കമ്യൂണിസ്‌റ്റ്‌ തെളിമയുയർത്തി ‘സമരോജ്വല ജീവിതങ്ങൾ’



തൃശൂർ> ചെട്ടിയങ്ങാടിയുടെ തെരുവീഥികളെ ചോരകൊണ്ട്‌ ചുവപ്പിച്ച ധീര രക്തസാക്ഷി അഴീക്കോട്‌ രാഘവൻ ഉൾപ്പെടെ, ജില്ലയിൽ ജനപക്ഷ രാഷ്‌ട്രീയ ഇടപെടലുകളിലൂടെ ഇടതുപക്ഷ മുന്നേറ്റത്തിന്‌ കരുത്തുപകർന്ന സഖാക്കളെക്കുറിച്ചുള്ള ഗ്രന്ഥം സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ പുറത്തിറക്കും. പോരാട്ടങ്ങളുടെ കനൽപ്പാതകളിലൂടെ സഞ്ചരിച്ച് പുരോഗമന പ്രസ്ഥാനത്തെ നയിച്ച മൺമറഞ്ഞ ധീരന്മാരുടെ മുൻകാല പ്രവർത്തനവും വിവരണങ്ങളും  അടങ്ങിയ ‘സമരോജ്വല ജീവിതങ്ങൾ ' എന്ന പുസ്‌തകം സിപിഐ എം ജില്ലാ സമ്മേളനവേദിയിൽ പ്രകാശനം ചെയ്യും. കമ്യൂണിസ്റ്റ് പാർടിയുടെ പിളർപ്പിനെത്തുടർന്ന് സിപിഐ എമ്മിനെ നയിച്ച നേതാക്കൾ, തടവറകളേയും മർദനങ്ങളേയും കേസുകളേയും വകവയ്ക്കാതെ പ്രവർത്തിച്ച അപൂർവ വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളതാണ്‌. കെ വി അബ്ദുൾ ഖാദറാണ്‌ എഡിറ്റർ.   1964ൽ യുവാക്കളായിരുന്ന കെ കെ മാമക്കുട്ടി, കെ പി അരവിന്ദാക്ഷൻ, എ എസ് എൻ നമ്പീശൻ, സി ഒ പൗലോസ്, കെ ഈശൻ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ്‌ സിപിഐ എം ശക്തമായി മുന്നോട്ട് കുതിച്ചത്‌. അറുപതുകളുടെ അവസാനംമുതൽ അഴീക്കോടൻ രാഘവൻ ദീർഘകാലം  സംസ്ഥാന സെന്ററിന്റെ ഭാഗമായി നേതൃപരമായ ചുമതല വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ജില്ലയിലെ മാത്രമല്ല, സംസ്ഥാനത്തെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിൽ ഉളവാക്കിയ പ്രകമ്പനം പുസ്തകത്തിൽ വിവരിക്കുന്നു എഴുപതുകളിലും എൺപതുകളിലും പിന്നീടും സിപിഐ എം ജില്ലാ കമ്മിറ്റിയിലും സെക്രട്ടറിയറ്റിലും പ്രവർത്തിച്ചവരെക്കുറിച്ചും പുസ്തകത്തിൽ പ്രത്യേകമായി പരാമർശിക്കുന്നുണ്ട്. ഏതൊരു കമ്യൂണിസ്‌റ്റ്‌ സഹയാത്രികനും ഹൃദയത്തിൽ ചേർത്തുവയ്‌ക്കാവുന്ന ഗ്രന്ഥമായിരിക്കും ‘സമരോജ്വല ജീവിതങ്ങൾ’.   Read on deshabhimani.com

Related News