മുന്നേറാം കരുത്തോടെ



കേരള പ്രവാസിസംഘം ആറാം സംസ്ഥാന സമ്മേളനം ചൊവ്വയും ബുധനും തൃശൂരിൽ ചേരുകയാണ്. പ്രവാസി സമൂഹത്തിന്റെ വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ച്  നിരന്തരം പോരാടുന്ന  സംഘടനയാണ് പ്രവാസിസംഘം. സംഘടന രൂപീകരിച്ചിട്ട് രണ്ടു പതിറ്റാണ്ട് പിന്നിട്ടു. പ്രവാസികൾക്ക് ആത്മവിശ്വാസം പകരുന്ന സചേതനമായ ഇടപെടലുകളാണ് സംഘം നടത്തിയിട്ടുള്ളത്. 2002 ഒക്ടോബർ 19ന് കോഴിക്കോട്ട്‌ മുൻ മുഖ്യമന്ത്രി  ഇ കെ നായനാരാണ് പ്രവാസിസംഘം എന്ന സംഘടനയുടെ പ്രവർത്തനങ്ങൾ ഔപചാരികമായി ഉദ്‌ഘാടനം ചെയ്തത്. പ്രവാസികൾക്ക് ക്ഷേമപദ്ധതി വേണമെന്ന ആവശ്യം കേരളത്തിൽ ആദ്യമായി ഉന്നയിച്ചത്  പ്രവാസിസംഘമായിരുന്നു. ധനികരായ പ്രവാസികൾക്ക് ക്ഷേമപദ്ധതിയോ എന്ന പരിഹാസമാണ് കേരളത്തിലെ ഒരുവിഭാഗം മാധ്യമങ്ങൾ ഉയർത്തിയത്. പ്രവാസികളിൽ സമ്പന്നരായ ഒരു ചെറുവിഭാഗമുണ്ട്. എന്നാൽ, മഹാഭൂരിപക്ഷവുംഅങ്ങനെയല്ല. കടുത്ത വെല്ലുവിളികളെ അതിജീവിച്ച് വിദേശനാടുകളിൽ തൊഴിൽ ചെയ്യുന്ന സാധാരണ പ്രവാസികൾ പ്രയാസങ്ങൾ നേരിടുന്നവരാണ്. അറബി വീടുകളിലും  റസ്റ്റോറന്റുകളിലും  നിർമാണമേഖലയിലും ഓഫീസുകളിലും ജോലി ചെയ്യുന്നവർ ലഭിക്കുന്ന ശമ്പളം മാസാമാസം നാട്ടിലേക്കയക്കുന്നു. ഈ വരുമാനംകൊണ്ട് കുടുംബങ്ങളിൽ നിത്യചെലവുകൾ നടന്നുപോകുന്നുണ്ടാകും.വീട് നവീകരിച്ചിട്ടുണ്ടാകും. കുട്ടികളുടെ വിദ്യാഭ്യാസം  മെച്ചപ്പെട്ട നിലയിൽ നടത്തിയിട്ടുമുണ്ടാകും. എന്നാൽ, ഇരുപതും ഇരുപത്തഞ്ചും വർഷം  ഇങ്ങനെ ജോലി ചെയ്ത്  തൊഴിൽ നഷ്ടമായി തിരിച്ചുവരുമ്പോൾ നിത്യചെലവിനുപോലും വരുമാനമില്ലാതെ ഇവർ  കഷ്ടപ്പെടുന്നു. ഇങ്ങനെയുള്ള സാധാരണ പ്രവാസികൾക്കു വേണ്ടിയാണ് സംഘടന വാദിച്ചത്. കേരളത്തിന്റെ സമ്പദ്ഘടനയെ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ  വലിയ സംഭാവനയാണ് പ്രവാസി സമൂഹം നൽകിയിട്ടുള്ളത്. എഴുപതുകളിലും എൺപതുകളിലും പിന്നീടും കേരളീയ മനുഷ്യജീവിതം പുഷ്ടിപ്പെടുത്തുന്നതിൽ  സർഗാത്മകമായ പങ്കാണ് പ്രവാസികൾ നിർവഹിച്ചത്. സമ്പദ്ഘടനയെ സ്വാധീനിക്കുന്ന സുപ്രധാന ഘടകമായി പ്രവാസി പണം  ഇന്നും തുടരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് ഒന്നേകാൽ ലക്ഷം കോടി രൂപ ഓരോ വർഷവും  ബാങ്കുകളിലൂടെ കേരളത്തിലേക്കൊഴുകുന്നു.   1970മുതൽ മൂന്ന് പതിറ്റാണ്ട് കേരളത്തിന്റെ സമ്പദ്ഘടനയെ ശാക്തീകരിച്ച ഈ പ്രവാസികൾക്കു വേണ്ടിയാണ് പ്രവാസി സംഘം ശബ്ദിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി  പ്രവാസികൾക്ക് ക്ഷേമ ഡിപ്പാർട്ട്‌മെന്റ്‌ 1999ൽ ഇ കെ നായനാർ സർക്കാർ രൂപീകരിച്ചു. എന്നാൽ, 2001 മുതൽ  2006വരെ സംസ്ഥാനം ഭരിച്ച യുഡിഎഫ് സർക്കാർ പ്രവാസികളുടെ ആവശ്യത്തിന് വഴങ്ങിയില്ല. അന്ന് പേരിനൊരു പ്രവാസിമന്ത്രി ഇവിടെ ഉണ്ടായിരുന്നു എന്നത് സത്യം. പ്രവാസി സംഘം കേരളത്തിലുടനീളം പ്രവാസിക്ഷേമ പദ്ധതിക്കായി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. 2006ൽ വി എസ് അച്യുതാനന്ദൻ സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രവാസി സംഘത്തിന്റെ ആവശ്യം പരിഗണിച്ചു.  500രൂപ പ്രവാസി പെൻഷനായി നിശ്ചയിച്ചു. 2011ൽ ഉമ്മൻചാണ്ടി സർക്കാർ വന്നു.  നിയമസഭയിൽ ഈ ലേഖകൻ അടിയന്തര പ്രമേയം ഉൾപ്പെടെ പ്രവാസി പ്രശ്നങ്ങളെ  ആസ്പദമാക്കി അവതരിപ്പിച്ചു. എല്ലാം ശരിയാക്കാം എന്ന പതിവു മറുപടിയല്ലാതെ നടപടി  ഉണ്ടായില്ല. പ്രവാസിരംഗത്തെ വലിയ സംഘടനയെന്ന്  അവകാശപ്പെടുന്ന കെഎംസിസിയുടെ പിന്തുണ ഉണ്ടായിരുന്ന യുഡിഎഫ് സർക്കാർ പ്രവാസികളോട് ക്രൂരമായ അവഗണനയാണ് കാണിച്ചത്. എന്നാൽ, 2016ൽ പിണറായി സർക്കാർ പ്രവാസികളോട് അന്തസ്സാർന്ന സമീപനം സ്വീകരിച്ചു. ആദ്യ ബജറ്റിൽത്തന്നെ  പ്രവാസി പെൻഷൻ മൂന്നിരട്ടി വർധിപ്പിച്ചു. രണ്ടാം പിണറായി സർക്കാർ ഈ ഏപ്രിലിൽ ഇതു വീണ്ടും വർധിപ്പിച്ചു. മൂവായിരവും മൂവായിരത്തഞ്ഞൂറുമായാണ്  പെൻഷൻ കൂട്ടിയത്. പ്രവാസി പുനരധിവാസ പദ്ധതികളിലും എൽഡിഎഫ് സർക്കാർ മാതൃകാപരമായ തീരുമാനങ്ങൾ എടുത്തു. രണ്ടു ലക്ഷംമുതൽ മുപ്പതു  ലക്ഷംവരെ ലോണായി അനുവദിക്കുന്നു.  കോവിഡ് കാലത്ത് നാട്ടിലെത്തി തിരിച്ചുപോകാൻ കഴിയാതിരുന്ന പ്രവാസികൾക്ക് സഹായധനം അനുവദിച്ച ഏക സംസ്ഥാനസർക്കാർ പിണറായി വിജയന്റേതാണ്.  കേന്ദ്ര സർക്കാർ പ്രവാസിക്ഷേമത്തോട് ഇപ്പോഴും മുഖംതിരിഞ്ഞു നിൽക്കുകയാണ്. രാജ്യസഭയിൽ ജോൺ ബ്രിട്ടാസും ലോക്സഭയിൽ  എ എം ആരിഫും ഈ പ്രശ്നം ഉന്നയിച്ചിരുന്നു. പ്രവാസികളിലെ പാവപ്പെട്ടവരെ സഹായിക്കുന്ന ഒരു പദ്ധതിയും നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറല്ലെന്ന് പാർലമെന്റിലെ മന്ത്രിമാരുടെ മറുപടി വ്യക്തമാക്കുന്നു.  പ്രവാസികൾ രാജ്യത്തേക്കയക്കുന്ന പണം ഓരോ വർഷംതോറും വർധിക്കുന്നു. കഴിഞ്ഞ സാമ്പത്തികവർഷം 87 ബില്യൺ യുഎസ് ഡോളറിനു സമാനമായ സംഖ്യയാണ് പ്രവാസികൾ അയച്ചത്. ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ ലക്ഷക്കണക്കിന് കോടി രൂപ. നമ്മുടെ വിദേശ നാണ്യശേഖരത്തിന് കരുത്തു പകരുന്ന സംഭാവനകൾ അർപ്പിക്കുന്ന പ്രവാസികളെയാണ് കേന്ദ്രസർക്കാർ അവഗണിക്കുന്നത്. ശക്തമായ പ്രതിഷേധം ഇതിൽ ഉയരേണ്ടതുണ്ട്. പാർലമെന്റ്‌ മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾക്ക് പ്രവാസി സംഘം തയ്യാറെടുക്കുകയാണ്. (കേരള പ്രവാസിസംഘം 
ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ) Read on deshabhimani.com

Related News