ഊടും പാവും നഷ്ടമായ എൻടിസി



കോവിഡ് കാലത്തെ ആദ്യ അടച്ചിടൽ പ്രഖ്യാപിച്ചതോടെയാണ്‌ കേന്ദ്രഉടമസ്ഥതയിലുള്ള  നാഷണൽ ടെക്സ്റ്റൈൽ കോർപറേഷന്റെ 24 മിൽ  പൂട്ടിയത്‌. പിന്നീട്‌ സ്ഥിതിഗതികൾ സാധാരണനിലയിലായിട്ടും മില്ലുകൾ ഒന്നും തുറന്നിട്ടില്ല. കേരളം -5, മാഹി -1, തമിഴ്നാട് -7, മഹാരാഷ്ട്ര -5, കർണാടകം -1, വെസ്റ്റ്ബംഗാൾ -1, മധ്യപ്രദേശ് -5, ആന്ധ്ര -1, ഗുജറാത്ത് -1 എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലാണ് മില്ലുകൾ അടച്ചത്‌. കൊല്ലത്തെ പാർവതി മിൽ പത്ത് വർഷത്തിലധികമായി അടച്ചിട്ടിരിക്കുന്നു. തൊഴിലാളികൾക്ക്‌ ശമ്പളംപോലും നിഷേധിച്ച് കഷ്ടപ്പെടുത്തുകയാണ് കേന്ദ്രം. കോവിഡ് കാലത്ത്‌ പൂട്ടിയ 23 ഫാക്ടറി തുറക്കാത്തതിൽ ന്യായീകരണമില്ല. 2020-–-21ൽ സ്മൃതി ഇറാനിയായിരുന്നു ടെക്സ്റ്റൈൽസ് മന്ത്രി. പാർലമെന്റിൽ എളമരം കരീം, ടി എൻ പ്രതാപൻ, നടരാജൻ തുടങ്ങിയ പാർലമെന്റ് അംഗങ്ങളുടെ ചോദ്യത്തിന് ആദ്യഘട്ടത്തിൽ തമിഴ്നാട് -3, കേരളം -2, മഹാരാഷ്ട്ര -3 എന്നിവിടങ്ങളിലെ എട്ട്‌ മിൽ ആദ്യം തുറക്കുമെന്നും, തുടർന്ന് ഘട്ടംഘട്ടമായി എല്ലാ മില്ലുകളും തുറക്കുമെന്നും പറഞ്ഞത് പാർലമെന്റ് രേഖകളിലുണ്ട്. പാർലമെന്റിലെ പ്രഖ്യാപനം സർക്കാർ നിലപാടായി എടുക്കാൻ കഴിയില്ലെന്നാണ്‌   നിലവിലെ മന്ത്രി പീയുഷ് ഗോയൽ പറയുന്നത്‌. രാജ്യത്ത്‌ എൻടിസിക്ക് കീഴിൽ 14,000 തൊഴിലാളികൾ ജോലിചെയ്തിരുന്നു. അവരുടെ കുടുംബങ്ങൾ മൂന്ന് വർഷമായി കാത്തിരിപ്പ് തുടരുകയാണ്. കേരളത്തിൽ കണ്ണൂർ സ്പിന്നിങ്‌ ആൻഡ്‌ വീവിങ്‌ മിൽസ്, അളഗപ്പ ടെക്സ്റ്റൈൽസ്, തൃശൂർ കേരള ലക്ഷ്മി മിൽസ്, തിരുവനന്തപുരം വിജയമോഹിനി മിൽസ്, മാഹി സ്പിന്നിങ്‌ മിൽ എന്നിവയാണ്‌  പൂട്ടിയത്‌. തൊഴിലാളികളെ പറഞ്ഞയക്കാനുള്ള പാക്കേജ് കേന്ദ്രം തയ്യാറാക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. പ്രതിസന്ധി അഭിമുഖീകരിക്കുന്ന സ്വകാര്യമില്ലുകൾ 1968ൽ കേന്ദ്രം ഏറ്റെടുത്താണ് എൻടിസി സ്ഥാപിച്ചത്. 1960വരെ വ്യവസായം പ്രതിസന്ധിയിലായിരുന്നു. തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് 1974ൽ വീണ്ടും കേന്ദ്രം മില്ലുകൾ ഏറ്റെടുത്തു. അങ്ങനെ വസ്ത്രനിർമാണത്തിലും നൂലും യാണും ഉൽപ്പാദനത്തിൽ കേന്ദ്രസർക്കാർ പൊതുമേഖലാ കുത്തകയായി മാറുകയായിരുന്നു. എൻടിസി ലോകനിലവാരമുള്ള കമ്പനികളായി വളർന്നു. പിന്നീട് മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതമൂലം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. 78 മിൽ 2012 ആയപ്പോഴേക്കും അടച്ചു. 70,000 തൊഴിലാളികളെ പിരിച്ചയച്ചു. 199 ഷോറൂം അടച്ചു. കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ നാടായ മഹാരാഷ്ട്രയിൽ സർക്കാരിന് ഭൂമി വിറ്റ വകയിൽ 2017 മുതൽ 1400 കോടിയോളം രൂപ ലഭിക്കാനുണ്ട്. ഈ തുക കിട്ടിയാൽത്തന്നെ മില്ലുകൾ തുറന്ന് പ്രവർത്തിപ്പിക്കാം. അയ്യായിരം ഏക്കർ ഭൂമിയോളം വിവിധ സംസ്ഥാനങ്ങളിലായി എൻടിസിക്കുണ്ട്.  ഇത്രയും സ്വത്ത്‌ കൈവശമുള്ളപ്പോൾ ഫാക്ടറികൾ ഉപേക്ഷിക്കാനുള്ള കേന്ദ്രനീക്കം ആപൽക്കരവും ദുരുദ്ദേശ്യപരവുമാണ്.  സംസ്ഥാന പൊതുമേഖലയിലെ 8 കെ എസ്ടിസി മില്ലും അഞ്ച്‌ സഹകരണമില്ലും ലാഭത്തിൽ പ്രവർത്തിക്കുന്നത് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ‘കേന്ദ്രപൊതുമേഖല ജനിക്കുന്നതുതന്നെ മരിക്കാനാണെന്ന് സ്വകാര്യമൂലധന നിക്ഷേപകരുടെ മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചപ്പോൾപ്പോലും ഇത്രവേഗത്തിൽ ഇന്ത്യൻ പൊതുമേഖലയുടെ മരണം ഉറപ്പാക്കുകയായിരുന്നുവെന്ന് നാം തിരിച്ചറിഞ്ഞില്ല. (സിഐടിയു സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ‍) Read on deshabhimani.com

Related News