കേരള വികസനവും കെ റെയിൽ വിരുദ്ധതയുടെ രാഷ്ട്രീയവും - വ്യവസായമന്ത്രി പി രാജീവ് 
 എഴുതുന്നു



മാനവ വികാസ സൂചകങ്ങളിൽ വികസിത രാജ്യങ്ങൾക്കൊപ്പം മികവ് നിലനിർത്താൻ കഴിയുന്ന സവിശേഷതയാണ് കേരള വികസന മാതൃകയെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. വിദ്യാഭ്യാസ പ്രാപ്യതയിലും ആരോഗ്യസംരക്ഷണത്തിലും കേരളം കൈവരിച്ച നേട്ടങ്ങൾ ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന്‌ വേറിട്ടു നിൽക്കുന്നതാണ്. കാർഷിക, വ്യവസായ മേഖലകളിലും സമ്പദ്ഘടനയിലും വളർച്ചയില്ലാതെ സാമൂഹ്യക്ഷേമ മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതാണ് കേരളത്തെ വികസിത രാജ്യങ്ങളിൽനിന്ന്‌ വ്യത്യസ്തമാക്കിയത്. എന്നാൽ, അടിസ്ഥാന മേഖലകളിൽ വളർച്ചയുണ്ടാക്കാതെ എത്ര കാലം ഈ മികവ് നിലനിർത്താൻ കഴിയുമെന്ന ചോദ്യം അന്നേ ഉയർന്നിരുന്നു. കാർഷിക, വ്യവസായ മേഖലകളിൽ വളർച്ചയില്ലെന്ന ദൗർബല്യം പരിഹരിക്കേണ്ടതിന്റെ അനിവാര്യത കേരള വികസനത്തിന്റെ അവിഭാജ്യ ഭാഗമാണെന്ന തിരിച്ചറിവ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുണ്ടായിരുന്നു. ഉൽപ്പാദനമേഖലയിൽ വളർച്ചയുണ്ടായില്ലെങ്കിൽ മാനവ വികാസ സൂചകങ്ങളിലെ മികവ് നിലനിർത്താൻപോലും കഴിയാതെ വരുമെന്ന മുന്നറിയിപ്പ് ഇ എം എസ് തന്നെ നൽകിയിരുന്നു. അതോടൊപ്പം കേരള വികസന മാതൃകയുടെ രണ്ടാംതലമുറ പ്രതിസന്ധിയെയും അഭിസംബോധന ചെയ്യേണ്ടതുണ്ടെന്ന മുന്നറിയിപ്പും പല സാമ്പത്തികവിദഗ്ധരും നൽകിയിരുന്നു. അതിലൊന്ന്, വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന് അനുസൃതമായ ഗുണനിലവാരം ഉറപ്പുവരുത്തലായിരുന്നു. ആരോഗ്യമേഖലയിലും അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ എല്ലാവർക്കും പ്രാപ്യമാക്കേണ്ടതുണ്ടായിരുന്നു. ആരോഗ്യമേഖലയിൽ കൈവരിച്ച പുരോഗതിയുടെ ഭാഗമായി ആർജിതമായ ആയുർദൈർഘ്യത്തിന്റെ ഫലമായ പ്രായമായവരുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതായി വന്നു. വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതും അടിയന്തര പ്രശ്നമായിരുന്നു. കേരള മാതൃകയുടെ നേട്ടങ്ങൾ ശക്തിപ്പെടുത്തുകയും ദൗർബല്യങ്ങൾ പരിഹരിക്കുകയുമെന്ന ചരിത്രപരമായ ചുമതല നിർവഹിക്കുന്നതിനാണ് ഒന്നാം പിണറായി സർക്കാർ ശ്രമിച്ചത്. പൊതുവിദ്യാഭ്യാസ യജ്ഞവും ആരോഗ്യമേഖലയിലെ ഇടപെടലുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. ഒപ്പം ഉൽപ്പാദനമേഖലയിലെ മുരടിപ്പ് അവസാനിപ്പിച്ച് വളർച്ചയുണ്ടാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ടു. സുഭിക്ഷ കേരളം കാർഷികോൽപ്പാദനത്തിന് പുതിയ ഉണർവ്‌ നൽകി. ബൈപാസുകളുടെ പൂർത്തീകരണം ദേശീയപാത വീതി കൂട്ടലും ഗെയിൽ പൈപ്പ് ലൈൻ പൂർത്തീകരിച്ചതും പശ്ചാത്തല സൗകര്യ വികാസത്തിന് കുതിപ്പേകി. കെ റെയിലിന്റെ ഭാഗമായ റോ റോ സർവീസ് ഉപയോഗിക്കുക വഴി ചരക്കുഗതാഗതം വേഗതയേറിയതും ചെലവ് കുറഞ്ഞതുമാകും. കാർഷികോൽപ്പന്നങ്ങൾക്ക് വിപണി വിപുലപ്പെടുത്താനും ഉയർന്ന വില ഉറപ്പുവരുത്താനും കഴിയുന്നു. ഈ പ്രക്രിയയുടെ ഗതിവേഗം വർധിപ്പിക്കുകയെന്ന സാമൂഹ്യ ഉത്തരവാദിത്വം നിർവഹിക്കുന്നതിനാണ്‌ രണ്ടാം പിണറായി സർക്കാർ ശ്രമിക്കുന്നത്. കേരളത്തിലെ പശ്ചാത്തല സൗകര്യ പരിമിതികൾ കേന്ദ്ര സർക്കാരിന്റെ ലോജിസ്റ്ററിക് പ്ലാനിൽ വിശദീകരിക്കുന്നുണ്ട്. ഈ കുറവുകൾ പരിഹരിക്കുന്നതിനുള്ള മൂർത്തമായ നിർദേശങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ലോജിസ്റ്ററിക് പ്ലാൻ അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ചരക്കുഗതാഗതത്തിന്റെ സിംഹഭാഗവും റോഡ് വഴിയാണ്. നിലവിലുള്ള റോഡുകൾക്ക് വലിയ ട്രക്കുകളുടെ ഭാരം താങ്ങാൻ കഴിയുന്നവയല്ല. ചെറിയ ട്രക്കുകൾ ഉപയോഗിക്കുക വഴി രണ്ടര മടങ്ങിലധികം ചരക്ക് കടത്തുകൂലിയിൽ വർധന ഉണ്ടാകുന്നു. ഇത് ഉപഭോഗ സാധനങ്ങളുടെ മാത്രമല്ല, അസംസ്കൃത വസ്തുക്കളുടെയും വില വർധിപ്പിക്കുന്നു. ചരക്കുകളുടെ റോഡ് മാർഗമുള്ള കടത്തിന് അധിക സമയവും ആവശ്യമായി വരുന്നു. ഇത് എളുപ്പത്തിൽ കേടാവുന്ന കാർഷികോൽപ്പന്നങ്ങളുടെ വിപണിയെ പരിമിതപ്പെടുത്തുന്നു. കെ–-റെയിലിന്റെ ഭാഗമായ റോ റോ സർവീസ് ഉപയോഗിക്കുക വഴി ചരക്കുഗതാഗതം വേഗതയേറിയതും ചെലവ് കുറഞ്ഞതുമാകും. കാർഷികോൽപ്പന്നങ്ങൾക്ക് വിപണി വിപുലപ്പെടുത്താനും ഉയർന്ന വില ഉറപ്പുവരുത്താനും കഴിയുന്നു. വ്യാവസായിക ഉൽപ്പന്നങ്ങളുടെ ആഭ്യന്തര വിപണിയെ ശക്തിപ്പെടുത്താനും ഇത് സഹായകരമാകും. ഈ സാഹചര്യം വ്യവസായവളർച്ചയെ ത്വരിതപ്പെടുത്തും. ഗതാഗത സൗകര്യങ്ങളുടെ വളർച്ചയും വ്യവസായവൽക്കരണവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. തുറമുഖങ്ങളുമായി ബന്ധപ്പെട്ടാണ് കേരളത്തിലെ നഗരങ്ങൾ രൂപംകൊണ്ടതെന്ന ചരിത്ര വസ്തുതയും ഓർക്കേണ്ടതുണ്ട്. കേരളത്തിലെ ഏതു പ്രദേശത്തും പോയി ജോലി ചെയ്ത് തിരിച്ച് ദിവസവും വീട്ടിൽ വരുന്നതിനും തൊഴിലെടുക്കുന്നവർക്ക് കഴിയുന്നു. തൊഴിൽശക്തിയുടെ ചലനാത്മകത കൂടുതൽ അവസരങ്ങൾ തുറന്നുകൊടുക്കുന്നു. കോട്ടയത്തുനിന്നോ തൃശൂരിൽനിന്നോ എറണാകുളത്ത് കാറിൽ പോയി വരുന്നവർക്ക് കെ–- റെയിൽ യാത്ര ആയാസം കുറയ്ക്കുന്നുവെന്ന് മാത്രമല്ല, യാത്രയിൽ ട്രെയിനിൽ ഇരുന്നും ജോലി ചെയ്യാൻ കഴിയുന്നു. പത്തിലൊരാൾക്ക് സ്വന്തമായി വാഹനമുള്ള സംസ്ഥാനമാണ് കേരളം. ഗ്രാമ നഗര വ്യത്യാസമില്ലാതെ ‘ഗ്രഗര’മായി മാറുന്ന കേരളത്തിൽ കാറുകൾ ഉപയോഗിക്കുന്നതിൽ നല്ലൊരു ഭാഗം കെ–-റെയിലിലേക്ക് മാറുന്നത് റോഡിലെ തിരക്കിൽ മാറ്റമുണ്ടാക്കും. ഇത് റോഡ് മാർഗമുള്ള പൊതുഗതാഗതം ഉപയോഗിക്കുന്നവർക്കും സമയം ലാഭിക്കാൻ സഹായകരമായിരിക്കും. അതിവേഗത്തിൽ സ്വകാര്യ വാഹനങ്ങൾ വർധിച്ചുവരുന്ന ഇന്നത്തെ സാഹചര്യം കാർബൺ ഡയോക്സൈഡിന്റെ ബഹിർഗമനം അപകടകരമായ തോതിലേക്ക് എത്തിക്കുന്നു. കെ–-റെയിലിന്റെ വരവോടെ റോഡ് ഗതാഗതത്തിൽ പ്രതീക്ഷിക്കുന്ന കുറവ് ഇതിൽ ഗുണപരമായ മാറ്റമുണ്ടാക്കാൻ സഹായകരമായിരിക്കും. കേരളത്തിൽ ഏറ്റവും സാധ്യതയുള്ള ടൂറിസം മേഖലയ്‌ക്ക് ഇത് നൽകുന്ന ഉണർവ്‌ വിവരണാതീതമാണ്. ഇന്ന് ചിലയിടങ്ങളിൽ കേന്ദ്രീകരിക്കുന്ന ടൂറിസം കേരളത്തിലെ എല്ലാ പ്രദേശത്തും വ്യാപിക്കുന്നതിന് സുഗമമായ യാത്രാസംവിധാനം സഹായകരമായിരിക്കും. കെ റെയിൽ വഴി അസംസ്കൃത വസ്തുക്കളുടെയും ഉൽപ്പന്നങ്ങളുടെയും അധ്വാനശക്തിയുടെയും വേഗതയേറിയ സഞ്ചാരം ഉറപ്പുവരുത്തുന്നതും പുതിയ കേരളത്തിലേക്കുള്ള കുതിപ്പിന്റെ പരിസരം ശക്തിപ്പെടുത്തും ഇത്തരം വികസന പദ്ധതികൾ ഇടതുപക്ഷത്തിന്റേതല്ലെന്ന വാദവുമായി ചിലർ രംഗത്തുവന്നിട്ടുണ്ട്. ദാരിദ്ര്യത്തിന്റെ വീതംവയ്ക്കലിന്റെ പ്രയോഗമല്ല ഇടതുപക്ഷത്തിന്റേത്. അത് തൊഴിലില്ലായ്മയുടെ പങ്കുവയ്ക്കലിന്റേതുമല്ല. പശ്ചാത്തല സൗകര്യ വികാസം ഉൾപ്പെടെ ഉപയോഗിച്ച് നടത്തുന്ന ഉൽപ്പാദനവളർച്ചയുടെ നേട്ടങ്ങൾ മുഴുവൻ ജനങ്ങൾക്കും ലഭ്യമാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. കെ ഫോൺ വഴി ഇന്റർനെറ്റ് ഹൈവേ ശക്തിപ്പെടുത്തുന്നതും കെ–-റെയിൽ വഴി അസംസ്കൃത വസ്തുക്കളുടെയും ഉൽപ്പന്നങ്ങളുടെയും അധ്വാനശക്തിയുടെയും വേഗതയേറിയ സഞ്ചാരം ഉറപ്പുവരുത്തുന്നതും പുതിയ കേരളത്തിലേക്കുള്ള കുതിപ്പിന്റെ പരിസരം ശക്തിപ്പെടുത്തും. 2025ൽ കെ–-റെയിൽ നിർമാണം പൂർത്തിയായാൽ നാട്ടിലുണ്ടാകാൻ പോകുന്ന വലിയ മാറ്റം ചിലരുടെ ഉറക്കം കെടുത്തുന്നുണ്ട്. പുറത്തു പോയി ജോലി ചെയ്യാൻ നിർബന്ധിതമായിരുന്നവർക്ക് ഇവിടെത്തന്നെ പണിയെടുക്കാനും ജീവിക്കാനും കഴിയുന്നതിലേക്ക് പതുക്കെ നാട് മാറും. ജീവിതത്തിലുണ്ടാക്കുന്ന മാറ്റം നേരിട്ട് അനുഭവിക്കുന്നവർ രാഷ്‌ട്രീയമായ തിരിച്ചറിവിലേക്ക് എത്തും. അത് തുടർ ഭരണത്തിന്റെ തുടർച്ചയിലേക്ക് നയിക്കുമെന്ന് അവർ ഭയപ്പെടുന്നു. അതാണ് ഈ സർക്കാരിന്റെ കാലാവധി പൂർത്തീകരിക്കുന്നതിൻമുമ്പുതന്നെ കെ–- റെയിൽ ഓടിത്തുടങ്ങുമെന്ന മുന്നറിയിപ്പ് ചില രാഷ്ട്രീയ നിരീക്ഷകർ നൽകിയത്. അതുകൊണ്ട്, തടയാനായില്ലെങ്കിലും താമസിപ്പിക്കാനെങ്കിലും കഴിയുമോയെന്ന ശ്രമത്തിലാണ് കേരള വിരുദ്ധ മുന്നണിക്കുള്ളത്. ഒരു വർഷമെങ്കിലും വൈകിത്തുടങ്ങിയാൽ തെരഞ്ഞെടുപ്പിനുമുമ്പ് തീരില്ലല്ലോയെന്ന ആശ്വാസം ചിലർ രഹസ്യമായി പ്രകടിപ്പിക്കുന്നു. നാടിന്റെ വികസനവും ജനങ്ങളുടെ ജീവിതനിലവാര ഉയർച്ചയുമല്ല ഇക്കൂട്ടർ ആഗ്രഹിക്കുന്നത്. യുഡിഎഫ്, ബിജെപി, ജമാത്തെ ഇസ്ലാമി സഖ്യത്തിന്റെ കെ–-റെയിൽ വിരുദ്ധ സമരത്തിന്റെ രാഷ്ട്രീയം ഈ സങ്കുചിതത്വത്തിന്റെയും കേരള വിരുദ്ധതയുടേതുമാണ്. അത് തിരിച്ചറിയുകയും നാടിന്റെ വികസനത്തിനൊപ്പം നിലയുറപ്പിക്കുകയും ചെയ്യേണ്ടത് ഓരോ മലയാളിയുടെയും ഉത്തരവാദിത്വമാണ്. Read on deshabhimani.com

Related News