മുസ്ലിംലീഗ്‌ അഴിമതിപ്പുകയിൽ - എ വിജയരാഘവൻ എഴുതുന്നു



എൽഡിഎഫിന്‌ കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമ്പോൾ യുഡിഎഫ്‌ തകർച്ചയിലേക്ക്‌ പോകുമെന്നും അതിന്റെ പ്രതിഫലനമെന്ന നിലയിൽ ആ മുന്നണിയിലെ ഘടക കക്ഷികൾ കൂടുതൽ പ്രതിസന്ധിയിലാകുമെന്നും തെരഞ്ഞെടുപ്പുഫലം വരുന്നതിനുമുമ്പേ ഞങ്ങൾ ചൂണ്ടിക്കാണിച്ചതാണ്‌. മുൻകാലങ്ങളിൽ കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളിലെ അവസാനവാക്കായി ഹൈക്കമാൻഡ്‌ പോലും ‌മുസ്ലിംലീഗിന്റെ അഭിപ്രായങ്ങൾ പരിഗണിക്കുന്നുവെന്ന നിലയിൽ, മധ്യസ്ഥ സ്ഥാനംതന്നെ ലീഗ്‌ വഹിച്ചുപോന്നു. ഇതര യുഡിഎഫ്‌ പാർടികൾക്കകത്തുള്ള പ്രശ്‌നങ്ങൾക്കും ലീഗ്‌ മധ്യസ്ഥം പ്രധാനമായിരുന്നു. എന്നാൽ, ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ സ്ഥിരം മധ്യസ്ഥന്മാരായ മുസ്ലിംലീഗിൽ നിലനിൽക്കുന്ന അന്തഃഛിദ്രം മറനീക്കി പുറത്തുവന്നതാണ്‌. ഇത്‌ യുഡിഎഫ്‌ നേരിടാൻ പോകുന്ന വലിയ പ്രതിസന്ധിയുടെ സൂചനയാണ്‌. മുസ്ലിം സമുദായത്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന്‌ അവകാശപ്പെടുന്ന മുസ്ലിംലീഗ്‌ ഒരുകാലത്തും ആ പാർടിയിൽ അണിനിരന്ന പാവപ്പെട്ടവരെയും സാധാരണക്കാരെയും പരിഗണിച്ചിട്ടില്ല. സാധാരണക്കാർക്കെതിരായി ഉയർന്നുവരുന്ന ഒരു സാമൂഹ്യവിഷയത്തിലും കൃത്യമായ നിലപാടുകളും ആ പാർടിക്ക്‌ ഇല്ല. സമ്പന്നവിഭാഗത്തിനു വേണ്ടിയാണ്‌ എന്നും ലീഗ്‌ നിലകൊണ്ടത്‌. എന്നാൽ, തങ്ങൾ സമുദായക്ഷേമത്തിനുവേണ്ടി പോരാടുന്ന പാർടിയാണെന്ന്‌ അണികളെ വിശ്വസിപ്പിക്കുന്നതിൽ വലിയൊരളവ്‌ മുസ്ലിംലീഗ്‌ നേതൃത്വം വിജയിച്ചിട്ടുണ്ട്‌. പാർടിയുടെ യഥാർഥ മുഖം മറച്ചുവയ്‌ക്കാൻ ലീഗ്‌ നേതൃത്വത്തിന്‌ കഴിഞ്ഞെന്ന്‌ ചുരുക്കം. രാഷ്ട്രീയാധികാരം ഉപയോഗിച്ചാണ്‌ കേരളത്തിൽ മുസ്ലിംലീഗ്‌ വളർന്നുവന്നത്‌. അധികാരം ഉപയോഗിച്ച്‌ അഴിമതി നടത്താനും സമ്പത്ത്‌ ഉണ്ടാക്കാനും ശ്രമിക്കുന്ന ആ പാർടി അരനൂറ്റാണ്ടിലേറെയായി കേരളത്തിൽ കോൺഗ്രസ്‌ നയിക്കുന്ന, സിപിഐ എം വിരുദ്ധകൂട്ടായ്‌മയുടെ ഭാഗമാണ്‌. കോൺഗ്രസ്‌ മുന്നണിയുടെ പ്രധാന ശക്തിസ്രോതസ്സ്‌ മുസ്ലിംലീഗാണെന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല. അധികാരം ഉപയോഗിച്ച്‌ അഴിമതി, അധികാരം നിലനിർത്താൻ നേരുംനെറിയുമില്ലാത്ത അവസരവാദ കൂട്ടുകെട്ട്‌ ഇതാണ്‌ ലീഗിന്റെ യഥാർഥ മുഖം. സമുദായക്ഷേമം ലക്ഷ്യമാക്കി പ്രഖ്യാപിച്ച പാർടി, ബാബ്‌റി മസ്‌ജിദ്‌ സംഘപരിവാർ തകർത്തപ്പോൾ ഒരക്ഷരം മിണ്ടിയില്ലെന്ന്‌ നമുക്കറിയാം. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കോൺഗ്രസ്‌ ഭരണത്തിന്റെ ഒത്താശയോടെയാണ്‌ മതനിരപേക്ഷതയ്‌ക്ക്‌ എതിരായ ഈ ആക്രമണമെന്നതിനാൽ ലീഗ്‌ മനഃപൂർവം മൗനംപാലിച്ചു. കാരണം, കേരളത്തിൽ കോൺഗ്രസുമായി അവർ അധികാരം പങ്കിടുകയായിരുന്നു. ഭരണം വിടാൻ കഴിയാത്തതുകൊണ്ട്‌ അനങ്ങാതിരുന്നു. കോൺഗ്രസ്‌ ഭരണത്തിന്റെ വഞ്ചന തുറന്നുകാണിച്ച്‌ പ്രതിഷേധിച്ച അഖിലേന്ത്യാ അധ്യക്ഷൻ ഇബ്രാഹിം സുലൈമാൻ സേട്ടിനെ പാർടിയിൽനിന്ന്‌ പുറത്താക്കുകയാണ്‌ ലീഗ്‌ നേതൃത്വം ചെയ്‌തത്‌. അധികാരം പിടിക്കാനും അത്‌ നിലനിർത്താനും ഏതു ചെകുത്താനുമായും കൂട്ടുകൂടാൻ മുസ്ലിംലീഗ്‌ മടികാണിച്ചിട്ടില്ല. 1991ൽ വടകര ലോക്‌സഭാ മണ്ഡലത്തിലും ബേപ്പൂർ നിയമസഭാ മണ്ഡലത്തിലും ബിജെപിയുമായി ലീഗും കോൺഗ്രസും പരസ്യമായ സഖ്യമുണ്ടാക്കി. അതാണ്‌ കുപ്രസിദ്ധമായ കോലീബി സഖ്യം. 1991നു ശേഷവും അത്തരത്തിലുള്ള ബന്ധം രഹസ്യമായും ഒട്ടൊക്കെ പരസ്യമായും തുടർന്നു. 2020ൽ തദ്ദേശതെരഞ്ഞെടുപ്പിൽ മുസ്ലിം മതമൗലികവാദ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ്‌ പരസ്യമായ സഖ്യത്തിലായിരുന്നു. ഇതിന്‌ മുൻകൈയെടുത്തതാകട്ടെ മുസ്ലിംലീഗ്‌ ആയിരുന്നു. ഈ അവിശുദ്ധ സഖ്യത്തോട്‌ കോൺഗ്രസിന്റെ കേരള –-ദേശീയ നേതൃത്വത്തിലുള്ള പലർക്കും വിയോജിപ്പുണ്ടായിരുന്നു. ചിലർ അത്‌ പരസ്യമായി പറഞ്ഞു. എന്നാൽ, മുസ്ലിംലീഗിന്റെ നിർബന്ധത്തിന്‌ കേരളത്തിലെ കോൺഗ്രസ്‌ വഴങ്ങുകയായിരുന്നു. ഈ ഘട്ടത്തിലാണ്‌ കോൺഗ്രസിനെ നിയന്ത്രിക്കാൻ മുസ്ലിംലീഗ്‌ ശ്രമിക്കുന്നുവെന്ന വിമർശം സിപിഐ എം ഉന്നയിച്ചത്‌. ഈ വിമർശത്തോട്‌ മുസ്ലിംലീഗ്‌ നേതൃത്വം എങ്ങനെയാണ്‌ പ്രതികരിച്ചതെന്ന്‌ ഓർക്കുന്നത്‌ നല്ലതാണ്‌. സിപിഐ എമ്മിനെ മുസ്ലിംവിരുദ്ധ പാർടിയായി മുദ്ര കുത്താനാണ്‌ ശ്രമിച്ചത്‌. കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ എതിർപ്പ്‌ തള്ളി സംസ്ഥാനത്താകെ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിയുമായി സഖ്യമുണ്ടാക്കാൻ ലീഗ്‌ തയ്യാറായി. കോൺഗ്രസ്‌ കീഴടങ്ങിയപ്പോൾ അത്‌ യുഡിഎഫ്‌ –-ജമാഅത്തെ സഖ്യമായി മാറി.   തദ്ദേശതെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ വലിയ തിരിച്ചടി നേരിട്ടിട്ടും ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട്‌ ഉപേക്ഷിക്കാൻ മുസ്ലിംലീഗ്‌ തയ്യാറായില്ല. നിയമസഭാ തെരഞ്ഞെടുപ്പിലും ബന്ധം തുടർന്നു. 2020ൽ നേരിട്ടതിലും വലിയ തിരിച്ചടിയാണ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗിനും കോൺഗ്രസിനും ഉണ്ടായത്‌. ലീഗിന്റെ കാലിനടിയിലെ മണ്ണ്‌ അതിവേഗം ചോർന്നുപോകുകയാണെന്ന്‌ തെരഞ്ഞെടുപ്പുഫലം വിലയിരുത്തിയാൽ വ്യക്തമാകും. ലീഗിന്റെ ശക്തിയായി നിലകൊണ്ട മുസ്ലിം ജനസാമാന്യം അവരിൽനിന്ന്‌ അകലുകയാണ്‌. അപ്രതിരോധ്യമെന്നു കരുതിയ ലീഗ്‌ കോട്ടകൾ പലതും തകർന്നു. ചിലത്‌ ഇളകിയാടി. ജനകീയാടിത്തറ പൊളിഞ്ഞപ്പോൾ പിടിച്ചുനിൽക്കാനാണ്‌ ജമാഅത്തെ ഇസ്ലാമിയുമായി അവർ കൂട്ടുകൂടുന്നത്‌. ഈ നയം ലീഗിനെ കൂടുതൽ തകർച്ചയിലേക്കാണ്‌ നയിക്കുകയെന്ന്‌ നേതൃത്വത്തിന്‌ ഇനിയും മനസ്സിലായിട്ടില്ല. ‘ചന്ദ്രിക' പത്രത്തിൽ കള്ളപ്പണം നിക്ഷേപിച്ചതിനെച്ചൊല്ലിയാണ്‌ ലീഗ്‌ നേതൃത്വത്തിൽ ഇപ്പോൾ വഴക്കുനടക്കുന്നത്‌. ചന്ദ്രികയിൽ വന്നത്‌ കള്ളപ്പണമാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. പാലാരിവട്ടം പാലത്തിന്റെ പണം മാത്രമാണ്‌ അവിടെ എത്തിയതെന്ന്‌ കരുതാനാകില്ല. അതിന്റെ പേരിലുള്ള തർക്കം ലീഗ്‌ നേതൃത്വം തീർക്കട്ടെ. പാലാരിവട്ടം പാലത്തിന്റെ നിർമാണത്തിലുണ്ടായ വെട്ടിപ്പ്‌ പ്രതിസ്ഥാനത്തുള്ള മുൻ മന്ത്രി മാത്രം ചെയ്‌തതാണെന്ന്‌ ആരും വിശ്വസിക്കില്ല. മുസ്ലിംലീഗ്‌ നേതൃത്വം കൂട്ടായി നടത്തുന്ന അഴിമതിയാണ്‌ ഇതെല്ലാം. ചന്ദ്രികയിൽ കള്ളപ്പണം നിക്ഷേപിച്ചത്‌ നേതൃത്വം മൂടിവച്ചതായിരുന്നു. അഴിമതി ഓരോന്നായി പുറത്തുവരികയാണ്‌. ഇതിനെച്ചൊല്ലിയുള്ള തർക്കം മൂർച്ഛിക്കുമ്പോൾ സിപിഐ എമ്മിനെ ആക്ഷേപിച്ചുരക്ഷപ്പെടാനാണ്‌ നേതാക്കൾ ശ്രമിക്കുന്നത്‌. സിപിഐ എമ്മിനെതിരെ ലീഗ്‌ നേതാക്കൾ തിരിയുന്നതിൽ അത്ഭുതമില്ല. കാരണം, മുസ്ലിംലീഗിൽനിന്ന്‌ അകലുന്ന സാമാന്യ മുസ്ലിങ്ങൾ ഇടതുപക്ഷത്തോട്‌ കൂടുതൽ അടുക്കുകയാണ്‌. അത്‌ ലീഗ്‌ നേതൃത്വത്തിന്‌ സഹിക്കാൻ കഴിയുന്നില്ല. മുസ്ലിം സമുദായം മാത്രമല്ല, മറ്റു മതന്യൂനപക്ഷ വിഭാഗങ്ങളും ഇടതുപക്ഷത്തോട്‌ കൂടുതൽ അടുക്കുകയാണ്‌. കേന്ദ്രഭരണത്തിന്റെ തണലിൽ സംഘപരിവാർ മതന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന ആക്രമണത്തെ വിട്ടുവീഴ്‌ചയില്ലാതെ ഇടതുപക്ഷം എതിർക്കുന്നുവെന്നതാണ്‌ ഈ മാറ്റത്തിന്‌ അടിസ്ഥാനം. മതനിരപേക്ഷത സംരക്ഷിക്കാൻ ഇടതുപക്ഷം നടത്തുന്ന പോരാട്ടം ഇന്ത്യയുടെ ഐക്യം നിലനിർത്താനാണെന്ന്‌ മതന്യൂനപക്ഷങ്ങൾ തിരിച്ചറിയുന്നു. ജനങ്ങൾ മാറി ചിന്തിക്കാൻ തുടങ്ങിയെന്ന്‌ ലീഗ്‌ നേതൃത്വം ഇനിയെങ്കിലും മനസ്സിലാക്കണം. ശരിയായ രാഷ്ട്രീയ നിലപാടെടുക്കുകയും അഴിമതി അവസാനിപ്പിക്കുകയും ചെയ്യാതെ അവർക്ക്‌ അണികളുടെ വിശ്വാസം വീണ്ടെടുക്കാനാകില്ല. അഴിമതിയിലൂടെ നേടുന്ന പണംകൊണ്ട്‌ ഇനിയും പാർടിയെ നിലനിർത്താൻ കഴിയില്ല. വൻദുരന്തമാണ്‌ ലീഗിനെ തുറിച്ചുനോക്കുന്നത്‌. അണികളെ പിടിച്ചുനിർത്താൻ ധ്രുവീകരണമുണ്ടാക്കാനും സമുദായവികാരം ഇളക്കിവിടാനും ശ്രമിക്കുന്നത്‌ ലീഗിന്റെ പതിവ്‌ രീതിയാണ്‌. സംവരണമില്ലാത്ത സമുദായങ്ങളിലെ പാവപ്പെട്ടവർക്ക്‌ 10 ശതമാനം സംവരണം ഏർപ്പെടുത്താൻ ഒന്നാം പിണറായി വിജയൻ സർക്കാർ തീരുമാനിച്ചപ്പോൾ അതിനെതിരെ സമുദായ സംഘടനകളെ യോജിപ്പിച്ച്‌ സമരത്തിന്‌ മുസ്ലിംലീഗ്‌ മുതിരുകയുണ്ടായി. കോൺഗ്രസ്‌ കൂടി അംഗീകരിച്ച നയമായിരുന്നു സംവരണേതര സമുദായങ്ങൾക്കുള്ള 10 ശതമാനം സംവരണം. യുഡിഎഫിന്റെ പ്രകടനപത്രികയിലും അതുണ്ടായിരുന്നു. അതൊന്നും ലീഗ്‌ പരിഗണിച്ചില്ല. ഇടതുപക്ഷ സർക്കാരിനെതിരെ സമുദായത്തെ തെരുവിലിറക്കാൻ ഒരവസരമെന്ന നിലയിലാണ്‌ ലീഗ്‌ അതിനെ കണ്ടത്‌. എന്നാൽ, ജനവികാരം തീർത്തും എതിരായതുകൊണ്ട്‌ അവർക്ക്‌ പിന്മാറേണ്ടിവന്നു. സമുദായത്തെ വഞ്ചിക്കുന്ന ഇത്തരം നയങ്ങളിൽനിന്നും നടപടികളിൽനിന്നും പിന്മാറാതെ മുസ്ലിംലീഗിന്‌ നിലനിൽക്കാനാകില്ല. കാലത്തിന്റെ ചുവരെഴുത്ത്‌ വായിക്കാൻ മുസ്ലിംലീഗ്‌ നേതൃത്വം തയ്യാറാകുമോ? യുവനേതാവ്‌ മുഈൻ അലി തങ്ങൾ ഈയിടെ നടത്തിയ പ്രസ്‌താവനയും തുടർന്നുണ്ടായ സംഭവങ്ങളും ലീഗിന്റെ പരമ്പരാഗത രീതിയിൽനിന്നും വ്യത്യസ്‌തമായ അനുരണനങ്ങളുണ്ടാക്കി. സംഘടനാ രീതികളുമായും അഴിമതിപ്പണവുമായും ബന്ധപ്പെട്ട തർക്കങ്ങളുടെ പ്രതിഫലനമായിരുന്നു തുടർന്നുണ്ടായ സംഭവങ്ങൾ. ഇതുസംബന്ധിച്ച്‌ സമൂഹത്തിന്‌ ബോധ്യപ്പെടുന്ന പരിഹാരനിർദേശങ്ങളല്ല ലീഗ്‌ നേതൃത്വത്തിൽനിന്ന്‌ ഉണ്ടായത്‌. താൽക്കാലികമായി ഒതുക്കിവച്ചെങ്കിലും കൂടുതൽ പ്രതിസന്ധിയിലേക്കാണ്‌ ലീഗിലെ പ്രശ്‌നങ്ങൾ നീങ്ങുന്നത്‌.     Read on deshabhimani.com

Related News