അബുദാബി ശക്തി അവാര്‍ഡ് സമര്‍പ്പണം ഗുരുവായൂരില്‍; മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വ്വഹിക്കും



അബുദാബി> മുപ്പത്തിമൂന്നാമത് അബുദാബി ശക്തി അവാര്‍ഡുകളും മുപ്പത്തൊന്നാമത് ശക്തി തായാട്ട് ശങ്കരന്‍ അവാര്‍ഡും ആഗസ്റ്റ് 3ന്‌ ഗുരുവായൂരിൽസ്മ്മാനിക്കും. പതിമൂന്നാമത് ശക്തി ടി. കെ. രാമകൃഷ്ണന്‍ പുരസ്‌കാരവും, അഞ്ചാമത് ശക്തി എരുമേലി പരമേശ്വരന്‍ പിള്ള അവാര്‍ഡും അതോടൊപ്പം സമ്മാനിക്കും.  ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ ഉച്ചക്ക്‌ 2.30ന്‌ ആരംഭിക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അവാർഡുകൾ സമ്മാനിക്കുമെന്ന്‌ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി കരുണാകരനും കണ്‍വീനര്‍ എ കെ മൂസ മാസ്റ്ററും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. മലയാളത്തിലെ സര്‍ഗ്ഗധനരായ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി അബുദാബിയിലെ പ്രമുഖ കലാ സാഹിത്യ സാംസ്‌കാരിക സംഘടനയായ അബുദാബി ശക്തി തിയറ്റേഴ്‌സ് ഏര്‍പ്പെടുത്തിയതാണ് അബുദാബി ശക്തി അവാര്‍ഡുകള്‍. ചെറുകഥ, കവിത, നോവല്‍, നാടകം, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം എന്നീ സാഹിത്യ ശാഖകളില്‍ പെടുന്ന കൃതികള്‍ക്കാണ് അബുദാബി ശക്തി അവാര്‍ഡുകള്‍ നല്‍കിവരുന്നത്. ശക്തി തിയറ്റേഴ്‌സും തായാട്ട് ശങ്കരന്റെ സഹധര്‍മ്മിണി പ്രൊഫ. ഹൈമവതി തായാട്ടും സംയുക്തമായി ഏര്‍പ്പെടുത്തിയതാണ് നിരൂപണസാഹിത്യത്തിനുള്ള ശക്തി തായാട്ട് ശങ്കരന്‍ അവാര്‍ഡ്. ഇതര സാഹിത്യ വിഭാഗങ്ങളില്‍ പെടുന്ന കൃതികള്‍ക്കാണ് ശക്തി എരുമേലി പരമേശ്വരന്‍ പിള്ള അവാര്‍ഡ്. 1987 ല്‍ അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി രൂപീകരിച്ചതുമുതല്‍ 2006 ല്‍ മരണപ്പെടുന്നതുവരെ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനായിരുന്ന സാംസ്‌കാരിക നായകനും മുന്‍ മന്ത്രിയുമായിരുന്ന ടി.കെ.രാമകൃഷ്ണന്റെ സ്മരണയ്ക്കായി സാംസ്‌കാരിക വൈജ്ഞാനിക സാമൂഹ്യ സേവന രംഗങ്ങളില്‍ മികവ് തെളിയിച്ച വ്യക്തികള്‍ക്കാണ് ശക്തി ടി.കെ.രാമകൃഷ്ണന്‍ പുരസ്‌കാരം നല്‍കിവരുന്നത്.ആ പുരസ്‌കാരം ഇത്തവണ ചരിത്ര ഗവേഷകനായ ഡോ. കെ. എന്‍. പണിക്കര്‍ക്കും, സാഹിത്യ നിരൂപണത്തിനുള്ള ശക്തി തായാട്ട് അവാര്‍ഡ് ഡോ. കെ. ശ്രീകുമാര്‍ രചിച്ച അടുത്ത ബെല്‍ എന്ന കൃതിക്കും, ഇതര സാഹിത്യത്തിനുള്ള എരുമേലി പരമേശ്വരന്‍ പിള്ള അവാര്‍ഡ് ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ തിളച്ചമണ്ണില്‍ കാല്‍നടയായി എന്നീ കൃതിക്കുമാണ് ലഭിച്ചിരിക്കുന്നത്. എസ്. ആര്‍. ലാല്‍ (സ്റ്റാച്യു : നോവല്‍), അനൂജ അകത്തൂട്ട് (അമ്മ ഉറങ്ങുന്നില്ല : കവിത), സെബാസ്ത്യന്‍ (അറ്റു പോകാത്തത് : കവിത), പ്രദീപ് മണ്ടൂര്‍ (ഒറ്റ് : നാടകം), സി. എസ്. ചന്ദ്രിക (എന്റെ പച്ചക്കരിമ്പേ : ചെറുകഥ), ഡോ. സി. ആര്‍. രാധാകൃഷ്ണന്‍ (കേരളത്തിന്റെ സ്ത്രീ ശക്തി ചരിത്രം : വൈജ്ഞാനിക സാഹിത്യം), വി. ഡി. സെല്‍വരാജ് (ശാസ്ത്ര സംവാദം : വൈജ്ഞാനിക സാഹിത്യം) എന്നിവര്‍ക്കാണ് മറ്റു അബുദാബി ശക്തി അവാര്‍ഡുകള്‍ ലഭിച്ചത്. ശക്തി ടി.കെ. രാമകൃഷ്ണന്‍ പുരസ്‌കാരത്തിന് 50,000 രൂപയും മറ്റു അവാര്‍ഡുകള്‍ക്ക് 25,000 രൂപയുമാണ് അവാര്‍ഡ് തുക. കൂടെ പ്രശസ്തി പത്രവും ഉണ്ടായിരിക്കും.അവാര്‍ഡ് സമര്‍പ്പണത്തിന്റെ സംഘാടനത്തിനായി ബേബിജോണ്‍ മാസ്റ്റര്‍ മുഖ്യ രക്ഷാധികാരിയും കെ. വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ. ചെയര്‍മാനുമായുള്ള വിപുലമായ സ്വാഗതസംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. അവാര്‍ഡ് സമര്‍പ്പണത്തിന്റെ ഭാഗമായി അന്നേ ദിവസം രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ മുന്‍ കാല ശക്തി പ്രവര്‍ത്തകരുടേയും നിലവിലെ ശക്തി പ്രവര്‍ത്തകരുടേയും കുടുംബസംഗമം ഒരുക്കിയിട്ടുണ്ടെന്ന് അബുദാബി ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് അഡ്വ. അന്‍സാരി സൈനുദ്ദീനും ജനറല്‍ സെക്രട്ടറി കെ വി ബഷീറും അറിയിച്ചു.   Read on deshabhimani.com

Related News