അക്ഷരത്തച്ചൻ ഇന്ന്‌ നവതിയിലേക്ക്‌



കോഴിക്കോട്‌> മലയാളത്തിന്റെ അക്ഷരത്തച്ചൻ എം ടി വാസുദേവൻനായർക്ക്‌ വെള്ളിയാഴ്‌ച നവതിയിലേക്ക്‌. പ്രിയദർശൻ ഒരുക്കുന്ന എംടിയുടെ ഓളവും തീരവുമെന്ന പുതിയ സിനിമയുടെ മൂലമറ്റത്തെ സെറ്റിലാണ്‌ ഇക്കുറി പ്രിയ എഴുത്തുകാരൻ.  1933 ജൂലൈ 15 -നാണ്‌ (കർക്കടകത്തിലെ ഉത്രട്ടാതി)  ജനനം. മലയാളമാസ പ്രകാരം ഇനിയും   ഒരു മാസമുണ്ട്‌. 2022 ജൂലൈ‌ 15ന്‌ 89 വയസ്സ്‌‌ തികയും. നവതിയിലേക്ക്‌ കടക്കുമ്പോൾ  വായന ശരിയായി സാധ്യമാകാത്തതാണ്‌ എംടിയുടെ പ്രധാന അസ്വസ്ഥത. ചുറ്റും പുസ്‌തകങ്ങൾ മാടിവിളിക്കുമ്പോഴും ആൾക്കൂട്ടത്തിൽ   തനിച്ചായതുപോലെയാണ്‌ മനസ്സ്‌‌.  പിറന്നാളും ആഘോഷവും എന്നും ഒരു ചെറുപുഞ്ചിരിയിലൊതുക്കുകയാണ്‌ പതിവ്‌. അതിനാൽ ഇത്തവണയും മാറ്റമില്ല.  കോഴിക്കോട്‌ കൊട്ടാരം റോഡിലെ സിതാരയിൽനിന്ന്‌   പുറത്തിറങ്ങുന്നത്‌ വളരെ ചുരുക്കം മാത്രം. ജന്മദിനത്തിന്‌ പതിവുണ്ടായിരുന്ന മൂകാംബിക ദർശനവും കുറച്ചുവർഷമായി ഇല്ല.  കഴിഞ്ഞ ദിവസം എംടിയുടെ പ്രിയസുഹൃത്തുക്കളുടെ മക്കൾ വീട്ടിലെത്തി പിറന്നാൾ ഉപഹാരം സമ്മാനിച്ചിരുന്നു. എൻ പി മുഹമ്മദിന്റെ മകൾ ജാസ്‌മിൻ, വൈക്കം മുഹമ്മദ്‌ ബഷീറിന്റെ മകൾ ഷാഹിന, തിക്കോടിയന്റെ മകൾ പുഷ്‌പ, എസ്‌ കെ പൊറ്റെക്കാട്ടിന്റെ മകൾ സുമിത്ര എന്നിവരാണ്‌  ‘സിതാര’യിലെത്തിയത്‌. എഴുത്തിൽ ജ്ഞാനപീഠം കയറിയ മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എംടി  മലയാളികളുടെ വായനയേയും ഭാവുകത്വത്തേയും   ആഴത്തിൽ സ്വാധീനിച്ച  എഴുത്തുകാരനാണ്. കാലവും നാലുകെട്ടും അസുരവിത്തും മഞ്ഞും രണ്ടാമൂഴവുമടക്കം സഹൃദയർ നെഞ്ചേറ്റിയ രചനകളുടെ ശിൽപ്പിയായി ഏഴ്‌ പതിറ്റാണ്ടിലേറെയായി കൈരളിയുടെ സാഹിത്യ നഭസ്സിൽ നക്ഷത്രദീപ്തി പരത്തുന്നു. തന്റെ 10 കഥ സിനിമയാവുന്നത്‌ ഈ ജന്മദിനവേളയിൽ അനൽപ്പമായ സന്തോഷം പകരുന്നു. Read on deshabhimani.com

Related News