മുന്നേറാം, 
നവ കായികകേരളത്തിലേക്ക്‌ - ഡോ. പി ടി അജീഷ് എഴുതുന്നു



കായികമേഖലയിലെ എല്ലാതരത്തിലുമുള്ള അവസരങ്ങളും സാധ്യതകളും നാനാവിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്ന  വികേന്ദ്രീകൃത രീതിയാണ്  കേരളത്തിൽ ഇടതുപക്ഷ സർക്കാരുകൾ നടപ്പാക്കി വരുന്നത്. സമൂഹത്തിലെ എല്ലായിടങ്ങളിലും കായിക അവസരങ്ങളുടെ വേരോട്ടം പ്രോത്സാഹിപ്പിക്കുകയാണ് യഥാർഥത്തിൽ ലക്ഷ്യമിടുന്നത്. അത്തരത്തിൽ വിജയകരമായ കായികവികസനം പ്രാവർത്തികമാക്കുമ്പോൾ മാത്രമാണ് പ്രതിഫല രൂപേണയുള്ള  കായിക നേട്ടങ്ങൾ ഉണ്ടായിവരുന്നത്. മതനിരപേക്ഷതയ്ക്കും ജനാധിപത്യബോധത്തിനും അടിത്തറയുള്ള കേരളത്തിൽ കായിക അടിത്തറ രൂപപ്പെടുത്തിയെടുക്കാൻ ആവശ്യമായ ശക്തമായ ഇടപെടലുകൾ സജീവമായി നടന്നുവരുന്നുണ്ട്‌. മാനുഷിക വികസനം, സമാധാനം എന്നീ കാര്യങ്ങളിൽ  ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന മേഖലയാണ്‌  കായികരംഗം. സാമൂഹ്യബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സുസ്ഥിരവികസനം പ്രോത്സാഹിപ്പിക്കുന്നതിനും വ്യക്തികൾ തമ്മിലുള്ള ഐക്യദാർഢ്യവും ആദരവും പ്രകടിപ്പിക്കുന്നതിനും കായികരംഗത്തെ നിരവധി അവസരങ്ങൾ   നാം  പ്രയോജനപ്പെടുത്തുന്നുണ്ട്‌. കായികരംഗത്തു മാത്രമല്ല സമസ്ത മേഖലകളിലും സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നിലവിൽ നടപ്പാക്കുന്നത്. കേരളത്തിലെ കായികമേഖലയുടെ ആന്തരഘടനയിലെ വിപ്ലവകരമായ വികാസത്തിലൂടെ നവകായിക കേരളസൃഷ്ടിയിലേക്ക് ക്രമേണ എത്തിച്ചേരുകയാണ്‌ നമ്മൾ. പൊതു കായിക ഇടങ്ങൾ കായിക സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം പൊതുവെ നഗരകേന്ദ്രീകൃതമായാണ് സ്ഥിതിചെയ്യുന്നത്. ഇത് ഗ്രാമീണമേഖലയിലെ പ്രതിഭാധനരായ കായികതാരങ്ങൾക്ക് യഥാവിധം കായിക പരിശീലനത്തിന് ഉപയോഗിക്കുന്ന രീതിയിൽ  പ്രയോജനപ്പെട്ടിരുന്നില്ല. ഈ സ്ഥിതിക്കാണ് ഇന്ന് മാറ്റം ഉണ്ടായത്. കേരളത്തിലെ ഗ്രാമീണ പ്രദേശങ്ങൾ ഉൾപ്പെടുന്ന എല്ലാ മേഖലകളിലുമുള്ള പഞ്ചായത്തുകളിലും നിലവാരമുള്ള ഒരു കായികസംവിധാനം ഒരുക്കാൻ ലക്ഷ്യമിട്ടാണ്‌  ‘ഒരു പഞ്ചായത്ത് ഒരു കളിക്കളം' പദ്ധതി നടപ്പാക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും  കായിക ശേഷികൾ പ്രകടിപ്പിക്കാനുള്ള ഇടമായി ഇത്തരം പൊതുവേദികളെ ഉപയോഗപ്പെടുത്താനാകുന്നു എന്നതാണ്   പദ്ധതിയുടെ സവിശേഷത. ഓരോ പഞ്ചായത്തിലും പ്രാദേശികമായി പ്രചാരമുള്ള കായിക ഇനങ്ങളുമായി ബന്ധപ്പെട്ട സ്റ്റേഡിയങ്ങളാണ് കൂടുതലായി നിർമിക്കുന്നത്‌. ഇതിലൂടെ  യഥാർഥ കായികപ്രതിഭകളെ കണ്ടെത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കഴിയും. ആരോഗ്യപരിപാലനത്തിന്റെ ഭാഗമായി എല്ലാ വിഭാഗം പൊതുജനങ്ങൾക്കും  പ്രത്യേക നടപ്പാതകൾ, ഓപ്പൺ ജിംനേഷ്യം തുടങ്ങി മറ്റ് അത്യന്താധുനിക സംവിധാനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. ജനങ്ങളുടെ പ്രാദേശികമായ ഒത്തുചേരലിനും സാമൂഹ്യപങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള പൊതുവേദിയായി ഈ കളിക്കളങ്ങൾ മാറും. മൈതാനങ്ങളുടെ പരിപാലനത്തിനും  സംരക്ഷണത്തിനും നടത്തിപ്പിനും അറ്റകുറ്റപ്പണിക്കുമായി പ്രാദേശികതലത്തിൽത്തന്നെ പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കും. ഈ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ തുടർ പ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത് ആ ഗ്രാമത്തിന്റെ തനത് സ്വത്തായി ഈ കായിക ഇടത്തെ നിലനിർത്തുന്ന ഒരു രീതികൂടിയാണ്‌ അവലംബിക്കുന്നത്‌. കായിക ഭവൻ 
യാഥാർഥ്യമാകുമ്പോൾ സംസ്ഥാനത്തെ കായികമേഖലയിലെ പ്രവർത്തനങ്ങളെല്ലാം ഒരു കുടക്കീഴിൽ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനുവേണ്ടി സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന കായിക ഭവൻ യാഥാർഥ്യമാകുകയാണ്‌. കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ, കായിക യുവജന കാര്യാലയം എന്നീ പ്രധാനപ്പെട്ട സ്ഥാപനങ്ങൾ മുഖേന നിലവിൽ നടപ്പാക്കുന്ന സർക്കാരിന്റെ കായിക നയരൂപീകരണ പ്രവർത്തനങ്ങൾ കൃത്യമായ ഏകോപനത്തോടുകൂടി നിർവഹിക്കാൻ കായികഭവൻ രൂപീകരണത്തിലൂടെ  കഴിയും. ഏകീകൃത മേൽനോട്ട സംവിധാനം നടപ്പാക്കാനും കേരള കായികമേഖലയിലെ മനുഷ്യവിഭവശേഷിയെ ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താനും കായിക ഭവനിലൂടെ സാധിക്കും. കായികക്ഷമതാ മിഷൻ കേരള സംസ്ഥാന സാക്ഷരതാ മിഷൻ മാതൃകയിൽ ‘കായിക സാക്ഷരത' എന്ന ആശയം സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് കായിക ക്ഷമതാ മിഷൻ രൂപീകരണത്തിലൂടെ ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശഭരണം, കായികം എന്നീ വകുപ്പുകളുടെ പൂർണ ഏകോപനം ഈ പദ്ധതിയുടെ നടത്തിപ്പിന് അനിവാര്യമാണ്. പ്രീപ്രൈമറിതലംമുതൽ നാലാം ക്ലാസ് വരെയും അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയും തുടർന്ന് ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളെയും യുവജന, തൊഴിൽരംഗത്ത് പ്രവർത്തിക്കുന്നവരെയും മുതിർന്ന പൗരന്മാരെയും ഉൾപ്പെടുത്തിയുള്ള ബൃഹത്തായ പദ്ധതിയാണ് കായികമിഷൻ. കായികനയത്തിൽ 
പ്രതീക്ഷയോടെ   ‘എല്ലാവർക്കും സ്പോർട്സ് എല്ലാവർക്കും ആരോഗ്യം' എന്ന വലിയ ലക്ഷ്യം സാക്ഷാൽക്കരിക്കത്തക്ക രീതിയിലുള്ള പ്രവർത്തനങ്ങളാണ് കായികനയം രൂപപ്പെടുത്തിയതിലൂടെ  ലക്ഷ്യമിടുന്നത്. കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുന്നതോടൊപ്പംതന്നെ സമഗ്രമായ കായികവികസനവും ഇതിലൂടെ സാധ്യമാകുന്നു. കേരളത്തിലെ പ്രാദേശിക ഇടങ്ങളിൽനിന്ന്‌ മികച്ച പ്രതിഭകളെ വിവിധ പ്രതിഭാ നിർണയ സംവിധാനങ്ങളുടെ സഹായത്താൽ കണ്ടെത്തുക, പ്രോത്സാഹിപ്പിക്കുക, പരിപോഷിപ്പിക്കുക എന്നിവയ്ക്കാണ് പ്രാഥമികമായും മുൻതൂക്കം നൽകുന്നത്. ഇതിനായി ഏറ്റവും അത്യന്താധുനികമായ സ്പോർട്സ് സയൻസ് സംവിധാനങ്ങളുടെ സാധ്യതയും പ്രയോജനപ്പെടുത്താൻ ലക്ഷ്യമിടുന്നു. അടിസ്ഥാന കായിക വിദ്യാഭ്യാസത്തിന്റെ വ്യാപനം കൂടുതൽ ശക്തമാക്കി കായിക അടിത്തറ വിപുലമാക്കുകയും ചെയ്യും. കേരളത്തിന്റെ സമ്പദ്‌‌വ്യവസ്ഥയിൽ കായികമേഖലയുടെ സംഭാവന നാലു ശതമാനംവരെ ആക്കാനും വലിയ തോതിലുള്ള തൊഴിലവസരങ്ങൾ ലഭ്യമാകുന്ന ഒരു രംഗമായി കായിക മേഖലയെ വളർത്തുന്നതിനും ലക്ഷ്യമിടുന്നു. സ്പോർട്സ് പെർഫോമൻസ് ഓഡിറ്റ് സംസ്ഥാനത്തെ കായികവകുപ്പിനു കീഴിലുള്ള വിവിധ കായിക ഏജൻസികളുടെ മേൽനോട്ടത്തിൽ അടിസ്ഥാന കായിക വികസനത്തിനും പ്രകടനാത്മക സ്പോർട്സിനും വേണ്ടിയുള്ള നിരവധി പദ്ധതികളാണ് നടന്നുവരുന്നത്. ഈ പദ്ധതികൾക്കായി സംസ്ഥാന ബജറ്റിനുപുറമെ കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി സഹായത്തോടുകൂടിയും കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്  നടപ്പാക്കിയിട്ടുള്ളത്. ഇത്തരം പദ്ധതികളുടെ  ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ടോ എന്നുള്ളത് ശാസ്‌ത്രീയമായി വിലയിരുത്തേണ്ടതുണ്ട്. ഇതേ പ്രകടന ഓഡിറ്റ് രീതി കായികതാരങ്ങളിലും പരിശീലകരിലും കായിക ഭരണാധികാരികൾക്കും സ്ഥാപനങ്ങളിലും നടത്തേണ്ടതുണ്ട്. വ്യക്തിഗത ലക്ഷ്യങ്ങളിൽ എത്തിച്ചേരുന്നതിനും കൂടുതൽ മെച്ചപ്പെടുത്തേണ്ട മേഖലകൾ തിരിച്ചറിയുന്നതിനുള്ള ഒരു പ്രധാന മാർഗമായി പെർഫോമൻസ് ഓഡിറ്റിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്താവുന്നതാണ്. ഈ വിലയിരുത്തൽ രീതിയിലൂടെ ലഭ്യമാകുന്ന വിവരങ്ങൾക്ക് അനുസൃതമായ രീതിയിലുള്ള തുടർപ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത് നടപ്പാക്കുന്നതിലൂടെ നിലവിലുള്ള കായികപ്രകടന പരിമിതികളെ അതിജീവിക്കാൻ അനായാസം സാധിക്കും. (എസ്‌സിഇആർടിയിൽ റിസർച്ച് ഓഫീസറാണ്‌ ലേഖകൻ) Read on deshabhimani.com

Related News