സവിശേഷമായ 
ഒരു പഠനക്കളരി - വെങ്കിടേഷ് രാമകൃഷ്ണൻ എഴുതുന്നു



1983 ആഗസ്ത് മുതൽ 1991 വരെയാണ് ( സെപ്തംബർ വരെയാണെന്ന് തോന്നുന്നു) ദേശാഭിമാനിയിൽ പത്രപ്രവർത്തകനായി ജോലി ചെയ്തിരുന്നത്. മൂന്ന് പതിറ്റാണ്ടിനുശേഷം ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ ജീവിതത്തിലെ വ്യത്യസ്തമായ ഒരു പഠനക്കളരിയായാണ്  ദേശാഭിമാനിക്കാലത്തെ കാണുന്നത്. ജീവിതത്തിന്റെയും സമൂഹത്തിന്റെയും പത്രപ്രവർത്തനത്തിന്റെയും വൈവിധ്യമാർന്ന മേഖലകൾ കാണിച്ചുതന്ന സവിശേഷമായ പഠനകാലം. ഈ പഠനകാലം 1983 ആഗസ്തിൽ ദേശാഭിമാനിയിലെ ആദ്യ ദിവസംമുതൽതന്നെ തുടങ്ങി. വിദ്യാഭ്യാസത്തിന്റെ ഭാഗമായി പത്രപ്രവർത്തനം ഔപചാരികമായി പഠിക്കാത്ത, മലയാള ഭാഷയോ സാഹിത്യമോ പഠിക്കാത്ത, മലയാള പത്രപ്രവർത്തനവുമായി വിദൂര ബന്ധംപോലുമില്ലാത്ത  ബികോം വിഷയത്തിൽ തേർഡ് ക്ലാസ് ബിരുദധാരിയായ എനിക്കുമുന്നിൽ ഈ പഠനകാലം തുറന്നുതന്നത് ഒരു പുതു ജീവിതംതന്നെയായിരുന്നു. ഇടതുപക്ഷ വിദ്യാർഥി രാഷ്ട്രീയത്തിൽ ഭാഗഭാക്കായിരുന്നെങ്കിലും ഇ എം എസും പി ഗോവിന്ദപിള്ളയും സി പി നാരായണനും നയിച്ച രാഷ്ട്രീയ പഠന ക്ലാസുകൾ ഈ മേഖലയിലും ഇനിയും ഏറെ പഠിക്കാനുണ്ടെന്ന് അടിവരയിടുകയും ആ വഴിയിലുള്ള യാത്രയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു.   അക്കാദമിക ക്ലാസുകളുടെ ക്യാമ്പ് ഡയറക്ടർ പിൽക്കാലത്ത് പത്രപ്രവർത്തക ജീവിതത്തിലെ ഗുരുവായിത്തന്നെ ഞാൻ കണക്കാക്കിയ സി എം അബ്ദുറഹിമാൻ എന്ന അബ്ദുക്ക ആയിരുന്നു. പ്രായോഗിക പരിശീലനത്തിന്റെ കാര്യങ്ങൾ അബ്ദുക്കയോടൊപ്പം സമ്മാനിച്ച ടി വി പത്മനാഭനും ഉണ്ടായിരുന്നു. പക്ഷേ, പ്രായോഗിക പരിശീലനം ഈ നിയുക്ത ഡെസ്ക് തലവന്മാരിലൂടെ. അബ്ദുക്കയും പത്മനാഭനും അന്ന് ന്യൂസ് എഡിറ്റർമാർ മാത്രമായിരുന്നില്ല. കോളേജ് കാലംമുതൽതന്നെ ചലച്ചിത്രസംബന്ധിയായ എഴുത്തുകളിലൂടെ എന്റെ താൽപ്പര്യം പിടിച്ചെടുത്ത കോയാമുഹമ്മദും കണ്ണൂരിലെ എന്റെ നാടായ കണ്ണോത്തുംചാലിൽ അയൽവാസിയായ ലെജൻഡറി മലയാളി പത്രപ്രവർത്തകൻ നരിക്കുട്ടി മോഹനനും 1983ലെ ആദ്യദിവസക്ലാസുകൾക്കു ശേഷമുള്ള ഈ പ്രായോഗിക പരിശീലനക്കളരിയിൽ ഒപ്പം നിന്നു.  കോഴിക്കോട് ഡെസ്കിൽ ചീഫ് സബ് എഡിറ്റർ ആയിരുന്ന സി പി അച്യുതൻ അന്താരാഷ്ട്രവും ദേശീയവുമായ വാർത്താ ഏജൻസികളുടെ വാർത്തകളെ എങ്ങനെ ഇടതുപക്ഷ പരിപ്രേക്ഷ്യത്തിൽ കാണാമെന്ന് ദിനേനയുള്ള നുവാൻസിങ്ങിലൂടെ (nuancing ) കാണിച്ചു തന്നപ്പോൾ  മുതിർന്ന ചങ്ങാതിമാരായി മാറിയ കെ എം അബ്ബാസ്, കെ വി കുഞ്ഞിരാമൻ, പി പി അബൂബക്കർ, എ എൻ രവീന്ദ്രദാസ്,  യു സി ബാലകൃഷ്ണൻ എന്നിവർ ദൈനംദിന ഫീൽഡ് റിപ്പോർട്ടിങ്‌ മുതൽ സ്പോർട്സ് റിപ്പോർട്ടിങ് വരെയും ഡെസ്കിൽ പരിപാലിക്കേണ്ട സമയബന്ധിത പ്രവർത്തനത്തെപ്പറ്റിയും പഠിപ്പിച്ചു. പ്രാഥമിക ഘട്ടത്തിലെ ഈ പഠനത്തിലൂടെ സാധ്യമാക്കിയത് ഒരു ബഹുമുഖ മാധ്യമപ്രവർത്തന ആഭിമുഖ്യമായിരുന്നു. രാഷ്ട്രീയംമുതൽ സാർവ-ദേശീയ  വിഷയങ്ങളും സിനിമയും സ്പോർട്സും കലയും നാട്യവും നാടകവുമൊക്കെ സ്പർശിച്ചു പോയ പത്രപ്രവർത്തനം. ആ ദിവസങ്ങളിൽ ഒന്നിലാണ് ആദ്യത്തെ ബൈലൈൻ ലഭിക്കുന്നത്. അറിയപ്പെടുന്ന പത്രപ്രവർത്തക യൂണിയൻ നേതാവും ഡെസ്കിലെ കാര്യങ്ങളെ ലാഘവത്തോടെ കാണുകയും ചെയ്തിരുന്ന മലപ്പുറം പി മൂസയാണ് ആ ബൈലൈൻ തരുന്നത്. കാൺപുരിൽ അടുത്ത ദിവസം തുടങ്ങാനിരുന്ന ഇന്ത്യ–-വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടെസ്റ്റിന്റെ കർട്ടൻ റെയ്സർ ആയിരുന്നു ലേഖനം . “കാൺപുരിൽ കാർപെറ്റ് നിവരുമ്പോൾ''എന്ന തലക്കെട്ടിനു താഴെ മൂസാക്ക ""വെങ്കിടേശ്'' എന്ന് എഴുതി ചേർക്കുന്നത് ഇന്നും കണ്ണിൽ കാണാം. ആദ്യ ബൈലൈനുശേഷം വിവിധങ്ങളായ അസൈൻമെന്റുകൾ വന്നു. കോഴിക്കോട്ടേക്ക് വന്ന  ദേശീയ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്, അന്താരാഷ്ട്ര വിഷയങ്ങൾ, ചലച്ചിത്ര നിരൂപണം, കലാകാരന്മാരും - ചലച്ചിത്രകാരന്മാരുമായുള്ള മുഖാമുഖങ്ങൾ, അങ്ങനെ. അടുത്ത വർഷം ലൊസ് ആഞ്ചലസ്‌ ഒളിമ്പിക്സ് വന്നു. എന്റെ ബാച്ചിൽത്തന്നെ ദേശാഭിമാനിയിൽ ചേർന്ന രവി വർമയുമായും (വർമ കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞു) ജയനാഥുമായും സി എൽ തോമസ്, സി ഡി ഷാജി എന്നിവരുമായും ചേർന്ന് ഒളിമ്പിക്സ് കവറേജ് പരിപാടികൾ മുന്നോട്ടു നീക്കി. സ്പോർട്സ് വിഷയങ്ങൾ ഞങ്ങളുടെ ബാച്ചിനു മുമ്പേ കൈകാര്യം ചെയ്തിരുന്ന എ എൻ രവീന്ദ്രദാസ്, യു സി ബാലകൃഷ്ണൻ എന്നിവർ വഴികാട്ടികളായി. ഫോട്ടോഗ്രാഫർ രവികുമാർ അത്ഭുകരമായ പടങ്ങൾ എൻസൈക്ലോപീഡിയകളിൽനിന്നും സ്പോർട്സ് മാഗസിനുകളിൽനിന്നും ടെലിവിഷനിൽനിന്നുപോലും പകർത്തി ദേശാഭിമാനിയുടെ കവറേജിന്‌ മാറ്റുകൂട്ടി. പുതിയ കാര്യങ്ങൾ ദിനേന പഠിച്ചും സ്വന്തം ക്രിയാത്മകത പല രൂപങ്ങളിൽ പൊലിപ്പിച്ചും ആ ഒളിമ്പിക്സ് കവറേജ് കടന്നുപോയി. അത് കഴിഞ്ഞയുടൻ എന്നെ റിപ്പോർട്ടിങ്ങിലേക്ക് മാറ്റി. പുതുതായി രൂപീകരിച്ച കാസർകോട്‌ ജില്ലയിൽ ബ്യൂറോ സ്ഥാപിക്കാനുള്ള ഉത്തരവാദിത്വം നൽകിയത് അബ്ദുക്കയുടെ സ്പെഷ്യൽ റെക്കമെന്റേഷനിൽ. ഫീൽഡ് റിപ്പോർട്ടിങ്ങിൽ പുതിയ തലങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾക്കും അന്വേഷണാത്മക പത്രപ്രവർത്തന ഉദ്യമങ്ങൾക്കും വഴിമരുന്നിട്ടു ആ കാലം. പത്ത് മാസമേ അവിടെ ഉണ്ടായിരുന്നുള്ളൂവെങ്കിലും ആയുഷ്കാലം മുഴുവൻ നീണ്ടുനിന്ന സൗഹൃദങ്ങൾ കാസർകോടുനിന്ന് ഉണ്ടായി. ആ സൗഹൃദങ്ങൾകൂടിവഴി ദേലംപാടിയിലെ അടിമവേലയും കടൽ തിന്നുന്ന ദ്വീപ് ഗ്രാമവും ബന്തടുക്കയിലെ കാട്ടുകൊള്ളയുമൊക്കെ വാർത്തകളായി. ഈ അനുഭവങ്ങളുടെ തുടർച്ചയെന്നോണം കർണാടകത്തിൽ തെരഞ്ഞെടുപ്പ് കവർ ചെയ്യാനും പിന്നീട് ഡൽഹി ബ്യൂറോയിലേക്കും അയക്കപ്പെട്ടു. ദേശാഭിമാനിയിൽ ചേർന്ന് രണ്ടു വർഷം തികയുന്നതിനു മുമ്പായിരുന്നു അത്. ഇരുപത്തിരണ്ടു വയസ്സ്‌ തികയുംമുമ്പ്‌ സംഭവിച്ച ഈ സ്ഥല- ലാവണ മാറ്റങ്ങൾ അക്ഷരാർഥത്തിൽ പുതിയ ലോകത്തിലേക്കാണ് വഴിതുറന്നത്. പാർലമെന്റ്  കവറേജും ദേശീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും പുതിയ അനുഭവപാഠങ്ങളായി. ചരൺസിങ്ങിനെയും ജഗജീവൻറാമിനെയും ഭൂട്ടാസിങ്ങിനെയുമൊക്കെ കാണാൻ പോകുമ്പോൾ, ഡൽഹിയുടെ സമ്പന്നമായ സാംസ്കാരിക പരിപാടികൾ കവർ ചെയ്യുമ്പോൾ, സിഖ് വിരുദ്ധ കലാപത്തിൽ ജീവൻ  നഷ്ടപ്പെട്ടവരുടെ ബന്ധുക്കളെ കണ്ട്‌ അഭിമുഖമെടുക്കുമ്പോഴൊക്കെ ദേശാഭിമാനിയുടെ മുൻ ഡൽഹി പ്രതിനിധികളായ നരിക്കുട്ടി മോഹനനും അപ്പുക്കുട്ടൻ വള്ളിക്കുന്നും പ്രഭാവർമയും പത്രത്തിനും കേരളത്തിലെ വായാനാലോകത്തിനും സാമൂഹ്യജീവിതത്തിനും നൽകിയ സംഭാവനകൾ വീണ്ടും വീണ്ടും ശ്രദ്ധയിലേക്ക് ഉയർത്തപ്പെട്ടു.  പക്ഷേ, ഡൽഹി ജീവിതത്തിലെ ഏറ്റവും വലിയ പാഠ്യ ബോണസ് ദേശാഭിമാനിയിൽ ചേർന്ന ദിവസം ആദ്യത്തെ ക്ലാസ് എടുത്ത കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ന്റെ അക്കാലത്തെ ജനറൽ സെക്രട്ടറി ഇ എം എസുമായുള്ള നിരന്തരമായ ഇടപഴകലായിരുന്നു. ഇ എം എസ് ഡൽഹിയിൽ ഉള്ളപ്പോൾ എഴുതുന്ന എല്ലാ മലയാളം ലേഖനങ്ങളും കേട്ടെഴുതുക ദേശാഭിമാനി സ്റ്റാഫ് ആയിരുന്നു. അക്കാലത്ത്‌ ഡൽഹി ബ്യൂറോയിലുണ്ടായത് ടെലിപ്രിന്റർ ഓപ്പറേറ്റർ വാസുദേവനും ബ്യൂറോ ചീഫ് പ്രഭാവർമയും ഞാനും ആയിരുന്നു. ദേശാഭിമാനിയിൽനിന്നും ഇ എം എസിനെപ്പോലുള്ള നേതാക്കന്മാരിൽനിന്നും സ്വായത്തമാക്കിക്കൊണ്ടിരുന്ന അറിവുകൾക്ക് ഇടയിലും പോരാ, പോരാ എന്നു പറഞ്ഞുകൊണ്ടിരുന്ന, കാൾ മാർക്സ് പറഞ്ഞതുപോലെ എല്ലാത്തിനെയും ചോദ്യം ചെയ്യാൻ വെമ്പുന്ന ഒരു ജിഞ്ചർ ഗ്രൂപ്പ് അക്കാലത്തെ ഞങ്ങളുടെ ദേശാഭിമാനി ബാച്ചിൽ ഉണ്ടായിരുന്നു. അതിലെ പ്രധാന അംഗങ്ങളായിരുന്നു ഞാനും സി എൽ തോമസും ഈയിടെ അന്തരിച്ച രവി വർമയും. പത്രത്തിന്റെ ഗുണപരമായ അംശങ്ങൾ, പ്രത്യേകിച്ചും സാർവദേശീയ രംഗം, എഡിറ്റ് പേജ്, ഓപ്പ്‍- എഡ് പേജ്, സ്പോർട്സ് തുടങ്ങിയ മേഖലകൾ  നിലനിർത്തിക്കൊണ്ട് പ്രാദേശികതലത്തിൽ   ഏകപക്ഷീയമായ ചില വിഷയങ്ങളുടെയും അമിതമായ വ്യക്തിപരമായ കവറേജും കുറയ്ക്കണം എന്നതായിരുന്നു ഞങ്ങളുടെ ഒരു ആവശ്യം. പ്രാദേശിക വിഷയങ്ങളുടെ കവറേജിൽ കൂടുതൽ വസ്തുനിഷ്ഠതയും ഞങ്ങൾ നിർദേശിച്ചു. അതിലെ  നിർദേശങ്ങൾക്ക് സമാനമായ കാര്യങ്ങൾ ഏറിയും കുറഞ്ഞുമുള്ള രീതിയിൽ ഇക്കാലത്ത് ദേശാഭിമാനിയിൽ നടപ്പാക്കപ്പെടുന്നുണ്ടെന്ന് കാണുന്നു. ഒരു തരത്തിൽ ചാരിതാർഥ്യം നൽകുന്നു ഈ നടപടികൾ. ഇത്തരം പരിഷ്കരണങ്ങളുടെ  ഏറ്റക്കുറച്ചിൽ എന്തുതന്നെയായാലും ഒരു കാര്യത്തിൽ സംശയമില്ല. ഇടതുപക്ഷ രാഷ്ട്രീയത്തോടും പാർടിയോടും ബന്ധമുള്ള പത്രങ്ങളിലും മാധ്യമങ്ങളിലും പ്രവർത്തിക്കുന്നവർക്കും ഈ ധാരയുമായി ബന്ധമില്ലാത്ത മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർക്കും ഒരു മാധ്യമവുമായും ബന്ധപ്പെട്ട് പ്രവർത്തിക്കാത്ത സാധാരണക്കാരിൽ സാധാരണക്കാർക്കും സവിശേഷമായ അറിവുകളുടെ കളരിതന്നെയാണ് ദേശാഭിമാനി. (മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ  ‘എയ്‌ഡം’ ന്യൂസ്‌പോർട്ടലിന്റെ ചെയർമാനും മാനേജിങ്‌ എഡിറ്ററുമാണ്‌) Read on deshabhimani.com

Related News