സുഹാസിനി: ചുവന്നപാതയിലെ ആദ്യപഥിക



ഇന്ത്യയിൽ കമ്യൂണിസ്‌ററ്‌ പാർടിയിൽ അംഗമാകുന്ന ആദ്യ വനിതയാണ്‌ സുഹാസിനി ചതോപാധ്യായ. ഏറെയൊന്നും എഴുതപ്പെട്ടിട്ടില്ലാത്ത അവരുടെ രാഷ്‌ട്രീയ ജീവിതത്തെപ്പറ്റി. 1936 നവംബർ 17ന്‌ ബോംബെ സബർബൻ ജില്ലാ മജിസ്‌ട്രേറ്റ്‌ ‘കോൺഫിഡൻഷ്യൽ’ എന്ന്‌ രേഖപ്പെടുത്തി ഒരു കുറിപ്പ്‌ തയ്യാറാക്കി. ഷാങ്‌ മേരി ലൂയിസ്‌ നോളിൻ എന്ന ഫ്രഞ്ചുകാരിക്ക്‌ വിസ കൊടുക്കരുത്‌ എന്നാണ്‌ കുറിപ്പിലെ നിർദേശം. ഹരീന്ദ്രനാഥ്‌ ചതോപാധ്യായ ആണ്‌ അവരെ ക്ഷണിച്ചിരിക്കുന്നതെന്നും  ഒരു നൃത്തനാടക ഗ്രൂപ്പുണ്ടാക്കാനാണ്‌ അദ്ദേഹത്തിന്റെ ശ്രമമെന്നും മജിസ്‌ട്രേട്ട്‌ പറയുന്നുണ്ട്‌.  ‘‘ഈ പരിശ്രമത്തിൽ  ഹരീന്ദ്രനാഥിന്റെ സഹോദരി സുഹാസിനി  നമ്പ്യാർ അദ്ദേഹത്തെ സഹായിക്കുന്നുണ്ട്‌.’’ എന്നുകൂടി  രേഖയിൽ വായിക്കാം. പക്ഷേ  സുഹാസിനിയുടെ പേര്‌ വെറുതെ എഴുതിപ്പോകുകയല്ല.  ആ പേരിനുശേഷം ബ്രാക്കറ്റിൽ അവരെ പരിചയപ്പെടുത്തുന്ന ഒരു വാചകം കൂടി മജിസ്‌ട്രേറ്റ്‌ എഴുതിച്ചേർക്കുന്നുണ്ട്‌;  അതിങ്ങനെയാണ്‌: ‘‘കുപ്രസിദ്ധയായ കമ്യൂണിസ്‌റ്റ്‌ " ബ്രിട്ടീഷ്‌ ഭരണം 1936 ൽ ‘അത്യാപൽക്കാരി’യായി കണ്ട ആ  സ്‌ത്രീയുടെ പേര്‌  മീററ്റ്‌ ഗൂഢാലോചന കേസിലെ  വിധിപ്പകർപ്പിൽ ഇരുപതിലേറെ തവണ കാണാം.   ബ്രിട്ടീഷ്‌ രാജ്‌ഞിയുടെ പരമാധികാരം അട്ടിമറിക്കാൻ ശ്രമിച്ചെന്ന്‌ ആരോപിച്ച്‌ കമ്യൂണിസ്‌റ്റുകാർക്കെതിരെ 1930 കളിൽ ചുമത്തപ്പെട്ട കേസുകളിലൊന്നായിരുന്നല്ലോ  അത്‌.  കേസിലെ പ്രതിയും മുതിർന്ന കമ്യൂണിസ്‌റ്റ്‌ നേതാവുമായ അമീർ ഹൈദർ ഖാനെ മദ്രാസിൽ ഒളിവിൽ കഴിയാൻ സഹായിച്ചയാളായും  സുഹാസിനി ഉണ്ട്‌. നക്‌സലൈറ്റ്‌ നേതാവ്‌ മന്ദാകിനി  നാരായണന്റെ സ്‌മരണകളിലും സുഹാസിനി കടന്നുവരുന്നു.  ബോംബേയിലെ ന്യൂ ഏരാ സ്‌കൂളിൽ പ്രസംഗിക്കാനെത്തി കുട്ടികളെ ആവേശം കൊള്ളിച്ച കമ്യുണിസ്‌റ്റ്‌ നേതാവായാണ്‌ അവർ സുഹാസിനിയെ ഓർത്തെടുക്കുന്നത്‌. ക്യാപ്‌റ്റൻ ലക്ഷ്‌മിയുടെ  ഓർമ്മയിൽ,  മദിരാശിയിലെ അവരുടെ വീട്ടിൽ  താമസിച്ച്‌ കമ്യുണിസ്‌റ്റ്‌ ഇന്റർനാഷണൽ പാടിക്കേൾപ്പിച്ച്‌ ആവേശം കൊള്ളിച്ച സുഹൃത്താണ്‌  സുഹാസിനി. ആരായിരുന്നു ഈ സുഹാസിനി നമ്പ്യാർ? ഇന്ത്യയിൽ കമ്യൂണിസ്‌ററ്‌ പാർടിയിൽ അംഗമാകുന്ന ആദ്യ വനിത എന്ന്‌ ഒറ്റ വാചകത്തിൽ പറയാം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാപ്രസിഡന്റും കവിയും ഇന്ത്യയുടെ വാനമ്പാടിയുമായിരുന്ന സരോജിനി നായിഡുവിന്റെ ഇളയസഹോദരി കൂടിയായിരുന്നു ചെറുപ്പത്തിലേ വിപ്ലവത്തിൽ  ആകൃഷ്‌ടയായ ഈ കലാപകാരി. 1902ൽ ഹൈദരാബാദിലാണ്‌ സുഹാസിനി  ജനിച്ചത്‌. അച്‌ഛനും അമ്മയും ബംഗാളികളായിരുന്നു. അച്ഛൻ  അഘോരനാഥ് ചതോപാധ്യായ അവിടെ  നൈസാംസ് കോളജ് പ്രിൻസിപ്പലായിരുന്നു. അമ്മ  ബരദ സുന്ദരി ദേവം  കവിയായിരുന്നു. സരോജിനി നായിഡുവും കമ്യൂണിസ്‌റ്റ്‌ നേതാവായി മാറിയ വീരേന്ദ്രനാഥ് ചതോപാധ്യായയും ഹരീന്ദ്രനാഥ്‌ ചതോപാധ്യായയും അടക്കം എട്ടുമക്കളിൽ ഏറ്റവും ഇളയവളായിരുന്നു സുഹാസിനി. അറത്തിൽ കണ്ടേത്ത്‌ നാരായണൻ നമ്പ്യാർ എന്ന എസിഎൻ നമ്പ്യാരെ 1919ൽ പതിനേഴാം വയസ്സിൽ സുഹാസിനി വിവാഹം കഴിച്ചു. വിഖ്യാത മലയാള സാഹിത്യകാരൻ വേങ്ങയിൽ  കുഞ്ഞിരാമൻ നായനാരുടെ മകനായി തലശ്ശേരിയിൽ ജനിച്ച നമ്പ്യാർ അന്ന്‌ മദിരാശിയിൽ അഭിഭാഷകനാണ്‌; സുഹാസിനി നിയമ വിദ്യാർത്ഥിനിയും. വിവാഹത്തെ നമ്പ്യാരുടെ വീട്ടുകാർ എതിർത്തു. ഇരുവരും ലണ്ടനിലേക്ക്‌ പോയി. സുഹാസിനി ഓക്സ്ഫഡിൽ ചേർന്നു പഠനം തുടർന്നു. നമ്പ്യാർ പത്രപ്രവർത്തകനായി ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‌ അനുകൂലമായി ബ്രിട്ടീഷ്‌ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിന്‌ ഇടപെട്ടുകൊണ്ടേയിരുന്നു. പിന്നീട്‌ സുഭാഷ്‌ ചന്ദ്രബോസിന്റെയും ജവഹർ ലാൽ നെഹ്‌റുവിന്റെയും അടുത്ത സുഹൃത്തായി. 1944ൽ ബോസ് രൂപീകരിച്ച പ്രൊവിഷനൽ സർക്കാരിൽ സഹമന്ത്രിയായി. സ്വാതന്ത്ര്യത്തിനുശേഷം ജർമ്മനിയിൽ ഇന്ത്യൻ സ്ഥാനപതിയായും അദ്ദേഹം നിയമിക്കപ്പെട്ടു. ലണ്ടനിൽ നിന്ന്‌ നമ്പ്യാരും സുഹാസിനിയും ബർലിനിലേക്കാണ്‌ പോയത്‌. സഹോദരി സരോജിനി നായിഡുവിന്റെ മകൻ ജയസൂര്യയും അന്ന്‌ അവിടെയുണ്ട്‌. സുഹാസിനി ബർലിൻ സർവകലാശാലയിൽ പഠനവും ജർമൻകാരെ ഇംഗ്ലിഷ് പഠിപ്പിക്കുന്ന ജോലിയുമായി  നീങ്ങി. നമ്പ്യാർ പത്രപ്രവർത്തനവും രാഷ്‌ട്രീയ പ്രവർത്തനവുമായി സജീവമായി. സഹോദരൻ വീരേന്ദ്രനാഥ് ചതോപാധ്യായ(ചട്ടോ)യെ ബെർലിനിലാണ്‌ സുഹാസിനി ആദ്യമായി കാണുന്നത്‌. സുഹാസിനി ജനിക്കുമ്പോഴേക്കും  അദ്ദേഹം നാടുവിട്ടിരുന്നു.  ജർമ്മനിയിൽ ഇന്ത്യൻ വിപ്ലവകാരികളുടെ സംഘം ഉണ്ടാക്കി ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പോരാടുകയായിരുന്ന സഹോദരന്റെ സ്വാധീനത്തിൽ സുഹാസിനി പെട്ടെന്ന്‌ കമ്യൂണിസ്‌റ്റ്‌ ആശയങ്ങളുമായി അടുത്തു.  ചട്ടോയുടെ ഉപദേശത്തിൽ സോവിയറ്റ്‌ യൂണിയനിലേക്ക്‌ പോകാൻ തീരുമാനിച്ചു.  കമ്യൂണിസം പഠിയ്‌ക്കാനായിരുന്നു യാത്ര. ഈസ്റ്റേൺ യൂണിവേഴ്സിറ്റി ഫോർ ഏഷ്യൻ സ്റ്റുഡന്റ്സിൽ ചേർന്നു. പിന്നീട്‌ 1928 ലാണ്‌ സുഹാസിനി ഇന്ത്യയിലേക്ക്‌ തിരിച്ചെത്തുന്നത്‌.  കമ്യൂണിസ്‌റ്റ്‌ ഇന്റനാഷണലിന്റെ നിർദേശപ്രകാരം തന്നെയായിരുന്നു ആ വരവ്‌. കമ്യൂണിസ്‌റ്റ്‌ പാർട്ടി ഒളിവിൽ പ്രവർത്തനം തുടങ്ങിയിരുന്നു. അവർ പാർട്ടി അംഗമായി. 1926ൽ ഭഗത്‌സിംഗ്‌ സ്ഥാപിച്ച  നൗ  ജവാൻ ഭാരത്‌സഭയുടെ പ്രസിഡണ്ടായി 1929 ഡിസംബറിൽ സുഹാസിനി തെരഞ്ഞെടുക്കപ്പെട്ടു. ബോംബെയിൽ തുണിമിൽ തൊഴിലാളി സംഘടനയായ  ഗിരിണി കാംകാർ യൂണിയനിൽ  ബി ടി രണദിവെയ്‌ക്കും എസ്‌ എ ഡാങ്കേയ്‌ക്കുമൊപ്പം ഭാരവാഹിയായി. ഒട്ടേറെ സമരങ്ങളുടെ മുന്നണി പോരാളിയായി. ഈ സമയത്ത്‌ മീററ്റ്‌ ഗൂഢാലോചനക്കേസ്‌ വന്നു. സുഹാസിനി പ്രതിയായിരുന്നില്ല. പക്ഷേ അവരുടെ താമസസ്ഥലം പലവട്ടം റെയ്‌ഡ്‌ ചെയ്യപ്പെട്ടു. പാസ്‌പോർട്ട്‌ പിടിച്ചെടുത്തു. കേസിൽ പ്രതിയാക്കപ്പെട്ട ബ്രിട്ടീഷ്‌ പത്രപ്രവർത്തകൻ എൽ ഹച്ചിൻസൺ ബോംബേ ഖാറിലുള്ള അവരുടെ വീട്ടിലാണ്‌ താമസിച്ചിരുന്നത്‌. ഹച്ചിൻസണും സുഹാസിനിയും ചേർന്ന്‌ ‘ദ് ന്യൂ സ്പാർക്ക്’ എന്ന പേരിൽ ഒരു പ്രസിദ്ധീകരണവും നടത്തിയിരുന്നു.   കമ്യൂണിസ്‌റ്റുകാർ ഇന്ത്യയിലും വിദേശത്തുമായി നടത്തിയ ഗുഢാലോചനയിൽ ആശയവിനിമയത്തിന്‌ നിരന്തരം സഹായം നൽകിയ  കമ്യൂണിസ്‌റ്റായാണ്‌ സുഹാസിനിയെ കേസ്‌ രേഖകളിൽ വിവരിക്കുന്നത്‌. സുഹാസിനിയുടെ സഹോദരി മൃണാളിനി അന്ന്‌ ബോംബേയിൽ ഒരു സ്‌കൂൾ പ്രിൻസിപ്പലാണ്‌. ഇവരുടെ പേരിൽ വരുന്ന കവറുകളിൽ സുഹാസിനിക്കുള്ള പല കത്തുകളും ഒളിച്ചെത്തിയിരുന്നു.  ഈ രഹസ്യരേഖകൾ കമ്യൂണിസ്‌റ്റ്‌ നേതാക്കൾക്ക്‌ എത്തിച്ചിരുന്നത്‌ സുഹാസിനിയാണെന്ന്‌  ബ്രിട്ടീഷ്‌ സർക്കാർ കണ്ടെത്തി.  ഇതിനിടെ പാർട്ടിയ്‌ക്കായുള്ള കലാ പ്രവർത്തനത്തിലും നടിയും നർത്തകിയും കൂടിയായിരുന്ന അവർ സജീവമായി. ഈ ഘട്ടത്തിലാണ്‌ ‘കുപ്രസിദ്ധയായ കമ്യൂണിസ്‌റ്റ്‌’ എന്ന വിശേഷണം ബ്രിട്ടീഷ്‌ പൊലീസ്‌ അവർക്ക്‌ നൽകിയത്‌. എ സി എൻ നമ്പ്യാർ ഈ കാലയളവിൽ ബെർലിനിൽ തന്നെയായിരുന്നു. അവർ തമ്മിൽ ആറുവർഷം എഴുത്തുകളും കൈമാറിയിരുന്നു. പക്ഷേ ആ ബന്ധം തകർന്നു. ബർലിനിൽ ഒപ്പം പ്രവർത്തിച്ചിരുന്ന ജർമൻകാരിയെ വിവാഹം ചെയ്യുകയാണെന്ന്‌  നമ്പ്യാർ സുഹാസിനിയെ അറിയിച്ചു. അവർ മാനസികമായി തകർന്നു. കമ്യൂണിസ്‌റ്റും കവിയും തൊഴിലാളി നേതാവുമായ ആർ എം ജംഭേക്കറെ പിന്നീട്‌ 1938ൽ സുഹാസിനി വിവാഹം ചെയ്തു. അവർ ഒരുമിച്ച്‌ ബോംബെയിൽ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി. നാൽപ്പതുകളിൽ ഫ്രണ്ട്‌സ്‌ ഓഫ്‌ സോവിയറ്റ്‌ യൂണിയൻ (എഫ്‌എസ്‌യു) എന്ന സംഘടനയുടെ രൂപീകരണത്തിൽ സുഹാസിനി ഹിരൺ മുഖർജിക്കും മറ്റുമൊപ്പം സജീവ പങ്കുവഹിച്ചു. 1947 ൽ സോവിയറ്റ്‌ യൂണിയനിലും മറ്റ്‌ കിഴക്കൻ യുറോപ്യൻ രാജ്യങ്ങളിലും ജംഭേക്കർക്കൊപ്പം പര്യടനത്തിനായി പോയ അവർ 1951 ലാണ്‌ തിരിച്ചെത്തുന്നത്‌. അവർ അപ്പോഴേക്കും കമ്യൂണിസ്‌റ്റ്‌ പാർട്ടിയിൽ പലതും സംഭവിച്ചിരുന്നു. കൽക്കത്താ തീസിസും അതിനു തിരുത്തും വന്നു കഴിഞ്ഞിരുന്നു. എഫ്‌എസ്‌യുവിൽ അവർ ചില സംഘടനാപ്രശ്‌നങ്ങൾ നേരിട്ടു. ക്രമേണ സജീവ പ്രവർത്തനത്തിൽ നിന്ന്‌ പിൻവലിഞ്ഞു. കടുത്ത വാതരോഗം അവരെ വീൽചെയറിലാക്കി. അതിനിടയിലും സ്‌ത്രീകൾക്കായി ഒരു കരകൗശല പരിശീലന സ്ഥാപനം അവർ നടത്തിയിരുന്നു. 1973 നവംബർ 26 ന്‌ സുഹാസിനി അന്തരിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ ആദ്യഘട്ടം മുതൽ സ്‌ത്രീകൾ സജീവമായിരുന്നു. കമ്യൂണിസ്‌റ്റ്‌ പാർട്ടി രൂപപ്പെട്ടതോടെ തൊഴിലാളി യൂണിയൻ രംഗത്തും വനിതകൾ ഇടപെട്ടു. 1925 ൽ കമ്യൂണിസ്‌റ്റ്‌ പാർട്ടി ഘടകം കാൺപൂരിൽ  രൂപം കൊള്ളുമ്പോൾ സ്‌ത്രീകൾ നേതൃനിരയിൽ ഉണ്ടായിരുന്നില്ല. (താഷ്‌കെന്റിൽ കമ്യൂണിസ്‌റ്റ്‌  പാർട്ടിയുടെ ഇന്ത്യൻ ഘടകം 1920 ൽ രൂപീകരിക്കുമ്പോൾ അതിൽ രണ്ടു സ്‌ത്രീകൾ ഉണ്ടായിരുന്നെങ്കിലും രണ്ടുപേരും ഇന്ത്യക്കാരായിരുന്നില്ല. എവ്‌ലിൻ ട്രെന്റ്‌ (Evelyn Trent), അമേരിക്കക്കാരിയും റോസ ഫിറ്റിംഗോവ്‌  (Rosa Fitingov) റഷ്യക്കാരിയുമായിരുന്നു. എന്നാൽ വിപ്ലവ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായിരുന്ന ഒട്ടേറെ സ്‌ത്രീകൾ പിന്നീട്‌ പാർട്ടിയിലെത്തി. വിദേശത്തു നിന്നുതന്നെ കമ്യുണിസ്‌റ്റായി നാട്ടിലെത്തിയ സുഹാസിനി അവർക്കും മുമ്പെ  പാർട്ടി അംഗമായി. തുടർന്ന്‌ തീവ്രവിപ്ലവ പ്രവർത്തനങ്ങളിൽ  നിന്ന്‌ കൽപ്പന ദത്ത്‌, ശാന്തി  ഘോഷ്‌, സുനീതി ചൗധരി, ബിനാ ദാസ്‌ തുടങ്ങി ഒരു വലിയനിര പാർട്ടിയിലെത്തി.  മഹിളാ സംഘങ്ങൾ രൂപപ്പെട്ടുതുടങ്ങി. ആ കണ്ണിയിലെ ഏറ്റവും ശക്തമായ മഹിളാപ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ സമ്മേളനത്തിനാണ്‌  തിരുവനന്തപുരത്ത്‌ ജനുവരി ആറിന്‌ തുടക്കമാകുന്നത്‌. Read on deshabhimani.com

Related News