സ്നേഹഗായകന് വിട - എം എ ബേബി എഴുതുന്നു



തീർത്തും അനവസരത്തിലാണ് അതുല്യ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം നമ്മെ വിട്ടുപിരിഞ്ഞത്. വിവിധ ഭാഷകളിൽ ആ നാട്ടിൽ പിറന്നുവളർന്ന ആളെപ്പോലെ അനായാസമായി പാടാനുള്ള വിസ്മയകരമായ ശേഷി എസ് പി ബിയുടെ സവിശേഷതയായിരുന്നു. അഭിനേതാവ്, സംഗീത സംവിധായകൻ, ഡബ്ബിങ് കലാകാരൻ എന്നീനിലകളിലും അദ്ദേഹം കഴിവ്  തെളിയിച്ചു. അർധശാസ്ത്രീയ സംഗീതഗാനങ്ങൾക്ക് പ്രാധാന്യമുള്ള "ശങ്കരാഭരണം' എന്ന ചലച്ചിത്രം വളരെ പ്രസിദ്ധം. തെലുങ്കിൽ നിർമിച്ചു, മലയാളം ഉൾപ്പെടെ ഒട്ടേറെ ഭാഷകളിലേക്ക് മൊഴി മാറ്റം ചെയ്യപ്പെട്ട പ്രസ്തുത ചലച്ചിത്രം കൈവരിച്ച ബഹുജനപ്രീതി അത്ഭുതകരമായിരുന്നു. കെ വി മഹാദേവന്റെ സംഗീത സംവിധാനത്തിന് കീഴിൽ ഒമ്പത് ആലാപനമാണ്  (സ്വരാലാപനം ഉൾപ്പെടെ )എസ് പി ബിക്ക്‌ "ശങ്കരാഭരണത്തിൽ' ലഭിച്ചത്. പാരമ്പര്യ സമ്പ്രദായപ്രകാരം ശാസ്ത്രീയസംഗീതം പഠിച്ച ഡോ. ബാലമുരളീകൃഷ്ണ, ഡോ. കെ ജെ യേശുദാസ് തുടങ്ങിയവർ തിളങ്ങിനിൽക്കുമ്പോൾ അവരല്ലേ നല്ലത്, തന്നെ ഒഴിവാക്കിക്കൂടെ എന്ന് എസ് പി ബി വാദിച്ചുനോക്കാതിരുന്നില്ല. എന്നാൽ, കെ വി മഹാദേവൻ നിർബന്ധിച്ചുകൊണ്ടേയിരുന്നു. ശാസ്ത്രീയസംഗീതം കാര്യമായി പഠിച്ചിട്ടില്ലാത്ത എസ് പി ബി ഒട്ടൊക്കെ സാഹസികമായി, സംഗീത സംവിധായകൻ കെ വി മഹാദേവൻ പകർന്നുകൊടുത്ത ധൈര്യത്തിൽ ഒമ്പത് ആലാപനവും ഒടുവിൽ നിർവഹിച്ചു.   ബാക്കി ചരിത്രമാണ്. അസാധാരണമായ സ്വീകരണമാണ് ആ ആലാപനമികവിന് സംഗീതാസ്വാദകരിൽനിന്ന്‌ ലഭിച്ചത്. വ്യക്തി എന്ന നിലയിൽ താരതമ്യം ഇല്ലാത്ത വിനയവും മനുഷ്യസ്നേഹവും എസ് പി ബി യുടെ പ്രത്യേകതയാണ്. കെ ജെ യേശുദാസ് എന്ന ദാസേട്ടൻ "സ്വരലയയും' "കൈരളിയും' ചേർന്ന് സംഘടിപ്പിച്ച ഒരു ചടങ്ങിൽ പങ്കുവച്ച അനുഭവം അവിസ്മരണീയമാണ്. പാരീസിൽ നടന്ന ഒരു സംഗീതപരിപാടി കഴിഞ്ഞ്‌ രണ്ടാളും വൈകി താമസസ്ഥലത്ത്‌ എത്തിയപ്പോൾ അത്താഴത്തിനുള്ള ക്രമീകരണത്തിൽ പിഴവുണ്ടായിരുന്നു. സാരമില്ല, ഇനി പുലരാൻ അധികസമയം ഇല്ലാത്തതിനാൽ പ്രഭാതഭക്ഷണം മതി എന്നുപറഞ്ഞ്‌ ദാസേട്ടൻ കിടക്കാൻ തീരുമാനിച്ചു. ഏതാനും മിനിറ്റ് കഴിഞ്ഞപ്പോൾ നല്ല തൈര് സാദവും അച്ചാറുമായി എസ് പി ബി ഹാജരായി. ദാസേട്ടനെ ഊട്ടി. ഇതുപോലുള്ള അഗാധമായ സഹോദരസ്നേഹമാണ് അവർ തമ്മിൽ എന്നുമുണ്ടായിരുന്നത്. "ശങ്കരാഭരണ'ത്തിൽ പാടിയതിനുശേഷം എസ് പി ബി ഗൗരവമായി ശാസ്ത്രീയ സംഗീതം പഠിക്കുന്ന കാര്യം അറിയാമായിരുന്നതിനാൽ, പഠനം പൂർത്തിയാകുമ്പോൾ ആദ്യ കച്ചേരി സ്വരലയയുടെ വേദിയിൽ ആകണം എന്ന് തമ്മിൽ കണ്ടപ്പോൾ അദ്ദേഹത്തോട് സൂചിപ്പിച്ചു. അതാലോചിക്കാം എന്നദ്ദേഹം സസന്തോഷം സമ്മതിച്ചു. എന്നാൽ, എന്റെ അത്യുത്സാഹം ഒരപകടമുണ്ടാക്കി. അകമ്പടിക്കാരായി എം എസ് ഗോപാലകൃഷ്ണൻ (വയലിൻ), ഉമയാൾപുരം ശിവരാമൻ (മൃദംഗം ) തുടങ്ങിയവരെ നോക്കാമെന്ന്‌ ആവേശപൂർവം പറഞ്ഞു. അദ്ദേഹത്തിന്റെ നർമബോധമാണോ വിനയമാണോ രണ്ടും ചേർന്നിട്ടാണോ എന്നറിയില്ല; ആദ്യം പ്രകടിപ്പിച്ച സമ്മതം അദ്ദേഹം നിഷ്കരുണം പിൻവലിച്ചു. അവരെപ്പോലുള്ള മഹാജ്ഞാനികൾ പക്കവാദ്യം വായിക്കാൻ വന്നാൽ, അവർക്കിടയിലിരുന്ന്‌ പാടാൻ തനിക്ക് ധൈര്യം വരില്ല എന്നായി എസ് പി ബി! എന്തായാലും അദ്ദേഹത്തിന്റെ കച്ചേരി സഫലമാകാത്ത ഒരു സ്വപ്നമായി എക്കാലവും തുടരും. Read on deshabhimani.com

Related News