ഒഡിഷ ട്രെയിൻ അപകടം ; സിബിഐ അന്വേഷണം പ്രഹസനം



  ഒഡിഷ ട്രെയിൻ അപകടത്തിൽ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി അന്വേഷണമാണ്‌ അനിവാര്യം. സിബിഐ അന്വേഷണം തികച്ചും അനുചിതമാണ്‌. റെയിൽവേ സംവിധാനത്തിന്റെ വിശ്വസ്തതയെത്തന്നെ പാടെ ചോദ്യംചെയ്യുന്ന അപകടമാണ് സംഭവിച്ചത്. രക്ഷാപ്രവർത്തനം പൂർത്തിയായിട്ടും മരണസംഖ്യ വ്യക്തമായിട്ടില്ല. പതിവ് അന്വേഷണത്തിനു പുറമെ സിബിഐ അന്വേഷണത്തിന് റെയിൽവേ ബോർഡ് ശുപാർശ ചെയ്തു. നേരത്തേ സിഗ്നൽ പിഴവാണെന്നും ഉത്തരവാദികളെ കണ്ടെത്തിയെന്നും പ്രഖ്യാപിച്ചിരുന്നു. നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണമല്ല ലക്ഷ്യമെന്നും തങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ തിരക്കഥ രചിക്കാനാണ് ശ്രമിക്കുന്നതെന്നും സംശയിച്ചാൽ മുൻ അനുഭവങ്ങളുടെ പശ്ചാലത്തിൽ തെറ്റു പറയാനാകില്ല. 1988ലെ പെരുമൺ ദുരന്തം ഓർക്കുക. ആദ്യം അമിതവേഗം ആയിരുന്നുവെന്ന വെളിപ്പെടുത്തൽ ഉണ്ടായി. പിന്നീട് തലേദിവസം അസാധാരണ ശബ്ദം റിപ്പോർട്ട് ചെയ്‌തെന്നും ട്രാക്ക് ജോലി നടന്നതുമായി ബന്ധപ്പെട്ടും കോച്ചുകളുടെ കാലപ്പഴക്കം സംബന്ധിച്ചും പലതും പുറത്തുവന്നു.  അന്വേഷണം ദിശ മാറുകയും ടൊർണാഡോമൂലമെന്ന്‌ ഇന്നും ജനങ്ങൾ പരിഹസിക്കുന്ന കണ്ടെത്തലിലേക്ക്‌ എത്തുകയും ചെയ്‌തു. ബാലസോറിനു സമാനമായ മറ്റൊരു അപകടമാണ് ഗെയ്‌സൽ ദുരന്തം. ഗെയ്‌സൽ സ്റ്റേഷനിൽ അവധ് -അസം എക്‌സ്‌പ്രസും ബ്രഹ്മപുത്ര മെയിലും നേർക്കുനേർ കൂട്ടിയിടിച്ച്‌ 400 പേർ മരിച്ചു. തെറ്റായ ലൈനിൽ തിരിച്ചുവിടപ്പെട്ട ട്രെയിൻ അടുത്ത സ്റ്റേഷനും കടന്നു പോകുമ്പോഴാണ് എതിർ ദിശയിൽ വന്ന ട്രെയിനുമായി കൂട്ടിയിടിച്ചത്. റെയിൽമന്ത്രി നിതീഷ്‌കുമാർ രാജിവയ്‌ക്കുകയും ജസ്റ്റിസ് ജി എൻ റായി കമീഷനെ നിയോഗിക്കുകയും ചെയ്‌തു.  സുരക്ഷാ കമീഷണർ ഉൾപ്പെടെ റെയിൽവേ വിദഗ്ധരടങ്ങിയ സമിതിയാണ് അന്വേഷിച്ചത്. സിഗ്നൽ ഡിപ്പാർട്ട്‌മെന്റ് മേധാവികൾ ഉൾപ്പെടെ മുപ്പത്തഞ്ചോളം ജീവനക്കാരെ കുറ്റക്കാരായി കണ്ടെത്തി. എന്നാൽ, ജീവനക്കാരുടെ വീഴ്ചയല്ല സംഭവിച്ചതെന്നും അപകടത്തിൽ മരിച്ച എൻജിൻ ഡ്രൈവറടക്കമുള്ളവർ ഭീകരവാദികളുടെ സ്വാധീനത്തിൽപ്പെട്ട് ആസൂത്രിതമായി വരുത്തിവച്ച അപകടമാണെന്നുമാണ്‌ കോടതിയിൽ റെയിൽവേ വാദിച്ചത്‌. കമീഷൻ റിപ്പോർട്ടിൽ 109 മുതൽ 118വരെ പേജുകൾ ഈ വാദത്തിന്റെ അടിസ്ഥാനമില്ലായ്മയെക്കുറിച്ച്‌ പറയുന്നുണ്ട്‌. പിന്നീട് വന്ന ജസ്റ്റിസ് എച്ച്‌ ആർ ഖന്ന കമീഷനാണ് റെയിൽവേയുടെ ബലഹീനതകൾ തുറന്നുകാണിച്ച്‌ പരിഹാരനടപടികൾ ശുപാർശ ചെയ്തത്‌. റെയിൽവേയിലെ 3.14 ലക്ഷത്തിലധികം ഒഴിവുകൾ പൊതു ചർച്ചയ്‌ക്കു വിധേയമാകുന്നു. ഒഴിവുകൾ നികത്താതെയും കരാർവൽക്കരണം വ്യാപകമാക്കിയും റെയിൽവേയെ ഇല്ലായ്‌മ ചെയ്യുന്നത്‌ ആരാണെന്ന ചോദ്യങ്ങൾ ഉയരാതിരിക്കാനാണ് സിബിഐ അന്വേഷണത്തിന് തുനിയുന്നത്.  ഇത്തരം ദുരന്തങ്ങൾ ഒരിക്കലും ആവർത്തിക്കാതിരിക്കാൻ സുപ്രീംകോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ ഉന്നതതല കമീഷനെ നിയോഗിക്കണം. (റെയിൽവേ കോൺട്രാക്ട് കാറ്ററിങ്‌ ആൻഡ് 
ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു 
പ്രസിഡന്റാണ്‌ ലേഖകൻ) Read on deshabhimani.com

Related News