ലോകം ഹൃദയത്തോട് ചേർത്ത പാദങ്ങൾ



ബ്രസീലുകാർക്ക് ഫുട്ബോൾ ആത്മാവിൻെറ ഭാഷയാണ്. ലാറ്റിൻ സൗന്ദര്യത്തിൻെറ പ്രദർശനശാലയായ ബ്രസീലും അർജൻറീനയും അടക്കം തെക്കേ അമേരിക്കക്ക്‌ ഫുട്ബോൾ ഒരു കളി മാത്രമല്ല; സ്വത്വ ബോധത്തിൻെറയും സംസ്കാരത്തിൻെറയും വർഗ്ഗവും ലിംഗ അധിഷ്ഠിതവും ദേശീയവും പ്രാമാണികമായ അംശങ്ങളെ ശക്തമായ അടിത്തറയോടെയും മുഴുവൻ ജനങ്ങളുടെയും പിന്തുണയോടെയും അതു കാത്തുപോവുകയാണ് ചെയ്യുന്നത്. സാംബാ സംഗീതത്തിൻെറ താളലയങ്ങളിൽ മഞ്ഞക്കിളികൾ പുൽ മൈതാനങ്ങളിൽ നൃത്തച്ചുവട്‌ വയ്ക്കുമ്പോൾ അത്‌  കാവ്യഭാഷയുടെ കാൽപന്ത് ആകുന്നു.  മഹിതമായ കളിക്ക് എവിടെയോ ഭംഗം സംഭവിച്ചുവെങ്കിലും വിജയത്തേക്കാൾ ബ്രസീലുകാർ ലാവണ്യത്തെ ചേർത്തുവച്ച കാലം ഉണ്ടായിരുന്നു.  തൻറെ രചനകളുടെ പൂർണ്ണതയ്ക്കായി ഹൃദയം പകുത്തുനൽകിയ വാൻഗോഗിനെ പോലെ പ്രകാശ സുരഭിലമായ ആ നാളുകളിൽ കാൽപന്തുകളിയുടെ ഉത്തമ താപസനാണ്‌  എഡ്‌സൺ അരാൻറസ്‌ ഡൊനാസിമെൻേറാ എന്ന പെലെ. പതിനേഴാം വയസ്സിൽ വിശ്വ ഫുട്ബോളിൽ ഇതിഹാസ പ്രകടനങ്ങൾക്ക് ഉടമയായ അത്ഭുതപ്രതിഭ.  1958 ലും 1970 ലും സ്വന്തം നാടിനെ ലോകമേധാവിത്വത്തിലേക്ക് എത്തിച്ച കളിമിടുക്ക്‌. കാലഗണനയും കളിമിടുക്കും ആധാരമാക്കിയാൽ  ഈ ഭൂമിയിലെ ആദ്യത്തെ അന്താരാഷ്ട്ര ഫുട്ബോൾ താരമാണ്‌ പെലെ എന്ന് അസന്ദിഗ്‌ധമായി പറയാം.  ഇന്നത്തെപോലെ ലോകമെമ്പാടുമുള്ള കളികാഴ്ചകൾ നമ്മുടെ സ്വീകരണമുറികളിൽ ഒട്ടും എത്താതിരുന്ന ഒരു കാലത്താണ് ബ്രസീലിൻെറ  ലെഫ്റ്റ് ഇൻസൈഡ്‌ സ്ഥാനത്ത് ഒന്നര പതിറ്റാണ്ട് കാലം അസദൃശ്യമായ കേളീചാരുതയിലൂടെ വെട്ടിത്തിളങ്ങിയ കറുത്തമുത്തിൻെറ കീർത്തി ഏത് ഫുട്ബോൾ പ്രേമിയുടെയും ഹൃദയ തന്ത്രിയിൽ സുഖമുള്ള ഒരു കാറ്റായി വീശി കൊണ്ട് ലോകം മുഴുവൻ കാൽപന്തിൻെറ സുഗന്ധവാഹിയായത്‌.  പെലെയെ  ഫുട്‌ബോളിലെ എക്കാലത്തെയും അഗ്രഗണ്യനാക്കുന്നത്‌ എന്താണ്‌. പ്രദർശന മത്സരങ്ങൾ അടക്കം 1,362 കളികളിൽനിന്ന് 1282 ഗോളുകളോ. ശൂന്യതയിൽ നിന്ന്‌ കാലാതീത  വിസ്മയങ്ങൾ തീർക്കാനുഉള്ള അനാദൃശ്യ മികവോ, അസാമാന്യ ശേഷിയോ. പത്ര വിൽപനക്കാരനായും ചെരിപ്പു കുത്തിയായും വേഷമിട്ടു കൊണ്ട്‌ കുടുംബത്തെ സഹായിക്കാനിറങ്ങിയ എഡ്‌സൺ അരാൻറസ്‌ ഡൊനാസിമെൻേറാ എന്ന നീണ്ട പേരുള്ള പതിനൊന്നുകാരൻ പിന്നീട് പെലെ എന്ന രണ്ടക്ഷരത്തിൽ ബ്രസീലിലെ ഏറ്റവും സമാരാധ്യ വ്യക്തിത്വവും ഫുട്ബോളിനെ നിറദീപവും ആയി മാറിയ കഥ ഏറെ ആവർത്തിക്കപ്പെട്ടതാണ്. 1930 കളുടെ മധ്യം വരെ കറുത്തവർക്ക് വിലക്ക് കൽപ്പിച്ചിരുന്ന ബ്രസീലിനെ ഒടുവിൽ ലോക സിംഹാസനത്തിൽ പ്രതിഷ്ഠിക്കാൻ ഒരു കറുത്തമുത്ത് തന്നെ എത്തി എന്നത് എന്നത് ഫുട്ബോളിലെ കാവ്യനീതി ആകാം. പെലെയുടെ  ജീവിതകഥയും 1958 മുതൽ 1970 വരെ ഇടയ്ക്ക് ചെറിയ ഇടവേള ഒഴികെ ഒരു വ്യാഴവട്ടക്കാലം സൂപ്പർ ടീമായി വിരാജിച്ച ബ്രസീലിൻെറ അപ്രമാദിത്വവും പരസ്‌പര പൂരകമായതു പോലെ മറ്റൊന്ന് ലോക ഫുട്ബോളിൽ ഇല്ല.  1957 ജൂലൈ 7ന്‌  17ാം വയസ്സിൽ അർജൻറീനക്കെതിരെ ഗോളടിച്ച്‌ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച പെലെ തൊട്ടടുത്ത വർഷം   തൻെറ ആദ്യലോകകപ്പിൽ ആതിഥേയരായ സ്വീഡനെതിരെ ഫൈനലിൽ നൂറ്റാണ്ടിലെ തന്നെ മനോഹരമായ ഗോൾ കുറിച്ച് ഇതിഹാസ പദവിയുടെ പടവുകൾ കയറി.  രണ്ടാം പകുതിക്ക്‌  10 മിനിറ്റ് ആയപ്പോൾ കൂട്ടുകാരൻെറ പാസ്‌ സ്വീ കരിച്ച് നടത്തിയ മുന്നേറ്റത്തിനിടെ  തിരിഞ്ഞുനിന്ന് സ്വന്തം പോസ്റ്റിന് അഭിമുഖമായിനിന്ന് പന്ത് കാൽമുട്ടു കൊണ്ട് നിയന്ത്രിച്ചിട്ട്‌  പാദം കൊണ്ട് തൻെറയും സ്വീഡൻെറ ഗുസ്‌താവ്‌സണിൻെറയും തലയ്‌ക്ക്‌  മുകളിലൂടെ മറിച്ചു.  ഞൊടിയിടയിൽ തിരിഞ്ഞു നിന്ന്‌ താഴോട്ടുവീഴുന്ന പന്ത്‌ നിലം തൊടും മുമ്പേ നിറയൊഴിച്ചു. ഗോൾ.... സ്‌റ്റേഡിയം പൊട്ടിത്തെറിച്ചു. എല്ലാം നിമിഷങ്ങൾക്കകം.  പ്രതിരോധനിരയെയും ഗോളിയെയും ഒറ്റയടിക്ക് തോൽപ്പിച്ച് പവിഴമുത്ത്‌ പോലെയുള്ള ആ ഗോൾ അങ്ങനെ ചരിത്രത്തിൻറെ ഭാഗമായി. ടൂർണമെൻറിൽ നാലു  മത്സരം കളിച്ച പെലെ ആറു  ഗോളുകൾ നേടി. ദാരിദ്ര്യത്തിൽ ആണ്ടു പോയിരുന്ന ജനകോടികൾ പെലെയിലുടെ കൺകുളിർക്കെ കണ്ട മൂന്നാം ലോകത്തിൻെറ നവ രചന തെക്കേ അമേരിക്കയിലെന്ന പോലെ തന്നെ ആഫ്രിക്കയിലുമടക്കം കുട്ടികൾ പുതിയ സ്വപ്നങ്ങൾ രചിക്കാൻ കാരണമായിത്തീർന്നു. ലോകകപ്പിൽ പെലെ അണിഞ്ഞ പത്താം നമ്പർ കുപ്പായം മാഹാത്‌മ്യത്തിൻെറ പ്രതീകമായി. 1962 ൽ ചിലി ലോകകപ്പിൽ രണ്ടുമത്സരത്തിനുശേഷം പരിക്കുമായി പെലെ  പൂർണമായി വിട്ടുനിന്നപ്പോൾ പകരം വന്ന അമാരിൽഡോയുടെയും ഗാരിഞ്ചോയുടെയും അസാമാന്യ വൈഭവത്തിലൂടെ ബ്രസീൽ കിരീടം നിലനിർത്തി.  നാലുവർഷത്തിനുശേഷം ഇംഗ്ലണ്ടിൽ അദ്ദേഹത്തെ എതിരാളികൾ ചവിട്ടിമെതിച്ചു . പോർച്ചുഗലുമായുള്ള  മത്സരത്തിനിടയിൽ ക്രൂരമായി ഫൗൾ ചെയ്യപ്പെട്ട്‌  ഗ്രൗണ്ട് വിട്ട പെലെ താൻ ഫുട്ബോൾ കളിയെ വെറുക്കുന്നു എന്ന് വരെ പറഞ്ഞു കളഞ്ഞു. ഇനി ലോകകപ്പിനില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും തീരുമാനം മാറ്റിയ പെലെയുടെ പ്രതിഭാശാലിത്വത്തിന്‌ അടിവരയിട്ട പ്രകടനത്തിലുടെ 1970 മെക്സിക്കോയിൽ ചരിത്രത്തിലെ എക്കാലത്തെയും സമ്പൂർണ്ണ ടീമായി മൂന്നാംവട്ടവും ചാമ്പ്യന്മാരായ ബ്രസീൽ ഫിഫ കപ്പിൻെറ മുൻഗാമിയായ യുൾറിമേ കപ്പ്‌ എന്നന്നേക്കുമായി നാട്ടിലേക്ക് കൊണ്ടുപോയി.  ‘‘അത്‌ സൗന്ദര്യമാണ്. അനന്തമായ ആവർത്തന രഹിതമായ സൗന്ദര്യം’’ എന്ന് ആൽബേർ കാമു വിശേഷിപ്പിച്ച ലോകമെമ്പാടുമുള്ള മനുഷ്യമനസ്സുകളുടെ അടിസ്ഥാന സങ്കൽപ്പം ഉരുണ്ടുകൂടുന്ന ഭാവനയുടെയും സംഘശക്തിയുടെ തന്ത്രത്തിലെയും കാവ്യ രസം തുളുമ്പുന്ന കാറ്റുനിറച്ച ഫുട്ബോളാണ് ആ കാനറിക്കൂട്ടം ലോകത്തിന് നൽകിയത് . 1971 ൽ മുപ്പത്തിയൊന്നാം വയസ്സിൽ ദേശീയ കുപ്പായത്തിൽ അവസാനമായി കളിച്ച പോലെ ശക്തമായ സമ്മർദങ്ങളും പ്രലോഭനങ്ങളും ഉണ്ടായിട്ടും ടീമിലേക്ക് മടങ്ങിവന്നില്ല. 1958 ൽ ബ്രസീൽ ഫുട്ബോളിൻെറ നീല നാടയായ സാന്റോസിൻെറ അണിയിൽ എത്തിയ അദ്ദേഹം 1974 ൽ വിരമിക്കും വരെ ആ ക്ലബിൻെറ സ്വത്ത്‌ ആയിരുന്നു.  പിന്നീട് അമേരിക്കയിൽ ഫുട്‌ബോൾ പ്രചരിപ്പിക്കാനുള്ള ദൗത്യം  വൻപ്രതിഫലം വാങ്ങി ഏറ്റെടുത്ത്‌ ന്യൂയോർക്ക്‌ കോസ്‌മോസ്‌ ക്ലബ്ബിനുവേണ്ടി  ബൂട്ടണിഞ്ഞു. വടക്കേ അമേരിക്കൻ കലാകിരീടം കോസ്‌ മോസിനു വേണ്ടി നേടിക്കൊടുത്ത പെലെയുടെയും ജർമൻ ഇതിഹാസം ബെക്കൻ ബോവറുടെയും സാന്നിധ്യം കൊണ്ട്‌ ഫുട്ബോളിന് അടിത്തറയും മേൽക്കൂരയും ഉയർന്ന അമേരിക്കയിൽ വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്നതിലേക്കും കളി ചെന്നെത്തി. ഒടുവിൽ ചരിത്രത്തിലെ ഏറ്റവുമധികം കാണികളുണ്ടായ ലോകകപ്പ് മേളയ്‌ക്ക്‌ 1994 അവർ വിജയകരമായി വേദി ഒരുക്കുകയും ചെയ്തു. 1977 ൽ പെലെയുടെ വിടവാങ്ങൽ മത്സരം വികാരനിർഭരമായിരുന്നു.  തൻെറ ക്ലബുകളായ കോസ്‌മോസും സാൻോസും  തമ്മിലുള്ള മത്സരത്തിൽ രണ്ടാം പകുതിയിൽ  കോസ്‌മോസിൻെറ പച്ച ജഴ്‌സിയും രണ്ടാം പകുതിയിൽ സാന്റോസിൻെറ  വെള്ള ആടയും അണിഞ്ഞ്‌ ഹംസഗാനം ചൊല്ലിയപ്പോൾ കാൽപ്പന്തിൻെറ  ചക്രവർത്തിക്ക് വിതുമ്പൽ അടക്കാൻ കഴിഞ്ഞില്ല.  ലോകത്ത് മറ്റൊരു കായികതാരവും ഇത്രയും പേരും പ്രശസ്തിയും ജനകോടികളുടെ സ്നേഹവും ആദരവും പിടിച്ചുപറ്റിയിട്ടുണ്ടാവില്ല.  വിജയം ഒരിക്കലും അദ്ദേഹത്തിൻറെ തലയ്ക്ക് പിടിക്കുകയോ പ്രശസ്‌തിക്കു വേണ്ടി പരക്കം പായുകയോ ഉണ്ടായിട്ടില്ല.  ദാരിദ്ര്യവും കഷ്ടപ്പാടും അപകർഷവും ഒക്കെ നിത്യജീവിതം നരകമാക്കിയ കുട്ടിക്കാലത്ത് എന്നപോലെ അവസാനശ്വാസം വരെയും അദ്ദേഹത്തിന്  പന്തുകളി പ്രാണൻ ആയിരുന്നു.  റോസ്‌ മേരി ആണ് കളിക്കളത്തിൽ അദ്ദേഹത്തിന്‌ ആത്മചൈതന്യം പകർന്നത്.  റോസ് മേരിയെ സ്നേഹിച്ചതുപോലെ പന്തിനെ പ്രണയിച്ച പെലെയെ  ജീവിതത്തിലും  കളിയിലും അദ്വിതീയനും അജയ്യനും ആക്കി നിർത്തിയത്  ആ സിദ്ധിയാണ്‌. Read on deshabhimani.com

Related News