അമിതാവ് ഘോഷ്: ഇടത്തിലോ കാലത്തിലോ തളയ്ക്കാനാകാത്ത രചനകള്‍



അമിതാവ് ഘോഷിനെപ്പറ്റി  ഡോ. യു നന്ദകുമാര്‍ രണ്ടുവര്‍ഷം മുമ്പ് ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ എഴുതിയ ലേഖനം അദ്ദേഹത്തിനു ജ്ഞാനപീഠം പുരസ്ക്കാരം ലഭിച്ച പശ്ചാത്തലത്തില്‍ ഒരിക്കല്‍ക്കൂടി പ്രസിദ്ധീകരിയ്ക്കുന്നു. നോവലാണ് അമിതാവ് ഘോഷിന്റെ തട്ടകം. വായനക്കാര്‍ക്ക് മറക്കാനാകാത്ത അനേകം നോവലുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഘോഷ് ഗൌരവമുള്ള വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന കാല്‍പ്പനികേതര സാഹിത്യവും രചിച്ചിട്ടുണ്ട്. കേരളത്തിന്റെകൂടി പഴയകാലം ഉള്‍ക്കൊള്ളുന്ന പുരാതനമായ നാട്ടില്‍– In An Antique Land ണ് അതില്‍ പ്രധാനം. കംബോഡിയയിലും ബര്‍മയിലുമുള്ള അനുഭവങ്ങള്‍ വിവരിക്കുന്ന മറ്റൊരു പുസ്തകവും അദ്ദേഹത്തിന്റേതായുണ്ട്. അമിതാവ് ഘോഷിന്റെ രചനകളൊന്നുംതന്നെ ഏതെങ്കിലും പ്രത്യേക ഇടത്തിലോ കാലത്തിലോ തളച്ചിടുന്നവയല്ല. അതിര്‍ത്തികള്‍ അസ്പഷ്ടമാകുന്ന രീതിയില്‍ വിവിധ രാജ്യങ്ങളിലൂടെയും അധീശാധികാരത്താല്‍ നിര്‍മിതമായ ചരിത്രങ്ങള്‍ക്കപ്പുറം അവയുടെ പിന്നാമ്പുറങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന സ്മൃതികളിലൂടെയും വ്യാപരിക്കുന്നതാണ് രചനകളെല്ലാം. ചരിത്രവും ഓര്‍മയും ഒരേസമയം പരസ്പരപൂരകങ്ങളായും  എന്നാല്‍ സംഘര്‍ഷത്തോടെയും വര്‍ത്തിക്കാവുന്ന ചിന്താസരണികളാണ്. പ്രബലമായ ഓര്‍മകളെ ശക്തിപ്പെടുത്തുകയും മറ്റുള്ളവയെ– അവ എത്ര പ്രാധാന്യമര്‍ഹിക്കുന്നവയെങ്കിലും– അമ്പേ നിരാകരിക്കുകയും ചെയ്യുക ചരിത്രം പലപ്പോഴും ഏറ്റെടുക്കുന്ന ദൌത്യംപോലെ തോന്നും. ഇതിവിടെ പറയുന്നതിന് കാര്യമുണ്ട്. അമിതാവ് ഘോഷിന്റെ ഏറ്റവും പുതിയ പുസ്തകം, 'ദ ഗ്രേറ്റ് ഡീറേജുമെന്റ:് ക്ളൈമറ്റ് ചെയ്ഞ്ച് ആന്‍ഡ് ദ അണ്‍തിങ്കബിള്‍'  (Amitav Ghosh- The Great Derangement: Climate Change and the Unthinkable 2016, Penguin/ AllenLane)  കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള പുസ്തകമാണെങ്കിലും അതില്‍ ഈ വിഷയം കൈകാര്യംചെയ്യുന്നത് സാഹിത്യം, ചരിത്രം, രാഷ്ട്രീയം എന്നിവയിലൂടെ സഞ്ചരിച്ചുകൊണ്ടാണ്. പ്രധാനമായ മറ്റൊരു കാര്യം പറയട്ടെ: കാലാവസ്ഥാ മാറ്റം എന്ന സങ്കീര്‍ണമായ ശാസ്ത്രവിഷയം ക്ളിഷ്ടമായ സാങ്കേതികപദപ്രയോഗങ്ങളില്‍നിന്ന് ഒഴിഞ്ഞ് തികച്ചും മാനവികമായ തലത്തിലാണ് പ്രതിപാദിച്ചിട്ടുള്ളത്. കാലാവസ്ഥാമാറ്റം ഒരു കൊടുംവിപത്താ (catastrophe) ണെന്നതില്‍ സംശയമില്ല; അത് തുടങ്ങിക്കഴിഞ്ഞു എന്നുള്ളതിലും. എന്നാല്‍, യാതൊന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ നാം ജീവിച്ചുപോകുന്നതെന്തുകൊണ്ട്? ഒരു തീവണ്ടിയപകടമോ വിമാനാപകടമോ ആകര്‍ഷിക്കുന്ന മാധ്യമശ്രദ്ധയും സാമൂഹിക ഇടപെടലും മനുഷ്യരെയാക്കെ ബാധിക്കുന്ന ഈ പ്രശ്നത്തില്‍ ഉണ്ടാകാത്തതെന്തുകൊണ്ട് ? ഇത്തരം സന്ദേഹങ്ങളില്‍നിന്നാണ് പുസ്തകം വികസിച്ചുവരുന്നത്. ഒരൊറ്റപദംകൊണ്ട് ഗ്രന്ഥകര്‍ത്താവ് ഇത് വ്യക്തമാക്കുന്നു. Recognition എന്നതാണ് ആ പദം. യുക്തമായ മലയാളപരിഭാഷ അഭിജ്ഞാനം എന്നാകണം. അഭിജ്ഞാനം എന്നാല്‍ അജ്ഞതയില്‍നിന്ന് അറിവിലേക്കുള്ള യാത്രയെ സൂചിപ്പിക്കുന്നു. പൊടുന്നനെ നമ്മിലെത്തുന്ന അറിവല്ല അഭിജ്ഞാനം. മുമ്പേയുണ്ടാകാവുന്ന പല അറിവുകളില്‍ അനാകസ്മികമായി പൊട്ടിവിടരുന്ന അറിവിന്റെ മിന്നല്‍പിണരാണ് അഭിജ്ഞാനം. ഉദാഹരണത്തിന്, 1988ല്‍ കോംഗൊയിലെ ന്യോസ് തടാകം പൊടുന്നനെ വന്‍തോതില്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറന്തള്ളുകയും അടുത്തുള്ള അനേകം ഗ്രാമങ്ങളെ ഗ്രസിക്കുകയുംചെയ്തു. ആയിരത്തെഴുനൂറുപേര്‍ മരിക്കാനിടയായി. അഭിജ്ഞാനംകൊണ്ടുമാത്രം മനസ്സിലാക്കാവുന്ന ഒരു പ്രതിഭാസമാണിത്. ഇങ്ങനെ ആകസ്മികമെന്നുതോന്നാവുന്ന അനേകം സംഭവങ്ങള്‍ ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനുചുറ്റും സമുദ്രത്തില്‍ വിവിധതരം കൊടുങ്കാറ്റുകള്‍ രൂപപ്പെടുന്നത്, പ്രത്യേകിച്ച് പടിഞ്ഞാറന്‍ കടലില്‍– ഒരു അതിശയമല്ലാതായി എന്നു തോന്നുന്നു. എന്നാലിത്തരം പ്രതിഭാസം കാലാവസ്ഥാവ്യതിയാനവുമായി ചേര്‍ത്തുവായിക്കാന്‍ നമുക്കാകുന്നുമില്ല. ഇതുണ്ടാകണമെങ്കില്‍ നമ്മുടെ സാംസ്കാരികമണ്ഡലത്തില്‍ കലയിലും സാഹിത്യത്തിലും കാലാവസ്ഥാവ്യതിയാനം ഒരു വിഷയമായി വരണം. പ്രകൃതി സര്‍വംസഹയാണെന്നും മിതസ്വഭാവിയാണെന്നുമുള്ള നമ്മുടെ കാഴ്ചപ്പാട് കാലാവസ്ഥാവ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്ന ആകസ്മികസംഭവങ്ങള്‍ സാംസ്കാരികമണ്ഡലത്തിലെ വിഷയമാകുന്നതിനെ തടുത്തുനിര്‍ത്തും. അടുത്തിടെ മുബൈ നഗരത്തില്‍ സംഭവിച്ചതും ഇതാണ്. പ്രത്യേക മുന്നറിയിപ്പുകളില്ലാതെ 2005 ജൂലൈ 26ന് പേമാരിയുണ്ടായി. മൂന്നുനൂറ്റാണ്ടുകളായി പ്രകൃതിയെ കീഴ്പ്പെടുത്തിയതിന് ശിക്ഷയെന്നോണം, നിര്‍ത്താതെ പെയ്ത മഴ ജനജീവിതത്തെയാകെ താറുമാറാക്കി. എന്നാല്‍, 2015 ജൂണില്‍ വീണ്ടുമൊരു പേമാരിയും വെള്ളപ്പൊക്കവുമുണ്ടായപ്പോള്‍ നാം മനസ്സിലാക്കി, പത്തുവര്‍ഷത്തിനുമുമ്പുള്ള അനുഭവം നമുക്കൊരു പാഠമായില്ലയെന്ന്. അങ്ങനെയാണ് കാലാവസ്ഥാമാറ്റം ഒരു സംസ്കാരത്തിന്റെകൂടി ക്രമരാഹിത്യത്തിന്റെ അല്ലെങ്കില്‍ തകര്‍ച്ചയുടെ ലക്ഷണമാകുന്നത്. കാലാവസ്ഥാവ്യതിയാനങ്ങളുടെ ചരിത്രം പഠിച്ചാല്‍ വികസനത്തിലുണ്ടായിട്ടുള്ള സമകാലീന മുതലാളിത്തമാതൃക ഇതിന് ഒരു കാരണമാണെന്ന് ഘോഷ് കരുതുന്നു. ആഗോളതാപനിലയിലെ ഉയര്‍ച്ചയും ഏഷ്യയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട ഏതൊരു കെടുതിയും ഏഷ്യയെയാകും കൂടുതല്‍ ബാധിക്കുക. ഉദാഹരണത്തിന് ഗംഗയും ബ്രഹ്മപുത്രയും സന്ധിക്കുന്നയിടമാണ് ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലം. ഭോലാ കൊടുങ്കാറ്റ് (1971) മൂന്നുലക്ഷം പേരെയും പിന്നീടുണ്ടായ ബംഗ്ളാദേശ് കൊടുങ്കാറ്റ് (1991) ഒരുലക്ഷത്തി മുപ്പതിനായിരം പേരെയും കൊന്നൊടുക്കി. ഇതില്‍ 90 ശതമാനവും സ്ത്രീകളായിരുന്നുവെന്ന് കരുതപ്പെടുന്നു. ഹിമാലയത്തിലെ ഐസ് ലോകത്തിലെ 47 ശതമാനം പേരുടെ ജീവന്‍ നിലനിര്‍ത്തുന്നുണ്ട്. ഈ ശേഖരത്തിന്റെ മൂന്നിലൊന്ന് 2050 ആകുമ്പോഴേക്ക് അപ്രത്യക്ഷമാകും എന്നാണ് പറയപ്പെടുന്നത്. കാലാവസ്ഥാമാറ്റവും രാഷ്ട്രീയവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? ആധുനിക കാലഘട്ടത്തിലെ പരമപ്രധാനമായ രാഷ്ട്രീയ ആശയം സ്വാതന്ത്യ്രം എന്ന സങ്കല്‍പ്പമാണ്. കാലാവസ്ഥാമാറ്റം ഈ ആശയത്തിനെതിരെ ശക്തമായ വെല്ലുവിളിയുയര്‍ത്തുന്നു. നവോത്ഥാനകാലഘട്ടംമുതല്‍ സ്വാതന്ത്യ്രത്തിനെ ദാര്‍ശനികര്‍ കണ്ടത് അനീതി, അസമത്വം, അധിനിവേശം എന്നിവയിലൂടെയാണ്. ഇവയെല്ലാം മനുഷ്യര്‍തന്നെ സൃഷ്ടിക്കുന്ന പ്രശ്നങ്ങളോ തത്വസംഹിതകളോ ആണല്ലോ. മനുഷ്യനിര്‍മിതമല്ലാത്ത ഒരു ശക്തിയെയും സ്വാതന്ത്യ്രം എന്ന ആശയത്തിന്റെ സൂത്രവാക്യങ്ങളില്‍ ആരും കണ്ടിരുന്നില്ല. അതിനാല്‍, സ്വാതന്ത്യ്രത്തെക്കുറിച്ചുള്ള അക്കാദമിക് ചര്‍ച്ചകളില്‍ കാലാവസ്ഥാമാറ്റം സ്ഥാനംപിടിച്ചിട്ടുമില്ല. കാലാവസ്ഥാമാറ്റം ത്വരിതപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ള കാലഘട്ടങ്ങളിലാണ് ഏറ്റവും ശക്തമായ രാഷ്ട്രീയസിദ്ധാന്തങ്ങള്‍ ഉണ്ടായിട്ടുള്ളതും. ഒന്നാം ലോകമഹായുദ്ധത്തിനുശേഷമുണ്ടായ വ്യാവസായികമുന്നേറ്റവും രാഷ്ട്രീയഭൂപടങ്ങളിലെ മാറ്റവും ഉദാഹരണമായെടുക്കാം. അതുപോലെ രണ്ടാം യുദ്ധത്തിനുശേഷം സോഷ്യലിസം, കമ്യൂണിസം, ഫാസിസ്റ്റ് വിരുദ്ധത, ദേശീയത എന്നിവയും ശക്തിപ്രാപിച്ചുവല്ലോ. മനുഷ്യജീവിതവും സംസ്കാരവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന പ്രതിഭാസമായി കാലാവസ്ഥാമാറ്റത്തെ കാണിച്ചുതരുന്ന ഈ പുസ്തകം നമ്മുടെ ജീവിതത്തിലുണ്ടാകാന്‍ സാധ്യതയുള്ള താളഭ്രംശത്തെക്കുറിച്ച് മുന്നറിയിപ്പുനല്‍കുന്നു. വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്. Read on deshabhimani.com

Related News