ബാങ്കിങ് പ്രതിസന്ധി പടരുന്നു കുതിപ്പ് സ്വർണവിപണിയിൽ



സ്റ്റാർട്ടപ്‌ സംരംഭങ്ങളുടെ ഇഷ്ട ബാങ്കായ സിലിക്കൺവാലി ബാങ്കിന്റെ തകർച്ചയെ പിൻപറ്റി, യുഎസിലെ സിഗ്നേച്ചർ ബാങ്ക്, ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് എന്നിവയുടെയും സ്വിറ്റ്‌സർലൻഡിലെ ക്രെഡിറ്റ് സ്വിസിന്റെയും തകർച്ച സാമ്പത്തിക ലോകത്തെ മാന്ദ്യത്തെ കൂടുതൽ തീവ്രമാക്കുകയാണ്. വരുംനാളുകളിൽ സാമ്പത്തിക, ബിസിനസ് മേഖലകളെ പൊതുവിലും സ്വർണം, ഓഹരി,  ക്രൂഡ് വിപണികളെ പ്രത്യേകിച്ചും വലിയതോതിൽ ബാധിക്കുന്ന വാർത്തകളാണ് അമേരിക്കൻ, യൂറോപ്യൻ ബാങ്കിങ് മേഖലകളിൽനിന്നും  പുറത്തുവരുന്നത്. തകർന്ന ബാങ്കുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം തകൃതിയായി തുടരുമ്പോഴും പ്രതിസന്ധി കൂടുതൽ ബാങ്കുകളിലേക്ക് പടരുന്ന ചിത്രമാണ് ആഗോള ബാങ്കിങ്‌ മേഖലയിൽ കാണുന്നത്. ക്രെഡിറ്റ് സ്വിസിനെ കരകയറ്റുന്നതിന് സ്വിസ് നാഷണൽ ബാങ്ക് 5400 കോടി ഡോളറിന്റെ വായ്പ അനുവദിച്ച സാഹചര്യത്തിലും പ്രതിസന്ധിക്ക് അയവുവന്നില്ല. ഒടുവിൽ സ്വിസ് സർക്കാർ തന്നെ ഇടപെട്ട് 325 കോടി ഡോളറിന് യുബിഎസ് എന്ന സ്വിസ് ബാങ്കിങ് ഭീമനെക്കൊണ്ട് ക്രെഡിറ്റ് സ്വിസിനെ ഏറ്റെടുപ്പിച്ചിരിക്കുകയാണ്. ഈ ഇടപാടുവഴി യുബിഎസിന് നേരിടേണ്ടിവരുന്ന നഷ്ടം നികത്തുന്നതിന് സ്വിസ് സർക്കാർ 900 കോടി ഡോളർ നൽകുന്നതിനും ധാരണയുണ്ടാക്കിയിട്ടുണ്ട്. ക്രെഡിറ്റ് സ്വിസിന്റെ നിക്ഷേപവിഭാഗത്തെ പിരിച്ചുവിടാനാണ് തീരുമാനം. ഇതുമൂലം 10,000 പേർക്കെങ്കിലും ജോലി നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. പാശ്ചാത്യ ബാങ്കിങ് ലോകത്ത് കാര്യങ്ങൾ ഒട്ടും സുഗമമല്ല എന്നാണ് ഈ വാർത്തകൾ വ്യക്തമാക്കുന്നത്. പൊളിയുന്ന ബാങ്കുകളെ മറ്റ് ബാങ്കുകളെക്കൊണ്ട് ഏറ്റെടുപ്പിച്ചും കനത്ത സാമ്പത്തികസഹായം നൽകിയും തൽക്കാലത്തേക്ക് പ്രതിസന്ധി മറികടക്കുന്നതിനാണ് യുഎസ് ഭരണകൂടവും ശ്രമിക്കുന്നത്. ആഗോളതലത്തിൽ ബാങ്കിങ് കമ്പനികളുടെ ഓഹരികളിൽ കനത്ത പതനത്തിനാണ് ഇത് വഴിവച്ചിരിക്കുന്നത്. ഇന്ത്യയിലും മൂലധനവിപണി പ്രത്യേകിച്ച് ബാങ്കിങ് ഓഹരികൾ  ഇടിവിലാണ് നീങ്ങുന്നത്. അതിനിടെ,  പണപ്പെരുപ്പവും വിലക്കയറ്റവും ഉയരത്തിലെത്തിയതോടെ പലിശനിരക്കുകൾ ഉയർത്തുന്നത് അനുസ്യൂതം തുടരുകയുമാണ്.  യൂറോപ്യൻ സെൻട്രൽ  ബാങ്ക് അടിസ്ഥാന പലിശനിരക്കിൽ 50 ബേസിസ് പോയിന്റിന്റെ വർധന വരുത്തിയിട്ടുണ്ട്. യുഎസ്  ഫെഡറൽ റിസർവും പലിശനിരക്ക് വീണ്ടും ഉയർത്തുമെന്നാണ് സൂചനകൾ. പ്രതിസന്ധി ഘട്ടത്തിലെ സുരക്ഷിത നിക്ഷേപമെന്നനിലയിൽ സ്വർണത്തിന്റെ വില ഉയരുക സ്വാഭാവികമാണ്.  ബാങ്കുകളുടെ തകർച്ച സ്വർണത്തിന്റെ ഡിമാൻഡും വിലയും കാര്യമായ തോതിൽ ഉയർത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി നിർണായകമായ പ്രതികരണമുളവാക്കുന്നത് രണ്ടു വിപണിയിലാണ്, സ്വർണവും ക്രൂഡും.  ക്രൂഡ് ഓയിൽ വില തുടർച്ചയായ ഇടിവിന്റെ പാതയിലാണ് നീങ്ങുന്നത്. തിങ്കളാഴ്ച ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 71 ഡോളറിന് താഴേക്ക് പതിച്ചെന്നത്  വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ബാങ്കുകളുടെ തകർച്ച ശക്തമായ സാമ്പത്തികമാന്ദ്യത്തിലേക്ക് വഴിമാറിയേക്കാമെന്നുള്ള റിപ്പോർട്ടുകൾ എണ്ണയുടെ ഡിമാൻഡിനെ പ്രതികൂലമായി ബാധിക്കുന്ന സുപ്രധാന ഘടകമാണ്. റഷ്യ–- -യുക്രയ്‌ൻ യുദ്ധം തുടങ്ങിയതിനു ശേഷം എണ്ണയുടെ കാര്യത്തിൽ തുടർന്നുവന്ന അനിശ്ചിതത്വം ബാങ്കിങ് മേഖലയുടെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കൂടുതൽ വഷളായി മാറിയിരിക്കുന്നു. പക്ഷേ, ആഗോള മാർക്കറ്റുകളിൽ വില എത്ര കുറഞ്ഞാലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിൽ കാര്യമൊന്നുമില്ല. കാരണം, ക്രൂഡ് ഓയിൽ വെറുതെ കൊടുക്കാമെന്ന് ഉൽപ്പാദക രാജ്യങ്ങൾ പറഞ്ഞാലും ഇന്ത്യയിൽ പെട്രോൾ,  ഡീസൽ,  പാചകവാതകവില അനുസ്യൂതം ഉയർന്നുകൊണ്ടേയിരിക്കും.   സാമ്പത്തികമേഖലയിൽ പ്രതിസന്ധി ഉടലെടുക്കുമ്പോൾ അതിന്റെ ഉടൻ പ്രതികരണം കാണുന്ന വിപണി സ്വർണമാണ്. പ്രതിസന്ധി ഘട്ടത്തിലെ സുരക്ഷിത നിക്ഷേപമെന്നനിലയിൽ സ്വർണത്തിന്റെ വില ഉയരുക സ്വാഭാവികമാണ്.  ബാങ്കുകളുടെ തകർച്ച സ്വർണത്തിന്റെ ഡിമാൻഡും വിലയും കാര്യമായ തോതിൽ ഉയർത്തിയിട്ടുണ്ട്. ഒരു ഔൺസ് സ്വർണത്തിന്റെ നിരക്ക് 2000 ഡോളറിന് മുകളിലേക്ക് ഉയർന്നിരിക്കുകയാണ്. തിങ്കളാഴ്ചമാത്രം വില ഔൺസിന് 30 ഡോളർകൂടി 2007 ഡോളറായിട്ടുണ്ട്. പുതിയ പ്രതിസന്ധി ഉരുണ്ടുകൂടിയ സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമെന്നനിലയിൽ സ്വർണത്തിന്റെ ഡിമാൻഡും വിലയും വീണ്ടും ഉയരുമെന്നാണ് മാർക്കറ്റ് വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്. ഒരു ഔൺസ് സ്വർണത്തിന്റെ നിരക്ക് 2100 ഡോളർ നിലവാരത്തിലേക്ക് ഉയരുമെന്നാണ് ഒരുവിഭാഗം വിദഗ്ധർ പ്രവചിക്കുന്നത്. ബാങ്കിങ് രംഗത്ത് കൂടുതൽ തകർച്ച ഒഴിവാക്കുന്നതിന് സർക്കാരുകളും കേന്ദ്ര ബാങ്കുകളും ലോകത്തെ മറ്റു പ്രമുഖ ബാങ്കുകളും ശക്തമായിത്തന്നെ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര ബാങ്കുകൾവഴിയും വൻകിട ബാങ്കുകളുടെ കൺസോർഷ്യം വഴിയും പണം നൽകി രക്ഷപ്പെടുത്തുന്നതിനാണ് ശ്രമം. തകർന്ന ബാങ്കുകളെ മറ്റു ബാങ്കുകളെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനും നീക്കങ്ങൾ സജീവമാണ്.  ഇന്ത്യയിലെ പല ബാങ്കും നിഷ്ക്രിയ ആസ്തികൾമൂലമുള്ള പ്രതിസന്ധി നേരിടുമ്പോൾ വൻകിട  വായ്പകൾ യഥേഷ്ടം നൽകുകയാണ്. അത് കിട്ടാക്കടമായി മൂലധന പ്രതിസന്ധിയിലേക്ക് പരിണമിക്കുമ്പോൾ ഖജനാവിൽനിന്ന് ‘ക്യാപിറ്റൽ ഇൻഫ്യൂഷൻ' എന്നപേരിൽ ബാങ്കുകൾക്ക് പണം നൽകി അവയെ രക്ഷപ്പെടുത്തി നിർത്തുന്നു.  കിട്ടാക്കടം പെരുകുമ്പോൾ സ്വാഭാവികമായി തകർച്ചയിലേക്ക് നീങ്ങുന്ന ബാങ്കുകളെ ജനങ്ങളുടെ പണമെടുത്ത് സബ്സിഡൈസ്‌ ചെയ്യുകയാണ് ലോകമെമ്പാടും ചെയ്യുന്നത്. അതാണ് ഇന്ത്യയിലും സംഭവിക്കുന്നത്. അമേരിക്കൻ,  യൂറോപ്യൻ മേഖലകളിൽ ബാങ്കുകൾ പൊളിയുമ്പോഴാണ് ജനങ്ങളുടെ നികുതിപ്പണം  ബാങ്കുകൾക്ക്‌ നൽകുന്നതെങ്കിൽ ഇന്ത്യയിൽ അത് ഇടയ്ക്കിടയ്‌ക്ക് നൽകുന്നുവെന്ന വ്യത്യാസം മാത്രമേയുള്ളൂ. വൻതുക വായ്പയെടുത്ത് പത്തു പൈസ തിരിച്ചടയ്ക്കാതെ പോകുന്ന അതിസമ്പന്നരെ രക്ഷപ്പെടുത്താൻ ബാങ്കുകൾക്ക് പണം നൽകുമ്പോഴും അവയുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് കാര്യമായ ഒരു ശ്രമവും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.  കിട്ടാക്കടം പെരുകുമ്പോൾ സ്വാഭാവികമായി തകർച്ചയിലേക്ക് നീങ്ങുന്ന ബാങ്കുകളെ ജനങ്ങളുടെ പണമെടുത്ത് സബ്സിഡൈസ്‌ ചെയ്യുകയാണ് ലോകമെമ്പാടും ചെയ്യുന്നത്. അതാണ് ഇന്ത്യയിലും സംഭവിക്കുന്നത്. പ്രധാന ബാങ്കുകൾ പൊതുമേഖലയിലാണെന്നത് ഇന്ത്യൻ ബാങ്കിങ് മേഖലയ്‌ക്ക് ഒരുപരിധിവരെ കരുത്തുനൽകുന്നുണ്ട്. 2008ലെ തകർച്ചയിൽ ഇന്ത്യൻ ബാങ്കുകൾക്ക് ക്ഷതമേൽക്കാതിരുന്നതിന്റെ നിർണായക ഘടകവും അതാണ്. അമേരിക്കയിലും യൂറോപ്പിലും ബാങ്കുകൾ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്നതുകൊണ്ട് അവ എപ്പോൾ വേണമെങ്കിലും തകരാവുന്ന നിലയിലാണ്. 2008ലേത്‌ ഉൾപ്പെടെ നിരവധിവട്ടം ഇത്തരം ബാങ്ക് തകർച്ചകൾ സമ്പന്ന രാജ്യങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഓരോ തവണയും സർക്കാർ ഖജനാവിൽനിന്ന് പണം നൽകി താൽക്കാലികമായി പ്രതിസന്ധി പരിഹരിക്കുന്നതാണ് രീതി. ബാങ്കിങ്‌ സംവിധാനം തകരാതെ കാത്തുസൂക്ഷിക്കുന്നുവെന്ന ന്യായമാണ് സമ്പന്ന രാജ്യങ്ങൾ പറയുന്നത്. എന്നാൽ, അതിസമ്പന്നരും കോർപറേറ്റ് ഭീമന്മാരും എടുക്കുന്ന വായ്പകൾ നിഷ്ക്രിയ ആസ്തികളായി മാറുന്നതാണ് ഇതിന്റെ പ്രധാന കാരണം. പല തകർച്ചയും സ്വാഭാവികമായി സംഭവിക്കുന്നതാണോ എന്നത് സംശയാസ്പദമാണ്. (സാമ്പത്തികകാര്യ മാധ്യമപ്രവർത്തകനാണ്‌
 ലേഖകൻ) Read on deshabhimani.com

Related News