കവിത ഏറ്റവും വലിയ അതിജീവന ശക്തി: എം എ ബേബി



തൃശൂര്‍ > ഭാവനയുടെ പുതിയ ലോകങ്ങളും അനുഭവങ്ങളുടെ ഭൂഖണ്ഡങ്ങളുമാണ് കവിതയുടെ ഊര്‍ജസ്രോതസ്സുകളെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.  ഇല്ലാത്ത ലോകങ്ങള്‍ ഉണ്ടെന്ന് സങ്കല്‍പ്പിച്ച് അങ്ങോട്ട് പോകുന്നവരാണ് എഴുത്തുകാര്‍. എന്നാല്‍ ഒരിക്കലും ആഗ്രഹിക്കാത്തവിധം ജീവിതത്തെ വീഴ്ത്തുന്ന പ്രഹരങ്ങള്‍ ഉണ്ടായപ്പോഴും അതിജീവനത്തിന്റെ ഏറ്റവും വലിയ ശക്തിയാണ് കവിതയെന്ന് തെളിയിക്കുന്നതാണ് ബിനോയ് കുറ്റുമുക്കിന്റെ പുതിയ കവിതകള്‍.  ദേശാഭിമാനി തൃശൂര്‍ യൂണിറ്റിലെ ജീവനക്കാരന്‍  ബിനോയ് കുറ്റുമുക്കിന്റെ 'രഹസ്യങ്ങള്‍' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു എം എ ബേബി. സ്വന്തം ജീവിതാനുഭവങ്ങളുടെ മഷിപ്പാത്രത്തില്‍ പേന കുത്തി എഴുതുമ്പോഴാണ് രചനക്ക് ശക്തിയും ഓജസും കൈവരുന്നത്.   ഭാവനയില്‍പോലും ആഗ്രഹിക്കാത്ത കാര്യങ്ങളാണ് ബിനോയിയെ പ്രഹരിച്ച് വീഴ്ത്താന്‍ ശ്രമിച്ചത്. അതിനെ അതിജീവിക്കാനുള്ള ശക്തിപോലും കവിതയില്‍ കാണാനായി എന്നത് നിസാരമല്ല. ജീവിതത്തിന്റെ മറുകരയിലെത്തുന്നവര്‍ തിരിച്ചുവരുന്നതിന് പിന്നില്‍ നിശ്ചയദാര്‍ഢ്യം, സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്ന അഭ്യുദയകാംക്ഷികള്‍, വൈദ്യശാസ്ത്രം എന്നിവയെല്ലാമുണ്ടാകും. എന്നാല്‍ ഏറ്റവും പ്രധാന അതീജവന ശക്തിയായി ബിനോയ് സ്വീകരിച്ചത് കവിതയെയാണ്. മോഹങ്ങളും അനുഭവങ്ങളും പ്രണയവും മുതല്‍ വിമോചന ദൈവശാസ്ത്രത്തിന്റെ മഹത്തായ സന്ദേശം പോലും അടങ്ങുന്ന  'രഹസ്യങ്ങള്‍' ഇനിയും വെളിപ്പെടാത്ത സത്യങ്ങളുടെ പുതിയ കവിതകളുണ്ടാകാന്‍ ഇടയാക്കട്ടെ  എന്നും  ബേബി പറഞ്ഞു. കേരള സംഗീത നാടക അക്കാദമിയുടെ വൈക്കം ചന്ദ്രശേഖരന്‍നായര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനന്‍ പുസ്തകം ഏറ്റുവാങ്ങി. അക്കാദമി പ്രസിഡന്റ് വൈശാഖന്‍ മുഖ്യാതിഥിയായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ. എം മുരളീധരന്‍ അധ്യക്ഷനായി. ഡോ. സി രാവുണ്ണി, കെ ആര്‍ ടോണി, ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ എന്‍ മധു, എന്‍ രാജന്‍, പി പി അബൂബക്കര്‍, ഇ എസ് സുഭാഷ്്, ബിനോയ് കുറ്റുമുക്ക് എന്നിവര്‍ സംസാരിച്ചു. ദേശാഭിമാനി യൂണിറ്റ് മാനേജര്‍ ടി രമേശന്‍ സ്വാഗതവും ടോം പനക്കല്‍ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News