‘പരിഹസിച്ചാൽ അനുഭവിക്കേണ്ടിവരും’ - വിജയ് പ്രഷാദ് എഴുതുന്നു



1993 ലെ നനുത്ത മഞ്ഞുള്ള ഒരു ദിവസമായിരുന്നു ഞാൻ പ്രേം അമ്മാവന്റെയും ഇന്ദ്രൻ പാസ്‌റിച്ച ആന്റിയുടെയും ഡൽഹി കൊണാട്ട് പ്ളേസിലെ സിന്ധ്യ ഹൗസ് എന്ന വീട്ടിലെത്തിയത്. രുചികരമായ പറാത്തകൾ കിട്ടുന്ന ,മേൽക്കൂരയിൽ വന്ന്  ഇടയ്ക്കിടെ എത്തിനോക്കി പോകുന്ന ലംഗൂർ കുരങ്ങുകളുള്ള ആ വീട്ടിൽ പോകുന്നത് എനിക്ക് പ്രിയപ്പെട്ട കാര്യമായിരുന്നു . എന്നാൽ അത്ര സുഖകരമല്ലാത്ത ചില അനുഭവങ്ങളും ഈ സന്ദര്ശനങ്ങളിൽ എനിക്കുണ്ടായിട്ടുണ്ട്. രാമ ജന്മഭൂമി വിഷയം കത്തി നിൽക്കുന്ന കാലഘട്ടമായിരുന്നു അത് .അപ്പോഴേക്കും ഞാൻ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയിരുന്നു. ബാബരി മസ്ജിദ് പൊളിച്ചു രാമക്ഷേത്രം നിർമ്മിക്കണമെന്ന ബിജെപിയുടെയും മറ്റു സമാന സംഘടനകളുടെയും വാദത്തെ ഞങ്ങൾ  ശക്തിയുക്തം എതിർക്കുന്ന കാലം. എന്നിരുന്നാലും പ്രേം അമ്മാവനും ഇന്ദ്ര ആന്റിയും ഇക്കാര്യങ്ങളിൽ എന്നെ സ്ഥിരമായി  എതിർത്തുപോന്നു . തന്റെ സോഫയിലിരുന്നു ചായ മൊത്തികുടിച്ചുകൊണ്ടു അമ്മാവൻ ഇടയ്ക്കിടെ "ഞങ്ങൾ അവിടെത്തന്നെ രാമക്ഷേത്രം പണിയും " എന്നിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും . ആ വിഷയത്തിന്റെ പുറകിലുള്ള വെറുപ്പിന്റെ രാഷ്ട്രീയം , അതിന്റെ കുടിലതയൊക്കെ മുഖത്തടിച്ചപോലെ പറയുമെങ്കിലും , അമ്മാവന്റെ പ്രായം , അനുഭവം എന്നിങ്ങനെ പല കാരണങ്ങൾകൊണ്ടും എന്റെ മറുവാദങ്ങളൊന്നും അവിടെ വിലപ്പോവാറില്ല ! എന്നിരുന്നാലും , സ്റ്റേറ്റ്സ്‌മാൻ പത്രത്തിലെ കടുത്ത പ്രശ്നോത്തരി ചെയ്തുതീർക്കാൻ  കഴിവുള്ള അനന്തരവന്റെ മേന്മയെ പ്രകീർത്തിച്ചരുന്ന അമ്മാവൻ  ഈ വാദങ്ങളെയും  മറുവാദങ്ങളെയുമൊന്നും അത്ര വലുതായി കണ്ടതുമില്ല. വല്ലാത്തൊരു ശീതകാലമായിരുന്നു 1992-93 ലേത്. ഡിസംബർ 6 ലെ ആ കറുത്ത ദിനത്തിൽ കലിപൂണ്ട കാവിപ്പട ബാബരി മസ്ജിദ് തകർത്ത അതേ വർഷം. വെറുപ്പിന്റെ രാഷ്ട്രീയം മസ്ജിദ് പൊളിക്കുന്നത് ടെലിവിഷൻ വഴി ജനങ്ങൾക്ക് മുന്നിൽ കാണിച്ച അതേ സമയത്ത് തന്നെ  മുംബൈയിലും ഡൽഹിയിലും കൊടിയ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു . ഡൽഹി സർവകലാശാലയിലെ ഗവേഷകനെന്ന നിലയിലും, ചില ദിനപത്രങ്ങളുടെ റിപ്പോർട്ടർ എന്ന നിലയിലും വാർത്ത തയ്യാറാക്കാനായി ഡൽഹിയിലെ സീലംപൂരിൽ വരെ എനിക്ക് പോകേണ്ടി വന്നു . കലാപം അതിന്റെ കൊടിയ അവസ്ഥയിൽ , ദളിത് തെഴിലാളികൾക്കും മുസ്ലിങ്ങൾക്കുമിടയിൽ ഉണ്ടാക്കിയ കെടുതികളാണ് എനിക്കവിടെ കാണേണ്ടി വന്നത് . അത്രയും അരക്ഷിതമായ രാഷ്ട്രീയ കാലാവസ്ഥയിലും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( മാർക്സിസ്റ്റ് ),  എയ്ഡ്സ് ഭേദ് ഭാവ വിരുദ്ധ ആന്ദോളൻ , സംബ്രദായിക്താ വിരോധി ആന്ദോളൻ  എന്നിവരെല്ലാം പെട്ടന്ന് തന്നെ ധീരമായി  തയ്യാറാക്കിയ ലഖുലേഖകളും വിതരണം ചെയ്യാൻ ഞങ്ങൾ ശ്രമിച്ചിരുന്നു . അവയിൽ പലതും തയ്യാറാക്കുന്ന പ്രക്രിയയിൽ ഞാനും പങ്കാളിയായിരുന്നു. ആ കലുഷിതമായ  രാഷ്ട്രീയ കാലാവസ്ഥയൊന്നും പ്രേം അങ്കിളിനെയും ഇന്ദ്രൻ ആന്റിയെയും ബാധിച്ചതേയില്ല . വല്ലാത്തൊരു  രാഷ്ട്രീയ ജീവിതമായിരുന്നു അവരിരുവരുടെതും. പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്കുള്ള പലായനം , ലാഹോറിലെ കൊളോണിയൽ കോളേജ് വിദ്യഭ്യാസത്തിൽ നിന്നും  വെറുപ്പിന്റെ കാവി രാഷ്ട്രീയത്തിലേക്കുള്ള യാത്ര , അങ്ങനെ കുറെ അടരുകളുണ്ടതിന് .  അവരുടെ ആദ്യത്തെ വെറുപ്പ് തങ്ങളുടെ പലായനത്തിന് കാരണമായ വിഭജനത്തോടായിരുന്നു . പിന്നീടത് കടുത്ത കോൺഗ്രസ് വിധ്വേഷത്തിലേക്കും.ഇതിനെല്ലാം ഒടുക്കം ചെന്നെത്തിയത് മുസ്ലിങ്ങളോടുള്ള അസഹനീയമായ വെറുപ്പിലേക്കും . ഇന്ദ്ര ആന്റി രാഷ്ട്ര സേവികാ സമിതിയുടെ സ്ഥാപകരിൽ ഒരാളായിരുന്നു.പ്രേം അങ്കിളാണെങ്കിൽ എബിവിപിയുടെ പ്രധാന ഉപദേശകനും . വീട്ടിൽ നടത്തുന്ന  ഫങ്ക്ഷനുകളിൽ  കാവി രാഷ്ട്രീയത്തിലെ സീനിയർ നേതാക്കൾ വരുന്നതെല്ലാം  ഇത്തരം  രാഷ്ട്രീയബന്ധങ്ങൾ കൊണ്ടുതന്നെ വളരെ സ്വാഭാവികമായ ഒരു സംഗതിയായി മാറി .1993ലെ തണുപ്പുകാലത്ത് നടത്തിയൊരു ഫങ്ക്ഷനിൽ  ഡൽഹി യൂണിവേഴ്സിറ്റിയിലെ മുൻ സ്റ്റുഡന്റസ് യൂണിയൻ പ്രസിഡന്റും പഴയ എബിവിപി  നേതാവുമായിരുന്നു അരുൺ ജെയ്റ്റ്ലി ആയിരുന്നു മുഖ്യ അതിഥി   . ഫങ്ക്ഷന് ശേഷം ഉച്ചയ്ക്കെപ്പൊഴോ ജെയ്റ്റ്ലി എന്നെയും കൂട്ടി വീടിന്റെ ബാൽക്കണിയിൽ പോയിനിന്നു. " വിജയ് , നീ മിടുക്കനാ  , നിന്റെ ചില എഴുത്തൊക്കെ ഞാൻ വായിച്ചു . നീ ഞങ്ങളെ വിമർശിക്കുന്നത് കുഴപ്പമില്ല. ഞങ്ങൾ വിമർശനത്തിന് അത്ര പ്രശ്നമുണ്ടാക്കാറില്ല. പക്ഷെ വിജയ് , ഞങ്ങളെ  പരിഹസിക്കരുത് .പരിഹസിച്ചാൽ നീ അനുഭവിക്കേണ്ടിവരും " ടീസ്റ്റയുടെ കഥ 2002  ഗുജറാത്ത് വംശഹത്യയിൽ ഇരകൾക്ക് വേണ്ടി വാദിച്ചതിൽ ടീസ്റ്റയുടെ പങ്ക് അന്വേഷിക്കണമെന്ന സുപ്രീം കോടതിയുടെ കമന്റ് വന്നപ്പോ എന്റെ മനസ്സിൽ ഏറ്റവും ആദ്യം വന്ന വാചകവും ഇതാണ് . "നീ അനുഭവിക്കേണ്ടിവരും " ടീസ്റ്റയും ഭർത്താവ് ജാവേദ്ഡും നടത്തിയിരുന്ന " കമ്മ്യൂണലിസം  കോമ്പാക്ട് " എന്ന പബ്ലിക്കേഷനിൽ എഴുതിയിരുന്ന കാലം മുതലേ ടീസ്റ്റയെ എനിക്കറിയാം . ഗുജറാത്ത് വംശഹത്യക്ക് ശേഷം "സിറ്റിസൺ ഫോർ ജസ്റ്റിസ് ആൻഡ് പീസ്" എന്ന പേരിൽ ടീസ്റ്റയും മറ്റു ചിലരും ചേർന്നൊരു സംഘടന രൂപീകരിച്ചിരുന്നു.ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയം കാരണം ജീവനും ജീവിതോപാധികളും നഷ്ടപെട്ട കുടുംബങ്ങൾക്കായി ശബ്ദമുയർത്താൻ ഈ സംഘടന മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു . 2002 ഗുജറാത്ത് കലാപകാലത്തെ ബിജെപിയുടെ കുടിലമായ പങ്കിനെക്കുറിച്ചുള്ള പാഠപുസ്തകങ്ങളിലെ ഭാഗങ്ങൾ ഇല്ലാതാക്കണമെന്ന ബിജെപി അജണ്ട ഒരു പതിറ്റാണ്ടുമുന്നേ വെളിപ്പെട്ട സംഗതിയാണ് . കലാപശേഷം ,  അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്ക്  നീണ്ടകാലം US  വിസ അനുവദിച്ചുകിട്ടാത്ത  തരത്തിൽ അന്താരാഷ്ട്രതലത്തിൽ  അതിനെതിരെ  എതിർപ്പുണ്ടായിരുന്നു. കാലമിത്ര കഴിഞ്ഞിട്ടും , ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്കിനെക്കുറിച്ചുള്ള വിവരം  അയാളുടെ തന്നെ വിക്കിപീഡിയ പേജിലെ 600  വാക്കുള്ള പാരഗ്രാഫായി കറപിടിച്ചു കിടപ്പുണ്ട് . ഗുജറാത്ത് കലാപത്തിലെ ബിജെപിയുടെ പങ്കിനെ പുറത്തു കൊണ്ടുവരാൻ ശ്രമിച്ച റാണാ അയ്യൂബ് എന്ന ജേർണലിസ്റ്റ് , ടീസ്റ്റ സെതൽവാദ്  , സഞ്ജീവ് ഭട്ട് , ആർ ബി ശ്രീകുമാർ എന്നിവരിൽ മൂന്നുപേർ ഇപ്പോൾ അഴികൾക്കുള്ളിലാണ് . ടീസ്റ്റക്കെതിരെയുള്ള വിരോധം തീർക്കാനുള്ള കാവി രാഷ്ട്രീയത്തിന്റെ തുടക്കത്തിന് രണ്ടു പതിറ്റാണ്ടോളം പഴക്കമുണ്ട്. ബെസ്റ്റ് ബേക്കറി കേസിനെക്കുറിച്ചു താൻ പറയാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ പുറത്തുപറയാൻ ടീസ്റ്റ സമ്മർദ്ദം ചെലുത്തിയെന്ന സഹീന ഷെയ്ക്കിന്റെ   ആരോപണം വരുന്നത് 2004 നവംബറിലാണ് . തെഹൽക്ക മാസികയിൽ വന്ന ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നു കണ്ടെത്തി സഹീനയെ ഒരു വർഷം തടവിന് ശിക്ഷിക്കുകയാണ് അന്ന് സുപ്രീം കോടതി ചെയ്തത് . വംശഹത്യയെക്കുറിച്ചു  ടീസ്റ്റ "പെരുപ്പിച്ചുകാട്ടിയ കഥകളുടെ "തെളിവുകൾ എന്നപേരിൽ  സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം 2009ൽ സുപ്രീം കോർട്ടിന് സബ്മിഷൻ  കൊടുത്തതായി ടൈംസ് ഓഫ് ഇന്ത്യ ചൂണ്ടികാട്ടുന്നുണ്ട് . എന്നിരുന്നാലും അതിനെക്കുറിച്ചു കമന്റുകൾ നല്കാൻ സുപ്രീം കോടതി തയാറായില്ല എന്നത് ശ്രദ്ധേയമായ സംഗതിയാണ്.അതിനുശേഷം ,  ഇരകൾക്ക് കിട്ടിയ ഡൊണേഷനിൽ തിരിമറി നടത്തിയെന്ന വ്യാജ  ആരോപണവുമായി  2013യിലും കാവിപ്പട ടീസ്റ്റയുടെ പിന്നാലെ കൂടി . ഓരോരോ വ്യാജ ആരോപണങ്ങൾ വരുമ്പോളും , വെറുപ്പിനെ രാഷ്ട്രീയം പിടിവിടാതെ പിന്നാലെ കൂടുമ്പോഴും ഒരൽപം പോലും  പ്രതീക്ഷ കൈവിടാതെ കോടതിവ്യവഹാരങ്ങളിലേർപ്പെട്ടു തന്റെ സത്യസന്ധത ഉയർത്തിക്കാണിക്കാൻ ടീസ്റ്റ ശ്രദ്ധാലുവായിരുന്നു . അവസാനം , ടീസ്റ്റയും അവരുടെ പിടിയിലായി . നടന്ന സംഭവങ്ങളുടെ നിജസ്ഥിതി സ്വയം വെളിപ്പെടുത്താനും , അതുവഴി ഗവണ്മെന്റും വലതനുകൂല പുസ്തക പ്രസാധക കമ്പനികളും  നടത്തുന്ന വിധ്വേഷപ്രചാരണത്തിന് തടയിടാനും വേണ്ടി ഒരു പുസ്തകം എഴുതിക്കൂടെ എന്ന ആവശ്യവുമായി  ഏകദേശം ഈ സമയത്തുതന്നെയാണ്   ലെഫ്റ്റ് വേർഡ് ബുക്ക്സിൽ നിന്നും ഞാനും സുധൻവാ ദേശ്‌പാണ്ഡെയും ടീസ്റ്റയുടെ മുംബയിലെ വീട്ടിലെത്തി സംസാരിക്കുന്നത് . ഒരു വര്ഷം സമയമെടുത്ത് 2017ൽ   ലെഫ്റ്റ് വേർഡ്    ആ പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി .ടീസ്റ്റയെ സംബന്ധിച്ചിടത്തോളം നിയമവ്യവസ്ഥയിലുള്ള വിശ്വാസം അങ്ങേയറ്റമായിരുന്നു . അതിനു പുറകിൽ വളരെ പ്രധാനപെട്ട രണ്ടു കാരണങ്ങൾ  കൂടെയുണ്ട് . ടീസ്റ്റയുടെ മുതുമുത്തശ്ശൻ ചിമൻലാൽ ഹരിലാൽ സെതൽവാദ്  1919  ഇത് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ചു അന്വേഷിച്ച ഹണ്ടർ കമ്മീഷൻ അംഗമായിരുന്നു . മുത്തശ്ശൻ എം.സി സെതൽവാദ്  ആകട്ടെ , ഇന്ത്യയുടെ ആദ്യത്തെ അറ്റോർണി ജനറലും . ഇതുകൊണ്ടെല്ലാംതന്നെയാണ് പ്രതികളെ പുറത്തുകൊണ്ടുവരാനും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ വാങ്ങികൊടുക്കുവാനുള്ള ആഗ്രഹം അവർക്കുള്ളിൽ പ്രാപ്തമായത് . അതിനാൽത്തന്നെ ഇടയ്ക്കിടെ  ഞങ്ങളവരെ " ഭരണഘടനയുടെ കാലാൾ പടയാളി” എന്ന് വിശേഷിപ്പിച്ചുപോന്നു . ആ ബുക്കിന്റെ അവസാനം ടീസ്റ്റ ഇങ്ങനെയെഴുതി , " ഇങ്ങനെ സധൈര്യം മുന്നോട്ട്പോകാൻ എന്താണ് എനിക്ക് ഊർജ്ജം പകരുന്നതെന്നു ഇപ്പോഴുമറിയില്ല , കൂട്ടുകാരിയും സഖാവുമായ ഇന്ദിര ജയ്‌സിംഗ് എന്നോട് ഇടയ്ക്കിടക്ക് പറയും , " അതിർത്തികൾ മുറിച്ചു കുതിച്ചുപായുന്ന ബംഗ്ലാദേശിലെ ഒരു നദിയിൽ നിന്നാണ് നിനക്കു നിന്റെ മാതാപിതാക്കൾ പേരിട്ടത് , അതുകൊണ്ടാണ് നിനക്കിത്ര പോരാട്ടവീര്യം! " 1992 ഇലെ ബോംബെ കലാപശേഷം തനിക്കുണ്ടായ ഒരു ഉൾവിളിയെക്കുറിച്ചു ഇന്ദിര ഇടയ്ക്ക് സൂചിപ്പിക്കുകയുണ്ടായി , " ശിക്ഷിക്കപെടുകയില്ലെന്ന അവരുടെ ധൈര്യം തകർക്കണം , അതിനുവേണ്ടി ഇനിയമേറെ മുന്നോട്ടു പോകാനുണ്ട് " ടീസ്റ്റ എഴുതി അവസാനിപ്പിക്കുന്നു , " അതെ , ശിക്ഷിക്കപെടുകയില്ലെന്ന കാവിപ്പടയുടെ ധൈര്യം തച്ചുടയ്ക്കണം . അതിനെതിരെ പോരാടണമെന്ന് ചിന്തയാണ് ഇപ്പോഴെന്നെ മുന്നോട്ടുനയിക്കുന്നത് ". ശിക്ഷിക്കപെടുകയില്ലെന്ന ധൈര്യം ! കശ്മീർ നറേറ്ററിലെ ആസിഫ് സുൽത്താൻ , കശ്മീർ വാലയിലെ  ഫഹദ് ഷായും സജ്ജാദ് ഗുലും  , പഞ്ചാബ് കേസരിയിലെ ഗൗരവ് ബൻസാൽ  , മൂകനായകിലെ മീന കോത്‌വാൾ , അഴിമുഖത്തിലെ സിദ്ധിഖ് കാപ്പൻ : കഴിഞ്ഞ കുറെ വർഷത്തിനിടെ ഗവണ്മെന്റിനിഷ്ടപ്പെടാത്ത  വാർത്തകൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ട ജേര്ണലിസ്റ്റുകളാണ് . എൻഫോഴ്സമെന്റ് ഡയറ്കടറേറ്റ് , ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് എന്നിവയെ ഉപയോഗിച്ച്കൊണ്ട് " കാരവാൻ മാഗസിൻ , ന്യൂസ്‌ക്ലിക്ക് ഓൺലൈൻ പോർട്ടൽ എന്നിവയെ ആക്രമിച്ച ബിജെപി സർക്കാരിന്റെ പദ്ധതിയും അധികകാലം മുമ്പെയല്ല ഉണ്ടായത്. ഗവൺമെന്റിനെ വിമർശിക്കുന്ന ചിലരുടെ വീടുകൾ ബുള്ഡോസറുകൾ തകർക്കുന്നതും , മറ്റു ചിലരുടെ വീട്ടുമുറ്റത്തു ഗുണ്ടകൾ വിളയാടുന്നതും സർവസാധാരണമാകുന്ന  കാലം ഒരുപാട് വിദൂരമല്ല . ഭീമ കൊറഗൺ കേസിൽ 2018 ഇൽ തുറുങ്കിലടയ്ക്കപ്പെട്ട 16 പേരിൽ ആർക്കും തന്നെ ആ കേസുമായി യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം . പെഗാസസ് പ്രൊജക്റ്റ് ഉപയോഗിച്ചുകൊണ്ട് ഇവരുടെ ഫോണുകളിലും മറ്റുപകരണങ്ങളിലും തെളിവുകൾ നിക്ഷേപിച്ചുകൊണ്ടു ഭരണകൂടം വേട്ടയാടുന്ന കാഴ്ചയാണ് നമുക്കുമുന്നിൽ ഇപ്പോൾ നടക്കുന്നത് . അറസ്റ്റിൽ ആയവരിൽ ആനന്ദ് തെൽറ്റുംബ്ഡേ ( ലെഫ്റ്റ് വേർഡ് പബ്ലിഷിംഗ് ഹൗസിലെ മറ്റൊരു ഗ്രന്ഥകർത്താവ്  ) ഭീമൻ കൊറഗനിൽ നടന്ന വയലൻസിലെ എതിർത്ത് ലേഖനം എഴുതിയ വ്യക്തി കൂടിയാണ്  എന്നത് അറിയുമ്പോഴാണ് ഭരണകൂടവേട്ടയുടെ  കാഠിന്യം നമുക്കുമുന്നിൽ വെളിപ്പെടുന്നത് . ഹിംസാത്മക പ്രവർത്തനങ്ങളുടെ ഭാഗമായതിൻ്റെ എന്തെങ്കിലും ചരിത്രം പോലും ഇല്ലാത്തവരുടെ ഫോണിലേക്കാണ് അധികാരികൾ നട്ടുപിടിപ്പിച്ചതെന്ന് പെഗാസസ് പദ്ധതിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ പുറത്തുകൊണ്ട് വന്നിട്ടുണ്ട്. ജ്യോതി ജാഗ്തപ്, രമേഷ് ഗൈച്ചൊർ, സാഗർ ഗോർഖെ പോലുള്ള സാംസ്കാരിക പ്രവർത്തകരും സുധീർ ധൗവ്ളെ, മഹേഷ് റൗതെയുൾപ്പടെയുള്ള സമൂഹ്യ നീതി പ്രവർത്തകരും അരുൺ ഫെരെയ്‌ര, സുരേന്ദ്ര ഗാഡ്ലിങ്, സുധ ഭരദ്വാജ് പോലുള്ള വക്കീലന്മാരും ഗൗതം നവ്ലഖ, റോണ വിൽസൺ, വരവര റാവു, വെർണോൻ ഗോൽസാല്‌വസ് പോലുള്ള എഴുത്തുകാരും ഹാനി ബാബുവും ഷോനാ സെനും അതുപോലെ തേൽതുംബ്ഡെയും പോലുള്ള പ്രഫസർമാരുമൊക്കെയാണ് ഇങ്ങനെ കുടുക്കപ്പെട്ടവർ. 1870ഇല്  നിലവിൽ  വന്ന ഇന്ത്യൻ പീനല് കോഡിന്റെ 124a സെക്ഷനാണ് “ കൾച്ചർ ഓഫ് ഇമ്പ്യൂണിറ്റി “ അധവാ “ ശിക്ഷിക്കപ്പെടുകയില്ലെന്ന ധൈര്യത്തോടെ മറ്റൊരാളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ വേട്ടയാടാനുള്ള ധൈര്യം “ ഉയർത്തിക്കാട്ടുന്നത് . ജെയിംസ്  ഫി റ്റ്സ്ജെയിംസ് സ്റ്റീഫൻസ് എന്ന നിയമഞ്ജൻ  തയ്യാറാക്കിയ ഈ  നിയമം വിദ്യാർഥിയായിരുന്ന സമയത്ത്  വായിച്ചതെനിക്ക്   ഓർമ്മയുണ്ട്.  ജെയിംസ് സ്റ്റുവർട്ട് ഹാളിന്റെ സെൻറിമെൻറൽ ലിബെറലിസംഎന്ന ആശയത്തെ കടുത്ത രീതിയിൽ  പരിഹസിച്ചിരുന്ന  ജെയിംസ്  ഫി റ്റ്സ്ജെയിംസ് സ്റ്റീഫൻസ് ഒരു വലതുപക്ഷ ചിന്തകനായ ബ്രിട്ടീഷ് നിയമഞ്ജനായിരുന്നു .1857  ശിപ്പായിലഹളക്ക്  ശേഷം കൊണ്ടുവന്ന ഈ  നിയമത്തിന്റെ പരമമായ ഉദ്ദേശ്യം ഗവണ്മെന്റിന് അസുഖകരമായ ഒന്നും ആരും പറയാനോ പ്രവർത്തിക്കാനോ  പാടില്ല എന്നതായിരുന്നു. പൌരന്മാരുടെ സ്വതന്ത്ര്യത്തെ ഹനിക്കുന്ന നിയമം എന്നായിരുന്നു ഈ  നിയമത്തേക്കുറിച്ച്  ഗാന്ധി തന്നെ പറഞ്ഞത് . നിയമം കൊണ്ടുവന്നു 150  വര്ഷങ്ങൾക്കിപ്പുറം 2022ഇലും  ഈ നിയമം ഉപയോഗിക്കപ്പെടുന്നത് ഗവണ്മെന്റിനെയോ അതിന്റെ നയങ്ങളെയോ വിമർശിക്കുന്ന മനുഷ്യരെ വേട്ടയാടുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് . ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യം നശിപ്പിക്കാനും അതിന്റെ വിമർശനാ ത്മകമായ അന്തരീക്ഷത്തെ തകരക്കാനും ഇത്തരമൊരു നിയമം മാത്രം മതി . " ഞങ്ങളെ  പരിഹസിക്കരുത് .പരിഹസിച്ചാൽ നീ അനുഭവിക്കേണ്ടിവരും  " . അന്ന് ജെയ്റ്റ്ലി പറഞ്ഞ വാക്കുകൾ ഇനിയുമൊരുപാട് കാലത്തേക്കുള്ള കാവിപ്പടയുടെ വിധ്വേഷ രാഷ്ട്രീയത്തിന്റെ താക്കീതാണ് . വർത്തമാനകാലത്ത് , ഗവണ്മെന്റിനെ വിമർശിക്കുന്ന ആൾക്കാർക്കെതിരെയുള്ള പ്രതികാര നടപടി കൂടിവരുന്ന ഈ  കാലത്താണ് , കാവിയുടെ വിദ്വെഷ രാഷ്ട്രീയം കൂടുതൽ പ്രകടമാകുന്നത് . തങ്ങളുടെ കാക്കി പാന്റുകളും കാവിക്കൊടിയും കഴുകിയലക്കുന്ന  വിഷസോപ്പ് ഉപയോഗിച്ചു ഇന്ത്യയുടെ ചരിത്രത്തിൽ നിന്നും തങ്ങളുടെ വിധ്വേഷരാഷ്ട്രീയത്തിന്റെ  കറകൾ  നശിപ്പിക്കാനുള്ള കാവി അജണ്ട ഈയിടെ  കൂടുതൽ വ്യക്തമാകുന്നുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെ കീറിയെറിഞ്ഞിട്ടായാലും  2002 ഇലെ ഗുജറാത്ത് വംശഹത്യയുടെ ആ കറ  വെളുപ്പിച്ചു കിട്ടണമെന്നാണ് നിലവിലെ ആർ. എസ്.എസ് . ഇനിയൊരുപക്ഷേ , ഭാവിയിൽ ഭരണഘടന കാണണമെങ്കിൽ അമ്പലങ്ങൾ കെട്ടിത്തന്നെ അതിനെ സംരക്ഷിക്കേണ്ടിവരും. ദ്വാരപാലകരായ തോക്കുധാരി സംഘത്തെപേടിച്ചു കൈകെട്ടി തലകുമ്പിട്ട്  ഭരണഘടനാ ദർശനത്തിനു വരുന്ന മനുഷ്യർ തുടർക്കാഴ്ചയാകും .അർത്ഥമറിയാതെ , ഉള്ളിൽ എന്താണെന്നറിയാതെ ഭരണഘടന ഉരുവിട്ടോതിക്കൊണ്ടിരിക്കുന്ന മനുഷ്യരെ കണ്ടു കണ്ണ് മരവിക്കേണ്ടിവരും! ട്രൈക്കോണ്ടിനെൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ചിൻ്റെ ഡയറക്ടറും ലെഫ്റ്റ്‌വേഡ് ബുക്സ് എഡിറ്ററുമാണ് വിജയ് പ്രഷാദ്. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ സോഷ്യോളജി ഡിപ്പാർട്ട്മെൻ്റിലെ ഗവേഷകനാണ് അസീദ് കരീം ഹുസ്സൈൻ     Read on deshabhimani.com

Related News