മതഗ്രന്ഥങ്ങൾ, സമ്മാന നയതന്ത്രം, കെ ടി ജലീൽ



സമ്മാനങ്ങൾ (gift) എന്ന നിലക്ക് മതഗ്രന്ഥങ്ങൾ നയതന്ത്ര ചരിത്രത്തിൽ പൗരാണിക കാലം മുതൽ കാണാൻ കഴിയും. മധ്യകാല ഘട്ടത്തിൽ, നയതന്ത്രങ്ങളെ ഊട്ടിയുറപ്പിക്കുന്നതിലും, തകർക്കുന്നതിലും സമ്മാനപ്പൊതികൾ ശക്തമായ പങ്ക് വഹിച്ചതായി കാണാൻ കഴിയും. ഉദാഹരണത്തിന് ആദ്യത്തെ തവണ സാമൂതിരിയെ കാണാൻ വന്ന വാസ്‌ഗോഡാ ഗാമക്ക് ഉചിതമായ സ്വീകരണം കോഴിക്കോട്ടു കിട്ടാതിരുന്നതിന്റെ കാരണങ്ങളിലൊന്ന്, സാമൂതിരിയുടെ യോഗ്യതക്കും, അധികാരത്തിനും യോജ്യമായ സമ്മാനങ്ങൾ ഗാമക്ക് കാഴ്ചയായി വെക്കാൻ പറ്റാത്തത് കൊണ്ട് തന്നെയായിരുന്നു.  കുറച്ചു തുണികളും, ആറു തൊപ്പിയും, രണ്ടു പെട്ടി എണ്ണയും കുറച്ചു തേനുമൊക്കെയുള്ള സമ്മാനങ്ങൾ കണ്ടപ്പോഴേ സാമൂതിരി കൊട്ടാരത്തിൽ ചിരി പൊട്ടിയിരുന്നു. സമ്മാനങ്ങൾ മഹാമോശം എന്ന് ഗാമയെ അറിയിക്കുകയും ചെയ്തു. രണ്ടാം തവണ ഗാമ വന്നത് ഒരു രാജാവിന് കൊടുക്കേണ്ട യോഗ്യമായ സമ്മാനങ്ങളുമായിട്ട് തന്നെയാണ്. അതിൽ വിലപിടിച്ച തുണികളും വെള്ളി പാത്രങ്ങളും, സ്വർണ്ണ നൂലുകള്‌കൊണ്ടു നെയ്ത കുഷനുകളും ഉണ്ടായിരുന്നു. ഇതിൽ ഏറ്റവും വേറിട്ട് നിൽക്കുന്നതായിരുന്നു ചുവർ വിരികൾ എന്നൊക്കെ വിളിക്കാൻ പറ്റുന്ന 'Arras Hanging' എന്ന, നിറയെ ചിത്രപ്പണികളുള്ള, മനുഷ്യ രൂപങ്ങൾ അടയാളപ്പെടുത്തിയ സമ്മാനങ്ങൾ. മധ്യകാല യൂറോപ്പിലെ ഇത്തരത്തിലുള്ള ചിത്രവിരികളുടെ ചരിത്രം സൂചിപ്പിക്കുന്നത്, സമ്മാനങ്ങളായി കൊടുക്കുന്ന വരികളിൽ ഭൂരിപക്ഷവും ക്രൈസ്തവ മതവുമായി ബന്ധപ്പെട്ടതായിരിക്കുമെന്നുള്ളതാണ്. സാമൂതിരിക്ക് കിട്ടിയതിനെ പറ്റി ഉറപ്പില്ലെങ്കിലും, അങ്ങിനെയാവാനുള്ള സാധ്യതകൾ കൂടുതലാണ്. മുഹമ്മദ് പ്രവാചകനും സമ്മാനങ്ങളും, അതിന്റെ കൂടെ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ഖുർആൻ സൂക്തങ്ങൾ അടങ്ങിയ എഴുത്തുകളും പല രാജാക്കന്മാർക്കും നാട്ടുപ്രമാണിമാർക്കും കൊടുത്തയച്ചതും ചരിത്രമാണ്.ഇങ്ങിനെ ഖുർആൻ വചനങ്ങളുള്ള എഴുത്തുകളും, അതിന്റെ കൂടെ സമ്മാനങ്ങളും, തുർക്കിയിലും കൈറോവിലും, ജിദ്ദയിലും ബൈൻഡ് ചെയ്യപ്പെട്ട ഖുർആനുകളും ഹദീസ് ഗ്രന്ഥങ്ങളും ഒമ്പതാം നൂറ്റാണ്ട് മുതൽതന്നെ ഇസ്ലാമിക സാംസ്‌കാരിക ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. സമ്മാനങ്ങൾ സ്വീകരിക്കുക, നിരാകരിക്കുക, അയക്കുക എന്നത് സൗഹൃദം, ശത്രുത/നീരസം, സ്‌നേഹം എന്ന കൃത്യമായ നയതന്ത്ര പ്രവർത്തനമാക്കി മാറ്റുന്നുണ്ട് പ്രവാചകൻ മുഹമ്മദ് ഏഴാം നൂറ്റാണ്ടിൽ തന്നെ. ഇതിന്റെ തുടർച്ചയാണ്, ഖുർആൻ കപ്പലുകയറി ആഫ്രിക്ക മുതൽ ചൈന വരെയുള്ള സ്ഥലങ്ങളിൽ സമ്മാനങ്ങളായി എത്തുന്നത്. ആഫ്രിക്കയിലെ നാട്ടു  രാജാക്കളോ, യൂറോപ്പിലെ  ക്രൈസ്തവ രാജാക്കളോ, ചൈനയിലെ കണ്ഫയൂഷനിസ്‌റ് രാജാക്കളോ, സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലെ ബുദ്ധ രാജാക്കളോ  സമ്മാനമായി വന്ന ഖുർആനിനെ നിരാകരിച്ച സംഭവങ്ങൾ, അല്ലെങ്കിൽ മറ്റ് ഏതെങ്കിലും  മത ഗ്രന്ഥങ്ങളെ അവഗണിച്ച സംഭവങ്ങൾ ചരിത്രം രേഖപ്പെടുത്തിയിട്ടില്ല എന്ന് വേണം പറയാം. സമ്മാനങ്ങൾ നിരാകരിക്കുമ്പോഴും അതിന്റെ കൂടെയുള്ള മതഗ്രന്ഥങ്ങളെ മാത്രം സ്വീകരിക്കുന്നതും കാണാം. ഖുർആൻ അടങ്ങിയ മതഗ്രന്ഥങ്ങൾ സമ്മാനങ്ങളായി അയക്കുന്നത് ഓട്ടോമൻ, സഫവിദ്, മുഗൾ തുടങ്ങിയ മുസ്ലിം രാജപരമ്പരകളുടെ നയതന്ത്ര രീതിയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു. അതുവഴി അവ സമ്മാനങ്ങളായി കിട്ടുന്നവർ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യും എന്ന് കരുതിയായിരുന്നില്ല അവർ ഇവയെ അയച്ചിരുന്നത്. മറിച്ചു, അധികാരത്തിലും പ്രതാപതിനുമപ്പുറം തങ്ങൾ ഏറ്റവും 'വിലമതിക്കുന്നത് ഇതാണ്' എന്നുള്ള പ്രസ്താവന നടത്താൻ തന്നെയായിരുന്നു. അതേപോലെ തങ്ങൾക്ക് തങ്ങൾക്കു കിട്ടിയ ബൈബിൾ പോലെയുള്ള മത ഗ്രന്ഥങ്ങളെ അവരും സ്വീകരിക്കുന്നത് കാണാം. പോർച്ചുഗീസ്‌കാരോട് രാഷ്ട്രീയമായും സാമ്പത്തികമായും പ്രശ്‌നങ്ങൾ നിലനിക്കുമ്പോൾ തന്നെ അവിടെ നിന്ന് വന്ന പലതരത്തിലുള്ള ബൈബിളുകൾ സ്വീകരിക്കുകയും അതിനെ ആഘോഷമാക്കി മാറ്റി മാറ്റുകയും ചെയ്യുന്ന മുഗൾ രാജാക്കന്മാർ ചരിത്രത്തിൽ ജീവിച്ചിട്ടുണ്ട്. ജെസ്യൂട്ടുകളിൽ നിന്ന് ബൈബിൾ സമ്മാനമായി സ്വീകരിച്ച അക്ബറും , പോർച്ചുഗീസ് ക്രൈസ്തവ പെയിന്റിങ്ങുകളും ബൈബിളും സമ്മാനമായി കിട്ടിയപ്പോൾ അവയെ രാജകീയ ആഘോഷങ്ങളാക്കി മാറ്റിയ ജഹന്ഗീരും ചരിത്രത്തിലുണ്ട്. പഴങ്ങളും, മൃഗങ്ങളും, സൗന്ദര്യമുള്ള പക്ഷികളും, വത്യസ്തയുള്ള മണലും, ചൂടുള്ള വീഞ്ഞും, ദുർല്ലഭമായ ചെടികളും, ആകർഷണീയമായ തുണികളും, എഴുത്തുപെട്ടികളും, വിലപിടിപ്പുള്ള വാളുകളും, കൊത്തുപണികളുള്ള പുസ്തകങ്ങളും, വേട്ടയിറച്ചിയും, ശക്തിയുള്ള കഞ്ചാവും, പാചക പുസ്തകങ്ങളും, ഈ കാലഘട്ടം മുഴുവൻ ലോകം മുഴുവൻ സമ്മാനങ്ങളായി കറങ്ങി നടന്നിട്ടുണ്ട്.  മാർബിളിൽ കൊത്തിയ കൃഷ്ണ വിഗ്രഹങ്ങളും, ശൈവ പ്രതിമകളും രാജപുത്താന പ്രദേശങ്ങളിൽ ഇസ്ലാമിക കൊട്ടാരങ്ങളിലും വന്നതായി കാണാം. സംസ്‌കൃതത്തിലുള്ള പുസ്തകങ്ങൾ മുഗൾ കൊട്ടാരത്തിന്റെയകത്തേക്കും പുറത്തേക്കും സമ്മാനങ്ങളായി പോയിട്ടുണ്ട്. സമ്മാനങ്ങളെ കൈകാര്യം ചെയ്യാനുള്ള പ്രത്യേക മന്ത്രിമാർ പോലും ചില രാജാക്കന്മാർക്ക് ഉണ്ടായിരുന്നു എന്ന് കാണുമ്പൊൾ,  നയതന്ത്ര സംവിധാനങ്ങളിൽ മതവുമായി ബന്ധപ്പെട്ട സമ്മാനങ്ങൾ എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്ന് കാണാൻ കഴിയും. കിം സൈബെൻഹ്യൂനെർ ലെ പോലെയുള്ള ചരിത്രകാരന്മാരുടെ ഗവേഷണങ്ങൾ മധ്യകാല ഇന്ത്യ-യൂറോപ് തുടങ്ങിയ സ്ഥലങ്ങളിൽ മധ്യകാലത്തു നടന്നിട്ടുള്ള സമ്മാന നയതന്ത്രങ്ങളെപ്പറ്റി (gift diplomacy) ആഴത്തിലുള്ള  ഗവേഷണം തന്നെ നടത്തിയിട്ടുണ്ട്. SAGE പ്രസിദ്ധീകരിക്കുന്ന IESHR എന്ന ജേര്ണലില് വേണ്ടി ഞാൻ തന്നെ  റിവ്യൂ ചെയ്തിട്ടുള്ള, അഞ്ചുവാള്യങ്ങളുള്ള ആയിരക്കണക്കിന് പേജുകളുള്ള പേർഷ്യൻ രേഖകളിൽ ഒരു പത്തു ശതമാനത്തോളം,  പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിലെ വിവിധ രാജാക്കന്മാർ പരസ്പരം കൈമാറിയ സമ്മാനങ്ങളെ പറ്റിയുള്ള വിശദീകരണങ്ങളാണ്  എന്ന് ഇവിടെ ഓർക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള 'ഇന്ത്യൻ കൌൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ്' ന്റെ ഏകദേശം എഴുപതോളം കേന്ദ്രങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്നുണ്ട്. ഈ നയതന്ത്ര കേന്ദ്രങ്ങൾ വഴി 'യോഗ' മുതലുള്ള ''ഇന്ത്യൻ അറിവ്'' സമ്പ്രദായങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള നിരവധി പുസ്തകങ്ങൾ ഈ രാജ്യങ്ങളിലെല്ലാം കൈമാറപ്പെടുകയും ചെയ്യുന്നുണ്ട്. മഹാഭാരതം മുതൽ പഞ്ച തന്ത്രകഥകൾ വരെ ലോകത്തിനു മുൻപിൽ പരിചയപ്പെടുത്തുന്നതിൽ ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ് എന്ന് കാണാൻ കഴിയും. അവ സമ്മാനങ്ങളായും, പഠനോപകാരങ്ങളായും തന്നെയാണ് പോകുന്നത്. അതായത് ഇന്ത്യൻ നയതന്ത്രത്തിന്റെ ഏറ്റവും ക്രിയാത്മകമായ ഒരു വശം തന്നെയാണ് ഇത്തരത്തിലുള്ള പുസ്തക സമ്മാനങ്ങൾ. ഈ സമ്മാനങ്ങൾ സ്വീകരിക്കുക വഴി, ഈ കേന്ദ്രങ്ങൾ തുറന്നുവച്ചിട്ടുള്ള തുർക്കിയും ഫലസ്തീനുമടങ്ങുന്ന പന്താണ്ടോളം മുസ്ലിം രാജ്യങ്ങൾ അവിടെയുള്ള ഏതെങ്കിലും മന്ത്രിയെ വഴിയിൽ തടഞ്ഞതായി അറിയില്ല. ചുരുക്കത്തിൽ, ഒരു ഭരണഘടനാ പദവിയിൽ നയതന്ത്രജ്ഞനായും, വഖഫ് മന്ത്രിയായും ഇരിക്കുന്ന ഒരാൾ എന്ന നിലയിൽ നടത്തേണ്ട ഒരു പ്രവർത്തി മാത്രമേ ജലീൽ നടത്തിയിട്ടുള്ളൂ എന്നത് പകൽ പോലെ വ്യക്തമാണ്. സമ്മാനപ്പൊതിയിൽ വന്നത് ഖുർആൻ ആണ് എന്നത് മാത്രം. അത് ബൈബിളോ, മറ്റോ ആയിരുന്നെങ്കിൽ അദ്ദേഹം അവ നിരാകരിക്കുമായിരുന്നോ? വാർത്തകൾ ഉണ്ടാകുമായിരുന്നോ..രണ്ടിനുമുള്ള ഉത്തരം ഇല്ല എന്നത് തന്നെയാണ്. പിന്നെ ഭക്ഷണ പൊതികൾ. ഇസ്ലാമിക രാജ്യങ്ങൾ 'ഭക്ഷണ വിതരണം' കണക്കാക്കുന്നത്  മതപരമായ ഒരു കാര്യം തന്നെയാണ്. 'Food Philanthropy' എന്നതും ഇന്ന് ലോകം അംഗീകരിച്ച നയതന്ത്ര ഇടനാഴികളിൽ ഒന്നാണ്. ചുരുക്കത്തിൽ, ദുബായ് കോൺസുലേറ്റിനെ അങ്ങോട്ട് വിളിച്ചു 'നിങ്ങൾ ഖുർആനും, ഭക്ഷണപ്പൊതികളും ഇങ്ങോട്ടു അയക്കണം' എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രമേ അദ്ദേഹം സാങ്കേതികമായി പോലും തെറ്റുകാരനാവുന്നുള്ളൂ. Shahina Nafeesa റിപ്പോർട്ട് പ്രകാരം, അദ്ദേഹത്തോട് സമ്മാനപ്പൊതികളെ പറ്റി മാത്രമേ ചോദ്യങ്ങൾ ചോദിച്ചിട്ടുള്ളു. അതുകൊണ്ടു തന്നെ, സ്വർണ്ണകടത്തുമായി ബന്ധമൊന്നുമില്ലെങ്കിൽ, ഇന്നത്തെ അവസ്ഥയിൽ ഊഷ്മളമായ ബന്ധം നിലനിൽക്കുന്ന ഇന്ത്യ-ദുബായ് രാജ്യങ്ങളുടെ ഉത്തരവാദിത്വപെട്ടവർ ഈ സമ്മാനങ്ങൾ സ്വീകരിക്കുകയും എത്തേണ്ടവരിലേക്കു എത്തിക്കുകയും ചെയ്ത ജലീലിനെ ഒരു കുറ്റവാളിയായി കാണാനുള്ള ഒരു സാധ്യതയും നിലനിൽക്കുന്നില്ല. ആത്യധികമായി ചരിത്രകാരനായ ജലീൽ സമ്മാനങ്ങൾ മനുഷ്യ ബന്ധങ്ങളെ നിർണ്ണയിക്കുന്നത് എങ്ങിനെ എന്നതിനെ പറ്റി ഏറ്റവും മഹത്തായ ഗവേഷണം നടത്തിയ, 'The Gift' ന്റെ കർത്താവായ മർസെൽ മോസിനെ വായിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൊളോണിയൽ കാലത്തെ സമ്മാന നയതന്ത്ര ചരിത്രവുമായും അദ്ദേഹത്തിന് പരിചയമുണ്ടാവും. അതായത് ഒരു ചരിത്രകാരനായ രാഷ്ട്രീയക്കാരൻ നയതന്ത്ര സമ്മാനപ്പൊതികളെ ക്രിയാത്മകമായി കണ്ടതിന്റെ പ്രതിഷേധമാണ് ഇവിടെ നടക്കുന്നത്. എന്നാൽ ബിജെപി നിർണ്ണയിക്കുന്ന 'ഖുർആൻ', 'ജലീൽ', 'ദുബായ്', 'മലപ്പുറം', 'റംസാൻ കിറ്റ്' തുടങ്ങിയ ഇസ്ലാമോഫോബിയ നിർമ്മിക്കാൻ ഉതകുന്ന എല്ലാ കാര്യങ്ങളുമുള്ള ആഖ്യാനങ്ങളാണ് മുസ്ലിംലീഗും, വെൽഫെയർ പാർട്ടിയും ഏറ്റെടുത്തിരിക്കുന്നത്. ഈ പ്രതിഷേധങ്ങൾ കനക്കുമ്പോൾ ജലീലിന്റെ 'രാഷ്ട്രീയ പ്രസ്ഥാനം' ഉത്തരേന്ത്യയിലെ ആഖ്യാനങ്ങളിൽ അപ്രസക്തമാകും. അത് അയാൾക്ക് അപ്പുറം പോകും. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പുമായി  വയനാടിന്റെ ചിത്രീകരിച്ചതുപോലെ, ജലീലിനെ മുൻനിർത്തി വരാൻ പോകുന്ന ബിഹാർ തിരഞ്ഞെടുപ്പിൽ അടക്കം ഹിന്ദുത്വ ആഖ്യാനങ്ങൾ ഉണ്ടാവുമെന്ന് ഉറപ്പാണ്. അത്‌കൊണ്ട് തന്നെ, അധികാരമല്ല, സമുദായ സ്‌നേഹമാണ് കവിഞ്ഞൊഴുകുന്നതെങ്കിൽ, ഖുർആൻ, ദുബായ് മലപ്പുറം,  ഈഡി'   വച്ചുകൊണ്ടുള്ള, ബിജെപി നിർമ്മിച്ച ആഖ്യാനങ്ങൾ മുസ്ലിം ലീഗും വെൽഫെയറും ഏറ്റെടുക്കുന്നത്, പെറ്റി രാഷ്ട്രീയം മാത്രമല്ല, നിങ്ങൾ പ്രതിനിധാനം ചെയ്യുന്നുവെന്ന് പറയപ്പെടുന്ന സമുദായത്തിന് ആഴത്തിലുള്ള മുറിവ് ഏൽപ്പിക്കുന്നതുമാണ്. ഡിസ്സർവീസാണ് നിങ്ങൾ ചെയ്യുന്നത് എന്ന് സാരം. തികഞ്ഞ കമ്യൂണിസ്റ്റായ നായനാറും, ബിജെപി നേതാവും മന്ത്രിയുമായ വി മുരളീധരനും പോപ്പിന് 'ഭഗവത്ഗീത' കൊടുക്കുന്നതും, മമതാ ബാനർജീ പോപ്പിന്  പട്ടിൽ പൊതിഞ്ഞ 'ബൈബിൾ' കൊടുക്കുന്നതും, പ്രധാനമന്ത്രി മോഡി സൗദി രാജാവിന് സ്വർണ്ണം പൊതിഞ്ഞ ചേരമാൻ പള്ളിയുടെ രൂപം കൊടുക്കുന്നതും, പോപ്പ് തിരിച്ചു നായനാർക്ക് കൊന്തകൈമാറുന്നതും ഈ സമ്മാന നയതന്ത്രത്തിന്റെ പരിധിയിൽ തന്നെ വരുന്ന കാര്യങ്ങളാണ്.  ഇത് ക്രിയാത്മകമാണ്. പലതും ഊട്ടി ഉറപ്പിക്കുന്നതാണ്.         ചുരുക്കത്തിൽ നിലനിൽക്കാത്ത കേസാണ് ജലീലിന്റെത്, സെക്രട്ടറിയയേറ്റിലെ തീപോലെ കെട്ടുപോകുന്നതാണ്. പക്ഷെ നിങ്ങൾ അത് തിരിച്ചറിയുമ്പോഴേക്കും, അണയാത്ത തീ നിങ്ങൾ പലസ്ഥലത്തും അപ്പോഴേക്കും കൊളുത്തിയിരിക്കും.   എഴുതിയത്‌ ഡോ. പി കെ യാസർ അറഫാത്ത് (അസി.പ്രൊഫസർ, ചരിത്ര വിഭാഗം, ഡൽഹി യൂണിവേഴ്‌സിറ്റി) Read on deshabhimani.com

Related News