ലോകം ഒറ്റ അച്ചുതണ്ടിലല്ല



ഏകധ്രുവ ലോക നായകസ്ഥാനം അമേരിക്കയ്‌ക്ക്‌ ഇനി സ്വപ്നം മാത്രമായിരിക്കുമെന്ന്‌ വിളിച്ചറിയിച്ച വർഷമാണ്‌ കടന്നുപോകുന്നത്‌. ട്രംപ്‌ മാറി ബൈഡൻ വന്നതോടെ അമേരിക്കയ്‌ക്ക്‌ നഷ്ടപ്പെട്ടുപോയ ലോക നേതൃസ്ഥാനം തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രചാരണം അസ്ഥാനത്താണെന്ന്‌ 2022 അടിവരയിട്ടു. അമേരിക്കയുടെ തകർച്ച തുടരുകയാണെന്നും പകരം ബഹുധ്രുവ ലോകം പിടിമുറുക്കുകയാണെന്നും പോയവർഷത്തിലെ സംഭവങ്ങൾ വ്യക്തമാക്കി. ഉക്രയ്‌ൻ യുദ്ധം മറയാക്കി നഷ്ടപ്പെടുന്ന ലോക നായകസ്ഥാനം തിരിച്ചുപിടിക്കാൻ അമേരിക്ക കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ല. റഷ്യ–- ഉക്രയ്‌ൻ യുദ്ധം ഇപ്പോൾ നാറ്റോ–-റഷ്യൻ യുദ്ധമായി മാറിയതിനുപിന്നിലുള്ള ശക്തി അമേരിക്കയാണ്‌. വൻതോതിൽ പണവും ആയുധവും ഉക്രയ്‌നിൽ എത്തിച്ച്‌ യുദ്ധം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതും അമേരിക്കയാണ്‌. ഇതുവഴി റഷ്യയെ തളർത്താമെന്നാണ്‌ അമേരിക്കൻ കണക്കുകൂട്ടൽ. എന്നാൽ, റഷ്യൻ സമ്പദ്‌‌വ്യവസ്ഥയ്‌ക്ക്‌ ഒരു കോട്ടവും തട്ടിക്കാൻ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിന്‌ സാധ്യമായിട്ടില്ല. മറിച്ച്‌ സബ്‌സിഡിയോടെ വിൽക്കുന്ന റഷ്യൻ എണ്ണയ്‌ക്ക്‌ ആവശ്യക്കാർ ഏറുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. ഉക്രയ്‌നിലെ ഡൊൺബാസ്‌ക് പ്രവിശ്യയുടെ നിയന്ത്രണം പൂർണമായും റഷ്യയുടെ കൈവശമായിരിക്കുകയുമാണ്‌. യുദ്ധംകൊണ്ട്‌ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടായിട്ടുള്ളത്‌ അമേരിക്കൻ സഖ്യകക്ഷിയായ യൂറോപ്യൻ യൂണിയനാണ്‌. എണ്ണയ്‌ക്ക്‌ അവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്‌ റഷ്യയെയായിരുന്നു. എണ്ണവരവ്‌ കുറഞ്ഞതോടെ യൂറോപ്യൻ യൂണിയൻ സമ്പദ്‌വ്യവസ്ഥയ്‌ക്കാണ്‌ കോട്ടം തട്ടിയിട്ടുള്ളത്‌. ഇത്‌ ഉപയോഗപ്പെടുത്തി തീവ്രവലതുപക്ഷം യൂറോപ്പിൽ ശക്തിപ്രാപിക്കുകയാണ്‌. സ്വീഡനിലെ തെരഞ്ഞെടുപ്പുഫലം നൽകുന്ന സൂചന അതാണ്‌. സ്വന്തം സമ്പദ്‌വ്യവസ്ഥയെ തകർത്തെറിഞ്ഞ്‌ എത്രകാലം യൂറോപ്യൻ യൂണിയൻ അമേരിക്കയ്‌ക്കൊപ്പം നിൽക്കുമെന്ന്‌ കാത്തിരുന്ന്‌ കാണാം. യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു നീക്കവും ദൃശ്യമല്ലെന്ന്‌ മാത്രമല്ല, റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയുമാണ്‌. 2023ഉം രക്തപങ്കിലമാകുമെന്നർഥം. ചൈനയെ പിടിച്ചുകെട്ടുക ലക്ഷ്യമാക്കി അമേരിക്ക രൂപീകരിച്ച ക്വാഡ്‌ ഏറെ സജീവമായ വർഷംകൂടിയാണ്‌ കടന്നുപോയത്‌. അംഗരാഷ്ട്രങ്ങൾ തമ്മിലുള്ള സൈനികാഭ്യാസങ്ങളും പല ഘട്ടത്തിലായി നടന്നു. തായ്‌വാനെ കൂടെ നിർത്തി പസഫിക് മേഖലയിൽ ആധിപത്യം നേടാനാണ്‌ അമേരിക്ക ശ്രമിച്ചത്‌. എന്നാൽ, അമേരിക്കയും ചൈനയും തമ്മിലുള്ള യുദ്ധം തയ്‌വാനെക്കാളുപരി ആരാണ്‌ ഏറ്റവും വലിയ സാമ്പത്തിക ശക്തിയെന്നു നിശ്ചയിക്കാൻ തന്നെയാണ്‌. ഈ വിഷയത്തിൽ ചൈനയെ പിടിച്ചുകെട്ടാൻ അമേരിക്കയ്‌ക്ക്‌ കഴിഞ്ഞിട്ടില്ല. മധ്യേഷ്യയിലും പശ്ചിമേഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും ചൈനയുടെ സ്വാധീനം വർധിക്കുകയാണ്‌. ചൈനയുടെ ബെൽറ്റ്‌ ആൻഡ്‌ റോഡ്‌ സംരംഭത്തിൽ ഇതിനകം 80 രാഷ്ട്രമാണ്‌ ഭാഗഭാക്കായത്‌. എണ്ണയുൽപ്പാദനം കൂടി വർധിക്കുന്ന എണ്ണവിലയ്‌ക്കും വിലക്കയറ്റത്തിനും ശമനം കാണാനുള്ള അമേരിക്കൻ തന്ത്രത്തിനു വഴങ്ങാൻ എണ്ണയുൽപ്പാദക രാഷ്ട്രങ്ങളുടെ തലവനെന്ന നിലയിൽ സൗദി തയ്യാറാകാതിരുന്നത്‌ ഹൈഡ്രോ കാർബൺ സമ്പത്ത്‌ പണ്ടേപോലെ കൈയിട്ടുവാരാൻ അമേരിക്കയ്‌ക്ക് കഴിയില്ലെന്ന്‌ വ്യക്തമാക്കി ലോകവിഭവങ്ങളിൽ എന്നും അമേരിക്കയ്‌ക്ക്‌ ഉണ്ടായിരുന്ന മുൻകൈ ഇപ്പോൾ നഷ്ടമായിരിക്കുന്നു. സൗദിയിലെത്തി അവിടത്തെ രാജാവിനെ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ കണ്ട്‌ സംഭാഷണം നടത്തിയെങ്കിലും ഹൈഡ്രോ കാർബൺ വിഷയത്തിൽ അമേരിക്കയ്‌ക്ക്‌ വഴങ്ങി നിൽക്കാനല്ല മറിച്ച്‌ അമേരിക്കയിൽനിന്ന്‌ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനാണ്‌ സൗദി രാജാവ്‌ തിടുക്കം കാട്ടിയത്‌. എണ്ണയുൽപ്പാദനം കൂടി വർധിക്കുന്ന എണ്ണവിലയ്‌ക്കും വിലക്കയറ്റത്തിനും ശമനം കാണാനുള്ള അമേരിക്കൻ തന്ത്രത്തിനു വഴങ്ങാൻ എണ്ണയുൽപ്പാദക രാഷ്ട്രങ്ങളുടെ തലവനെന്ന നിലയിൽ സൗദി തയ്യാറാകാതിരുന്നത്‌ ഹൈഡ്രോ കാർബൺ സമ്പത്ത്‌ പണ്ടേപോലെ കൈയിട്ടുവാരാൻ അമേരിക്കയ്‌ക്ക് കഴിയില്ലെന്ന്‌ വ്യക്തമാക്കി. എണ്ണയുൽപ്പാദക രാഷ്ട്രങ്ങളായ ഇറാനും വെനസ്വേലയും മറ്റും നേരത്തേ തന്നെ അമേരിക്കൻവിരുദ്ധ ചേരിയിലാണ്‌ നിലയുറപ്പിച്ചിട്ടുള്ളത്‌. മാത്രമല്ല, വിവരസാങ്കേതിക വിദ്യയുടെ കാലത്ത്‌ ഏറ്റവും ആവശ്യമായ ലിഥിയം നിക്ഷേപം ഏറ്റവും കൂടുതലുള്ള ബൊളീവിയയും അർജന്റീനയും  ചിലിയും ഇടതുപക്ഷത്തേക്ക്‌  നീങ്ങിയതും അമേരിക്കയ്‌ക്ക്‌ തിരിച്ചടിയായി. ലാറ്റിനമേരിക്ക കൂടുതൽ കൂടുതൽ ഇടതുപക്ഷത്തേക്ക്‌ നീങ്ങിയതും അമേരിക്കൻ ആധിപത്യത്തിന്‌ ഇടിവുതട്ടിച്ചു. കഴിഞ്ഞവർഷം രണ്ട്‌ പ്രധാന രാഷ്ട്രങ്ങളിലാണ്‌–- കൊളംബിയയിലും ബ്രസീലിലും ഇടതുപക്ഷം വിജയിച്ചത്‌. തെക്കേ അമേരിക്കയിൽ ഇടതുപക്ഷ സർക്കാരുകളെ അസ്ഥിരീകരിക്കാൻ അമേരിക്കയുടെ ചാട്ടുളിയായി പ്രവർത്തിച്ച രാഷ്ട്രമായിരുന്നു കൊളംബിയ. ആ രാജ്യത്ത്‌ ഇടതുപക്ഷം അധികാരമേറ്റത്‌ അമേരിക്കയുടെ ഇടങ്കോലിടൽ നയത്തിന്‌ കനത്ത പ്രഹരമായി. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാഷ്ട്രവും സമ്പദ്‌വ്യവസ്ഥയുമായ ബ്രസീലിൽ ഇടതുപക്ഷക്കാരനായ ലുല ഡ സിൽവ അധികാരത്തിൽ വന്നതും അമേരിക്കയുടെ ആധിപത്യമോഹങ്ങൾക്ക്‌ മങ്ങലേൽപ്പിച്ചു. ഇതോടെ എബിസി രാഷ്ട്രങ്ങൾ എന്നറിയപ്പെട്ട അർജന്റീനയിലും ബ്രസീലിലും ചിലിയിലും അമേരിക്കൻവിരുദ്ധ ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിൽ വന്നു. അമേരിക്കയുടെ പിന്നാമ്പുറമായി തുടരില്ലെന്ന ലാറ്റിനമേരിക്കൻ ജനതയുടെ ദൃഢനിശ്ചയമാണ്‌ ഈ ഇടതുപക്ഷ ചായ്‌വിന്‌ വഴിയൊരുക്കിയത്‌. എന്നാൽ, അമേരിക്കൻ ഇടങ്കോലിടൽ പൂർണമായും അവസാനിച്ചെന്ന്‌ പറയാനാകില്ല. പെറുവിലെ  ഇടതുപക്ഷ പ്രസിഡന്റ്‌ പെദ്രോ കാസ്‌തിയ്യോയെ അട്ടിമറിച്ചതും അർജന്റീന വൈസ്‌ പ്രസിഡന്റിനെ ആറുമാസം തടവിലിട്ടതും ചിലിയിൽ പുതിയ ഭരണഘടന ഹിതപരിശോധനയിൽ പരാജയപ്പെട്ടതും വലതുപക്ഷം എളുപ്പത്തിലൊന്നും അടിയറ പറയില്ലെന്നതിന്റെ സൂചനയാണ്‌. ആഗോളവൽക്കരണ നയം ലോകത്ത്‌ അവതരിപ്പിക്കപ്പെട്ട ശേഷം ട്രേഡ്‌ യൂണിനുകൾ തകർന്നടിയുന്ന കാഴ്‌ചയാണ്‌ നാം കണ്ടത്‌. എന്നാൽ, അതേ വേഗത്തോടെ തന്നെ ട്രേഡ്‌ യൂണിയൻ പ്രസ്ഥാനം ശക്തമായി തിരിച്ചുവരികയാണ്‌ എന്നതിന്റെ സൂചനകൾ ഇപ്പോൾ ലഭ്യമാണ്‌. കോർപറേറ്റ്‌ മുതലാളിത്തം നടപ്പാക്കിവരുന്ന ആഗോളവൽക്കരണ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ലോകമെമ്പാടും അലയടിച്ചുയരുന്നതും പോയവർഷം കണ്ടു. ബ്രിട്ടനിലെ പോസ്റ്റൽ, റെയിൽ പണിമുടക്കുകളും നഴ്‌സുമാരുടെ സമരവും അമേരിക്കയിലെ റെയിൽറോഡ്‌ വർക്കേഴ്‌സ്‌ പ്രക്ഷോഭവും ഇതിൽ എടുത്തുപറയേണ്ടതാണ്‌. മുതലാളിത്ത ചൂഷണം പതിന്മടങ്ങ്‌ വർധിച്ചതോടെ തൊഴിലാളികൾ വീണ്ടും യൂണിയനുകൾ സ്ഥാപിക്കാൻ തുടങ്ങി. ആഗോളവൽക്കരണ നയം ലോകത്ത്‌ അവതരിപ്പിക്കപ്പെട്ട ശേഷം ട്രേഡ്‌ യൂണിനുകൾ തകർന്നടിയുന്ന കാഴ്‌ചയാണ്‌ നാം കണ്ടത്‌. എന്നാൽ, അതേ വേഗത്തോടെ തന്നെ ട്രേഡ്‌ യൂണിയൻ പ്രസ്ഥാനം ശക്തമായി തിരിച്ചുവരികയാണ്‌ എന്നതിന്റെ സൂചനകൾ ഇപ്പോൾ ലഭ്യമാണ്‌. ആമസോൺ തൊഴിലാളികൾ ക്രിസ്‌മാളിന്റെ നേതൃത്വത്തിൽ നടന്ന സമരം അമേരിക്കൻ ജനങ്ങളെ ഏറെ സ്വാധീനിക്കുന്നതായി. കോഫീചെയിനായ സ്റ്റാർബക്കിലെ 7000 തൊഴിലാളികൾ അമേരിക്കയിൽ യൂണിയനിൽ അംഗങ്ങളായി. അതായത്‌ 300 സ്റ്റാർബക്ക്‌ യൂണിറ്റുകളിലെ തൊഴിലാളികൾ ഇപ്പോൾ ട്രേഡ്‌ യൂണിയന്റെ ഭാഗമാണ്‌. അമേരിക്കയിലെ 71 ശതമാനം ജനങ്ങളും ട്രേഡ്‌ യൂണിയനുകൾ വേണമെന്ന പക്ഷക്കാരായി മാറിയിരിക്കുന്നു. 1965നു ശേഷം ഏറ്റവും കൂടുതൽ പേർ ട്രേഡ്‌ യൂണിയനകളെ അംഗീകരിക്കുന്ന വർഷംകൂടിയാണ്‌ ഇത്‌. അമേരിക്കയിലെ നാഷണൽ ലേബർ റിലേഷൻസ്‌ ബോർഡ്‌ നൽകുന്ന കണക്കനുസരിച്ച്‌ 2022ൽ യൂണിയൻ രജിസ്‌ട്രേഷനിൽ 58 ശതമാനമാണ്‌ വർധനയുണ്ടായത്‌. തൊഴിലുടമകൾ അന്യായമായി പിരിച്ചുവിടുകയും മറ്റും ചെയ്യുന്നത്‌ ചോദ്യംചെയ്‌തുള്ള കേസുകൾ  18 ശതമാനം വർധന രേഖപ്പെടുത്തിയതായും എൻഎൽആർബി അറിയിച്ചു. വിദ്യാഭ്യാസരംഗത്തും വൻ പ്രക്ഷോഭം ഉയർന്നു. കലിഫോർണിയ സർവകലാശാലയിലെ 48,000 വരുന്ന വിദ്യാർഥികളും ഗവേഷകരും നടത്തിയ പ്രക്ഷോഭം ഇതിൽ എടുത്തുപറയേണ്ടതാണ്‌. അതായത്‌ നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം വളർന്നുവരികയാണ്‌. 2023 അതുകൊണ്ടുതന്നെ വർധിച്ച പ്രക്ഷോഭത്തിന്റെയും സമരത്തിന്റെയും വർഷമായിരിക്കും. Read on deshabhimani.com

Related News