വഞ്ചിക്കപ്പെടാൻ ക്യൂ നിൽക്കുന്നവർ!! - ഡോ. ബി ഇക്ബാൽ എഴുതുന്നു



വിദ്യാസമ്പന്നരും രാഷ്ട്രീയ പ്രബുദ്ധരുമാണെങ്കിലും സാമാന്യബുദ്ധിക്ക് നിരക്കാത്ത തട്ടിപ്പുകൾക്ക് ആവർത്തിച്ച് വിധേയരായിക്കൊണ്ടിരിക്കുന്ന ജനസമൂഹമായി മലയാളികൾ മാറിക്കൊണ്ടിരിക്കുകയാണോ? ആന്ധ്രക്കാരൻ രാമലിംഗരാജു സത്യം കംപ്യൂട്ടേഴ്സിന്റെ പേരിൽ നടത്തിയ നൈസ് തട്ടിപ്പും ആട്–- മാഞ്ചിയവും മറക്കാറായിട്ടില്ല. ഇതെല്ലാം അറിയപ്പെട്ട കബളിപ്പിക്കലുകളാണെങ്കിൽ അറിയപ്പെടാത്തവ എത്രയോ കൂടുതലുണ്ടാകും. സമൂഹമാധ്യമ ശൃംഖലകളിൽക്കൂടി നടക്കുന്ന ചെറുതും വലുതുമായ തട്ടിപ്പുകൾ എത്രയോ വർധിച്ചു. വഞ്ചിക്കപ്പെട്ടെന്ന്‌ മനസ്സിലാക്കിയശേഷം മാന്യന്മാരായി കരുതപ്പെടുന്ന പലരും നാണക്കേടുകൊണ്ട് പുറത്തുപറയാൻ മടിക്കുന്നു. അതുകൊണ്ടാണ് രസകരവും അതേയവസരത്തിൽ കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ലാത്തവയുമായ പല തട്ടിപ്പും പുറത്തുവരാത്തത്. പ്രതീക്ഷിക്കാനാകാത്ത പ്രമുഖരും ഇതിലെല്ലാം പെട്ടുപോകുന്നുണ്ടെന്നതാണ് ദൗർഭാഗ്യകരമായ കാര്യം. ധനാർത്തിയും ഭാഗ്യാനേഷണത്വരയും മലയാളികളുടെ സഹജ പ്രവണതകളാണോ. അതോ വിഡ്ഢിത്തത്തോടടുത്ത് നിൽക്കുന്ന ഒരുതരം മലയാളി നിഷ്കളങ്കതയാണോ (Naivety) ഇത്തരം പ്രവണതകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. മനഃശാസ്ത്രജ്ഞർ ഇനിയെങ്കിലും ഈ സ്വതസിദ്ധമായ മലയാളി കബളിപ്പിക്കപ്പെടൽ (Gullibility) മനോഭാവം വിശകലന വിധേയമാക്കേണ്ടതാണ്. ഈയൊരു സ്ഥിതിവിശേഷം കണക്കിലെടുത്തുവേണം മോൻസൺ പ്രതിഭാസം പരിശോധിക്കാൻ. വെറുമൊരു തട്ടിപ്പുവീരൻ മാത്രമായി മോൻസൺ മാവുങ്കലിനെ കുറച്ചുകാണരുത്‌. ഇതിനുമുമ്പ്‌ എത്രയോ കബളിപ്പിക്കലിനാണ്‌ മലയാളികൾ "അഹമഹമികയാ' മുന്നോട്ട്‌ വന്നുകൊണ്ടിരുന്നത്‌. എല്ലാറ്റിലും വലിയ കേമരെന്ന് നടിക്കുമ്പോഴും അതിവേഗം പറ്റിക്കപ്പെടാവുന്ന ജനങ്ങളാണു (Gullible) മലയാളികളെന്ന് ഏതൊരു തട്ടിപ്പ്‌ സാധാരണനും (കാവാലത്തോട്‌ കടപ്പാട്‌) അറിയാവുന്ന അങ്ങാടി രഹസ്യമാണ്‌. മോൻസൺ പക്ഷേ പ്രസക്തനാകുന്നത്‌ അയാളുടെ അനുപമമായ ഫലിതബോധത്തിന്റെ പേരിലാണ്‌. മോശയുടെ ഊന്നുവടിയും അലക്സാണ്ടറുടെ വാളുമൊക്കെ പ്രയോഗിച്ച്‌ പഴകിയ പഴഞ്ചൻ ഐറ്റങ്ങൾമാത്രം. എന്നാൽ, യേശുവിനെ ഒറ്റിക്കൊടുക്കാനായി യൂദാസ്‌ വാങ്ങിയ വെള്ളിക്കാശിൽ രണ്ടെണ്ണം അവതരിപ്പിച്ചതിലൂടെ മോൻസൺ പ്രകടിപ്പിച്ച നർമബോധത്തെ‘ എത്ര അഭിനന്ദിച്ചിട്ടും’ മതിവരുന്നില്ല. സത്യത്തിൽ നമിച്ചുപോയി. Read on deshabhimani.com

Related News