ഉണർത്തുപാട്ടുപാടി കവിതയുടെ ഉത്സവത്തിന് തുടക്കം



പട്ടാമ്പി> പ്രതിരോധത്തിന്റെ കാവ്യലോകം തുറന്ന് കവിതയുടെ കാർണിവലിന് പട്ടാമ്പിയിൽ തുടക്കം. രാഘവൻ വായന്നുർ ഉണർത്തുപാട്ടു പാടിയാണ് പട്ടാമ്പി ഗവ. സംസ്‌കൃത കോളജിൽ കവിതയുടെ കാർണിവലിന്റെ മൂന്നാം പതിപ്പിനു തുടക്കമായത്. കവിത, പ്രതിരോധം, പ്രതിസംസ്‌കൃതി എന്ന പ്രമേയത്തിലാണ് ഇക്കുറി കവിതയുടെ കാർണിവൽ സംഘടിപ്പിച്ചിരിക്കുന്നത്. സംസ്‌കാരം സംരക്ഷിക്കുന്നെന്നു പറഞ്ഞ് രാജ്യത്തെ പഴമയിലേക്കു തള്ളി വിടാനുള്ള ശ്രമമാണ് ബിജെപി സർക്കാർ നടത്തുന്നതെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത കന്നഡ നാടകസംവിധായകനും ഗാന്ധിയനുമായ പ്രസന്ന പറഞ്ഞു. ഇന്ത്യയിലും വിദേശത്തുമെല്ലാം വലതുപക്ഷ രാഷ്ട്രീയം ചെയ്യുന്നത് ഒരേ കാര്യമാണ്. യന്ത്രവൽകരണത്തിലൂടെ പുരോഗമനം കൊണ്ടുവരുമെന്ന് പറയുന്നവർ സംസ്‌കാരത്തെ സംരക്ഷിക്കണമെന്ന് പറയുന്നത് പുരോഗമനപരമായ എല്ലാ മുന്നേറ്റങ്ങളെയും തിരസ്‌കരിച്ചുകൊണ്ടാണ്. പഴമയിൽതന്നെ തളച്ചുനിർത്താനാണ് സംസ്‌കാര സംരക്ഷണത്തെക്കുറിച്ച് വലതുപക്ഷ രാഷ്ട്രീയം സംസാരിക്കുന്നതെന്നും പ്രസന്ന പറഞ്ഞു. ഇന്ത്യയിൽ മോദിക്കാലത്തു സംഭവിക്കുന്നത് ജർമനിയിൽ ഹിറ്റ്‌ലറിന്റെ കാലത്തു സംഭവിച്ചതുതന്നെയാണെന്നു ചടങ്ങിൽ ഉദ്ഘാടന ഭാഷണം നടത്തിയ പ്രശസ്ത ക്യൂറേറ്ററും ഫൊട്ടോഗ്രാഫറുമായ റാം റഹ്മാൻ പറഞ്ഞു. ഇന്ത്യയിൽ ദൡതുകളെയും ന്യൂനപക്ഷങ്ങളെയും ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു. ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്തതിന് സമാനമായ സംഭവങ്ങൾ ഹിറ്റ്‌ലറിന്റെ കാലത്തു നടന്നതാണ്. പുരോഗമന പക്ഷം എല്ലാ വെല്ലുവിളികളെയും ചെറുത്തു ശക്തമായി നിൽക്കുകമാത്രമാണ് പോംവഴിയെന്നും റാം റഹ്മാൻ പറഞ്ഞു. കാർണിവൽ ജനറൽ കൺവീനർ ഡോ. എച്ച് കെ സന്തോഷ് കാർണിവൽ പരിപ്രേഷ്യം അവതരിപ്പിച്ചു. കൽക്കി സുബ്രഹ്മണ്യം, കെ സഹദേവൻ, പി പി പ്രകാശൻ, കോളജ് പ്രിൻസിപ്പൽ ഡോ. ഷീല എന്നിവർ പങ്കെടുത്തു. നാടൻ പാട്ടുകളിലെ സാമൂഹിക പ്രതിരോധ ചരിത്രത്തെക്കുറിച്ച് എൻ പ്രഭാകരൻ പ്രഭാഷണം നടത്തി.   Read on deshabhimani.com

Related News