എൽഐസിയെ തകർക്കാൻ ‘ബീമാസുഗം’എക്‌സ്‌ചേഞ്ച്



എൽഐസി എന്ന മൂന്നക്ഷരം ഇന്ത്യക്കാരന്റെ സ്വകാര്യ അഹങ്കാരവും യഥാർഥ രാജ്യസ്നേഹികളായ മുഴുവൻ ജനതയുടെയും വികാരവുമാണ്. ഇത് ഇന്ത്യയിലെ 40  കോടി വരുന്ന പോളിസി ഉപയോക്താക്കളുടെ സ്വന്തമാണ്. ഈ യാഥാർഥ്യമാണ് എൽഐസിയെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന്‌ വ്യത്യസ്തമാക്കുന്നത്. ഇങ്ങനെയുള്ള  സ്ഥാപനത്തിന്റെ ഷെയർ വിൽക്കാൻ കേന്ദ്രഗവൺമെന്റ് തീരുമാനിച്ചപ്പോൾ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി പ്രതികരിച്ചു. അതോടെ തൽക്കാലം നിർത്തിവച്ച വിൽപ്പന ‘ബീമാസുഗം ’എക്‌സ്‌ചേഞ്ച്  എന്ന വളഞ്ഞ വഴിയിലൂടെ കൊണ്ടുവരാൻ ശ്രമിക്കുകയാണ്‌ കേന്ദ്രം. അതിന്റെ ഭാഗമായി ബീമാസുഗം എന്ന പോർട്ടൽ ജനുവരിയോടെ രൂപീകരിക്കാനുള്ള ദ്രുതഗതിയിലുള്ള നടപടികളുമായി കേന്ദ്രം നീങ്ങുകയാണ്‌. അതിനെതിരെ അതിശക്തമായ പോരാട്ടമാണ്‌ എൽഐസി ഏജന്റ്‌സ്‌ ഓർഗനൈസേഷൻ ഓഫ്‌ ഇന്ത്യ ആരംഭിച്ചിട്ടുള്ളത്‌.     ഇൻഷുറൻസ്‌ റെഗുലേറ്ററി ആൻഡ്‌ ഡെവലപ്‌മെന്റ്‌ അതോറിട്ടിയുടെ ഹൈദരാബാദിലെ ഓഫീസിനു മുന്നിൽ വെള്ളിയാഴ്‌ച ഓർഗനൈസേഷൻ വൻ പ്രതിഷേധം സംഘടിപ്പിക്കുകയാണ്‌. എല്ലാത്തരം ഇൻഷുറൻസ്‌ സേവനങ്ങളും ലഭ്യമാക്കാൻ കഴിയുന്നതാണ്‌ ബീമാസുഗം എക്‌സ്‌ചേഞ്ചുകൾ. രാജ്യത്തെ 54 ഇൻഷുറൻസ്‌ കമ്പനിയിലായി രണ്ടായിരത്തോളം പോളിസികളുണ്ട്‌. ഇവയെക്കുറിച്ചെല്ലാം ഈ പോർട്ടൽ വഴി ഉപയോക്താവിന്‌ അറിയാൻ കഴിയും. ഏജന്റുമാരെ ഒഴിവാക്കി പൂർണമായും ഈ പോർട്ടൽ വഴി സേവനം നൽകുമ്പോൾ ഏജന്റുമാർ ക്രമേണ ഇല്ലാതാകും. ഏജന്റുമാരാണ്‌ എൽഐസിയുടെ ജീവനാഡി. സ്വാഭാവികമായി വരുമാനം ഇല്ലാതെ ഏജന്റുമാർ ഇല്ലാതാകുമ്പോൾ എൽഐസി തനിയെ ഇല്ലാതാകും. 10.2 ലക്ഷം കോടി രൂപയാണ്‌ കോർപറേറ്റുകൾക്ക്‌ എൽഐസിയുടെ പണം കൈമാറിയിട്ടുള്ളത്‌. എൽഐസി ഇല്ലാതാകുന്നതോടെ ഈ പണം തിരിച്ചടക്കുന്നതിൽനിന്ന്‌ കോർപറേറ്റുകളെ രക്ഷിക്കാമെന്നതാണ്‌ തന്ത്രം. മാത്രമല്ല എൽഐസി ഏജന്റുമാരുടെ കമീഷൻ വെട്ടിക്കുറയ്‌ക്കുന്നു. ഇതോടെ ഈ തൊഴിൽ മേഖലയും ഇല്ലാതാകും. എൽഐസി വിൽപ്പനയ്‌ക്കെതിരായ പോരാട്ടത്തിന്റെ മുൻപന്തിയിൽ കേരളമുണ്ട്‌.അതിന്റെ സാക്ഷാൽക്കാരമാണ് കേരളത്തിലെ എല്ലാ ട്രേഡ് യൂണിയനുകളും  യോജിച്ച്  ‘എൽഐസിയെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ട്’ എന്ന മുദ്രാവാക്യത്തോടെ ആരംഭിച്ച ഐക്യസമരപ്രസ്ഥാനം. അത് രണ്ടാംഘട്ടത്തിലേക്ക് കടന്ന് ഇന്ത്യ മുഴുവൻ ഗ്രാമസഭകൾ സംഘടിപ്പിച്ച്  പീപ്പിൾസ്‌ ഫോർ എൽഐസി എന്ന പ്രസ്ഥാനം രൂപീകരിച്ച് എൽഐസിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങളെ ബോധവൽക്കരിച്ചപ്പോൾ സംഘാടകർപോലും പ്രതീക്ഷിക്കാത്ത സ്വീകാര്യതയാണ്‌  കിട്ടിയത്. ഈസന്ദർഭത്തിലാണ് കേന്ദ്രസർക്കാർ എൽഐസിയെത്തന്നെ മുച്ചൂടും നശിപ്പിക്കണമെന്ന ധനമൂലധന ശക്തികളുടെ ഇംഗിതത്തിനു വഴങ്ങി ഐആർഡിഎഐയുടെ സഹായത്തോടെ ആസ്തി മുഴുവൻ കൈക്കലാക്കാൻ വളഞ്ഞ വഴി സ്വീകരിക്കുന്നത്. ബീമാസുഗം എക്‌സ്‌ചേഞ്ച്  ഒറ്റനോട്ടത്തിൽ പൊതുജനങ്ങൾക്ക് ഗുണകരമാണെന്ന് തോന്നിപ്പിച്ച് എൽഐസിയെ ഉന്മൂലനാശം വരുത്തുക എന്നതാണ് ആ ഗൂഢലക്ഷ്യം. എൽഐസിയെ രക്ഷിക്കാൻ ജനങ്ങൾ ഒന്നിക്കുന്നു എന്നു കണ്ടപ്പോൾ ജനത്തെ കൈയിലെടുക്കാനുള്ള ഒരുതന്ത്രമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. ഈ പോർട്ടൽ വന്നാൽ ഭാവിയിൽ എൽഐസി  ഓഫീസുകൾതന്നെ ആവശ്യമില്ലാതാകും.  നിലവിൽ ഓഫീസുകൾ എല്ലാം കണ്ണായ സ്ഥലത്ത് സ്വന്തം കെട്ടിടത്തിലാണ്‌. ഈ ഓഫീസുകൾ കേന്ദ്ര ഗവൺമെന്റിന് കിട്ടുന്ന വിലയ്ക്കു വിൽക്കാം. ധനമൂലധനശക്തികളും ഇന്ത്യൻ കോർപറേറ്റുകളും എൽഐസിയെ നശിപ്പിക്കാൻ മുന്നിട്ടു നിൽക്കുന്നതിന്റെ യാഥാർഥ്യം ഒന്ന് പരിശോധിക്കാം. ഇന്ത്യയിലെ വിവിധ കോർപറേറ്റ് കമ്പനികളിലായി എൽഐസി നിക്ഷേപം 10.2 ലക്ഷം കോടി രൂപയാണ്. അതിൽ പ്രധാന കോർപറേറ്റുകളായ റിയലൻസിൽ 1,09,893 കോടിയും അദാനിഗ്രൂപ്പിൽ 87,380 കോടി രൂപയും ടിസിഎസിൽ  66,455കോടിയും ആണ്. സ്വഭാവികമായി എൽഐസി നശിച്ചാൽ ഈ തുക തിരിച്ചടയ്‌ക്കേണ്ടല്ലോ? അപ്പോൾ അവരുടെ സമ്മർദവും എൽഐസി നശിച്ചാൽ കേന്ദ്രഗവൺമെന്റിന് കിട്ടുന്ന എൽഐസിയുടെ ആസ്തി കൂടാതെയുള്ള 36 ലക്ഷം കോടിയുടെ ലൈഫ്ഫണ്ടും ആണ് ഗൂഢലക്ഷ്യം. ഓൺലൈൻ ഫ്ലാറ്റ്ഫോമിൽ ഇന്ത്യയിലെ എല്ലാ ഇൻഷുറൻസ്‌ കമ്പനികളുടെയും പോളിസിയുടെ എല്ലാവിധ വിശദ വിവരവും  ഉപയോക്താവിനു ലഭിക്കും. ഇതു മുഖേന പോളിസി വാങ്ങുന്നതു തുടങ്ങി ക്ലയിം സെറ്റിൽമെന്റ്‌ വരെ എല്ലാ സേവനവും  ലഭ്യമാക്കും. ഇതെല്ലാം ആധാർ പരിശോധനയിലൂടെ മാത്രമേ ലഭ്യമാകൂ. സ്വാഭാവികമായും എൽഐസിയുടെ ക്ലെയിം സെറ്റിൽമെന്റിനെ അതു ബാധിക്കും. അതിലൂടെ എൽഐസിയുടെ വിശ്വാസ്യത നഷ്ടമാകും. എൽഐസിയുടെ നാളിതുവരെയുള്ള ഉന്നതിക്ക്‌ പ്രധാന കാരണം  വിശ്വാസ്യതയാണ്. ഇതു രണ്ടും നശിക്കും. കമീഷന്‌ റിബേറ്റ്കൊടുത്തു വിപണനം നടത്തുമ്പോൾ ഏജന്റുമാർ ഇല്ലാതാകും.  ഏജന്റുമാരെ നശിപ്പിച്ചല്ലാതെ എൽഐസിയെ നശിപ്പിക്കാൻ പറ്റില്ല എന്ന തിരിച്ചറിവ് സ്വകാര്യ ഇൻഷുറൻസ്‌ കമ്പനികൾക്കുണ്ട്‌. ഇന്നത്തെ യുവതലമുറയുടെ വേഗമേറിയ ജീവിതരീതിയാണ് ഇ–-പ്ലാറ്റ്ഫോമുകൾ തടിച്ചു കൊഴുക്കാനുള്ള പ്രധാനകാരണം. അതിൽ ഓരോ കമ്പനിയും പറയുന്ന നിബന്ധനകളും ഉപാധികളും വായിച്ചുനോക്കി മനസ്സിലാക്കി  സാധനങ്ങൾ വാങ്ങിക്കുക അത്ര എളുപ്പമല്ല. പക്ഷേ, അടുത്ത ഘട്ടത്തിലേക്ക് കടക്കണമെങ്കിൽ ടിക്ക് ചെയ്യണമെന്നിരിക്കെ മറ്റു നിർവാഹമില്ലാതെ വായിച്ചു നോക്കാൻ സമയമില്ലാത്തിനാൽ വായിച്ചു നോക്കാതെ ടിക് ചെയ്ത് സാധനം വാങ്ങുന്നു. ഈ രീതിയാണ് ഇ ഇൻഷുറൻസ് അക്കൗണ്ട് വഴിയുള്ള ബീമാസുഗം എക്‌സ്‌ചേഞ്ച്. എല്ലാ ഇൻഷുറൻസ്‌ കമ്പനികൾക്കുമായി  2000ൽപ്പരം പോളിസികൾ. ഓരോ പ്രൊപ്പോസൽ ഫോമിലും 12 പേജ് വച്ച് മൂന്ന് പ്രൊപ്പോസൽ ഫോമിലായി 36 പേജ്. ഇത്രയും സങ്കീർണമായ വിഷമാവസ്ഥയിലാക്കി പോളിസി ഉപയോക്താവിന് യഥാർഥ ഇൻഷുറൻസ് ഗുണം കിട്ടാത്ത അവസ്ഥയിൽ കൊണ്ടുചെന്നെത്തിക്കുക. ഒന്നുകൊണ്ടും അഭിലഷണീയമല്ലാത്ത ഈ പോർട്ടലിനെ ജനങ്ങൾ സംഘടിച്ച് എതിർക്കുമെന്ന കാര്യത്തിൽ സംശയമില്ല. (എൽഐസി ഏജന്റ്‌സ്‌ ഓർഗനൈസേഷൻ ഓഫ്‌ ഇന്ത്യ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ) Read on deshabhimani.com

Related News