അനില്‍കുമാര്‍ എ വിയുടെ ഇഎംഎസ് ജീവചരിത്രം തെലുങ്കിലേക്ക്



ചെന്നൈ> ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റര്‍ അനില്‍കുമാര്‍ എ വി എഴുതി,മികച്ച ജീവചരിത്രത്തിനുള്ള  1996ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഇഎംഎസ് ജീവചരിത്രം 'ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍' തെലുങ്കില്‍ ഉടന്‍  ഇറങ്ങുന്നു.ഒപ്പം ദേശാഭിമാനി വാരികയില്‍ ഖണ്ഡശഃയായി വന്ന   രാഷ്ട്രീയ യാത്രാവിവരണം 'ഗീബല്‍സ് ചിരിക്കുന്ന ഗുജറാത്തി'ന്റെ വിവര്‍ത്തനവും പ്രസിദ്ധീകരണത്തിന് ഒരുങ്ങി.മോഡിവല്‍ക്കരണത്തിന്റെ കെടുതികളും അദ്ദേഹം മുന്നോട്ടുവെച്ച വികസന വായാടിത്തത്തിന്റെ പൊള്ളത്തരങ്ങളും അതിദരിദ്രരുടെ യഥാര്‍ഥ അവസ്ഥയും ഗുജറാത്ത് ഗ്രാമങ്ങളില്‍ ഒന്നരമാസം നടത്തിയ യാത്രയിലൂടെ തുറന്നുകാട്ടുകയായിരുന്നു. ബുദ്ധിജീവികള്‍, പത്രപ്രവര്‍ത്തകര്‍, ഗാന്ധിയന്മാര്‍, അക്കാദമീഷ്യന്മാര്‍, രാഷ്ട്രീയ നേതാക്കള്‍, സാധാരണ മനുഷ്യര്‍ തുടങ്ങി ജീവിതത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി നടത്തിയ അഭിമുഖങ്ങളും ആ കൃതിയുടെ പ്രത്യേകതയാണ്. മദ്രാസ് ക്രിസ്ത്യന്‍ കോളേജ് തെലുങ്ക് ഭാഷാ വിഭാഗം തലവന്‍ ഡോ. എസ് യഗ്നശേഖര്‍  പരിഭാഷപ്പെടുത്തിയ കൃതികളുടെ പ്രസാധകര്‍ ചെന്നൈയിലെ ഗ്രെയ്സ് പത്മ പബ്ളിഷേഴ്സാണ്. മലയാളത്തില്‍ പതിമൂന്ന് പതിപ്പ് ഇറങ്ങി പ്രസാധന ചരിത്രത്തില്‍ ഇടംനേടിയ  ഇ എം എസ് ജീവചരിത്രം  'വരലാത്രുടന്‍ പയനിത്ത മാമനിതര്‍' എന്ന പേരില്‍ ചെന്നൈ ആനന്ദവികടന്‍ ബുക്സും  ഗുജറാത്ത് പുസ്തകം 'ഗീബല്‍സ് ശിരിക്കും ഗുജറാത്ത്' എന്ന ശീര്‍ഷകത്തില്‍ തിരിവണ്ണാമലൈ വംശി പബ്ളിക്കേഷന്‍സും തമിഴിലില്‍ ഇറക്കിയിട്ടുണ്ട്. മലയാളി പത്രപ്രവര്‍ത്തകന്‍ ടി കെ രവീന്ദ്രനും തമിഴ്നാട് സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് ഉത്തിരകുമാരനുമായിരുന്നു വിവര്‍ത്തകര്‍. ഇരു കൃതികള്‍ ആ ഭാഷയിലും ബെസ്റ്റ് സെല്ലറുകളായി. ഈ തമിഴ് പതിപ്പുകളുടെ  തെലുങ്ക് മൊഴിമാറ്റമാണ് യഗ്നശേഖര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.   Read on deshabhimani.com

Related News