ആശങ്കയുടെ കാർമേഘങ്ങൾ - എസ് ശർമ എഴുതുന്നു



ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐപിസിസി (ഇന്റർ ഗവൺമെന്റ് പാനൽ ഓൺ ക്ലൈമറ്റ് ചെയ്‌ഞ്ച്) ജനീവയിൽ പ്രകാശിപ്പിച്ച റിപ്പോർട്ട് പ്രകാരം ഹരിതവാതകങ്ങളുടെ ബഹിർഗമന അളവ് ഗണ്യമായി കുറച്ചില്ലെങ്കിൽ ഭൂമിയുടെ സർവനാശത്തിലേക്ക് ഇടയാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ലോകമെമ്പാടും വ്യാപിച്ചുവരുന്ന ദാരിദ്ര്യം, പട്ടിണിമരണങ്ങൾ, സാമ്പത്തിക അസമത്വം എന്നിവയ്‌ക്കെല്ലാം ഭൂമിയിലെ താപവർധന പ്രധാന കാരണമാണെന്നും ഇത് 1.5 ഡിഗ്രിയായി നിയന്ത്രിച്ച്‌ പ്രപഞ്ചത്തെ നാശനഷ്ടങ്ങളിൽനിന്ന്‌ രക്ഷിക്കാൻ മാനവരാശിക്ക് കിട്ടുന്ന അവസാനത്തെ അവസരമാണെന്നും ഐപിസിസി റിപ്പോർട്ട് വിലയിരുത്തുന്നു. ഏഷ്യയിലെയും അമേരിക്കയിലെയും കൊടുങ്കാറ്റുകൾ, 2021 ജൂലൈയിൽ ജർമനിയിലെ മിന്നൽ പ്രളയം, ചെന്നൈ, മുംബൈ, കൊൽക്കത്ത നഗരങ്ങളിലെ ആകസ്മികമായ വെള്ളപ്പൊക്കങ്ങൾ എന്നിവമൂലം വൻ നാശനഷ്ടങ്ങൾ സംഭവിച്ചു. ജൈവ ഇന്ധനങ്ങളുടെ കത്തിക്കലും വനനശീകരണവുംമൂലം ഭൂമിയെ വീർപ്പുമുട്ടിക്കുകയാണ്. ഇത്‌ കോടിക്കണക്കിനു സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും അപകടഭീഷണിയാകുന്നു. വാർഷിക പ്രതിശീർഷ ഉപയോഗത്തിലൂടെ കാർബൺഡൈ ഓക്സൈഡ് പുറംതള്ളലിൽ അമേരിക്കയാണ് മുൻപന്തിയിൽ. ആഡംബര ജീവിതം നയിക്കുന്ന അമേരിക്കൻ ജനത ഹരിതവാതകങ്ങളുടെ സാന്ദ്രത വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഐക്യരാഷ്ട്ര സംഘടയുടെ ആഭിമുഖ്യത്തിൽ 1997ലെ ക്യോട്ടോ പ്രോട്ടോകോൾ 2005 മുതൽ പ്രാബല്യത്തിൽ വന്നു. പാരീസ് ഉടമ്പടിയിൽനിന്ന്‌ 2017 ജൂൺ ഒന്നിന് അമേരിക്ക പിന്മാറി. ഇത് കാലാവസ്ഥാ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വൻ തിരിച്ചടിയായി. ട്രംപ്‌ ഭരണകൂടത്തിന്റെ പിന്മാറ്റം, ജൈവപരമായി ഭൂമിക്കടിയിൽ രൂപപ്പെട്ട പെട്രോൾ, കൽക്കരി എന്നിവയെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളെ സഹായിക്കാനാണെന്ന ആക്ഷേപം വ്യാപകമാണ്. കാലാവസ്ഥാ വ്യതിയാനം യാഥാർഥ്യമാണെന്നും അത് മനുഷ്യനിർമിതമാണെന്നും അമേരിക്കയിൽ ശാസ്ത്രജ്ഞന്മാർ ഉൾപ്പെടെ ഏകകണ്‌ഠമായി അഭിപ്രായപ്പെട്ടെങ്കിലും ട്രംപ്‌ ഭരണകൂടം ഈ യാഥാർഥ്യം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. കാലാവസ്ഥയിലെ തീവ്രമാറ്റങ്ങളും നിരന്തരം അനുവർത്തിക്കുന്ന പ്രകൃതി ദുരന്തങ്ങളും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്നു. ദരിദ്ര രാജ്യങ്ങളിൽ പട്ടിണിയും മരണവും സർവസാധാരണമായി. ലോക ജനതയിൽ, കേവലം ഒരു ശതമാനം വരുന്ന സമ്പന്നവർഗമാണ് കാർബൺ മലിനീകരണത്തിന്റെ മുഖ്യ കാരണക്കാർ. ഇതിന്റെ പരിണതഫലം അനുഭവിക്കുന്നത് ദരിദ്ര വിഭാഗത്തിൽപ്പെടുന്ന ഏകദേശം 301 കോടി ജനങ്ങളാണെന്നതാണ് വിരോധാഭാസം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വ്യതിയാനംമൂലം നേരിടുന്ന പ്രതിസന്ധികളിൽ കേരളം മുന്നിലാണ്. പടിഞ്ഞാറ് 590 കിലോമീറ്റർ ദൈർഘ്യത്തിലുള്ള തീരപ്രദേശം, കിഴക്ക് സഹ്യപർവതനിരകൾ എന്നിവ അതിർത്തിയായ കേരളം സമീപകാലത്തായി പലവിധ പ്രതിസന്ധി നേരിടുന്നു. അവയിൽ ഏറ്റവും പ്രധാനം സമുദ്രനിരപ്പ് വർധനയും പ്രകൃതി ദുരന്തങ്ങളുമാണ്. അറബിക്കടലിലെ ഉപരിതല താപനില 1.22 ഡിഗ്രിവരെ വർധനയും രേഖപ്പെടുത്തി. ഇത് മറ്റ് സമുദ്രങ്ങളെ അപേക്ഷിച്ച്‌ കൂടുതലാണ്. കഴിഞ്ഞ 20 വർഷത്തിൽ അറബിക്കടലിൽനിന്ന്‌ ഉത്ഭവിച്ച കൊടുങ്കാറ്റുകളിൽ 52 ശതമാനം വർധന ഉണ്ടായി. ഓഖിയും ടൗട്ടേ ചുഴലിക്കാറ്റും വരുത്തിയ വിന നാം കണ്ടതാണ്. കൊച്ചി തീരപ്രദേശങ്ങളിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സമുദ്രനിരപ്പ് വർധന 12–-14 സെ.മീ. ആണ്. തീരമേഖലയിലെ ജനസാന്ദ്രത ഏറെയുള്ള പട്ടണങ്ങൾ, മത്സ്യമേഖലയ്‌ക്കും മറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങൾ, സാംസ്കാരിക പൈതൃക സ്വത്തുക്കൾ എന്നിവയെല്ലാംതന്നെ വൻ നശീകരണം നേരിടുമെന്ന പ്രവചനം ഗൗരവത്തോടെ കാണേണ്ടതാണ്. കാലാവസ്ഥാ വ്യതിയാനത്തിന് ഇരയാകുന്ന വിഷയങ്ങൾ പരിഹരിക്കുന്നതിനായി ബോധവൽക്കരണം നടക്കണം. സ്‌കൂളുകളിലെ പാഠ്യപദ്ധതികളിൽ ഈ വിഷയം ഉൾപ്പെടുത്തണം. മുതലാളിത്തത്തിന്റെ ലാഭക്കൊതിയുടെ അനന്തരഫലങ്ങൾ നാം അനുഭവിക്കുകയാണ്. ഇതിന്‌ അറുതിവരുത്തുക എന്നതും സമരമുദ്രാവാക്യങ്ങളിൽ പ്രധാനമായി മാറണം. Read on deshabhimani.com

Related News