ഭിന്നശേഷിക്കാരുടെ മുന്നേറ്റം ഉറപ്പിച്ച്



അന്തർദേശീയ ഭിന്നശേഷി ദിനാചരണത്തിന്റെ മുഖ്യലക്ഷ്യം ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങളെയും പ്രയാസങ്ങളെയുംപറ്റി പൊതു സമൂഹത്തെ ബോധവൽക്കരിക്കുകയും മറ്റേതൊരു പൗരനെയുംപോലെ അവർക്കും അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ടെന്ന സന്ദേശം എല്ലാവരിലും എത്തിക്കുകയുമാണ്. 1992ലാണ് ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലി അന്തർദേശീയ ദിനാചരണത്തിനായി തീരുമാനമെടുത്തത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച പ്രഖ്യാപനം ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലി അംഗീകരിച്ചത് 2006 ഡിസംബർ 13 നായിരുന്നു. അവ 2007 ഒക്ടോബർ  ഒന്നിന്‌ ഇന്ത്യയും അംഗീകരിച്ചു. ഭിന്നശേഷിക്കാർക്ക് അന്തസ്സോടെ ജീവിക്കുന്നതിനും തനതായ വ്യക്തിത്വം ജീവിതത്തിന്റെ എല്ലാ തലത്തിലും നിലനിർത്തുന്നതിനും അവകാശമുണ്ടെന്നാണ് പ്രഖ്യാപനത്തിന്റെ അന്തഃസത്ത. വിവേചനരഹിതവും പൂർണപങ്കാളിത്തവും സാമൂഹ്യജീവിതത്തിൽ ഭിന്നശേഷിക്കാർക്ക് ഉറപ്പുവരുത്തണമെന്നും തുല്യതയ്‌ക്കും പ്രാപ്യതയ്‌ക്കും അവസരസമത്വത്തിനും അർഹതയുണ്ടെന്നും ഉറക്കെ പ്രഖ്യാപിച്ചുള്ള അംഗീകാരമാണ് ഇന്ന്  കൈവന്നിരിക്കുന്നത്. പണ്ട് ഔദാര്യമായും ആനുകൂല്യമായും കണക്കാക്കിയിരുന്ന ഒട്ടുമിക്ക കാര്യങ്ങളും ഇന്ന് ഭിന്നശേഷിക്കാരുടെ അവകാശങ്ങളായി. അത്തരം അവകാശങ്ങൾ ഏതെങ്കിലുമൊരു വ്യക്തി ലംഘിച്ചാൽ അവ നിയമവിരുദ്ധ പ്രവൃത്തികൾ മാത്രമല്ല, മറിച്ച് ശിക്ഷാർഹമായ കുറ്റകൃത്യങ്ങളായി മാറുന്നു. അപ്രകാരമുള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ സർക്കാരുദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുന്നതിന് നമ്മുടെ ഭരണസംവിധാനങ്ങൾക്ക് ചുമതലയുണ്ട്. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ 4 ശതമാനം ജോലി സംവരണവും ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അഞ്ചു ശതമാനം സംവരണവും ഇന്ന് ഭിന്നശേഷിക്കാരുടെ അവകാശമാണ്. ഭിന്നശേഷിക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ പിഴയും അഞ്ചു വർഷംവരെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഓഫീസുകൾ, പൊതു കെട്ടിടങ്ങൾ എന്നിവ ഭിന്നശേഷി സൗഹൃദമായിരിക്കണമെന്നും നിയമം അനുശാസിക്കുന്നു. കേരള സർക്കാർ 2016ലെ ഭിന്നശേഷി അവകാശനിയമത്തിന് അനുസൃതമായിട്ടാണ്  സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെ ക്ഷേമപദ്ധതികൾ അവർക്കൊപ്പംനിന്ന് നടപ്പാക്കിവരുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഭിന്നശേഷി അവകാശനിയമത്തിൽ നിർദേശിച്ചിരിക്കുന്ന അഞ്ചു ശതമാനം സംവരണം പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ നടപ്പാക്കിവരികയാണ്.  സർവകലാശാലാ പരീക്ഷകളിലും മറ്റു പൊതുപരീക്ഷകളിലും ഭിന്നശേഷി വിദ്യാർഥികൾക്ക് ഗ്രേസ് മാർക്കിന്റെ ആനുകൂല്യം  പുനഃസ്ഥാപിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കോളർഷിപ് തുക ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും അനുവദിച്ചു. അനാഥരാകുന്ന ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനായി എല്ലാ ജില്ലയിലും പുനരധിവാസകേന്ദ്രം ആരംഭിക്കുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരിൽ ഹൈ സപ്പോർട്ട് വിഭാഗത്തിൽപ്പെടുന്നവർക്ക് സാമൂഹ്യക്ഷേമ പെൻഷനിൽ പ്രത്യേക വർധന  ഉൾപ്പെടെയുള്ള പദ്ധതികളും  സർക്കാരിന്റെ പരിഗണനയ്ക്ക് നൽകിയിട്ടുണ്ട്.  രാജ്യത്തെ ആദ്യത്തെ സമ്പൂർണ ബാരിയർ ഫ്രീ സംസ്ഥാനമായി കേരളത്തെ ഉയർത്തുന്നതിനുള്ള പദ്ധതികളും ലക്ഷ്യമിട്ടിരിക്കുകയാണ്.  സമസ്ത മേഖലയിലും  ഭിന്നശേഷിക്കാർക്ക് ഒരു വിവേചനവും ഉണ്ടാകുന്നില്ലായെന്നും എല്ലാ പ്രശ്നത്തിലും കേരള സർക്കാർ ഒപ്പമുണ്ട് എന്ന ബോധ്യപ്പെടുത്തലിലൂടെയാണ് സർക്കാർ കർമപദ്ധതികൾ നയിക്കുന്നത്. (സംസ്ഥാന ഭിന്നശേഷി കമീഷണറാണ് 
ലേഖകൻ) Read on deshabhimani.com

Related News