ക്വാഡിന്റെ ചെെനാപ്പേടി



ഇന്ന് നിലനിൽക്കുന്ന ലോകക്രമം ഉദാരവാദ സിദ്ധാന്തത്തിൽ ക്രമീകരിക്കപ്പെട്ടതാണ്. ഈ ഉദാരവാദലോകക്രമത്തിന്റെ നേതാവ്, ക്ഷീണിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഇപ്പോഴും അമേരിക്ക തന്നെയാണ്. ക്വാഡിന്റെ ഭാഗമായിരിക്കുന്ന ഇന്ത്യയും ജപ്പാനും ഓസ്‌ട്രേലിയയുമെല്ലാം ഉദാരജനാധിപത്യരാജ്യങ്ങളും അമേരിക്കയുടെ നേതൃത്വത്തിൽ നിലനിൽക്കുന്ന ലോകക്രമത്തെ പൊതുവിൽ അംഗീകരിക്കുന്നവരുമാണ്. അതിനെതിരായ നിലപാടുള്ള ചൈന, സാമ്പത്തികമായും സൈനികമായും രാഷ്ട്രീയമായും കരുത്താർജിക്കുകയും ആ ലോകക്രമത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു. അത് സാമ്പത്തികമായും സൈനികമായും ക്ഷീണിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയെ ഭയപ്പെടുത്തുന്നത് സ്വാഭാവികം മാത്രമാണ്. ഇത്തരം സന്ദർഭങ്ങളിൽ, തങ്ങളുടെ ആഗോളമേധാവിത്വം നിലനിർത്താൻ അമേരിക്കപോലുള്ള രാജ്യങ്ങൾ പലവിധ രാഷ്ട്രീയ സൈനിക തന്ത്രങ്ങളും മെനയും. മുൻകാലങ്ങളിലെ സാമ്രാജ്യത്വശക്തികളും മേധാവിത്വം നിലനിർത്താൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തതിന്റെ കഥകൾ പ്രമുഖ അമേരിക്കൻ ചരിത്രകാരൻ പോൾ കെന്നഡി വിശ്വപ്രസിദ്ധമായ "ദി റൈസ് ആൻഡ് ഫാൾ ഓഫ് ഗ്രേറ്റ് പവേർസ്' എന്ന ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടുമുതലാണ് ചൈന ഒരു സാമ്പത്തിക സൈനിക ശക്തിയെന്നനിലയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. അമേരിക്ക സാമ്പത്തികപ്രതിസന്ധിയിലേക്ക്‌ നീങ്ങാൻതുടങ്ങിയതും ഈ കാലയളവിലാണ്. 2008ലെ ആഗോളസാമ്പത്തിക പ്രതിസന്ധി അമേരിക്കയെ വളരെയേറെ ക്ഷീണിപ്പിച്ചെങ്കിലും തങ്ങളുടെ ആഗോളരാഷ്ട്രീയ മേധാവിത്വം വിട്ടുകളയാൻ അവർ തയ്യാറായിരുന്നില്ല. തങ്ങളുടെ മേധാവിത്വം നിലനിർത്താനും വെല്ലുവിളിയുയർത്തുന്ന ചൈനയെ ഏഷ്യൻ മേഖലയിൽ ചെറുക്കാനും അക്കാലത്ത് യുഎസ്‌ പ്രസിഡന്റായിരുന്ന ബറാക് ഒബാമ, ‘ഏഷ്യൻ അച്ചുതണ്ട്’ എന്ന പദ്ധതിക്ക് രൂപംനൽകി. അറ്റ്‌ലാന്റിക്മേഖലയിൽ അമേരിക്ക നിലനിർത്തിയിരുന്ന സേനയുടെ പത്തുശതമാനത്തെ അവിടെനിന്ന്‌ പിൻവലിച്ച് ഏഷ്യ–-പസഫിക് മേഖലയിൽ വിന്യസിക്കുക, ചൈനയ്ക്കുചുറ്റുമുള്ള രാജ്യങ്ങളുമായി സൗഹൃദം ശക്തമാക്കുക എന്നിവയായിരുന്നു ‘ഏഷ്യൻ അച്ചുതണ്ട്’പദ്ധതി മുന്നോട്ടുവച്ച തന്ത്രങ്ങൾ. എന്നാൽ, അക്കാലത്ത് ജപ്പാൻ പ്രധാനമന്ത്രിയായിരുന്ന ഷിൻസോ ആബെ ചൈനയെ കരയിലും സമുദ്രത്തിലും ചെറുക്കണമെന്നും അതിനായി കൂടുതൽ മേഖലയെയും രാജ്യങ്ങളെയും ഉൾപ്പെടുത്തിയുള്ള പദ്ധതി ആവിഷ്കരിക്കണമെന്നുമുള്ള അഭിപ്രായക്കാരനായിരുന്നു. തെരഞ്ഞെടുപ്പുകാലത്തുതന്നെ ചൈനാവിരോധം പ്രഖ്യാപിച്ച ഡോണൾഡ് ട്രംപ് തെരഞ്ഞെടുപ്പിൽ ജയിച്ചതോടെ ആബെ ആശയം ട്രംപിനുമുന്നിൽ അവതരിപ്പിച്ചു. ജോനാഥൻ ഹിൽമാൻ എന്ന അമേരിക്കൻ എഴുത്തുകാരന്റെ ചൈനയുടെ ബെൽറ്റ് റോഡ് പദ്ധതിയെക്കുറിച്ചുള്ള "ദ എമ്പറേഴ്സ് ന്യൂ റോഡ്' എന്ന പുതിയ ഗ്രന്ഥത്തിൽ ആബെയുടെ അമേരിക്കൻ സന്ദർശനത്തെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: 2016 നവംബറിൽത്തന്നെ അമേരിക്കയിലെത്തി ആബെ ട്രംപിനെക്കണ്ടു. ആബെയുടെ "സ്വതന്ത്രവും തുറന്നതുമായ ഇന്തോ–-പസഫിക്' എന്ന ആശയം ട്ര‌ംപിനുമുന്നിൽ അവതരിപ്പിച്ചു. നാൽപ്പതോളം ചർച്ച അതിനെത്തുടർന്ന് നടന്നു. അധികാരമേറ്റെടുത്ത 2017ൽത്തന്നെ, ട്രംപ് അമേരിക്കയുടെ "സ്വതന്ത്രവും തുറന്നതുമായ ഇന്തോ–-പസഫിക്'പദ്ധതി അവതരിപ്പിച്ചു. അമേരിക്കയുടെമേൽ ജപ്പാനുള്ള സ്വാധീനം സൂചിപ്പിക്കാൻ ഹിൽമാൻ പറയുന്ന മറ്റൊരുവാചകം ഇങ്ങനെയാണ്: "ഏഷ്യ–-പസഫിക് മേഖലയിലെ അമേരിക്കൻനയങ്ങൾ രൂപീകരിക്കുന്നതിൽ ജപ്പാനോളം വിജയിച്ച വേറൊരു രാജ്യമില്ല.' ‘ക്വാഡ്'പോലെ "ഇന്തോ–-പസഫിക്' എന്ന ആശയവും ഷിൻസോ ആബെയുടെ ബുദ്ധിയിൽ ഉദിച്ചതാണ്. 2004ലെ സുനാമി ദുരന്തം നേരിടുന്നതിനുള്ള സഹകരണത്തിൽനിന്നാണ് ‘ക്വാഡ്’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നാല്‌ രാഷ്ട്രത്തിന്റെ സഖ്യമായ ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് ആരംഭിച്ചത്. ഷിൻസോ ആബെ നേതൃത്വംനൽകിയ ചർച്ചകളുടെ ഫലമായാണ് ഈ സഹകരണം 2007ൽ ക്വാഡ് എന്ന കൂട്ടായ്മയായി മാറിയത്. 2004ലെ ദുരന്ത സഹായത്തിൽ തുടങ്ങി, 2007ൽ ക്വാഡ് എന്ന സംഘടനയായിമാറി 2017ൽ, വീണ്ടും ഷിൻസോ ആബെ ജപ്പാൻ പ്രധാനമന്ത്രി ആയപ്പോഴാണ് ശക്തിപ്പെട്ടത്. കോവിഡ്മഹാമാരിയുടെ മൂർധന്യത്തിൽ 2021ലാണ് ക്വാഡ് രാഷ്ട്രനേതാക്കൾ ആദ്യമായി ഓൺലൈനായി ചർച്ചകൾ നടത്തിയത്. ക്വാഡ് സഖ്യത്തിന്റെ മുന്നണിപ്പോരാളിയായി അമേരിക്കയെ നിലനിർത്തുന്നത് ചൈനയുടെ സാമ്പത്തിക രാഷ്ട്രീയ സൈനിക വളർച്ചയും പ്രസ്തുതമേഖലകളിൽ അമേരിക്കയുടെ തളർച്ചയുമാണെന്ന കാര്യത്തിൽ തർക്കമുണ്ടാകില്ല. ഇത് അമേരിക്കയ്ക്ക്, ക്വാഡിലെ ഇന്ത്യയുൾപ്പെടെയുള്ള അംഗരാജ്യങ്ങളോടുള്ള പ്രണയംകൊണ്ടൊന്നുമല്ലെന്ന് 2021 മാർച്ചിൽ പ്രസിദ്ധീകരിച്ച അമേരിക്കയുടെ ഇടക്കാല സുരക്ഷാതന്ത്ര മാർഗരേഖ വായിച്ചാൽ മനസ്സിലാകും. അതിലെ ഒരുവാചകം ഇങ്ങനെയാണ്: “നാം നമ്മുടെ സഖ്യങ്ങൾ ശക്തിപ്പെടുത്തുമ്പോൾ, നമ്മുടെ തീരങ്ങളിലെത്താൻ സാധ്യതയുള്ള വെല്ലുവിളികളെ നേരിടാനുള്ള നമ്മുടെ ശക്തിയെയും കഴിവിനേയുമാണ് ശക്തിപ്പെടുത്തുന്നത്.” ക്വാഡ് ഉന്നതതലസമ്മേളനത്തിന് തൊട്ടുമുമ്പായി സെപ്തംബർ 23ന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ ‘ഇക്കണോമിസ്റ്റ്’ മാഗസിൻ, ക്വാഡിന്റെ യാഥാർഥലക്ഷ്യം എന്താണെന്ന് വ്യക്തമാക്കുകയുണ്ടായി: ക്വാഡ് പ്രഖ്യാപനം സ്വതന്ത്രവും തുറന്നതും ക്രമാനുസൃതവും എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്തോ–- പസഫിക് ഉറപ്പാക്കുകയെന്നതാണെന്നു പറയുമ്പോഴും, അവരെ യഥാർഥത്തിൽ ഒരുമിച്ചുനിർത്തുന്നത് ചൈനപ്പേടിയാണ്."ഔകസ്’ പ്രഖ്യാപനത്തിലോ ബൈഡന്റെ ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിലോ ക്വാഡ് സംയുക്തപ്രസ്താവനകളിലോ ചൈനയെ പേരെടുത്തുപറഞ്ഞിട്ടില്ലെങ്കിലും ചൈനയെയാണ് ലക്ഷ്യംവയ്ക്കുന്നതെന്ന്‌ ലണ്ടനിൽനിന്നിറങ്ങുന്ന ‘ദി ഗാർഡിയൻ’ പത്രത്തിലെ സെപ്തംബർ 24ലെ ലേഖനത്തിൽ ജൂലിയൻ ബർഗർ വ്യക്തമാക്കിയിട്ടുണ്ട്. ബൈഡനുപുറമെ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും സ്‌കോട്ട് മോറിസണും ജപ്പാൻ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന്‌ രാജിപ്രഖ്യാപിച്ചിരിക്കുന്ന യോഷിഹിദെ സുഗയും പങ്കെടുത്ത സമ്മേളനം പ്രധാനമായും പ്രഖ്യാപിച്ചത്‌ ഇന്തോ–-പസഫിക്കിലേക്ക്‌ ശ്രദ്ധ വീണ്ടും കൊണ്ടുവരാനുള്ള അവസരമാണിതെന്നാണ്. മേഖലയുടെ സമാധാനം, സ്ഥിരത, സുരക്ഷ, സുഭിക്ഷത എന്നിവയെല്ലാം ഉറപ്പാക്കുന്ന ശക്തിയായി ക്വാഡിനെ മാറ്റാൻ തങ്ങളാകുന്നതെല്ലാം ചെയ്യുമെന്നു പറയുന്ന സംയുക്തപ്രസ്താവന സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്തോ–-പസഫിക് ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യമെന്നും വ്യക്തമാക്കുന്നു. പതിനാറ് ഖണ്ഡികയുള്ള സംയുക്തപ്രസ്താവനയിൽ പതിനഞ്ചുതവണയാണ് ഇന്തോ–-പസഫിക് എന്ന പരാമർശമുള്ളത്. അതെല്ലാം ക്വാഡിന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ചാണ് പരാമർശിക്കുന്നത്. പാകിസ്ഥാനെ പേരെടുത്തുപറയുന്നില്ലെങ്കിലും ദക്ഷിണേഷ്യയിലെ ഭീകരസംഘങ്ങൾക്കു ലഭിക്കുന്ന പിന്തുണയെയും അഫ്‌ഗാനിൽ സമാധാനം സ്ഥാപിക്കപ്പെടേണ്ടതിനെയും പ്രസ്താവന പരാമർശിക്കുന്നു. 2021 മാർച്ച് സമ്മേളനത്തിൽ പ്രസ്താവിച്ച കോവിഡ് വാക്സിൻ സഹകരണം, കാലാവസ്ഥാസമ്മേളനം വിജയിപ്പിക്കൽ, നിർമിതബുദ്ധി, ക്വാണ്ടം ടെക്നോളജി, 5ജി വികസനം, അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളിൽ ചൈനയുടെ ബദലായി അമേരിക്ക മുന്നോട്ടുവച്ചിട്ടുള്ള ബ്ലൂ ഡോട്ട് നെറ്റ് പദ്ധതിയുമായും, ജി7 ഗ്രൂപ്പ്‌ രാജ്യങ്ങളുമായുള്ള സഹകരണം എന്നിവയെല്ലാം പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്വാഡ്സമ്മേളനം തുടങ്ങുന്നതിന്‌ ഒരാഴ്ചമുമ്പാണ്, അതിലെ രണ്ട്‌ അംഗങ്ങളായ അമേരിക്കയും ഓസ്‌ട്രേലിയയും ബ്രിട്ടനുമായിച്ചേർന്ന് "ഔകസ്‌' എന്നപേരിൽ ത്രികക്ഷി സുരക്ഷാസഖ്യം രൂപീകരിച്ചത്. ഇന്ത്യ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും നിഷേധിച്ച ആണവ അന്തർവാഹിനി ഓസ്‌ട്രേലിയക്ക്‌ നിർമിച്ചുനൽകാനുള്ള ഔകസ്‌ കരാറിന്റെ നിഴലിലാണ് ക്വാഡ് സമ്മേളനം ചേർന്നത്. അന്തർവാഹിനി നിർമിച്ചുനൽകാൻ ഫ്രാൻസുമായുള്ള കരാറിൽനിന്ന്‌ അതോടെ ഓസ്‌ട്രേലിയ പിന്മാറുകയും ചെയ്തു. അതിനെത്തുടർന്ന് അമേരിക്കയിൽനിന്നും ഓസ്‌ട്രേലിയയിൽനിന്നും അംബാസഡർമാരെ ഫ്രാൻസ് പിൻവലിച്ചു. ക്വാഡും ഔകസും പൊതുവിൽ ഇന്തോ–-പസഫിക് കൂട്ടായ്മയും ഉന്നമിടുന്നതും ചൈനയെത്തന്നെയാണ്. "യുദ്ധക്കളത്തിലെത്തുന്നതിനുമുമ്പ്‌ എതിരാളിയെ പരാജയപ്പെടുത്തുന്നവനാണ് മികച്ച സേനാനായകൻ' എന്ന ചൈനീസ് പഴമൊഴി ഒരു അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥൻ ഈയിടെ ഉദ്ധരിച്ചു. പടക്കളത്തിലെത്താതെ മറ്റുള്ളവരെയിറക്കി യുദ്ധവിജയം നേടുകയെന്നതാണ് അമേരിക്കൻ തന്ത്രം. ക്വാഡും ഔകസും ലക്ഷ്യമിടുന്നതും ചൈന ഉയർത്തുന്ന വെല്ലുവിളി സഖ്യരാഷ്ട്രങ്ങളുടെ കരുത്തിൽ വിജയിക്കാനും അമേരിക്കയുടെ ആഗോളമേധാവിത്വം അഭംഗുരം തുടരാനുമാണ്‌. അതിനുള്ള തിരക്കഥയാണ് തയ്യാറായിരിക്കുന്നത്. (കേരള സർവകലാശാല അന്താരാഷ്‌ട്ര മാർക്സിയൻ പഠനഗവേഷണ കേന്ദ്രം ഡയറക്ടറാണ് ലേഖകൻ) Read on deshabhimani.com

Related News