കേരളം പ്രതീക്ഷ ; 2024 നിർണായകം - എം വി ഗോവിന്ദൻ സംസാരിക്കുന്നു



നമ്മുടെ യുവത ‘സ്മാർട്ടാണ്‌’, ഫോണിൽ സമയം കളയുന്ന തലമുറയെന്ന ആക്ഷേപം തെറ്റ്‌. പ്രതിസന്ധികളിൽ അവർ നൽകിയ സംഭാവന മഹത്തരം. രാഷ്‌ട്രീയ വിദ്യാഭ്യാസം എന്നതുകൊണ്ട്‌ ലക്ഷ്യമിടുന്നത്‌ സമൂഹത്തെ ജനാധിപത്യവൽക്കരിക്കലാണ്‌, എല്ലാവരെയും കമ്യൂണിസ്‌റ്റുകാരാക്കലല്ല. 2025ൽ ആർഎസ്‌എസിന്റെ നൂറാംവാർഷികമാണ്‌. ഹിന്ദുരാഷ്‌ട്രവാദം പാരമ്യത്തിലെത്തും സിപിഐ എം സംസ്ഥാന സെക്രട്ടറി 
എം വി ഗോവിന്ദനുമായി ദേശാഭിമാനി 
തിരുവനന്തപുരം ബ്യൂറോ ചീഫ്‌ ദിനേശ്‌വർമ 
നടത്തിയ അഭിമുഖം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റശേഷം മാഷ്‌ പറഞ്ഞ ഒരു കാര്യം രാഷ്‌ട്രീയ വിദ്യാഭ്യാസം ശക്തമാക്കും എന്നാണ്‌. എന്താണ്‌ അതുകൊണ്ട്‌ ഉദ്ദേശിച്ചത്‌ രാഷ്‌ട്രീയ വിദ്യാഭ്യാസം ഒറ്റപ്പെട്ട പ്രക്രിയയല്ല. നല്ല  പ്രായോഗിക പ്രവർത്തനത്തിലൂടെ ആശയവ്യക്തത വരുത്തണം, പ്രായോഗിക പ്രവർത്തനത്തിന്‌ അടിസ്ഥാനമായ ദാർശനികമായ നിലപാടുകൾ പഠിപ്പിക്കുകയും വേണം.  ഇവ പരസ്പര പൂരകമാണ്‌.  യുവസമൂഹം പ്രായോഗിക പ്രവർത്തനങ്ങളിൽ സജീവമാണ്‌. പ്രളയകാലവും കോവിഡ്‌ സമയവും അത്‌ തെളിയിച്ചു.  ഫലപ്രദമായാണ്‌  യുവത പ്രവർത്തിച്ചത്‌.  പലരുടെയും ധാരണ അവർ സ്‌മാർട്ട്‌ഫോണിൽ  സമയം കളയുന്നുവെന്നാണ്‌, അതല്ല സത്യം. തിരുവനന്തപുരമുൾപ്പെടെ വൻനഗരങ്ങളിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ അതിശക്തമായ സന്നദ്ധപ്രവർത്തനം കണ്ടു. പ്രബുദ്ധ കേരളമെന്ന്‌ വിളിക്കുന്നത്‌ പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന സമൂഹം എന്നതുകൊണ്ടുകൂടിയാണ്‌. ആ ജനതയെ കൂടുതൽ ജനാധിപത്യവൽക്കരിക്കുക എന്നതാണ്‌ രാഷ്‌ട്രീയ വിദ്യാഭ്യാസം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. എല്ലാവരെയും സിപിഐ എമ്മുകാർ ആക്കുക എന്നതല്ല.ഇപ്പോൾ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മുന്നോട്ടുവയ്ക്കാൻ ആലോചിക്കുന്നത്‌ തുല്യതയെന്ന മുദ്രാവാക്യമാണ്‌. 1789ൽ ആരംഭിച്ചതാണ്‌ ഈ  ശ്രമമെന്ന്‌ ഓർക്കണം. നൂറ്റാണ്ടുകൾക്കിപ്പുറവും ഈ ജീർണതയ്ക്ക്‌ അന്ത്യം കുറിക്കാൻ കഴിഞ്ഞിട്ടില്ല.   അതായത്‌ ഏവരെയും ജനാധിപത്യവൽക്കരിക്കുക അതെ, ജനാധിപത്യപരമായി കാര്യങ്ങളെ കാണുക, കൈകാര്യം ചെയ്യുക. ചരിത്രം അതല്ലേ ? കർഷകരുടെയും  തൊഴിലാളികളുടെയും മറ്റും പ്രശ്നങ്ങൾ ഏറ്റെടുത്ത് നടത്തിയ സമരങ്ങളുടെയും ഇടപെടലുകളുടെയും ഭാഗമായിട്ടാണ്‌ ജനം ഇടതുപക്ഷത്തിന്റെ ഭാഗമായത്‌. ഒറ്റയടിക്ക്‌  കമ്യൂണിസ്റ്റുകാർ ആകുകയല്ലല്ലോ ഉണ്ടായത്‌. ജനാധിപത്യപരമായ  സമൂഹം രൂപപ്പെടുത്തുകയാണ്‌ ആദ്യം വേണ്ടത്‌. സംഘപരിവാർ ശ്രമിക്കുന്നത്‌ ആദ്യം ഹിന്ദുവാക്കാനാണ്‌. കുറച്ചു കഴിയുമ്പോൾ വർഗീയവാദികളാക്കി മാറ്റാൻ കഴിയുമെന്നാണ്‌ അവർ വിശ്വസിക്കുന്നത്‌.  ഉറച്ച മതനിരപേക്ഷ നിലപാടോടെ വർഗീയതയ്‌ക്കെതിരായും ജനാധിപത്യ, ഭരണഘടനാ സംരക്ഷണത്തിനും പോരാടുകയാണ്‌ ഇടതുപക്ഷം. എല്ലാവരെയും ജനാധിപത്യവൽക്കരിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രയോജനം സമൂഹത്തിനാകെ ലഭിക്കും. വലതുപക്ഷവൽക്കരണവും വർഗീയവൽക്കരണവുമടക്കമുള്ള അപകടങ്ങളിൽനിന്ന്‌ ജനാധിപത്യബോധമുള്ള സമൂഹത്തിനേ കരകയറാനാകു. ആ പ്രക്രിയ മുമ്പ്‌ നടന്നിരുന്നതാണ്‌.  ഗ്രന്ഥശാലകളും സാംസ്കാരിക സംഘടനകളും മറ്റും നടത്തിയിരുന്ന സെമിനാറുകളും ബോധവൽക്കരണ പരിപാടികളും  ശക്തിപ്പെടുത്തണം. ബിജെപിക്കെതിരായ ദേശീയ ബദലിൽ കേരളത്തിന്റെ ഇടമെന്തായിരിക്കും ഇന്ത്യയിൽ വർഗീയതയ്‌ക്കെതിരെ ശക്തമായ നിലപാട്‌ എടുക്കുന്ന തുരുത്താണ്‌ കേരളം. രാജ്യം അത്‌ ഉറ്റുനോക്കുന്നുണ്ട്‌. ഒട്ടും ചാഞ്ചല്യമില്ലാതെയാണ്‌ സിപിഐ എം അതിന്‌ നേതൃത്വം നൽകുന്നത്‌. ദേശീയതലത്തിൽ ബിജെപിക്കെതിരായി രൂപപ്പെട്ടുവരുന്ന ബദലിന്‌ വലിയ പിന്തുണയും സംഭാവനയും നൽകാൻ കേരളത്തിനാകും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽനിന്ന്‌ വ്യത്യസ്തമായി നല്ല മുന്നേറ്റം കുറിക്കാൻ 2024ൽ കഴിയും.  അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ രാജ്യത്തെ സംബന്ധിച്ചിടത്തോളം നിർണായകമാണ്‌. കാരണം 2025 ആർഎസ്‌എസിന്റെ നൂറാം വാർഷികമാണ്‌. ഹിന്ദുരാഷ്‌ട്രം എന്ന അവരുടെ സങ്കൽപ്പം പാരമ്യത്തിലെത്തിക്കാനുള്ള ശ്രമമുണ്ടാകും. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഭരണഘടനാ സ്ഥാപനങ്ങൾക്കും എതിരായിട്ടുള്ള കടന്നാക്രമണം രൂക്ഷമാകും. അത്‌ കമ്യൂണിസ്‌റ്റുകാരെമാത്രം ബാധിക്കുന്നതല്ല, രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്നതായിരിക്കും. യുഡിഎഫും മാധ്യമങ്ങളും ചേർന്ന്‌ സ്വർണക്കടത്തടക്കം ചൂണ്ടിക്കാട്ടി നടത്തിയ സമരങ്ങളെല്ലാം പൊളിഞ്ഞു. ഇപ്പോൾ പ്രാദേശികമായി ചില സമരങ്ങളാണ്‌ നടക്കുന്നത്‌. വിഴിഞ്ഞം, ആവിക്കൽ തുടങ്ങിയവ. ഇവയോടുള്ള സമീപനമെന്താണ്‌   എല്ലാ സമരങ്ങളെയും ഒരേപോലെ കാണുന്നില്ല. വിഴിഞ്ഞത്ത്‌ നടക്കുന്ന സമരത്തിനു പിന്നിൽ ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രസ്ഥാനമുണ്ടെന്ന്‌ പറയാൻ കഴിയില്ല. ആ ജനവിഭാഗങ്ങൾ മുന്നോട്ടുവന്നത്‌ അവർ അനുഭവിക്കുന്ന പ്രശ്നങ്ങളാണ്‌. അത്‌ ജനാധിപത്യപരമായി പരിഹരിക്കുകയാണ്‌ വേണ്ടത്‌. സർക്കാർ ആ വഴിക്കു തന്നെയാണ്‌ ഇടപെട്ടിട്ടുള്ളതും. അവരെ ശത്രുവായി പ്രഖ്യാപിച്ച്‌ മുന്നോട്ടുപോകുന്ന സമീപനം സർക്കാർ  സ്വീകരിച്ചിട്ടില്ല. എന്നാൽ, ആവിക്കൽ പ്രദേശത്തെ പ്രശ്നം മറ്റൊന്നാണ്‌. അവിടെ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ വേണമെന്ന്‌ സർവകക്ഷി സമ്മേളനം ആവശ്യപ്പെട്ടതാണ്‌.  അത്യന്താധുനിക രീതിയിലുള്ള മാർഗങ്ങൾ ഉപയോഗിച്ചുള്ള ശുചീകരണം ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കില്ല. നൂറുകോടി രൂപയുടെ ആ പദ്ധതി  കുഴപ്പമുണ്ടാക്കുന്നതാണെന്ന്‌ അവിടത്തെ ജനങ്ങളും വിശ്വസിക്കുന്നില്ല, പ്രത്യേകിച്ചും തിരുവനന്തപുരത്തെ ട്രീറ്റ്‌മെന്റ്‌ പ്ലാന്റിന്റെയും മറ്റും അനുഭവ പശ്‌ചാത്തലം അറിയാവുന്നവർ.  അത്‌ കോഴിക്കോട്‌ പറ്റില്ലെന്ന്‌ പറയുന്നതിനു പിന്നിൽ ചില തീവ്രവാദശക്തികളുടെ പ്രേരണയുണ്ട്‌. സമരം ചെയ്യുന്നത്‌ അവർ അല്ലെങ്കിലും പിന്നിലുള്ള ഇടപെടലിൽ തീവ്രവാദ ശക്തികളുണ്ട്‌. അതുകൊണ്ട്‌, ഒരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിട്ടുണ്ട്‌. അവരാണ്‌ സമരരംഗത്തുള്ളത്‌. സ്വാഭാവികമായിട്ടും ആ ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തണം. എന്നാൽ, തീവ്രവാദ വിഭാഗത്തിന്‌ അത്‌ ബോധ്യപ്പെടില്ല, കാരണം അത്‌ ബോധപൂർവം അവർ ചെയ്യുന്നതാണ്‌. അപ്പോൾ അത്തരക്കാരെ ഒറ്റപ്പെടുത്തുകയാണ്‌ വേണ്ടത്‌.   കേന്ദ്രം, ഗവർണർ, പ്രതിപക്ഷം, മാധ്യമങ്ങൾ, സർക്കാരിനെതിരെ വലിയ നീക്കമാണ്‌ നടക്കുന്നത്‌. ഇതിനെ എങ്ങനെ നേരിടാനാകും രണ്ടാമതും പിണറായി വിജയന്റെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽ വരുമെന്ന്‌ പ്രതിപക്ഷമോ ബിജെപിയോ മാധ്യമങ്ങൾപോലുമോ പ്രതീക്ഷിച്ചതല്ല. വീണ്ടും അധികാരത്തിൽ വരാൻ കാരണം വികസനപ്രവർത്തനങ്ങളാണെന്ന്‌ അവർക്ക്‌ ബോധ്യപ്പെട്ടു. കിഫ്‌ബി അടക്കം ഉപയോഗപ്പെടുത്തി നടത്തിയ വികസനങ്ങൾ ഏറെയാണ്‌. ദുരിതസമയങ്ങളിൽ ജനങ്ങളെ സംരക്ഷിക്കാൻ നടത്തിയ ഇടപെടൽ,  കോവിഡ്‌ കൈകാര്യംചെയ്ത രീതി.  ഇതൊക്കെ ജനം തിരിച്ചറിഞ്ഞു. ഇനി ആ വികസനം നടത്തിക്കൂടാ എന്നതാണ്‌ മാധ്യമങ്ങളും പ്രതിപക്ഷ പാർടികളും കേന്ദ്രവും തിരിച്ചറിഞ്ഞ കാര്യം. വികസനം തടയാനായി ഒരു പ്ലാറ്റ്‌ഫോംതന്നെ ഉണ്ടാക്കിയിട്ടുണ്ട്‌. കോൺഗ്രസും ലീഗും ബിജെപിയും എസ്‌ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും എല്ലാമുണ്ട്‌ അതിൽ.  ഏത്‌ സമരമെടുത്ത്‌ പരിശോധിച്ചാലും ഇവരെ കാണാം. ഇതിന്റ കൂടെയാണ്‌ കേന്ദ്രം. സാമ്പത്തികമായി  ശ്വാസംമുട്ടിക്കാൻ ശ്രമിക്കുന്നത്‌, കിഫ്‌ബി തകർക്കാൻ ശ്രമിക്കുന്നത്‌,  ഗവർണർ ചെയ്തുകൊണ്ടിരിക്കുന്നത്‌ എല്ലാം നാട്‌ കാണുന്നുണ്ട്‌. പക്ഷേ, ഏത്‌ പ്രതിസന്ധിയെയും മറികടക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല. മാധ്യമങ്ങൾ ഈ വസ്തുതകൾ ജനങ്ങളോട്‌ പറയേണ്ടതല്ലേ വലതുപക്ഷവൽക്കരണത്തിന്റെ ഏറ്റവും ശക്തമായ കേന്ദ്രം മാധ്യമങ്ങളാണ്‌.  മുഖ്യധാരാ  മാധ്യമങ്ങൾ കൊണ്ടുവരുന്ന വാർത്തകൾ തന്നെയാണ്‌ പിറ്റേന്ന്‌ പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവരുന്നത്‌. യഥാർഥ പ്രതിപക്ഷം മാധ്യമങ്ങളാണ്‌. എല്ലാ മൂലധനവും ലക്ഷ്യമിടുന്നത്‌ ലാഭമാണെങ്കിലും മാധ്യമ മൂലധനത്തിനുമാത്രം മറ്റൊരു ചരിത്രദൗത്യം കൂടിയുണ്ട്‌; കൊടിയ ചൂഷണം മറച്ച്‌ മുതലാളിത്തത്തെ  പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യമാക്കിയെടുക്കുക.   രാഹുൽ ഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്രയെ എങ്ങനെ വിലയിരുത്തുന്നു   രാഹുൽ ഗാന്ധിയുടെ ജാഥയോടൊന്നും ഞങ്ങൾക്ക്‌ ഒരു എതിർപ്പുമില്ല. ജനാധിപത്യ സംവിധാനത്തിൽ അവർക്ക്‌ ജാഥ നടത്താനുള്ള എല്ലാ അവകാശങ്ങളുമുണ്ട്‌. ഞങ്ങളുടെ വിമർശം മുദ്രാവാക്യം സംബന്ധിച്ചാണ്‌. ഹിന്ദു വർഗീയതയ്‌ക്ക്‌ എതിരായും മതനിരപേക്ഷതയ്ക്ക്‌ വേണ്ടിയുമാണ്‌ ജാഥയെങ്കിൽ  അത്‌ വ്യക്തമായി പറയേണ്ടേ ? മതനിരപേക്ഷതയെക്കുറിച്ച്‌ പറയുകയെങ്കിലും ചെയ്യുന്നത്‌ കേരളത്തിലൂടെ കടന്നുപോകുമ്പോൾ മാത്രമായിരിക്കും. കേരളം കടന്നാൽ അത്‌ മിണ്ടില്ല. കാരണം, പൊതുവിൽ അവർ സ്വീകരിച്ചിട്ടുള്ളത്‌ മൃദുഹിന്ദുത്വ നിലപാടാണ്‌. ബിജെപിക്ക്‌ എതിരായാണ്‌ ജാഥ എന്നുപറയുന്നു, എന്നിട്ട്‌ അവരുടെ ശക്തികേന്ദ്രങ്ങളിലൊന്നും കടക്കുന്നില്ല. ഞങ്ങൾക്കെതിരായ കള്ളപ്രചാരണത്തിന്‌ മറുപടി പറഞ്ഞുപോകും. ജാഥയോട്‌ നിഷേധാത്മക നിലപാടില്ല. രണ്ട്‌ സുപ്രധാന വകുപ്പായ തദ്ദേശസ്വയംഭരണം, എക്‌സൈസ്‌ എന്നിവ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നല്ലോ. പ്രാദേശികതലത്തിൽ ഇപ്പോഴും അഴിമതി ഒരു വെല്ലുവിളിയാണ്‌. ഇതിനെ എപ്രകാരം നിയന്ത്രിക്കാൻ കഴിയും രാഷ്‌ട്രീയമായ അഴിമതി ഒട്ടൊക്കെ അവസാനിപ്പിക്കാനായിട്ടുണ്ട്‌. എന്നാൽ, ഉദ്യോഗസ്ഥതലത്തിൽ അത്‌ പൂർണമാക്കാൻ കഴിഞ്ഞിട്ടില്ല. താഴേത്തട്ടിലുള്ള അഴിമതി അവസാനിപ്പിക്കുന്നതിന്‌ വലിയ രീതിയിലുള്ള ബോധവൽക്കരണം വേണം. അഴിമതി നടത്താനുള്ള സാധ്യത ഇല്ലാതാക്കുകയാണ്‌ വേണ്ടത്‌. അത്‌ സർക്കാർ വളരെ ഗൗരവത്തോടെയാണ്‌ ചെയ്യുന്നത്‌. Read on deshabhimani.com

Related News