ബ്രിട്ടീഷുകാരെ 
വിറപ്പിച്ച മലബാർ സമരം



ബ്രിട്ടീഷ്‌ കോളനിവാഴ്ചയ്‌ക്കെതിരായുള്ള ഐതിഹാസികമായ ജനകീയ പോരാട്ടമായിരുന്നു 1921ലെ മലബാർ കലാപം. ആ​ഗസ്ത് 20 മുതൽ നടന്ന സമരം ബ്രിട്ടീഷ് സർക്കാരിനെ ഞെട്ടിച്ചു. ദേശീയസമരത്തിന്റെ അവിഭാജ്യഘടകവുമായിരുന്നു ഈ പോരാട്ടം. പൂർണസ്വാതന്ത്ര്യമാണ് മലബാർ സമരം ലക്ഷ്യംവച്ചത്. നിരക്ഷരരും നിരായുധരുമായ സാധുകൃഷിക്കാരുടെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടമായിരുന്നു മാപ്പിള ലഹള എന്നാക്ഷേപിക്കപ്പെട്ട മലബാർ സമരം.  ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാതന്ത്ര്യസമരത്തിന്റെ ലക്ഷ്യം പൂർണ സ്വാതന്ത്ര്യമാണെന്ന്‌ പ്രഖ്യാപിച്ചത് 1929ൽ മാത്രമായിരുന്നു. ആദ്യഘട്ടത്തിൽ വിജയം കണ്ട മലബാർ സമരം  ഏറനാടും വള്ളുവനാടും ബ്രിട്ടീഷ് വാഴ്ചയിൽനിന്ന് മോചിപ്പിക്കപ്പെട്ടതായി പ്രഖ്യാപിക്കുകയും അവിടെ ബദൽ സർക്കാർ ഏർപ്പെടുത്തുകയും ചെയ്തു. കോളനിവാഴ്ചയുടെ അന്ത്യം അഥവാ സ്വാതന്ത്ര്യമായിരുന്നു 1921ലെ സമരത്തിന്റെ ലക്ഷ്യം. ആലി മുസ്ലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമാണ് ഈ ബദൽ സർക്കാരിനെ നയിച്ചത്. മലബാർ സ്പെഷ്യൽ പൊലീസ് എന്ന സേനയ്‌ക്കുപുറമെ എട്ടോളം പട്ടാള കമ്പനി മലബാറിലെ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളെ പിടിച്ചെടുക്കാൻ രം​ഗത്തിറങ്ങി. ദേശീയതലത്തിൽ ലഖ്നൗ സമ്മേളനത്തെ തുടർന്ന് ഉയർന്നുവന്ന ഹിന്ദു–-മുസ്ലിം മൈത്രിയുടെ പശ്ചാത്തലത്തിലാണ് മലബാറിലും നിസ്സഹരണ, ഖിലാഫത്ത് പ്രസ്ഥാനങ്ങൾ സജീവമായത്. ഈ സമരത്തിന്റെ സൂത്രധാരൻ എം പി നാരായണ മേനോനാണെന്നായിരുന്നു ബ്രിട്ടീഷ് കണ്ടെത്തൽ. അദ്ദേഹത്തെ പതിനാല് വർഷമാണ് തുറുങ്കിലടച്ചത്. സമാന രീതിയിൽ മൂഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും ശിക്ഷയ്‌ക്ക് വിധേയനായി. പാണ്ടിക്കാട്ടെ നമ്പീശൻ സഹോദരങ്ങളും മണ്ണാർക്കാട് മൂപ്പിൽ ഇളയ നായരും ബ്രിട്ടീഷുകാരുടെ ശത്രുത പിടിച്ചുപറ്റിയത്  സമരത്തോട് അനുഭാവം പ്രകടിപ്പിച്ചതുകൊണ്ടാണ്.  വാഗൺ കൂട്ടക്കൊലയിൽ ജീവൻ നഷ്ടപ്പെട്ടവർക്കിടയിൽ ഹിന്ദു വിഭാഗക്കാരുണ്ടായിരുന്നത് ഈ സമരത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. നഗര–-ഗ്രാമ പ്രദേശത്തെ ജനങ്ങൾ പ്രത്യേക സാഹചര്യത്തിൽ രാഷ്‌ട്രീയവൽക്കരിക്കപ്പെട്ടതാണ്‌ സമരത്തിനു വഴിയൊരുക്കിയത്‌. Read on deshabhimani.com

Related News