തൊഴിലുറപ്പ് അനുഭവങ്ങൾ - പ്രൊഫ. കെ എൻ 
ഗംഗാധരൻ എഴുതുന്നു



കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ സംസ്ഥാന സർക്കാർ നിരവധി പദ്ധതികളാണ്‌ ആവിഷ്‌കരിച്ച്‌ നടപ്പാക്കുന്നത്‌. സ്ത്രീകളുടെ തൊഴിലില്ലായ്മ പരിഹരിക്കാനായി ഗ്രാമീണതലത്തിൽ ഒരുപാട്‌ പദ്ധതികൾ വിഭാവനം ചെയ്‌തു. ഗ്രാമങ്ങളിൽ 13.4 ശതമാനവും നഗരങ്ങളിൽ 17.4 ശതമാനവുമാണ് സ്ത്രീ തൊഴിലില്ലായ്മ നിരക്ക്. ആകെ തൊഴിൽശക്തിയും തൊഴിലുള്ളവരും തമ്മിലെ തൊഴിൽ പങ്കാളിത്ത നിരക്ക് ഗ്രാമങ്ങളിൽ 27.7 ശതമാനവും നഗരങ്ങളിൽ 29.5 ശതമാനവുമാണ്. ഉയർന്ന വിദ്യാഭ്യാസവും സാങ്കേതിക പരിജ്ഞാനവുമുള്ള യുവതലമുറ മെച്ചപ്പെട്ട തൊഴിലുകൾ കരസ്ഥമാക്കുമ്പോൾ,  അവയൊന്നുമില്ലാത്ത അവിദഗ്ധരായ ജനങ്ങൾ തൊഴിലോ വരുമാനമോ ഇല്ലാത്തവരായി തുടരാം. ഒരു പരിഷ്കൃത സമൂഹത്തിനും അത് ഭൂഷണമല്ല. അവർക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുക മർമപ്രധാനമാണ്. ഇവിടെയാണ് തൊഴിലുറപ്പ്‌ പദ്ധതിയുടെ പ്രസക്തി. അവശത അനുഭവിക്കുന്നവരാണ് തൊഴിലുറപ്പ്‌ തൊഴിലാളികൾ. കുറഞ്ഞ കൂലിക്ക്‌ തൊഴിലെടുക്കാൻ അവർ നിർബന്ധിതരാണ്. കേരളത്തിൽ 330.31 രൂപയാണ് ദിവസക്കൂലി. അതിനേക്കാളും കുറവാണ് ചില സംസ്ഥാനങ്ങളിൽ. മധ്യപ്രദേശിൽ 221 രൂപയും മഹാരാഷ്ട്രയിൽ 273 രൂപയും രാജസ്ഥാനിൽ 255 രൂപയുമാണ്. വേതനം ഇത്രയും കുറയാൻ കാരണം കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ സമീപനംതന്നെ. കേന്ദ്രാവിഷ്കൃത പദ്ധതിയാണ് തൊഴിലുറപ്പ്. ചെലവിന്റെ 90 ശതമാനം കേന്ദ്രം വഹിക്കണം. 10 ശതമാനം സംസ്ഥാനവും. വേതനം ഉയർത്തണമെങ്കിൽ കേന്ദ്രം കൂടുതൽ ഫണ്ട് അനുവദിക്കണം. പദ്ധതിയോട് തുടക്കംമുതലേ ചിറ്റമ്മനയമാണ് കേന്ദ്രത്തിന്. വേണ്ടത്ര ഫണ്ട് ഒരു വർഷവും അനുവദിച്ചിട്ടില്ല. അനുവദിക്കുന്ന സംഖ്യ കൃത്യമായി നൽകിയിട്ടുമില്ല. നാമമാത്ര വേതനംപോലും കുടിശ്ശികയാണ്. ഉപകരണങ്ങളുടെ വിലയായ 6157 കോടി രൂപ കുടിശ്ശികയാണെന്ന് ലോക്‌സഭയിൽ വകുപ്പുമന്ത്രി വെളിപ്പെടുത്തിയത്‌ അടുത്ത കാലത്താണ്. ആവശ്യമായ തുക വകയിരുത്താൻ കേന്ദ്രം ഒരിക്കലും സന്നദ്ധമായിട്ടില്ല. 2022ലെ ബജറ്റ് 73,000 കോടി രൂപ വകയിരുത്തി. യഥാർഥ ചെലവ് 98,000 കോടിയായിരുന്നു. അടുത്ത ബജറ്റിൽ കൂടുതൽ തുക വകയിരുത്തുകയല്ലേ ന്യായം. എന്നാൽ, 73,000 കോടിതന്നെ വകയിരുത്തി. യഥാർഥ ചെലവ് 89,400 കോടി രൂപ. അതിനടുത്ത വർഷം 2023– 24ൽ 60,000 കോടിമാത്രം!   തൊഴിലുറപ്പ്‌ പദ്ധതി സംബന്ധിച്ച പാർലമെന്ററി കമ്മിറ്റി കാതലായ ചില നിർദേശങ്ങൾ സർക്കാരിന്‌ സമർപ്പിച്ചിട്ടുണ്ട്. 100 തൊഴിൽ ദിനം എന്നതിനു പകരം 150 ആക്കണമെന്നാണ് ഒരു ശുപാർശ. ഇപ്പോൾത്തന്നെ ലഭ്യമാകുന്ന യഥാർഥ തൊഴിൽ ദിനങ്ങൾ വളരെ കുറവാണ്. കേരളത്തിൽ 2022– -23ൽ ലഭ്യമാക്കിയത് കുടുംബമൊന്നിന് 62.26 തൊഴിൽ ദിനം. എങ്കിലും 2019–- 20ലെ 55.75 തൊഴിൽ ദിനങ്ങളേക്കാൾ മെച്ചം. ജീവിതച്ചെലവുമായി ബന്ധപ്പെടുത്തിയുള്ള വേതന നിർണയമാണ് കമ്മിറ്റിയുടെ മറ്റൊരു പ്രധാന ശുപാർശ. ആയതിന് കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധ സമീപനം മാറ്റണം. വൻകിട മുതലാളികൾക്ക് നികുതി ഇളവുകളും വായ്പക്കാർക്ക് സുഖജീവിതവും ഉറപ്പാക്കുന്ന സാമ്പത്തികനയം തിരുത്തണം. നിക്ഷേപം പ്രോത്സാഹിപ്പിച്ച് ഉൽപ്പാദനം വളർത്തുകയേ വേണ്ടൂ, രാജ്യം വളർച്ച നേടുമെന്ന സാമ്പത്തികനയം തിരുത്തണം. ജനങ്ങളുടെ തൊഴിലും വരുമാനവും വളർത്തി സാധനങ്ങൾ വാങ്ങാൻ പ്രാപ്തരാക്കുന്ന സാമ്പത്തികനയം സ്വീകരിക്കണം. സപ്ലൈ കേന്ദ്രീകൃത സാമ്പത്തിക നയത്തിനു പകരം ഡിമാൻഡ്‌ കേന്ദ്രീകൃതമാകണമെന്ന്‌ ചുരുക്കം. കോവിഡിനെത്തുടർന്ന് നിലംപൊത്തിയ ദേശീയ വരുമാനവളർച്ച എന്തുകൊണ്ട് ഇനിയും പൂർവാവസ്ഥയിലെങ്കിലും എത്തുന്നില്ലെന്ന്‌ മോഡിയും നിർമലയും ഒരു നിമിഷം ചിന്തിച്ചാൽ പരിഹരിക്കാവുന്നതേയുള്ളൂ പ്രശ്നം. പക്ഷേ, അത്‌ സംഭവിക്കില്ല. സമ്പന്നർക്കുവേണ്ടിയാണ് ഇന്ത്യൻ ജനാധിപത്യം. കേരളത്തിൽ ദീർഘനാളായി വിവിധ അവശവിഭാഗങ്ങൾ സാമൂഹ്യ പെൻഷനുകൾ അനുഭവിച്ചുവരുന്നുണ്ട്. അത്തരം പെൻഷനുകളൊന്നും തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭ്യമായിരുന്നില്ല. കേരളം അതിന്‌ മാറ്റംകുറിച്ചിരിക്കുന്നു. 18നും 55നും ഇടയ്‌ക്ക് പ്രായമുള്ള തൊഴിലാളികളെ ക്ഷേമനിധി ബോർഡിനു കീഴിലാക്കി പെൻഷന്‌ അവകാശികളാക്കിയിരിക്കുന്നു. 60 വയസ്സുമുതൽ പെൻഷൻ ലഭിക്കും. ഒരു സംസ്ഥാനത്തും ഇത്തരം പദ്ധതിയില്ല. സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികളിൽ 28.93 ശതമാനം 60നു മേൽ പ്രായമുള്ളവരാണ്. 51– -60 പ്രായമുള്ളവരാണ് 31.39 ശതമാനം. അധികം കഴിയാതെ അവരും അംഗത്വത്തിനും പെൻഷനും യോഗ്യരാകും. 31 മുതൽ 40 വരെയുള്ളവർ 11.39 ശതമാനമാണ്. 1.4 ശതമാനമേ വരൂ 18നും 30നും മധ്യേ പ്രായക്കാർ. വിഭവ പരിമിതിയിലും കേരളം തൊഴിലുറപ്പുരംഗത്ത്‌ അഭിമാനകരമായ പുരോഗതി കൈവരിച്ചു. 2021–- 22ൽ 16.45 ലക്ഷം കുടുംബത്തിന്‌ തൊഴിൽ കാർഡുകൾ ലഭിച്ചു. 10.60 കോടി തൊഴിൽ ദിനവും സൃഷ്ടിക്കപ്പെട്ടു. മുൻവർഷം 10.23 കോടിയും അതിനും മുൻവർഷം 9.75 കോടിയുമായിരുന്നു തൊഴിൽ ദിനം. സ്ത്രീകളാണ് തൊഴിലാളികളിൽ 90 ശതമാനം. 5.12 ലക്ഷം കുടുംബം 100 തൊഴിൽ ദിനം പൂർത്തിയാക്കി. തൊഴിലാളികളിൽ 16.59 ശതമാനം എസ്‌സി വിഭാഗത്തിലും 5.29 ശതമാനം എസ്ടി വിഭാഗത്തിലും പെടുന്നു. 100 തൊഴിൽ ദിനം പൂർത്തിയാക്കിയ എസ്ടി വിഭാഗം തൊഴിലാളികൾക്ക് കൂടുതലായി 100 ദിവസംകൂടി ഉറപ്പാക്കുന്ന ട്രൈബൽ പ്ലസ് പദ്ധതി കേരളത്തിന്റെ തനതു പദ്ധതിയാണ്. തൊഴിലുറപ്പുരംഗം അഴിമതിരഹിതമാക്കുക പ്രധാനമാണ്. ജോലിക്കെത്തുന്ന തൊഴിലാളികളുടെ യഥാർഥ ഹാജർനില പരിശോധന വേണം. സത്യസന്ധമായ സോഷ്യൽ ഓഡിറ്റിങ് പ്രധാനമാണ്. ഇക്കാര്യത്തിലും കേരളം മികച്ചുനിൽക്കുന്നു. സോഷ്യൽ ഓഡിറ്റിങ് പൂർത്തിയാക്കിയ ആദ്യ സംസ്ഥാനം എന്ന പദവി കേരളം സ്വന്തമാക്കി. ചില സംസ്ഥാനങ്ങൾ സോഷ്യൽ ഓഡിറ്റിങ്ങിന് തുടക്കം കുറിച്ചിട്ടുപോലുമില്ല. 941 തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ മൊത്തം 15,962 ഗ്രാമസഭ ചേർന്ന് 4000 കോടി രൂപയുടെ ചെലവുകൾ ഓഡിറ്റിങ്ങിന്‌ വിധേയമാക്കി. കേവലം 0.02 ശതമാനം കേസുകളിലാണ് ഏതെങ്കിലും പ്രശ്നങ്ങൾ കണ്ടത്. തൊഴിലുറപ്പ് കൂലിയും ക്ഷേമപെൻഷനുകളും രണ്ട്‌ അനുകൂല ഫലങ്ങൾ സമൂഹത്തിലുണ്ടാക്കുന്നു. ദാരിദ്ര്യം ലഘൂകരിക്കപ്പെടുന്നു എന്നതാണ് ഒന്നാമത്തെ കാര്യം. സാമ്പത്തിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കും എന്നതാണ് രണ്ടാമത്തെ കാര്യം. 57 ലക്ഷം കുടുംബത്തിന്‌ പ്രതിമാസം 1600 രൂപവീതം ഒരു വർഷം ലഭിക്കുന്നത് 10,944 കോടി രൂപയാണ്. കൈയിൽ വരുന്ന പണം, തൊഴിലുറപ്പു കൂലിയായാലും ക്ഷേമ പെൻഷനായാലും ബാങ്ക്‌ നിക്ഷേപമായോ ഓഹരി വ്യാപാരത്തിനോ അല്ല ഉപയോഗിക്കുന്നത്‌. സാധനങ്ങളും സേവനങ്ങളും വാങ്ങാൻ ചെലവിടുകയാണ്. അവയ്‌ക്കുള്ള ഉയർന്ന ഡിമാൻഡ്‌ നിക്ഷേപത്തിനും ഉൽപ്പാദനത്തിനും ഊർജം പകരും. അതുതന്നെയല്ലേ ധനമന്ത്രിയുടെ ഭർത്താവ് പരകാല പ്രഭാകർ പറയുന്നതും. Read on deshabhimani.com

Related News