പനാമയിൽ മധ്യ ഇടതുപക്ഷം അധികാരത്തിൽ; നിർമാണത്തൊഴിലാളികളും അധ്യാപകരും നടത്തിയ സമരത്തിന്റെ തുടർച്ച



ലാറ്റിനമേരിക്കയിൽ വലതുപക്ഷ മുന്നേറ്റം തുടരവെ അതിന് തടയിട്ടുകൊണ്ട് പനാമയിൽ മധ്യ ഇടതുപക്ഷ കക്ഷി അധികാരത്തിൽ വന്നു. മെക‌്സിക്കോയിൽ ആംലോ എന്ന ഒബ്രഡോർ പ്രസിഡന്റായതിനുശേഷം ലാറ്റിനമേരിക്കയിലുണ്ടാകുന്ന ഇടതുപക്ഷ വിജയമാണ് പനാമയിലേത്. നേരത്തെ അർജന്റീനയിലും ഹോണ്ടുറാസിലും  കൊളംബിയയിലും അവസാനമായി ബ്രസീലിലും തിരിച്ചടി നേരിട്ട ഇടതുപക്ഷത്തിന് കുതിച്ച് മുന്നേറാനുള്ള ആത്മവിശ്വാസം പകരുന്നതാണ് പനാമയിലെ വിജയം. ബ്രസീലിൽ തീവ്ര വലതുപക്ഷക്കാരനായ ജെയിർ ബൊൾസൊനാരോ അധികാരത്തിൽ വന്നതോടെ ലാറ്റിനമേരിക്ക അതിവേഗം വലതുപക്ഷത്തേക്ക് ചായുകയാണെന്ന പ്രതീതിയുണ്ടായ ഘട്ടത്തിലാണ് മധ്യ ഇടതുപക്ഷക്കാരനായ ലൊറേന്റിനോ നിറ്റോ കോർട്ടിസോ പനാമയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്ത് വർധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തിനും ദാരിദ്ര്യത്തിനും അറുതിവരുത്തുമെന്നും അഴിമതിക്ക് അന്ത്യമിടുമെന്നും വാഗ‌്ദാനം ചെയ‌്താണ‌് ഡെമോക്രാറ്റിക്ക് റെവലൂഷണറി പാർടി (പിആർഡി) നേതാവുകൂടിയായ കോർട്ടിസോ അധികാരത്തിൽ വരുന്നത്.  കഴിഞ്ഞ വർഷങ്ങളിൽ നിർമാണത്തൊഴിലാളികളും അധ്യാപകരും മറ്റും നടത്തിയ നിരന്തര സമരത്തിന്റെ തുടർച്ചയെന്നോണമാണ് വാചികമായെങ്കിലും ഇടതുപക്ഷത്താണെന്ന് പറയുന്ന ഒരു പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ പനാമയിലെ ജനങ്ങൾ തയ്യാറായത്.  മെയ് അഞ്ചിനാണ് മധ്യ അമേരിക്കൻ രാഷ്ട്രമായ പനാമയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. 27 ലക്ഷം വോട്ടർമാരിൽ 72 ശതമാനം പേരും വോട്ട് ചെയ‌്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോർട്ടിസോവിന് 33.07 ശതമാനം വോട്ട് ലഭിച്ചു. തൊട്ടടുത്ത എതിരാളിയും മധ്യ വലതുപക്ഷ കക്ഷിയായ പാർടി ഓഫ് ഡെമോക്രാറ്റിക്ക് ചേഞ്ച് സ്ഥാനാർഥിയുമായ റോമുലോ റൂക‌്സിന‌് 31.07 ശതമാനം വോട്ടാണ് ലഭിച്ചത്. അതായത് തൊട്ടടുത്ത എതിരാളിയേക്കാൾ രണ്ട് ശതമാനം വോട്ട് നേടിയാണ് കോർട്ടിസോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. കോർട്ടിസോവിന്റെ വിജയം അംഗീകരിക്കാൻ റോമുലോ റൂക‌്സ‌് ആദ്യഘട്ടത്തിൽ തയ്യാറായിരുന്നില്ല. എന്നാൽ, നിലവിലുള്ള പ്രസിഡന്റ് ജുവാൻ കാർലോസ് വരേല തെരഞ്ഞെടുപ്പ് വിജയത്തിൽ കോർട്ടിസോവിനെ അംഗീകരിക്കാൻ തയ്യാറായി. അതോടൊപ്പം ഇലക‌്ട്രൽ കോർട് പ്രസിഡന്റ് കോർട്ടിസോ വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ‌്തു. ഇതോടെയാണ് അടുത്ത പ്രസിഡന്റായി ജൂലൈ ഒന്നിന് അധികാരമേൽക്കുന്നതിന് കോർട്ടിസോവിന് വഴിതെളിഞ്ഞത്.  നിലവിലുള്ള പ്രസിഡന്റ് ജുവാൻ കാർലോസിന്റെ പാർടിയായ പനാമെനിസ്റ്റ പാർടിയുടെ സ്ഥാനാർഥി ജോസ് ബ്ലാഡന് നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നിർമാണത്തൊഴിലാളി യൂണിയനുകളുടെ പിന്തുണയോടെ യഥാർഥ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിയായി സോൾ മെൻഡേഴ്സ് മത്സരിച്ചെങ്കിലും ഒരു ശതമാനത്തോളം വോട്ട് മാത്രമേ നേടാനായുള്ളൂ.മെൻഡേഴ‌്സ് അതിശക്തമായി മുന്നോട്ടുവച്ച മുദ്രാവാക്യങ്ങൾതന്നെ ഉയർത്തിയ മധ്യ ഇടതുപക്ഷത്തിനാണ് വിജയിക്കാനായത്. ഇടതുപക്ഷം ഉയർത്തിയ മുദ്രാവാക്യങ്ങൾ മുന്നോട്ടുവയ‌്ക്കുമ്പോഴും നിയോലിബറൽ പാതയോ ചെലവുചുരുക്കൽ നയമോ ഉപേക്ഷിക്കാൻ കോർട്ടിസോ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാനാകില്ല.  ചൈനയുമായുള്ള ബന്ധം തുടരുമ്പോഴും അമേരിക്കയുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കാനും കോർട്ടിസോ തയ്യാറാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.  എന്നാൽ, വലതുപക്ഷ ഭരണത്തിനെതിരെ കഴിഞ്ഞ വർഷങ്ങളിലുണ്ടായ അതിശക്തമായ സമരവേലിയേറ്റത്തിന്റെ ഫലമായിട്ടാണ് കോർട്ടിസോവിന് അധികാരത്തിലെത്താൻ കഴിഞ്ഞിട്ടുള്ളത്. പൊതുവിദ്യാഭ്യാസത്തിന് കൂടുതൽ പണം നൽകണമെന്നാവശ്യപ്പെട്ട് പനാമയിലെ അധ്യാപകർ നിരവധി ദിവസം സമരം നടത്തുകയുണ്ടായി. അറുപത് ശതമാനം കൂലി കൂടുതൽ ആവശ്യപ്പെട്ട് നിർമാണത്തൊഴിലാളികൾ ഒരു മാസക്കാലം പണിമുടക്ക് നടത്തി. വൈദ്യുതിയുടെ വില കുത്തനെ ഉയർത്തിയപ്പോൾ രാജ്യത്തെ സ‌്തംഭിപ്പിച്ചുകൊണ്ടുള്ള  പണിമുടക്കും നടന്നു. ഇത്തരം പ്രക്ഷോഭങ്ങളുടെ അടിത്തറയിൽ നിന്നുകൊണ്ടാണ‌് ഏറ്റവും വലിയ ഒറ്റ കക്ഷിയാകാൻ പിആർഡിക്ക‌് കഴിഞ്ഞത‌്. ഈ പ്രക്ഷോഭങ്ങളിൽ ഉയർന്നുകേട്ട നവലിബറൽ നയങ്ങൾക്കെതിരായ മുദ്രാവാക്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നപക്ഷം കോർട്ടിസോവിന് ഭരണം മുന്നോട്ടുകൊണ്ടുപോകുക വിഷമമായിരിക്കും.  തെരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തിൽ സോഷ്യൽ ഡെമോക്രസിയെക്കുറിച്ചും ഇടതുപക്ഷ നയങ്ങളെക്കുറിച്ചും സംസാരിക്കുകയും അധികാരം ലഭിച്ചുകഴിഞ്ഞാൽ മധ്യ വലതുപക്ഷനയം സ്വീകരിക്കുകയും ചെയ്യുന്ന കാലത്തിനും അന്ത്യമായെന്ന ബോധ്യം കോർട്ടിസോവിന‌് ഇല്ലാത്തപക്ഷം  പ്രത്യേകിച്ചും.   Read on deshabhimani.com

Related News