മലയാളികൾക്ക് പ്രിയങ്കരനായ അറബ് നേതാവ്



മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികൾക്ക് മറക്കാനാകാത്ത നേതാവാണ് അന്തരിച്ച യുഎഇ പ്രസിഡന്റ്‌ ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്‍. പിതാവായ ഷെയ്‌ഖ്‌ ‌ സായ്ദിന്റെ പാത പിന്തുടർന്ന് യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഊഷ്മളവും ദൃഢവുമായി തുടരാൻ അദ്ദേഹം പരിശ്രമിച്ചു. ലക്ഷക്കണക്കിനു മലയാളികൾ തൊഴിലെടുത്ത് ജീവിക്കുന്ന രാജ്യമാണ് യുഎഇ. 1948 സെപ്തംബർ ഏഴിന് അൽഐനിലാണ് ഷെയ്ഖ് ഖലീഫയുടെ ജനനം. 2004ൽ പിതാവ് ഷെയ്ഖ്  സായിദിന്റെ മരണശേഷമാണ് പ്രസിഡന്റുപദവി ഏറ്റെടുത്തത്. ലോക രാജ്യങ്ങളിൽ പലതും സാമ്പത്തിക പ്രതിസന്ധികളിൽ ഉലഞ്ഞപ്പോഴും ശക്തമായി മുന്നേറിയ രാജ്യമാണ് യുഎഇ. ഷെയ്ഖ് ഖലീഫ ഉൾപ്പെടെയുള്ള യുഎഇ ഭരണനേതൃത്വം അസാധാരണ വെെഭവത്തോടെ മണലാരണ്യത്തിലെ ഈ രാജ്യത്തെ ക്ഷേമഐശ്വര്യങ്ങളിലേക്ക് നയിച്ചു.   ലോകത്തെ പല രാജ്യത്തും തൊഴിലെടുത്തു ജീവിക്കുന്നവരാണ് ഇന്ത്യക്കാർ. 1971 ഡിസംബർ രണ്ടിന് യുണെെറ്റഡ് അറബ് എമിറേറ്റ്സ് രൂപീകരിക്കുന്നതിനുമുമ്പ് ദുബായ്, അബുദാബി തുടങ്ങിയ പ്രവിശ്യകളിൽ മലയാളികൾ എത്തിപ്പെട്ടിരുന്നു. അനധികൃതമായി ലോഞ്ചുകളിലും പത്തേമാരികളിലും എത്തിയ മലയാളികളെ സ്നേഹനിർഭരമായി വരവേറ്റവരാണ് അറബികൾ.  മറ്റു ചില രാജ്യങ്ങൾ സ്വദേശിവൽക്കരണത്തിന്റെ പേരിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ പിരിച്ചുവിട്ടപ്പോഴും യുഎഇ കൂടുതൽ അവസരം നൽകുകയാണ് ചെയ്തത്. ഷെയ്ഖ്  ഖലീഫ പിതാവിനെപ്പോലെ തന്നെ മലയാളികളെ സ്നേഹിച്ചു. പ്രത്യേകമായി പരിഗണിച്ചു. അബുദാബിയിലെ ഷെയ്ഖ് ഖലീഫയുടെ കൊട്ടാരത്തിൽ ധാരാളം മലയാളികൾ ജോലി ചെയ്യുന്നുണ്ട്. രാഷ്ട്രനേതാവിന്റെ കൊട്ടാരത്തിൽ വിശേഷാവസരങ്ങളിൽ മലയാളി സഹോദരന്മാരെ ചേർത്തുനിർത്തുക പതിവായിരുന്നു. മറ്റൊരു രാജ്യത്തെ പൗരന്മാരാണെന്ന വേർതിരിവില്ലാതെ കുടുംബത്തെപ്പോലെ കരുതി അവർക്ക് വേണ്ട സഹായം നൽകിയ നേതാവിനെ എങ്ങനെയാണ് മറക്കാനാകുക.  വലിയൊരു നഷ്ടമാണ് ഷെയ്ഖ്  ഖലീഫയുടെ നിര്യാണം മലയാളികൾക്ക്‌ ഉണ്ടാക്കിയിട്ടുള്ളത്. എല്ലാ മലയാളികളുടെ പേരിലും കേരള പ്രവാസി സംഘത്തിന്റെയും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. (കേരള പ്രവാസി സംഘം സംസ്ഥാന 
ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍) Read on deshabhimani.com

Related News