സഹോദരൻ, സഖാവ് - എം എ ബേബി എഴുതുന്നു



  കോടിയേരി ബാലകൃഷ്ണൻ എനിക്കൊരു സഹപ്രവർത്തകൻ മാത്രമായിരുന്നില്ല. വിദ്യാർഥി ജീവിതകാലം മുഴുവൻ സഹോദരനോടെന്നപോലുള്ള അടുപ്പമായിരുന്നു ഉണ്ടായിരുന്നത്. എന്നേക്കാൾ രണ്ടു വയസ്സിനു മുതിർന്നതായിരുന്നു. 1972–-73 കാലംമുതൽ എസ്എഫ്ഐയുടെ സംസ്ഥാന കമ്മിറ്റിയിലും സഹഭാരവാഹികളെന്ന നിലയിലും ഒരുമിച്ചു പ്രവർത്തിക്കാൻ തുടങ്ങി.  പാർടിയുടെ സംസ്ഥാനതലത്തിലും അഖിലേന്ത്യാതലത്തിലും ഒരുമിച്ചു പ്രവർത്തിക്കുന്നതിനിടയിലാണ് ഈ വേർപാട്. കോടിയേരിയുടെ മികവ് ഏറ്റവും കൂടുതൽ സംഘടനാ കാര്യങ്ങളിലാണ്. വിദ്യാർഥി രംഗത്തുതന്നെ അത് പ്രകടമായിരുന്നു. പാർടിയുടെ ഏറ്റവും കരുത്തുറ്റ ജില്ലയായ കണ്ണൂരിലും  അഞ്ചു ലക്ഷത്തിലധികം അംഗങ്ങളുള്ള കേരള സംസ്ഥാനത്തും സമർഥമായി പാർടിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് രണ്ടാമത് അറസ്റ്റ് ചെയ്യപ്പെട്ടതിനുശേഷം  ഇന്ദിര ഗാന്ധിയും  അടിയന്തരാവസ്ഥ വാഴ്ചയും ജനങ്ങളാൽ തോൽപ്പിക്കപ്പെടുന്നതുവരെ കോടിയേരി മിസ പ്രകാരം ജയിലറയ്‌ക്കുള്ളിലായിരുന്നു. എന്നാൽ, ജയിലിൽ കിടന്നുകൊണ്ട് പഠിച്ച്‌ ബിഎ പരീക്ഷ എഴുതി ജയിക്കാൻ കോടിയേരിക്ക്‌ സാധിച്ചു. കുറച്ചുകാലം ഡിഐആർ പ്രകാരം ജയിലിൽ കിടന്നതിനുശേഷം പുറത്തിറങ്ങിയ എന്റെ ഒരു ചുമതല കോടിയേരിക്ക് ജയിലിൽ പഠനസാമഗ്രികൾ എത്തിച്ചുകൊടുക്കുകയായിരുന്നു. അതോടൊപ്പം കോടിയേരിയുടെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുമായിരുന്നു. 2006ൽ വി എസ് സർക്കാരിലും ഞങ്ങൾ ഒരുമിച്ചാണ് മന്ത്രിമാരായത്. ജനമൈത്രി പൊലീസ്, ഉത്തരവാദിത്വ ടൂറിസം തുടങ്ങിയ ശ്രദ്ധേയ പദ്ധതികൾ അദ്ദേഹത്തിന്റെ നേട്ടങ്ങളാണ്. ‘സ്റ്റുഡന്റ്‌ പൊലീസ്' എന്നപദ്ധതി വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ചു നടപ്പാക്കിയ മികച്ച ആശയമായിരുന്നു. Read on deshabhimani.com

Related News