമ്മിണി വലിയ ലോകം, ട്രാൻസ്ജെൻഡർ വ്യക്തികളും ലൈം​ഗികരോ​ഗങ്ങളും എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്നതാണ് മറ്റ് ലേഖനങ്ങൾ. ലിം​ഗമാറ്റ ശസ്ത്രക്രിയയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ലേഖനവുമുണ്ട്. ഈ സമൂഹത്തിന്റെ തൊഴിൽ, സാമൂഹ്യ, ആരോ​ഗ്യക്ഷേമത്തിന് മുതൽക്കൂട്ടാകുന്ന ‘ജാലകം’ വഴി ട്രാൻസ്ജെൻഡർ സമൂഹത്തെ അടുത്തറിയാം. രജിസ്റ്റര്‍ ചെയ്ത ട്രാൻസ്ജെൻഡർമാർക്ക് ട്രാൻസ്ജെൻഡർ സെൽവഴി പുസ്തകം സൗജന്യമായി കിലെ നല്‍കും. ഇവര്‍കൂടി ഉൾക്കൊള്ളുന്ന കോർ കമ്മിറ്റിയുടെ നിർദേശങ്ങൾ പരി​ഗണിച്ചാണ് പുസ്തകം പുറത്തിറക്കിയത്. Read on deshabhimani.com

Related News