കൊറോണയുടെ സുനാമി - മുരളി തുമ്മാരുകുടി എഴുതുന്നു



കൊറോണയെപ്പറ്റി രണ്ടു വർഷമായി എഴുതുന്നു. നാട്ടിൽ എൺപത് ശതമാനം ആളുകൾക്കും രണ്ടാമത്തെ ഡോസ് വാക്‌സിൻ കിട്ടിക്കഴിഞ്ഞതിനാൽ 2022ൽ കൊറോണ വലിയ വിഷയമാകില്ല എന്നാണ് കഴിഞ്ഞ വർഷം നവംബർവരെ കരുതിയിരുന്നത്. പക്ഷേ, കാര്യങ്ങൾ പ്രതീക്ഷിച്ചതു പോലെയല്ല പോയതും പോകുന്നതും. കോവിഡ് കാലം തുടങ്ങിയതിൽപ്പിന്നെ പ്ലാനുകളിൽ അപ്രതീക്ഷിതമായ മാറ്റങ്ങൾ ഉണ്ടാകുന്നത് ആദ്യമായല്ല, ഇത് അവസാനവും ആകില്ല. യൂറോപ്പിലും അമേരിക്കയിലുമൊക്കെ കോവിഡിന്റെ പുതിയ തരംഗം സുനാമിപോലെ മുന്നേറുകയാണ്. മുമ്പത്തെ മൂന്നു തരംഗത്തിലും ഉണ്ടായതിന്റെ മൂന്നും നാലും ഇരട്ടി കേസുകളാണ് ഓരോ രാജ്യത്തും ദിവസേന റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിന്റെ മൂന്നിലൊന്നു ജനസംഖ്യയുള്ള സ്വിറ്റ്‌സർലൻഡിൽ പ്രതിദിന കേസുകൾ മുപ്പതിനായിരം ആയി.  അമേരിക്കയിൽ പ്രതിദിന കേസുകളുടെ എണ്ണം ദശലക്ഷത്തോടടുക്കുന്നു. ദിവസേന ഒരു ലക്ഷത്തിലധികം കേസുള്ള രാജ്യങ്ങൾ പലതായി. ഇന്ത്യ വീണ്ടും അവിടേക്കെത്തുന്നു. കേസുകൾ കൂടുന്നുവെന്ന് മാത്രമല്ല, നമ്മൾ തരംഗത്തിന്റെ ഉച്ചസ്ഥായിയിൽ ഇതുവരെ എത്തിയിട്ടില്ലെന്നുമാണ് ട്രെൻഡുകൾ കാണിക്കുന്നത്. എവിടെയാണ് ഈ തരംഗത്തിന്റെ ഗതി താഴേക്ക് വരുന്നതെന്ന് ഉദാഹരിക്കാൻ നമുക്ക് മറ്റൊരു രാജ്യത്തുനിന്നും മാതൃകയില്ല. അടച്ചിടൽ ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾകൊണ്ട് നവംബറിലെ തരംഗത്തെ തിരിച്ചുവിട്ട ഓസ്‌ട്രിയയിലും നെതർലൻഡ്‌സിലും കേസുകൾ വീണ്ടും ഉയരുകയാണ്. മുമ്പ്‌ രോഗം ഉണ്ടായിട്ടുള്ളവർക്കും രണ്ടു ഡോസ് വാക്‌സിനും അതിനപ്പുറം ബൂസ്റ്ററും എടുത്തവർക്കും രോഗം വരുന്നു. ഇതിനിടയ്‌ക്കുള്ള ഏക ആശ്വാസം മുമ്പ്‌ രോഗം ഉണ്ടായിട്ടുള്ളവരിലും ബൂസ്റ്റർ എടുത്തവരിലും രോഗം അത്ര തീക്ഷ്‌ണമാകുന്നില്ല എന്നത് മാത്രമാണ്. ഇപ്പോൾ വാക്‌സിൻ എടുക്കാത്തവർക്ക്  കോവിഡ്  ഉണ്ടാകുമ്പോൾ ആശുപത്രിയിൽ എത്തിക്കേണ്ട സാധ്യതയുടെ പത്തിലൊന്നേ വാക്‌സിൻ എടുത്തവർക്കുള്ളൂ എന്നാണ് ന്യൂയോർക്കിൽനിന്നുള്ള റിപ്പോർട്ട് പറയുന്നത്.   ചിന്തിക്കേണ്ട കാര്യം, ലോകത്ത് ഇപ്പോൾ ആഞ്ഞടിക്കുന്ന കോവിഡിന്റെ ഈ വൻ തരംഗം കേരളത്തിലും എത്തുമോ എന്നതാണ്. കേരളത്തിലെ കേസുകൾ ദിവസേന രണ്ടായിരത്തിന് താഴെ നിന്നത് വീണ്ടും മുകളിലേക്കാണ്.  ഒന്നാം തരംഗത്തിന്റെ ഉച്ചസ്ഥായിയായിരുന്ന 40000 കടക്കുമോ, പ്രതിദിനം ഒരു ലക്ഷത്തിന് മുകളിൽ പോകുമോ, അതെങ്ങനെ ഒഴിവാക്കാം, അതുണ്ടായാൽ എങ്ങനെ കൈകാര്യം ചെയ്യാം എന്നതൊക്കെയാണ് ഇപ്പോൾ നമ്മൾ ചിന്തിക്കേണ്ടത്. ആളുകൾ സാമ്പത്തികമായും മാനസികമായും ക്ഷീണിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ, അപൂർവം രാജ്യങ്ങളേ അടച്ചിടൽ പ്രഖ്യാപിക്കുന്നുള്ളൂ. പുതുതായി  അടച്ചിടൽ പ്രഖ്യാപിച്ച നെതർലൻഡ്‌സ്‌ പോലുള്ള സ്ഥലങ്ങളിൽ ജനം തെരുവിലിറങ്ങി അതിനെതിരെ പ്രതിഷേധിക്കുന്ന സാഹചര്യമുണ്ടായി. ആളുകൾക്ക് മടുത്തു. എന്നാൽ, അതിപ്പോൾ വൈറസിനോട് പറയാൻ പറ്റുമോ. നിയന്ത്രണങ്ങൾ വേണ്ടിവരും. കേരളത്തിൽ മാത്രമല്ല, കേന്ദ്രത്തിൽനിന്നുതന്നെ കൂടുതൽ നിയന്ത്രണങ്ങൾ, യാത്രകൾക്ക് ഉൾപ്പെടെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർക്ക് ഫ്രം ഹോം സാധിക്കുന്നവർക്കൊക്കെ അത് നിർദേശിച്ചേക്കും. കേരളത്തിലും പുതിയ നിർദേശങ്ങൾ ഉണ്ടാകും, നിയന്ത്രണങ്ങളും. അതൊക്കെ സർക്കാർ ചിന്തിക്കുമ്പോൾ നമുക്ക് വ്യക്തിപരമായി ചെയ്യാവുന്ന ചിലതുണ്ട്. (1)നമുക്ക് ചുറ്റുമുള്ള ആരെങ്കിലും വാക്‌സിൻ എടുക്കാതെ ഉണ്ടെങ്കിൽ അവരെ അതിന് പ്രേരിപ്പിക്കുക. വാക്സിൻ എടുക്കാത്തവർക്ക് രോഗം വന്നാൽ മരിക്കാനുള്ള സാധ്യത വാക്‌സിൻ എടുത്തവരേക്കാൾ പതിനഞ്ചു മടങ്ങുവരെ കൂടുതലാണ്. നമ്മുടെ കൈയിൽ ഇപ്പോഴുള്ള ഏറ്റവും ശക്തമായ പ്രതിരോധം വാക്‌സിൻതന്നെയാണ്. (2)ഒരു ഡോസ് എടുത്തവർ രണ്ടാമത്തേതും, രണ്ടും ലഭിച്ചവർ ലഭ്യമാകുന്ന മുറയ്‌ക്ക് ബൂസ്റ്റർ ഡോസും എടുക്കുക. (3)ഒപ്പം വാക്‌സിൻ എടുത്തതുകൊണ്ട്, ബൂസ്റ്റർ ഉണ്ടെങ്കിൽപ്പോലും രോഗം വരില്ല എന്ന വിശ്വാസം ഒഴിവാക്കുക. (4)നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് ഈ വർഷത്തേക്ക് പുതുക്കി കൈയിൽ വയ്‌ക്കുക. ആവശ്യം വന്നാൽ സാമ്പത്തികപരാധീനതയിൽ പെടരുതല്ലോ. (5)മാസ്‌ക്‌, ഹാൻഡ് വാഷ്, സാമൂഹ്യഅകലം എല്ലാം കർശനമായി പാലിക്കാൻ ശ്രദ്ധിക്കുക. (6)കല്യാണങ്ങൾക്കൊക്കെ ആളുകൾ വീണ്ടും ആയിരത്തിന് മുകളിലേക്ക് എത്തിയിട്ടുണ്ട്, സർക്കാർ നിർദേശം എഴുപത്തി അഞ്ചും നൂറ്റമ്പതുമൊക്കെ ആണെങ്കിലും. ഇക്കാര്യങ്ങളിൽ പരമാവധി കരുതൽ എടുക്കുക. (7)ഉത്സവങ്ങളും പെരുന്നാളുകളും പാർടി സമ്മേളനങ്ങളും വോളിബോൾ മാച്ചുകളും ആയിരക്കണക്കിന് ആളുകളെ ചേർത്ത് ഒരു സാമൂഹ്യ അകലവും ഇല്ലാതെ നടത്തുന്നത് ഇപ്പോൾ സ്ഥിരം കാഴ്‌ചയാണ്. നിയമം പാലിച്ചും പാലിപ്പിച്ചും നാട്ടുകാരും പൊലീസും മടുത്തെന്ന് തോന്നുന്നു. ചുരുങ്ങിയത് അടുത്ത ഒരു മാസത്തേക്കെങ്കിലും ഒരൽപ്പം ബ്രേക്ക് ഇടുന്നത് നല്ലതാണ്. (8)മറ്റുള്ളവർ നിയന്ത്രിച്ചാലും ഇല്ലെങ്കിലും അടുത്ത ഒരു മാസം നമ്മൾ വ്യക്തിപരമായി പരമാവധി സമ്പർക്കം കുറയ്‌ക്കുക. യാത്രകൾ അത്യാവശ്യത്തിന് മാത്രമാക്കുക. തിയറ്റർപോലുള്ള അടച്ചുപൂട്ടിയതും എസി ഉള്ളതുമായ സാഹചര്യങ്ങളിൽ സമയം ചെലവഴിക്കാതിരിക്കുക. വിദേശയാത്ര ചെയ്യുന്നവർ അതിർത്തികൾ അടച്ചിടാനുള്ള സാധ്യത ഉണ്ടെന്ന് മനസ്സിൽ കാണുക. വർക്ക് ഫ്രം ഹോം സാധ്യതയുള്ളവർ അടുത്ത ഒരു മാസം അത് ചെയ്യുക. (9)നിങ്ങളുടെ വീട്ടിൽ പ്രായമായവർ, മറ്റു രോഗങ്ങളുള്ളവർ ഉണ്ടെങ്കിൽ അവരെ പരമാവധി സംരക്ഷിക്കാൻ ശ്രമിക്കുക. അങ്ങനെയുള്ളവരുടെ വീടുകളിൽ പോകുന്നത് ഒരു മാസത്തേക്കെങ്കിലും ഒഴിവാക്കുക.ഇതൊക്കെ പറയുമ്പോഴും നല്ല മാനസികാരോഗ്യം നിലനിർത്താൻ മനഃപൂർവം ശ്രമിക്കുക. സുഹൃത്തുക്കളെ ചെറിയ ഗ്രൂപ്പായി കാണുക, പുറത്തിറങ്ങി നടക്കുക, കൂട്ടുകാരും ബന്ധുക്കളുമായി സംസാരിക്കുക. ഒടിടിയിൽ സിനിമ കാണുക, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എല്ലാം പ്രധാനമാണ്. ഇതൊരു കെട്ട കാലമാണ്, നമുക്ക് അതിജീവിച്ചേ പറ്റൂ. (യുഎൻ ദുരന്തനിവാരണ വിഭാഗം തലവനാണ്‌ ലേഖകൻ) Read on deshabhimani.com

Related News