ക്ലബ്ഹൗസിൽ രണ്ടാഴ്ച: 'ആചാര്യത്തന്തമാരുടെ ക്ലാസ്സിൽ കേറാത്ത കവികളെ'പ്പറ്റി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതുന്നു



ക്ലബ്ഹൗസിൽ കേട്ട പുതുകവിതകളെപ്പറ്റി കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വാട്സാപ്പ് കുറിപ്പ് സുഹൃത്തായ കവി  ശിവകുമാർ അമ്പലപ്പുഴയാണ് ക്ലബ്ഹൗസിലെ കാവ്യലോകം എനിക്കു പരിചയപ്പെടുത്തിയത്. മലയാളത്തിലെ പുതിയ കവിതകളുമായി എനിക്കു വേണ്ടത്ര പരിചയമില്ല. എല്ലാ പുതിയ കവികളെയും എനിക്കറിയില്ല. face book ൽ ഞാനില്ലാത്തതിനാൽ  face book ലെ കവികളെയും അറിയില്ല.(ഞാൻ ഗുരുവോ മാഷോ അല്ലാത്തതിനാൽ ശിഷ്യപ്പെടാൻ വരുന്നവരെയൊന്നും അടുപ്പിക്കാറുമില്ല. ആശ്രിതകവികളെ വളർത്തി വലുതാക്കുന്ന പണിയും എനിക്കില്ല.) കഴിഞ്ഞ രണ്ടാഴ്ച കൊണ്ട്ക്ലബ്ഹൗസിൽ രണ്ടായിരത്തോളം പുതുകവിതകൾ കേട്ടു. എനിക്ക് ഒരു പരിചയവുമില്ലാത്ത കവികൾ. പേരുപോലും  മുമ്പു കേട്ടിട്ടില്ലാത്ത കവികൾ.  ക്ലബ്ഹൗസിലെ ഇക്കഴിഞ്ഞ രണ്ടാഴ്ചക്കാലം വിപുലമായ ഒരു കവിവംശത്തെ എനിക്കു പരിചയപ്പെടുത്തി. ഈ പുതിയ കാവ്യപ്രപഞ്ചത്തെ വിലയിരുത്താൻ എന്റെ പഴയ ഭാവുകത്വത്തിനു കെല്പുപോരാ. അതിനാൽ ഞാൻ മൂല്യനിർണ്ണയമൊന്നും നടത്തുന്നില്ല. കഥയിലും നോവലിലുമൊന്നുമില്ലാത്ത ഒരശ്ലീലം മലയാളകവിതയിൽ പണ്ടേയുണ്ട്. ഗുരുഭൂതങ്ങൾ. സ്വന്തം നിലയിൽ വായനക്കാരുടെ അംഗീകാരം നേടാൻ കഴിവില്ലാത്ത കവികൾ പ്രശസ്തിയും സാംസ്കാരികാധികാരവും ഉള്ള, ആചാര്യപദദുർമ്മോഹിയായ ഏതെങ്കിലും ഒരു കവിയുടെ ശിഷ്യ/ശിഷ്യൻ ആയി കൂടി, അയാളുടെ മേൽനോട്ടത്തിൽ കവിതയെഴുതി, അയാളുടെ അംഗീകാരത്തോടെയും സഹായത്തോടെയും കവിപദവി തേടുന്ന അശ്ലീലം. ഇത്തരം ഗുരുക്കന്മാരാകട്ടെ, ഈ ശിഷ്യഗണത്തെ സ്വന്തം വൈതാളികവൃന്ദമായും, പല്ലക്കു ചുമട്ടുകാരായും,തന്റെ ആചാര്യപദവിയെ ചോദ്യം ചെയ്യുന്നവരെ ആക്രമിക്കാനുള്ള കൂലിപ്പടയായും ഉപയോഗിച്ചുപോന്നു. ഈ അടിമക്കാലത്തെ അവസാനിപ്പിച്ച് മലയാളകവിതയിൽ ഒരു പുതിയ തലമുറ പിറന്നതു കണ്ടുകൊണ്ടു ചാവാൻ എന്നെപ്പോലുള്ള വയസ്സന്മാർക്കു ഭാഗ്യമുണ്ടായിരിക്കുന്നു. ഒരു ഗുരുവിനും ശിഷ്യപ്പെടാൻ തയ്യാറല്ലാത്ത, ഒരാചാര്യനോടും വിധേയത്വമില്ലാത്ത, ആരുടെയും ഭാവുകത്വത്തിന്റെ അടിമയല്ലാത്ത, ആരുടെയും കൂലിത്തല്ലുകാരല്ലാത്ത  ഒരു പുതിയ തലമുറ അവർക്കു തോന്നുന്നതൊക്കെ തോന്നുന്നപോലെ എഴുതി മലയാള കവിതയിൽ  മുന്നേറുന്നു. സ്ത്രീകവികളാണ് ആവേശത്തോടെ മുന്നണിയിൽ. അവർ തങ്ങളെ ഉപദേശിക്കാനും തിരുത്താനും എഡിറ്റുചെയ്യാനും നയിക്കാനും വരുന്ന ഗുരുഭൂതങ്ങളെ, "ഈ തന്തക്കൊരണ്ടികളെ ഞങ്ങൾക്കു വേണ്ട" എന്നു തിരസ്കരിക്കുന്നു. ഹാ. എന്തു രസം. ആചാര്യത്തന്തമാരുടെ ക്ലാസ്സിൽ കേറാത്ത ഈ കവികളുടെ  അത്ഭുതലോകത്തേക്ക് എന്നെ നയിച്ച ശിവകുമാർ അമ്പലപ്പുഴയ്ക്ക് നന്ദി. Read on deshabhimani.com

Related News